Saturday, June 9, 2012


ഹസന്‍ ബസ്വരി (റ) ഭയഭക്തിയുള്ള പണ്ഡിതന്‍

- സച്ചരിതര്‍ -
അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്‌
പ്രവാചകപത്‌നി ഉമ്മുസലമ(റ)യുടെ ഭവനം. അവരുടെ ദാസി ഖൈറ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‌കിയ വാര്‍ത്തയുമായി ഒരു ദൂതന്‍ വന്നിരിക്കുന്നു. അവരുടെ മനസ്സ്‌ സന്തോഷത്താല്‍ നിറഞ്ഞുതുളുമ്പി. അതിന്റെ പ്രതിഫലനങ്ങള്‍ അവരുടെ മുഖത്തും പ്രകടമായിരുന്നു. തള്ളയെയും കുഞ്ഞിനെയും എത്രയും പെട്ടെന്നു തന്റെ വീട്ടിലെത്തിക്കുന്നതിനു വേണ്ടി ഉമ്മുല്‍ മുഅ്‌മിനീന്‍ ആളെ അയച്ചു. 
പ്രസവകാലം ഇരുവരും തന്റെ പരിചരണത്തില്‍ കഴിയട്ടെ എന്ന്‌ അവര്‍ തീരുമാനിച്ചിരുന്നു. ഉമ്മുസലമ(റ)യുടെ മനസ്സില്‍ അവര്‍ക്ക്‌ ഒരു ഇടമുണ്ടായിരുന്നു. കുഞ്ഞിനെ കാണാന്‍ അവരുടെ മനസ്സ്‌ വെമ്പല്‍ കൊണ്ടു.
ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഖൈറയും കുഞ്ഞും ഉമ്മു സലമയുടെ വീട്ടിലെത്തി. കുഞ്ഞിനെ കണ്ട ഉമ്മുസലമ സന്തോഷത്താല്‍ മതിമറന്നു. ആരെയും അതിശയിപ്പിക്കുന്ന, കാണുന്നവരുടെ മനസ്സില്‍ സന്തോഷം പകരുന്ന, നല്ല മുഖപ്രസാദമുള്ള സുന്ദരനായ ഒരാണ്‍കുട്ടി. കുറച്ചുസമയം കുഞ്ഞിനെ തന്നെ നോക്കിനിന്ന ഉമ്മുസലമ ഖൈറയുടെ നേരെ തിരിഞ്ഞു ചോദിച്ചു:
``ഖൈറാ! കുഞ്ഞിനു പേരു വിളിച്ചോ?''
``ഇല്ല ഉമ്മാ, അത്‌ ഉമ്മയുടെ ഇഷ്‌ടത്തിനു മാറ്റിവെച്ചിരിക്കുകയാണ്‌.''
``എന്നാല്‍ നമുക്ക്‌ ഹസന്‍ എന്ന്‌ പേരിടാം'' -ഉമ്മുസലമ ഇരുകരങ്ങളുമുയര്‍ത്തി കുട്ടിയുടെ നന്മക്കു വേണ്ടി റബ്ബിനോട്‌ പ്രാര്‍ഥിച്ചു.
ഹസന്റെ ജനനത്തില്‍ സന്തോഷിച്ചത്‌ ഉമ്മുല്‍ മുഅ്‌മിനീന്‍ ഉമ്മുസലമയുടെ വീട്‌ മാത്രമായിരുന്നില്ല. മദീനിയിലെ മറ്റൊരു ഭവനം കൂടി ഈ സന്തോഷത്തില്‍ പങ്കാളിയായി.
വഹ്‌യ്‌ എഴുത്തുകാരന്‍ പ്രമുഖ സ്വഹാബി സൈദുബ്‌നു സാബിത്തിന്റെ വീടായിരുന്നു അത്‌. കുട്ടിയുടെ പിതാവ്‌ യസാര്‍, സൈദ്‌ ബിന്‍ സാബിത്തിന്റെ അടിമയായിരുന്നു.
പില്‍ക്കാലത്ത്‌ ഹസന്‍ ബസ്വരി എന്ന പേരില്‍ പ്രശസ്‌തനായ ഹസന്‍ ബിന്‍ യസാര്‍ നബി(സ)യുടെ പ്രിയപത്‌നി ഉമ്മുസലമയുടെ വീട്ടിലാണ്‌ വളര്‍ന്നത്‌. അവരുടെ സ്‌നേഹവും പരിലാളനയും നേടാനുള്ള അപൂര്‍വ സൗഭാഗ്യവും ഹസന്‌ ലഭിച്ചു. അറബ്‌ സ്‌ത്രീകളില്‍ ഏറ്റവും വലിയ ബുദ്ധിമതിയും മാന്യയും നിശ്ചയദാര്‍ഢ്യത്തിന്റെ ഉടമയുമായിരുന്നു അവര്‍. നബി(സ)യില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ അവരാണ്‌. 387 ഹദീസുകള്‍ അവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ജാഹിലിയ്യാ കാലത്ത്‌ അക്ഷരജ്ഞാനമുള്ള ചുരുക്കം വനിതകളില്‍ ഒരാളായിരുന്നു അവര്‍.
സൗഭാഗ്യവാനായ ഈ കുഞ്ഞിനു ഉമ്മുസലമയുമായുള്ള ബന്ധം ഇതുകൊണ്ടവസാനിക്കുന്നില്ല. കുട്ടിയുടെ ഉമ്മ ഖൈറ ചില ആവശ്യങ്ങള്‍ക്കുവേണ്ടി പുറത്തുപോകുമ്പോള്‍ കുട്ടി വിശന്നു കരയും. കരച്ചില്‍ ശക്തമാകുമ്പോള്‍ ഉമ്മുസലമ(റ) കുട്ടിയെ എടുത്ത്‌ മടിയില്‍ വെച്ച്‌ മുല കുട്ടിയുടെ വായില്‍ വെച്ചു കൊടുക്കും. കുഞ്ഞിനെ സമാധാനിപ്പിക്കലായിരുന്നു ലക്ഷ്യമെങ്കിലും കുഞ്ഞിനോടുള്ള ആത്യന്തികമായ സ്‌നേഹം നിമിത്തം പാല്‍ ചുരത്തുകയും ചെയ്യും. പിന്നെ കുഞ്ഞ്‌ കരച്ചില്‍ നിര്‍ത്തും. അങ്ങനെ ഹസന്റെ മുലകുടിയിലുള്ള ഉമ്മയായിത്തീര്‍ന്നു പ്രവാചകപത്‌നി ഉമ്മുസലമ(റ).
പ്രവാചക പത്‌നിയോടുള്ള സുദൃഢബന്ധവും സ്‌നേഹവും നിമിത്തം ഉമ്മഹാത്തുല്‍ മുഅ്‌മിനീങ്ങളുടെ അടുത്തടുത്തുള്ള എല്ലാ വീടുകളിലും കയറിയിറങ്ങാനും അവരുമായി ഇടപഴകാനും കുട്ടിയായിരുന്ന ഹസന്‌ എളുപ്പത്തില്‍ കഴിഞ്ഞു. തന്മൂലം അവരുടെ പെരുമാറ്റവും അറിവും സ്വാംശീകരിക്കാനും അവന്‌ സാധിച്ചു.
ഹസന്‍ തന്നെ പറഞ്ഞതു പോലെ നിരന്തരമായ ചലനങ്ങളും കളികളും കൊണ്ട്‌ പ്രവാചക പത്‌നിമാരുടെ വീടുകള്‍ പ്രകാശപൂരിതമായി. തുള്ളിച്ചാടി വീടിന്റെ മച്ചുകള്‍ തൊടുന്നത്‌ പോലും ഹരമായിരുന്നു. ആ വീടുകളില്‍ നിന്നും അറിവും സംസ്‌കാരവും ആവോളം നുകരുന്നതോടൊപ്പം മദീന പള്ളിയുടെ അകത്തളങ്ങളില്‍ അദ്ദേഹം സായൂജ്യം കണ്ടെത്തി. ഉസ്‌മാനുബിന്‍ അഫ്‌ഫാന്‍, അലിയ്യുബിന്‍ അബീത്വാലിബ്‌, അബൂമുസല്‍ അശ്‌അരി, അബ്‌ദുല്ലാഹിബ്‌നു ഉമര്‍, അബ്‌ദുല്ലാഹിബ്‌നു അബ്ബാസ്‌, അനസ്‌ ബിന്‍ മാലിക്‌, ജാബിറുബ്‌നു അബ്‌ദില്ല തുടങ്ങിയ ശ്രേഷ്‌ഠ വ്യക്തികളുടെ അരുമ ശിഷ്യനായി അദ്ദേഹം വളര്‍ന്നു. അവരില്‍ നിന്നു ഹദീസുകള്‍ രിവായത്ത്‌ ചെയ്‌തു. അവരുടെ സ്വഭാവ സവിശേഷതകള്‍ സ്വായത്തമാക്കി, ഏറെ സ്വാധീനിച്ച വ്യക്തി അലി(റ)യായിരുന്നു. നിശ്ചയദാര്‍ഢ്യം, ജനങ്ങളോടുള്ള സ്‌നേഹം, ദുന്‍യാവിനോടുള്ള വിരക്തി, നല്ല അവതരണ ശൈലി, വാചാലത, സാരസമ്പൂര്‍ണമായ വചനങ്ങള്‍, ഹൃദയങ്ങള്‍ തുളച്ചുകയറുന്ന ഉപദേശങ്ങള്‍ തുടങ്ങിയവ എല്ലാം ഹസനെ ഏറെ ആകര്‍ഷിച്ചിരുന്നു. തന്റെ സംസാരത്തിലും സാഹിത്യത്തിലും ഹസന്‍ അവ പകര്‍ത്തി. ഹസന്‌ പതിനാലു വയസ്സുള്ളപ്പോള്‍ യസാര്‍-ഖൈറ ദമ്പതികള്‍ ഇറാഖിലെ ബസ്വറയിലിലേക്കു താമസം മാറ്റി. അതോടെ ഹസന്‍ ബസ്വറക്കാരനായി. പിന്നീട്‌ ഹസന്‍ ബസ്വരി എന്ന പേരില്‍ പ്രശസ്‌തനായി.
അന്ന്‌ ബസ്വറ ഇസ്‌ലാമിക വിജ്ഞാന പ്രസരണത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായിരുന്നു. ബസ്വറയിലെ വലിയ പള്ളി സ്വഹാബാ പ്രമുഖര്‍, താബിഉകള്‍ തുടങ്ങിയ പണ്ഡിത കേസരികളെ കൊണ്ട്‌ നിറഞ്ഞുകവിഞ്ഞിരുന്നു. വിവിധ വീക്ഷണങ്ങളുള്ള വിജ്ഞാന സദസ്സുകളാല്‍ പള്ളി നിബിഡമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ഭാഷ്യക്കാരനായി തിരുനബി(സ) വിശേഷിപ്പിച്ച അബ്‌ദുല്ലാഹിബ്‌നു അബ്ബാസിന്റെ സദസ്സാണ്‌ ഹസന്‍ തെരഞ്ഞെടുത്തത്‌. തഫ്‌സീറും ഹദീസും ഖുര്‍ആന്‍ പാരായണ നിയമവും അദ്ദേഹത്തില്‍ നിന്ന്‌ അഭ്യസിച്ചു. കര്‍മശാസ്‌ത്ര ശാഖകളിലും വ്യുല്‍പത്തി നേടിയ ഹസന്‍ വിജ്ഞാനദാഹികളുടെ ആശ്രയ കേന്ദ്രമായി. പണ്ഡിത കേസരിയായി അറിയപ്പെടാന്‍ അധികനാള്‍ വേണ്ടി വന്നില്ല. കടുത്ത ഹൃദയങ്ങളെപ്പോലും തരളിതമാക്കുന്ന ഉപദേശങ്ങളും കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളും അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കി. ഹൃദയങ്ങളെ വശീകരിക്കുന്ന ആ ഉപദേശങ്ങള്‍ ജനങ്ങള്‍ മനപ്പാഠമാക്കി. കസ്‌തൂരിയേക്കാള്‍ സുഗന്ധമുള്ള ആ ജീവിതകഥ നാടാകെ പരന്നു. ഭരണാധികാരികളും നേതാക്കളും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക്‌ കാതോര്‍ത്തു. ജനങ്ങള്‍ അദ്ദേഹത്തെ വലയം ചെയ്‌തു.
ഖാലിദ്‌ ബിന്‍ സ്വഫ്‌വാന്‍ ഒരു സംഭവം വിവരിക്കുന്നു: ``ഞാന്‍ ബനൂഉമയ്യാ ഗോത്രത്തിലെ സേനാനായകനായ മസ്‌ലമത്‌ ബിന്‍ അബ്‌ദില്‍ മലികിനെ ഇറാഖിലെ ഹീറയില്‍ വെച്ചു കണ്ടുമുട്ടി. ``ഖാലിദ്‌, ഹസന്‍ ബസ്വരിയെ കുറിച്ച്‌ വിവരിച്ചു തരൂ. മറ്റാരേക്കാളും അദ്ദേഹത്തെ കുറിച്ച്‌ കൂടുതല്‍ അറിവുള്ളത്‌ നിങ്ങള്‍ക്കാണെന്ന്‌ ഞാന്‍ വിചാരിക്കുന്നു.''
``അതെ എനിക്ക്‌ അദ്ദേഹത്തെ നന്നായറിയാം. ഞാന്‍ അദ്ദേഹത്തിന്റെ അയല്‍വാസിയും സദസ്സിലെ നിത്യസന്ദര്‍ശകനുമാണ്‌. ബസ്വറയില്‍ വെച്ച്‌ മറ്റാരേക്കാളും അദ്ദേഹത്തെക്കുറിച്ച്‌ അറിയുന്നതും എനിക്കാണ്‌.''
എന്നാല്‍ പറയൂ.
``അദ്ദേഹത്തിന്റെ രഹസ്യജീവിതം പരസ്യജീവിതം പോലെ വിശുദ്ധമാണ്‌. വാക്കുപോലെ തന്നെയാണ്‌ കര്‍മവും. ഒരു കാര്യം കല്‌പിച്ചാല്‍ അത്‌ ആദ്യം പ്രാവര്‍ത്തികമാക്കുന്നത്‌ അദ്ദേഹമായിരിക്കും. ചീത്ത കാര്യം വിലക്കിയാല്‍ അത്‌ ആദ്യം ഒഴിവാക്കുന്നതും അദ്ദേഹം തന്നെ. ജനങ്ങളെ ആശ്രയിക്കാതെ പരിത്യാഗിയായാണ്‌ അദ്ദേഹം ജീവിക്കുന്നത്‌. സര്‍വ കാര്യത്തിനും ജനങ്ങള്‍ക്ക്‌ അദ്ദേഹത്തെ ആവശ്യമാണ്‌. അവര്‍ അദ്ദേഹത്തെ അന്വേഷിച്ചെത്തും. അപ്പോള്‍ മസ്‌ലമ പറഞ്ഞു: ``മതി, ഖാലിദ്‌! ഇത്തരം ആളുകള്‍ ജീവിക്കുന്ന ഒരു സമൂഹം എങ്ങനെ വഴിതെറ്റും.''
ഹജ്ജാജ്‌ബ്‌നു യൂസുഫ്‌ ഇറാഖില്‍ സേച്ഛാധിപതിയായി വാഴുന്ന കാലം. അദ്ദേഹത്തിന്റെ സേച്ഛാധിപത്യ പ്രവണതകളെയും അക്രമത്തെയും എതിര്‍ക്കുന്ന അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു ഹസന്‍ ബസ്വരി. സത്യം ജനങ്ങള്‍ക്കിടയില്‍ വിളിച്ചു പറഞ്ഞു. അധാര്‍മികതയെ നഖശിഖാന്തം എതിര്‍ത്തു.
ബസ്വറയുടെയും കൂഫയുടെയും ഇടയില്‍ സ്ഥിതിചെയ്യുന്ന `വാസിത്വ' നഗരത്തില്‍ ഹജ്ജാജ്‌ തനിക്കു വേണ്ടി ഒരു കൊട്ടാരം പണിതു. പണികഴിഞ്ഞപ്പോള്‍ കൊട്ടാരം നടന്നു കാണാനും പ്രാര്‍ഥിക്കാനും വേണ്ടി പൗരന്മാര്‍ക്കു ഹജ്ജാജ്‌ സൗകര്യം ചെയ്‌തുകൊടുത്തു.
വാസ്‌തുശില്‌പകലയുടെ ഗാംഭീര്യം വിളിച്ചോതുന്ന കൊട്ടാരം കാണാനുള്ള ജനങ്ങളുടെ ഒഴുക്കു ഉപയോഗപ്പെടുത്താന്‍ ഹസന്‍ തീരുമാനിച്ചു. ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന ഈ സന്ദര്‍ഭം പാഴാക്കിക്കളയുന്നത്‌ അനുചിതമായി അദ്ദേഹം കണ്ടു.
ജനങ്ങളില്‍ ഉത്‌ബോധനം നടത്താനും ഭൗതിക സുഖാഡംബരങ്ങളുടെ നശ്വരതയെക്കുറിച്ച്‌ ജനങ്ങളെ ബോധ്യപ്പെടുത്താനും അല്ലാഹുവിലുള്ള സൗഖ്യങ്ങളെ ജനങ്ങളില്‍ പ്രേരിപ്പിക്കാനും അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. ജനങ്ങള്‍ ആ സുന്ദരസൗധത്തിന്റെ മാസ്‌മരികതയില്‍ ലയിച്ച്‌ വിസ്‌മയഭരിതമായി നീങ്ങിക്കൊണ്ടിരിക്കുന്ന സൗധത്തിന്റെ മനോഹാരിതയില്‍ മയങ്ങിപ്പോയ ജനങ്ങളെ കൊട്ടാരത്തിന്റെ അങ്കണത്തില്‍ ഒരുമിച്ചുകൂട്ടി ഹസന്‍ ബസ്വരി പറഞ്ഞു:
ഏറ്റവും ക്രൂരനും നികൃഷ്‌ടനുമായ ആള്‍ പണി കഴിപ്പിച്ച ഈ കെട്ടിടം നിങ്ങള്‍ കണ്ടുകഴിഞ്ഞു. ഫിര്‍ഔന്‍ ഇതിനേക്കാള്‍ വലിയ കോട്ടകളും കൊട്ടാരങ്ങളും പണിതൊരുക്കിയിരുന്നു. ആ ഫിര്‍ഔനിനെ അല്ലാഹു നശിപ്പിച്ചു. അവന്‍ പണിതുണ്ടാക്കിയതും ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെട്ടു. ആകാശത്തുള്ളവന്‍ തന്നെ വെറുക്കുന്നുവെന്നും ഭൂമിയിലുള്ളവര്‍ തന്നെ ഭയന്ന്‌ മൗനം പാലിക്കുകയാണെന്നും ഹജ്ജാജ്‌ മനസ്സിലാക്കിയിരുന്നുവെങ്കില്‍! ഇങ്ങനെ ഹസന്‍ ബസ്വരിയുടെ പ്രസംഗം പുരോഗമിക്കുമ്പോള്‍ സദസ്യരില്‍ അദ്ദേഹത്തോട്‌ അനുകമ്പ തോന്നിയ ഒരാള്‍ ചെവിയില്‍ മന്ത്രിച്ചു: ``അബൂസഈദ്‌ മതി. നിര്‍ത്തിക്കളയൂ.''
അപ്പോള്‍ ഹസന്‍ പറഞ്ഞു: ``സത്യം ജനങ്ങള്‍ക്ക്‌ വിശദീകരിച്ചുകൊടുക്കുമെന്നും അവ മറച്ചുവെക്കുകയില്ലെന്നും അല്ലാഹുവിനോട്‌ കരാര്‍ ചെയ്‌തവരാണ്‌ പണ്ഡിതന്മാര്‍.''
അടുത്ത ദിവസം ഹജ്ജാജ്‌ സദസ്സിലേക്ക്‌ എഴുന്നള്ളി. കോപാഗ്നി ആളിക്കത്തിയ മുഖഭാവം. തികഞ്ഞ നിശ്ശബ്‌ദത. ഹജ്ജാജ്‌ പറഞ്ഞു: ``നിങ്ങള്‍ക്ക്‌ നാശം. ബസ്വറയിലെ ഒരു അടിമ ഈ കൊട്ടാരത്തിന്റെ തിരുമുറ്റത്ത്‌ വന്നുനിന്ന്‌ തോന്നിയത്‌ പറയുക. അതിന്‌ നിങ്ങളില്‍ ഒരാള്‍ പോലും മറുപടി പറയാതിരിക്കുക. അല്ലെങ്കില്‍ അവ നിഷേധിക്കുകയെങ്കിലും ചെയ്യാതിരിക്കുക. നിങ്ങള്‍ക്കെന്തു പറ്റി; അല്ലാഹുവാണ സത്യം! ഭീരുക്കളേ, അവന്റെ രക്തം നിങ്ങളെ ഞാന്‍ കുടിപ്പിക്കും.''
തുടര്‍ന്നു ഭടനോട്‌ കത്തിയും തലവെട്ടിയാല്‍ ഇടാനുള്ള വിരിയും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ആരാച്ചാര്‍ ഹജ്ജാജിന്റെ മുമ്പില്‍ ഹാജറായി. സുരക്ഷാസേനയുടെ ഉദ്യോഗസ്ഥനെ വിളിച്ച്‌ ഹസന്‍ ബസ്വരിയെ ഹാജറാക്കാന്‍ ഉത്തരവിട്ടു. നിമിഷങ്ങള്‍ക്കകം ഹസന്‍ ഹാജരാക്കപ്പെട്ടു. എല്ലാ കണ്ണുകളും അദ്ദേഹത്തില്‍ പതിച്ചു. എല്ലാവരുടെയും ഹൃദയ മിടിപ്പുകള്‍ വര്‍ധിച്ചു. വാളും വിരിപ്പും ആരാച്ചാരെയും കണ്ടപ്പോള്‍ ഹസന്‍ ചുണ്ടുകള്‍ ചലിപ്പിച്ചു. പിന്നെ ഹജ്ജാജിന്റെ നേരെ തിരിഞ്ഞു. വിശ്വാസിയുടെ ഗാംഭീര്യത്തോടെ, മുസ്‌ലിമിന്റെ അഭിമാനത്തോടെ പ്രബോധകന്റെ അന്തസ്സോടെ ഹജ്ജാജിനെ നോക്കി. ആ നോട്ടത്തില്‍ ഭയന്നുപോയ ഹജ്ജാജ്‌ പറഞ്ഞു: ``അബൂസഈദ്‌ ഇങ്ങോട്ടു വരൂ, ഇവിടെ ഇരിക്കൂ...'' തന്റെ ഇരിപ്പിടത്തില്‍ സൗകര്യമൊരുക്കി അദ്ദേഹത്തെ ക്ഷണിച്ചു. ആകാംക്ഷയോടെ, അതിലധികം അത്ഭുതത്തോടെ ജനങ്ങള്‍ ആ രംഗം വീക്ഷിച്ചു. ഹസന്റെ കൈപിടിച്ച്‌ ഹജ്ജാജ്‌ തന്റെ സിംഹാസനത്തില്‍ അദ്ദേഹത്തെ ഇരുത്തി. കുശാലാന്വേഷണങ്ങള്‍ക്കു ശേഷം ഹജ്ജാജ്‌ മതപരമായ ചില പ്രശ്‌നങ്ങളെ കുറിച്ച്‌ അദ്ദേഹത്തോട്‌ ആരായുകയും ഹസന്‍ തികഞ്ഞ പാണ്ഡിത്യത്തോടും ഉറച്ച മനസ്സോടും കൂടി അദ്ദേഹത്തിനു മറുപടി നല്‌കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഹജ്ജാജ്‌ പറഞ്ഞു:
``അബൂസഈദ്‌, താങ്കള്‍ പണ്ഡിതന്മാരുടെ നേതാവാണ്‌. ഈ രാജ്യത്തിന്റെ അഭിമാനവും.'' ഉയര്‍ന്ന സുഗന്ധമുള്ള അത്തര്‍ അദ്ദേഹത്തിന്റെ താടിയിലും ശരീരത്തിലും പുരട്ടി സ്‌നേഹാദരവുകളോടെ അദ്ദേഹത്തെ യാത്രയാക്കി. കവാടത്തിന്നരികിലെത്തിയപ്പോള്‍ സുരക്ഷാ സേനക്കാരന്‍ പറഞ്ഞു: ``അബൂസഈദ്‌! യഥാര്‍ഥത്തില്‍ ഹജ്ജാജ്‌ താങ്കളെ വിളിപ്പിച്ചത്‌ ഇതിനൊന്നുമല്ല. വാളും ആരാച്ചാരും ദൃഷ്‌ടിയില്‍ പെട്ടപ്പോള്‍ താങ്കള്‍ ചുണ്ടനക്കുന്നത്‌ ഞാന്‍ കണ്ടിരുന്നു. എന്താണങ്ങ്‌ പറഞ്ഞിരിക്കുന്നത്‌?''
``ഞാന്‍ പ്രാര്‍ഥിക്കുകയായിരുന്ന! വിപദ്‌ഘട്ടത്തില്‍ എനിക്ക്‌ എല്ലാവിധ അനുഗ്രഹങ്ങളും കനിഞ്ഞേകിയവനേ, ഹജ്ജാജിന്റെ പ്രതികാരാഗ്നി എനിക്ക്‌ തണുപ്പും രക്ഷയുമായി മാറണമേ! ഇബ്‌റാഹീമിന്‌(അ) നീ അഗ്നിയെ തണുപ്പും സമാധാനവുമാക്കി മാറ്റിയതുപോലെ?''
ഖലീഫമാരോടും ഗവര്‍ണര്‍മാരോടുമുള്ള അദ്ദേഹത്തിന്റെ കര്‍ക്കശമായ നിലപാടുകള്‍ക്ക്‌ ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാം. ഉമര്‍ ബിന്‍ അബ്‌ദില്‍ അസീസിനു ശേഷം യസീദ്‌ ബിന്‍ അബ്‌ദില്‍ മലിക്‌ ഖലീഫയായി ചുമതലയേറ്റു. ഇറാഖിന്റെ ഉത്തരവാദിത്തം ഉമര്‍ ബിന്‍ ഹുബൈറ അല്‍ഫസാരിക്കായിരുന്നു. പിന്നീട്‌ ഖുറാസാനും അദ്ദേഹത്തിന്റെ അധികാര പരിധിയിലായി. മുന്‍ഗാമികളില്‍ നിന്ന്‌ വ്യത്യസ്‌തമായി തന്നിഷ്‌ടവും സ്വേച്ഛാധിപത്യവുമായിരുന്നു യസീദിന്റെ ഭരണരീതി. തന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഖലീഫ നിരന്തരമായി കത്തെഴുതിക്കൊണ്ടിരുന്നു. നിര്‍ദേശങ്ങള്‍ പലപ്പോഴും സത്യത്തിനും നീതിക്കും നിരക്കാത്തതും. ഗത്യന്തരമില്ലാതെ, താന്‍ എന്തു ചെയ്യണമെന്ന്‌ ആലോചിക്കാനായി ഗവര്‍ണര്‍ ഹസന്‍ ബസ്വരിയെയും ശഅ്‌ബീ എന്ന പേരില്‍ പ്രശസ്‌തനായ ആമീറുബ്‌നു ശുറഹ്‌ബീലിനെയും ക്ഷണിച്ചുവരുത്തി. അദ്ദേഹം പറഞ്ഞു:
``നിങ്ങള്‍ക്കറിയാവുന്നതുപോലെ യസീദ്‌ ബിന്‍ അബ്‌ദില്‍ മലിക്‌ ജനങ്ങളുടെ ഖലീഫയാണ്‌. അദ്ദേഹത്തെ അനുസരിക്കല്‍ ജനങ്ങള്‍ക്കു നിര്‍ബന്ധവുമാണ്‌. എന്നെ ഇറാഖിലെയും തുടര്‍ന്നു പേര്‍ഷ്യയിലെയും അധികാരിയായി നിയമിച്ചു. നീതിക്ക്‌ നിരക്കാത്ത, മനസ്സാക്ഷിക്കു യോജിക്കാത്ത നിര്‍ദേശങ്ങള്‍ അദ്ദേഹം പലപ്പോഴും എഴുതി അറിയിക്കുന്നു. ഖലീഫയുടെ ഇത്തരത്തിലുള്ള ഉത്തരവുകള്‍ അനുസരിക്കാതിരിക്കുന്നത്‌ മതവിരുദ്ധമായിത്തീരുമോ? ഈ സന്നിഗ്‌ധഘട്ടത്തില്‍ ഞാന്‍ എന്തു ചെയ്യണം'' -ഗവര്‍ണര്‍ ചോദിച്ചു. ഖലീഫയെ അനുസരിക്കണമെന്ന രീതിയിലാണ്‌ ശഅബീ സംസാരിച്ചത്‌. ഹസന്‍ നിശബ്‌ദനായിരുന്നു. ഉമര്‍ബിന്‍ ഹുബൈറ ഹസന്‍ ബസ്വരിയുടെ നേരെ തിരിഞ്ഞുചോദിച്ചു: ``അബൂസഈദ്‌, താങ്കള്‍ എന്തു പറയുന്നു?''
ഹസന്‍ ബസ്വരി പറഞ്ഞു: ``ഇബ്‌നു ഹുബൈറ, യസീദിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ യസീദിനെ ഭയക്കേണ്ടതില്ല. യസീദിന്റെ ദ്രോഹത്തില്‍ നിന്ന്‌ അല്ലാഹു നിങ്ങളെ കാത്തുകൊള്ളും. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന്‌ താങ്കളെ രക്ഷിക്കാന്‍ യസീദിനാവുകയില്ല.''
``ഇബ്‌നു ഹുബൈര്‍, അല്ലാഹുവിന്റെ കല്‌പനകള്‍ ധിക്കരിക്കാത്ത ആ മലക്കിനെ നിങ്ങള്‍ ഓര്‍ത്തുകൊള്ളുക. നിങ്ങളുടെ ഇരിപ്പിടത്തില്‍ നിന്ന്‌ നിങ്ങളെ നീക്കം ചെയ്‌ത്‌ കൊട്ടാരത്തിന്റെ വിശാലതയില്‍ നിന്ന്‌ നിങ്ങളെ പൊക്കിയെടുത്ത്‌ ഖബറിന്റെ കുടുസ്സിലേക്ക്‌ നിങ്ങളെ തള്ളാന്‍ അവന്‍ ശക്തനാണ്‌. അവിടെ നിങ്ങള്‍ യസീദിനെ കാണില്ല. യസീദിന്റെ നാഥനെ ധിക്കരിച്ച്‌ നിങ്ങള്‍ ചെയ്‌ത പ്രവര്‍ത്തികളേ അവിടെ കാണുകയുള്ളൂ.''
``ഇബ്‌നുഹുബൈറ, നിങ്ങള്‍ അല്ലാഹുവോട്‌ കൂടെ അവനെ അനുസരിച്ച്‌ ജീവിച്ചാല്‍ ഈ ലോകത്തും പരലോകത്തും യസീദിന്റെ ദ്രോഹത്തില്‍ നിന്ന്‌ അല്ലാഹു നിങ്ങളെ സംരക്ഷിക്കും. അല്ലാഹുവിനെ ധിക്കരിച്ച്‌ യസീദിനൊപ്പമാണ്‌ നിങ്ങള്‍ നില്‌ക്കുന്നതെങ്കില്‍ നിങ്ങളെ രക്ഷിക്കാന്‍ അല്ലാഹു ഉണ്ടാവുകയില്ല. ഇബ്‌നു ഹുബൈറ! സ്രഷ്‌ടാവിനെ ധിക്കരിച്ച്‌ ഒരു സൃഷ്‌ടിയെയും അനുസരിക്കേണ്ടതില്ല.''
ഉപദേശം കേട്ട ഇബ്‌നുഹുബൈറ കരഞ്ഞു. കണ്ണീര്‍ കവിള്‍ തടത്തിലൂടെ ചാലിട്ടൊഴുകി. ശഅബിയെ അവഗണിച്ച്‌ ഹസന്‍ ബസ്വരിയെ എല്ലാ നിലക്കും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്‌തു. കൊട്ടാരത്തില്‍ നിന്ന്‌ പുറത്തിറങ്ങി പള്ളിയിലേക്ക്‌ നീങ്ങിയ രണ്ടു പേരെയും ജനം പൊതിഞ്ഞു. ഇറാഖിലെ ഗവര്‍ണറുമായി സംസാരിച്ചതിനെക്കുറിച്ച്‌ അവര്‍ക്ക്‌ അറിയണം. അവര്‍ ആവശ്യപ്പെട്ടു.
ശഅ്‌ബീ കാര്യങ്ങള്‍ ഇങ്ങനെ വിശദീകരിച്ചു. `ജനങ്ങളേ, സൃഷ്‌ടികളേക്കാള്‍ എല്ലാ നിലയിലും സ്രഷ്‌ടാവിനാണ്‌ മുന്‍ഗണന നല്‌കേണ്ടത്‌. ഹസന്‍ ഗവര്‍ണര്‍ ഇബ്‌നു ഹുബൈറയോട്‌ പറഞ്ഞ കാര്യങ്ങളെല്ലാം എനിക്കു അറിയാത്തതല്ല. പക്ഷെ, ഗവര്‍ണറുടെ സംതൃപ്‌തി കണ്ടാണ്‌ ഞാന്‍ സംസാരിച്ചത്‌. ഹസന്നാവട്ടെ അല്ലാഹുവിന്റെ തൃപ്‌തി ഉദ്ദേശിച്ചാണ്‌ സംസാരിച്ചത്‌. തന്നിമിത്തം ഇബ്‌നു ഹുബൈറയുടെ മനസ്സില്‍ ഹസന്റെ മഹത്വം ഒന്നൂകൂടി വര്‍ധിച്ചു. എന്നെക്കുറിച്ച്‌ മോശമായ അഭിപ്രായമാണ്‌ ഗവര്‍ണര്‍ക്കുണ്ടായത്‌.
ലോകം മുഴുവന്‍ വിജ്ഞാന സമ്പത്തുക്കള്‍ ബാക്കിവെച്ച്‌ എണ്‍പത്‌ വയസ്സുവരെ ബസ്വരി ജീവിച്ചു. അദ്ദേഹത്തിന്റെ ഉപദേശങ്ങളോരോന്നും ജനമനസ്സുകളെ പിടിച്ചുകുലുക്കി. പണ്ഡിതന്മാര്‍ക്കും പാമരന്മാര്‍ക്കും വെളിച്ചമേകി. ഐഹിക ജീവിതത്തിന്റെ യാഥാര്‍ഥ്യം ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുത്തു ലോകത്തെ കുറിച്ചും അതിന്റെ അവസ്ഥകളെക്കുറിച്ചും ചോദിച്ച വ്യക്തിയോട്‌ അദ്ദേഹം ഇങ്ങനെയാണ്‌ പറഞ്ഞത്‌:
``നീ ഇഹലോകത്തെ കുറിച്ചും പരലോകത്തെക്കുറിച്ചും എന്നോട്‌ ചോദിക്കുകയുണ്ടായി. കിഴക്കും പടിഞ്ഞാറും പോലെയാണ്‌ ഇവ രണ്ടിന്റെയും ഉദാഹരണം. ഒന്നിനോട്‌ കൂടുതല്‍ അടുക്കുമ്പോള്‍ മറ്റേതിനോടുള്ള അകല്‍ച്ചയും വര്‍ധിക്കുന്നു.''
മറ്റൊരിക്കല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ``കഷ്‌ടം നമ്മുടെ ശരീരത്തോട്‌ നാമെന്താണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. നമ്മുടെ ദീനിനെ നാം ശോഷിപ്പിച്ചു. ദുന്‍യാവിനെ പരിപോഷിപ്പിച്ചു. സ്വഭാവങ്ങള്‍ ജീര്‍ണിപ്പിച്ചു. പുതുവസ്‌ത്രങ്ങള്‍ മോടിയില്‍ ധരിച്ചു. സ്വസ്ഥമായി ഇരുന്ന്‌ അന്യന്റെ മുതല്‍ തിന്നു വയര്‍ നിറയ്‌ക്കുന്നു. ആഹാരം കവര്‍ന്നെടുത്ത്‌ പുളിയും മധുരവും ചൂടും തണുപ്പും പച്ചയും ഉണങ്ങിയതും മാറിമാറിക്കഴിച്ച്‌ അനങ്ങാന്‍ വയ്യാതെ വരുമ്പോള്‍ ആശ്വാസത്തിനു മരുന്ന്‌ തേടി അലയും. എന്നിട്ട്‌ പറയും: ആഹാരം ദഹിപ്പിക്കുന്നതിന്‌ ഔഷധം കൊണ്ടുവരൂ! എന്നാല്‍ വിഢ്‌ഢിയായ മനുഷ്യാ! നീ ദഹിപ്പിക്കുന്നത്‌ നിന്റെ ദീനിനെയാണ്‌. ആവശ്യക്കാരനായ നിന്റെ അയല്‍വാസിയെ നീ പരിഗണിച്ചുവോ! വിശക്കുന്ന അനാഥയെ നീ ശ്രദ്ധിച്ചുവോ? നിന്നിലേക്കു ദയനീയമായി നോക്കിയിരുന്ന പാവപ്പെട്ടവനെ നീ കണ്ടുവോ? എല്ലാം നീ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. ഓരോ സൂര്യാസ്‌തമയത്തോടെയും നിന്റെ ആയുസ്സിന്റെ ദിനങ്ങളില്‍ നിന്നു ഒന്നു കൊഴിഞ്ഞുപോവുകയാണെന്ന്‌ നീ മനസ്സിലാക്കിയില്ല.''
ഹിജ്‌റ നൂറ്റിപത്താം വര്‍ഷം റജബ്‌ ആദ്യ വെള്ളിയാഴ്‌ച ഹസന്‍ ബസ്വരി തന്റെ റബ്ബിന്റെ വിളിക്ക്‌ ഉത്തരം നല്‌കി. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ബസ്വറയെ ശോകമൂകമാക്കി. പണ്ഡിതനായും അധ്യാപകനായും പ്രബോധകനായും തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവിട്ട പള്ളിയിലാണ്‌ ജുമുഅ നമസ്‌കാരത്തിനു ശേഷം അദ്ദേഹത്തിന്റെ മയ്യിത്ത്‌ നമസ്‌കാരം നടന്നത്‌. ജനസഹസ്രം മയ്യത്തിനെ അനുഗമിച്ചതു മൂലം അന്ന്‌ ബസ്വറ പള്ളിയില്‍ അസര്‍ നമസ്‌കാരത്തിന്നാരുമുണ്ടായിരുന്നില്ല. ഹസന്‍ ബസ്വരി മരിച്ച ദിവസമല്ലാതെ ബസ്വറയിലെ ജുമുഅത്ത്‌ പള്ളിയില്‍ ജമാഅത്ത്‌ നമസ്‌കാരം മുടങ്ങിയ ഒരു സന്ദര്‍ഭം ആരും ഓര്‍ക്കുന്നില്ല.

Shabab magazine 2012 June 8

Friday, June 8, 2012


ISM കേരള യുവജന സമ്മേളനം 
2012 ഡിസംബര്‍ 21 ,22 ,23 
പാലക്കാട്‌ 
വിശ്വാസ വിശുദ്ധി സമര്പിത യവ്വനം