Tuesday, December 18, 2012

``ഭക്ഷണത്തിനുശേഷം അല്‍ഹംദുലില്ലാഹില്ലദീ അത്വ്‌അമനീ വസക്വാനീ, വജഅലനീ മിനല്‍ മുസ്‌ലിമീന്‍ എന്ന പ്രാര്‍ഥന ഒരു ഹദീസ്‌ ഗ്രന്ഥങ്ങളിലും കാണുന്നില്ല. എവിടെ നിന്നാണ്‌ വന്നതെന്നറിയില്ല'' എന്ന്‌ വെള്ളിയാഴ്‌ച ഖുത്വ്‌ബയില്‍ കേള്‍ക്കാന്‍ കഴിഞ്ഞു. ഇത്‌ ശരിയാണോ?

നബി(സ) ഭക്ഷണം കഴിച്ച ശേഷം ചൊല്ലാറുണ്ടായിരുന്ന പല പ്രാര്‍ഥനകളും ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണാം. അല്‍ഹംദുലില്ലാഹി കസീറന്‍ ത്വയ്യിബന്‍ മുബാറകന്‍ ഫീഹി ഗൈറ മക്‌ഫിയ്യിന്‍ വലാ മുവദ്ദഇന്‍ വലാ മുസ്‌തഗ്‌നന്‍ അന്‍ഹു റബ്ബനാ എന്ന്‌ ചൊല്ലിയിരുന്നതായി ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌ (5458). അല്‍ഹംദുലില്ലാഹില്ലദീ അത്വ്‌അമനാ വസക്വാനാ വജഅലനാ മിനല്‍ മുസ്‌ലിമീന്‍ എന്ന്‌ നബി(സ) ചൊല്ലിയിരുന്നതായി അബൂസഈദില്‍ നിന്ന്‌ അബൂദാവൂദ്‌ ഉദ്ധരിച്ചിട്ടുണ്ട്‌. ``ഞങ്ങള്‍ക്ക്‌ തിന്നാനും കുടിക്കാനും തരുകയും ഞങ്ങളെ മുസ്‌ലിംകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌ത അല്ലാഹുവിന്‌ സ്‌തുതി'' എന്നാണ്‌ ഇതിന്റെ അര്‍ഥം. അത്വ്‌അമനീ വസക്വാനീ... എന്നാകുമ്പോള്‍ ``എനിക്ക്‌ തിന്നാനും കുടിക്കാനും തരികയും...'' എന്നായിരിക്കും അര്‍ഥം. ഈ വ്യത്യാസം അത്ര ഗൗരവമുള്ളതല്ല. സമൂഹത്തിനൊന്നാകെ അല്ലാഹു ചെയ്‌ത അനുഗ്രഹങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടും ഒരു വ്യക്തി എന്ന നിലയില്‍ അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടും നബി പ്രാര്‍ഥിച്ചതായും അല്ലാഹുവെ പ്രകീര്‍ത്തിച്ചതായും അനേകം ഹദീസുകളില്‍ കാണാം. എന്നാലും ഓരോ പ്രാര്‍ഥനയും കീര്‍ത്തനവും നബിയില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട അതേ രൂപത്തില്‍ ചൊല്ലുന്നതാണ്‌ കൂടുതല്‍ ഉത്തമം.

അല്‍ഹംദു ലില്ലാഹി ല്ലദീ അത്വ്‌അമ വസക്വ വസവ്വഗഹു വജഅല ലഹു മഖ്‌റജന്‍ എന്ന്‌ ഭക്ഷണം കഴിച്ച ശേഷം നബി(സ) ചൊല്ലിയിരുന്നുവെന്ന്‌ അബൂഅയ്യൂബില്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അല്ലാഹുമ്മ അത്‌അംത വസകൈ്വത വഅഗ്‌നൈത വ അക്വ്‌നൈത വഹദൈത വ അഹ്‌യൈത ഫലകല്‍ ഹംദു അലാ മാ ക്വദൈ്വത എന്ന്‌ ഭക്ഷണ ശേഷം നബി(സ) ചൊല്ലിയിരുന്നുവെന്നാണ്‌ നസാഈയുടെ ഒരു ഹദീസിലുള്ളത്‌. ``വല്ലവനും ഭക്ഷണം കഴിച്ചിട്ട്‌ അല്‍ഹംദുലില്ലാഹില്ലദീ അത്വ്‌അമനീ ഹാദാ വറസക്വനീഹി മിന്‍ ഗൈരി ഹൗലിന്‍ മിന്നീ വലാ ക്വുവ്വതിന്‍ എന്ന്‌ പറഞ്ഞാല്‍ അവന്‍ മുമ്പ്‌ ചെയ്‌ത പാപങ്ങള്‍ അവന്‌ പൊറുത്തുകൊടുക്കപ്പെടും'' എന്ന്‌ റസൂല്‍(സ) പറഞ്ഞതായി മുആദുബ്‌നു അനസി(റ)ല്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ``ആഹാരം കഴിക്കുമ്പോള്‍ അതിന്റെ പേരിലും പാനീയം കുടിക്കുമ്പോള്‍ അതിന്റെ പേരിലും അല്ലാഹുവെ സ്‌തുതിക്കുന്ന ദാസനെ സംബന്ധിച്ച്‌ തീര്‍ച്ചയായും അല്ലാഹു സംതൃപ്‌തനായിരിക്കും'' എന്ന്‌ റസൂല്‍ പറഞ്ഞതായി മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്‌. 
 
Shabab - Mughamugham

പ്രവാചകസ്‌നേഹത്തിലെ വ്യതിയാനങ്ങള്‍

കെ പി എസ്‌ ഫാറൂഖി
ആഇശ(റ) പറയുന്നു: നബി(സ) പറഞ്ഞു: ആരെങ്കിലും നമ്മുടെ ഈ (മത) കാര്യത്തില്‍ പുതിയതായി വല്ലതുമുണ്ടാക്കിയാല്‍ അത്‌ തള്ളിക്കളയേണ്ടതാകുന്നു.'' (ബുഖാരി, മുസ്‌ലിം)
ഏറെ ഉദ്ധരിക്കപ്പെടുകയും താത്വികമായി എല്ലാ മുസ്‌ലിംകളും അംഗീകരിക്കുകയും പ്രായോഗിക രംഗത്ത്‌ ചിലര്‍ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു നബിവചനമാണിത്‌. `സ്വര്‍ഗത്തിലേക്ക്‌ നിങ്ങളെ അടുപ്പിക്കുകയും നരകത്തില്‍ നിന്ന്‌ നിങ്ങളെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക്‌ ഞാന്‍ വിവരിച്ചുതന്നിട്ടുണ്ട്‌' എന്ന്‌ പ്രവാചകന്‍(സ) ഒരിക്കല്‍ പറയുകയുണ്ടായി. മരണത്തിന്റെ ഏതാനും നാളുകള്‍ക്ക്‌ മുമ്പ്‌ പ്രവാചകന്‍(സ) ലോകമുസ്‌ലിംകള്‍ക്കു നല്‌കിയ സുപ്രധാന വസ്വിയ്യത്ത്‌ ഇപ്രകാരമാണ്‌: ``ഞാന്‍ നിങ്ങളില്‍ രണ്ടു കാര്യങ്ങള്‍ വിട്ടേച്ചു പോകുന്നു. അവ രണ്ടും നിങ്ങള്‍ മുറുകെ പിടിച്ചാല്‍ നിങ്ങള്‍ വഴി പിഴച്ചുപോകുകയില്ല. അല്ലാഹുവിന്റെ വേദഗ്രന്ഥവും അവന്റ പ്രവാചകന്റെ ചര്യയുമാകുന്നു അത്‌.''
പ്രവാചകചര്യ അനുധാവനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിശുദ്ധഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ നിര്‍ദേശങ്ങളുണ്ട്‌. അവയില്‍ ചിലത്‌: ``പ്രവാചകന്‍ നിങ്ങള്‍ക്ക്‌ കൊണ്ടുവന്ന കാര്യങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുക. അദ്ദേഹം നിങ്ങളോട്‌ നിരോധിച്ച കാര്യങ്ങള്‍ നിങ്ങള്‍ ഉപേക്ഷിക്കുക.'' (വി.ഖു. 59:7)
``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്‌ത്രീയാകട്ടെ; തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചുപോയിരിക്കുന്നു.'' (വി.ഖു. 33:36)
``പറയുക: നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്മാരും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ തൃപ്‌തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക്‌ അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‌പന കൊണ്ടുവരുന്നത്‌ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല.'' (വി.ഖു. 9:24)
``നിങ്ങളുടെ മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റെല്ലാ മനുഷ്യരെക്കാളും നിങ്ങള്‍ക്ക്‌ ഏറ്റവും സ്‌നേഹം എന്നോടായിരിക്കുന്നതുവരെ നിങ്ങളിലാരും തന്നെ സത്യവിശ്വാസിയാവുകയില്ല'' എന്നും പ്രവാചകന്‍(സ) വ്യക്തമാക്കിയിട്ടുണ്ട്‌.
ഉമര്‍(റ) ഒരിക്കല്‍ നബി(സ)യോട്‌ `ഞാന്‍ എന്നെ കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം സ്‌നേഹിക്കുന്നത്‌ താങ്കളെയാണ്‌' എന്ന്‌ പ്രഖ്യാപിച്ചപ്പോള്‍ പ്രവാചകന്‍(സ) അത്‌ തിരുത്തി. `നിന്റെ വിശ്വാസം പൂര്‍ണമായിട്ടില്ല.' ഉമര്‍(റ) തിരുത്തിപ്പറഞ്ഞു: `ഞാന്‍ എന്നെക്കാളും ഇഷ്‌ടപ്പെടുന്നത്‌ താങ്കളെയാണ്‌.' അപ്പോള്‍ നബി(സ) പറഞ്ഞു: `ഇപ്പോഴാണ്‌ സത്യവിശ്വാസം പൂര്‍ണമായത്‌.'
മുകളില്‍ പരാമര്‍ശിച്ച നബിവചനങ്ങളും ഖുര്‍ആന്‍ സൂക്തങ്ങളും ഒരു സത്യവിശ്വാസിക്ക്‌ പ്രവാചകനോടും പ്രവാചകാധ്യാപനങ്ങളോടും ഉണ്ടായിരിക്കേണ്ട പ്രതിബദ്ധതയെ ഓര്‍മിപ്പിക്കുന്ന പ്രമാണവാക്യങ്ങളാണ്‌. ഇവയുടെ സംഗ്രഹം ഇപ്രകാരമാണ്‌.
  • ഒരു സത്യവിശ്വാസിക്ക്‌ ഏറ്റവുമധികം സ്‌നേഹമുണ്ടായിരിക്കേണ്ടത്‌ അല്ലാഹുവിനോടും അവന്റെ പ്രവാചകനോടുമായിരിക്കണം.
  • മതവിഷയത്തില്‍ സത്യവിശ്വാസി പ്രവാചകമാതൃക കണിശമായി പിന്‍പറ്റണം.
  • പ്രവാചകമാതൃകയോ നിര്‍ദേശമോ ഇല്ലാത്ത യാതൊരു മതാചാരവും സത്യവിശ്വാസിയില്‍ നിന്നുണ്ടാകാന്‍ പാടില്ല.
  • ഖുര്‍ആനും സുന്നത്തും അവലംബമാക്കിയാണ്‌ സത്യവിശ്വാസി തന്റെ ജീവിതത്തെ രൂപപ്പെടുത്തേണ്ടത്‌.
  • ഖുര്‍ആനിലും നബിചര്യയിലും അനുശാസിതമായ കാര്യങ്ങള്‍ യാതൊരു വിമുഖതയും കൂടാതെ സത്യവിശ്വാസി അനുധാവനം ചെയ്യണം. 
  • ഖുര്‍ആനിക നിര്‍ദേശങ്ങള്‍ക്കും പ്രവാചകാധ്യാപനങ്ങള്‍ക്കും പകരം വെക്കാവുന്നതോ അതിനെക്കാള്‍ മെച്ചപ്പെട്ടത്‌ എന്നവകാശപ്പെടാവുന്നതോ ആയ യാതൊന്നും സത്യവിശ്വാസിക്കുണ്ടാകാവതല്ല.
  • ജീവിതവ്യാപാരങ്ങളിലെല്ലാം പ്രവാചകന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാനും പാലിക്കാനും സത്യവിശ്വാസി മതപരമായി ബാധ്യസ്ഥനാണ്‌. സ്വന്തം ജീവനെക്കാള്‍ പ്രവാചകനെ സ്‌നേഹിക്കാന്‍ മനസ്സ്‌ പാകപ്പെടുമ്പോഴാണ്‌ ഒരാള്‍ യഥാര്‍ഥ വിശ്വാസിയും പൂര്‍ണ മുസ്‌ലിമുമാവുക.
  • പ്രവാചകസ്‌നേഹം പ്രകടിപ്പിക്കാന്‍ പുതിയ മതാചാരങ്ങളോ കര്‍മമാര്‍ഗങ്ങളോ രൂപപ്പെടുത്തേണ്ടതില്ല. പ്രവാചകന്‍ പറഞ്ഞപോലെ ജീവിച്ചാല്‍ മതി.
  • പ്രവാചകന്‍ പഠിപ്പിച്ച മതകര്‍മ മേഖലയില്‍ മാതൃകയില്ലാത്ത യാതൊന്നിന്റെയും പിന്നാലെ അത്‌ പ്രവാചക സ്‌നേഹത്തിന്റെ പേരിലായാല്‍ പോലും- ഒരു സത്യവിശ്വാസി പോകാന്‍ പാടില്ല.
എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പ്രവാചകന്റെ(സ) മരണദിനമായ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്‌ ചിലര്‍ മൗലിദാഘോഷം, മൗലിദ്‌ പാരായണം, പ്രത്യേകമായ അന്നദാനം തുടങ്ങിയ മതാചാരങ്ങള്‍ ചെയ്യുന്നു. ഇവ പ്രവാചകസ്‌നേഹത്തിന്റെ മറവിലാണ്‌ ചെയ്യുന്നത്‌ എന്നതുകൊണ്ട്‌ ഇതിന്‌ മതകീയമായ ഒരു പ്രതിച്ഛായ വന്നിട്ടുമുണ്ട്‌. എന്നാല്‍ പ്രവാചകന്‍(സ) സൂചിപ്പിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്‌തിട്ടില്ലാത്ത അനാചാരമാകുന്നു ഇത്‌. പ്രവാചകനെ ജീവനുതുല്യം സ്‌നേഹിച്ച മഹാന്മാരായ സ്വഹാബികളാരും പ്രവാചകന്‍(സ) മരണപ്പെട്ടതെന്നു ഉറപ്പുള്ളതും അദ്ദേഹം ജനിച്ചതെന്ന്‌ ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടതുമായ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്നോ ആ മാസത്തിലെ മറ്റേതെങ്കിലും ദിവസമോ പ്രവാചകന്റെ ജന്മദിനമോ ചരമദിനമോ ആഘോഷിച്ചിരുന്നില്ല. ഇത്തരമൊരാചാരം ഇന്ന്‌ മുസ്‌ലിംകളില്‍ ചിലര്‍ ചെയ്യുന്നുവെങ്കില്‍ അത്‌ പ്രവാചകസ്‌നേഹത്തിലെ വ്യതിയാനമാകുന്നു. പ്രവാചകനെ യഥോചിതം സ്‌നേഹിക്കുന്നവര്‍ക്ക്‌ പുതിയ മതാചാരമുണ്ടാക്കി പ്രവാചകസ്‌നേഹത്തെ വഴിതിരിച്ചുവിടാന്‍ സാധിക്കുകയില്ല. പ്രവാചകന്‍ സ്വര്‍ഗത്തിലേക്ക്‌ ചൂണ്ടിയ മതകര്‍മജീവിത മേഖലകളിലെവിടെയും നബിദിനാഘോഷം ഇല്ല എന്നും നാം തിരിച്ചറിയുക.

Shabab 2012 Dec

 

Tuesday, October 2, 2012

 
Holy Quraan Chapter 24: Soorathul Noor (4-5)
 

                             Holy Quraan Chapter 24: Soorathul Noor (11-13)