ജയത്തിലേക്കുള്ള എളുപ്പവഴി
അല്ലാഹുവിന്റെ സമീപമിരിക്കാന്‍ ആഗ്രഹമുണ്ടോ? തിരുനബി(സ) അതിനുള്ള വഴി പറഞ്ഞുതരുന്നു; ``ഒരടിമ അല്ലാഹുവിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സമയം സുജൂദിന്റെ സമയമാണ്. അതിനാല്‍ നിങ്ങള്‍ സുജൂദില്‍ പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കുക.''
സ്വര്‍ഗത്തില്‍ തിരുനബിയുടെ കൂടെയിരിക്കാന്‍ മോഹമുണ്ടോ? ചൂണ്ടുവിരലും മധ്യവിരലും ചേര്‍ത്തുവെച്ച് തിരുനബി അതിനുള്ള മാര്‍ഗം മൊഴിഞ്ഞു; ``ഞാനും അനാഥയുടെ സംരക്ഷകനും സ്വര്‍ഗത്തില്‍ ഇപ്രകാരമായിരിക്കും.''
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവരുടേയും രാത്രി മുഴുവന്‍ നിന്നു നമസ്‌കരിക്കുന്നവരുടേയും പകല്‍ മുഴുവന്‍ നോമ്പനുഷ്‌ഠിക്കുന്നവരുടെയും പ്രതിഫലം ആഗ്രഹിക്കുന്നുണ്ടോ? തിരുനബി പറയുന്നു; ``വിധവകളുടെയും അനാഥകളുടെയും ക്ഷേമത്തിനായി പരിശ്രമിക്കുന്നയാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവരുടെയും ഉറങ്ങാതെ രാത്രി മുഴുവന്‍ നമസ്‌കരിക്കുന്നവരുടെയും പകല്‍ മുഴുവന്‍ നോമ്പനുഷ്‌ഠിക്കുന്നവരുടെയും പ്രതിഫലം നേടുന്നു.''
തിരുനബി സ്വര്‍ഗം ഉറപ്പ് നല്‍കിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ ആഗ്രഹമുണ്ടോ? ``താടിയെല്ലുകള്‍ക്കിടയിലുള്ളതിനെയും തുടയെല്ലുകള്‍ക്കിടയിലുള്ളതിനെയും പറ്റി ആരാണോ എനിക്കുറപ്പ് നല്‍കുന്നത്, അവര്‍ക്ക് ഞാന്‍ സ്വര്‍ഗം ഉറപ്പ് നല്‍കുന്നു.''
അന്ത്യനാളില്‍ നന്മയുടെ ഭാരം അധികമാകുന്നവരില്‍ ഉള്‍പ്പെടാന്‍ കൊതിയുണ്ടോ?: തിരുനബി പറയുന്നു; ``രണ്ട് വാക്കുകളുണ്ട്! കാരുണ്യവാന് ഏറ്റം ഇഷ്‌ടകരവും നാവിന് വളരെ ലളിതവുമാണവ. നന്മയുടെ തുലാസില്‍ കനം വര്‍ധിപ്പിക്കുന്നവയും; സുബ്‌ഹാനല്ലാഹി വബിഹംദിഹി,സുബ്‌ഹാനല്ലാഹില്‍ അദ്വീം.''
ഒരു രാത്രി മുഴുവന്‍ നിന്നു നമസ്‌കരിച്ചവന്റെ പ്രതിഫലം വേണോ?: `ഒരാള്‍ ഇശാ നമസ്‌കാരം ജമാ അത്തായി നിര്‍വഹിച്ചാല്‍ ഒരു രാത്രിയുടെ പകുതി നമസ്‌കരിച്ചതു പോലെയാണത്. സുബ്‌ഹി നമസ്‌കാരം ജമാഅത്തായി നിര്‍വഹിച്ചാല്‍ രാത്രി മുഴുവന്‍ നിന്ന് നമസ്‌കരിച്ചതു പോലെയും''
അല്ലാഹുവിങ്കല്‍ പദവി ഉയരണമെന്ന ആഗ്രഹമുണ്ടോ?: ``അല്ലാഹുവിനെ പ്രതീക്ഷിച്ച് വിനയാന്വിതരായാല്‍ മഹോന്നതനായ അല്ലാഹു അങ്ങനെയുള്ളവരുടെ പദവി ഉയര്‍ത്തുക തന്നെ ചെയ്യും.''
ദാനം ചെയ്യാന്‍ പണമില്ലാത്ത ആളാണോ നിങ്ങള്‍?: ``എല്ലാ തക്‌ബീറിലും സ്വദഖയുണ്ട്. എല്ലാ തഹ്‌മീദിലും സ്വദഖയുണ്ട്. നന്മ കല്‍പിക്കല്‍ സ്വദഖയാണ്. തിന്മയെ എതിര്‍ക്കല്‍ സ്വദഖയാണ്. ഇണയോടൊത്തുള്ള സമ്പര്‍ക്കത്തില്‍ പോലും സ്വദഖയുണ്ട്.''
താങ്കളെ കാണാന്‍ അല്ലാഹു ഇഷ്‌ടപ്പെടണമെന്ന് മോഹമുണ്ടോ? ``അല്ലാഹുവിനെ കാണാന്‍ ആഗ്രഹിക്കുന്നവരെ കാണാന്‍ അവനും ആഗ്രഹിക്കുന്നു.''
ദിവസം മുഴുവന്‍ അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കാന്‍ ആഗ്രഹമുണ്ടോ? ``സുബ്‌ഹി നമസ്‌കരിച്ചയാള്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്.''
വര്‍ഷം മുഴുവന്‍ നോമ്പനുഷ്‌ഠിച്ചതിന്റെ പ്രതിഫലം വേണമോ? ``മാസത്തില്‍ മൂന്ന് നോമ്പനുഷ്‌ഠിക്കുന്നത് വര്‍ഷം മുഴുവന്‍ നോമ്പനുഷ്‌ഠിക്കുന്നതു പോലെയാണ്.''
പ്രയാസങ്ങള്‍ അല്ലാഹു നീക്കിത്തരാന്‍ ആഗ്രഹമില്ലേ? ``ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നയാള്‍ക്ക് ഇഹലോകത്തും പരലോകത്തും അല്ലാഹു പ്രയാസങ്ങള്‍ നീക്കി എളുപ്പം നല്‍കും.''
സ്വര്‍ഗത്തില്‍ ഒരു വീട് ലഭിക്കാന്‍ മോഹമില്ലേ?: ``ഫര്‍ദ്വ് നമസ്‌കാരങ്ങള്‍ക്ക് പുറമെ സുന്നത്തായ 12 റക്‌അത്തുകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ വീടൊരുക്കും.''
ഖുര്‍ആന്‍ താങ്കള്‍ക്ക് വേണ്ടി പരലോകത്ത് ശുപാര്‍ശ പറയണമെന്ന് ആഗ്രഹമില്ലേ? ``നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. തീര്‍ച്ചയായും അന്ത്യനാളില്‍ നിങ്ങള്‍ക്കത് ശുപാര്‍ശക്കെത്തും.''
ജനങ്ങളില്‍ ഏറ്റവും ഉത്തമനാകാന്‍ ആഗ്രഹമില്ലേ? `ഖുര്‍ ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് ജനങ്ങളില്‍ വെച്ചേറ്റവും ഉത്തമര്‍.''
അന്ത്യനാളില്‍ അല്ലാഹുവിന്റെ തണല്‍ ലഭിക്കാന്‍ കൊതിയില്ലേ?: ``എന്റെ മഹത്വത്തെ മുന്‍നിര്‍ത്തി പരസ്‌പരം സ്‌നേഹിച്ചവരെവിടെ? ഇന്നവര്‍ക്ക് ഞാന്‍ എന്റെ തണുപ്പുള്ള തണലില്‍ അഭയംനല്‍കും. എന്റെ തണലല്ലാതെ മറ്റൊരു തണലും ഇല്ലാത്ത ദിവസമാണിന്ന്'' എന്ന് അല്ലാഹു അന്ത്യനാളില്‍ ഉയര്‍ത്തിപ്പറയും.
പ്രതിഫലനാളില്‍ താങ്കളുടെ പോരായ്‌മകള്‍ അല്ലാഹു മറച്ചുവെക്കാന്‍ മോഹമില്ലേ?: ``തന്റെ സഹോദരന്റെ പോരായ്‌മകള്‍ പരസ്യപ്പെടുത്താത്തവരുടെ പോരായ്‌മകള്‍ അല്ലാഹു നാളെ മറച്ചുവെക്കും.''
പരീക്ഷണങ്ങളില്‍ ഉത്തരം കിട്ടാതെ വലയുന്നുണ്ടോ?: ``നീ അല്ലാഹുവിനെ സൂക്ഷിക്കുക. എങ്കില്‍ നിനക്കവനെ മുന്നില്‍ കാണാം. ഐശ്വര്യമുള്ളപ്പോള്‍ അല്ലാഹുവിനെ അറിയുക. എങ്കില്‍ സങ്കടസമയത്ത് അവന്‍ നിന്നെയും അറിയും. അറിയുക, നിന്നെ വിട്ടുപോയത് നിനക്ക് ബാധിക്കുമായിരുന്നില്ല. നിന്നെ ബാധിച്ചത് നിന്നെ വിട്ടുപോകുമായിരുന്നില്ല. അറിയുക, വിജയം ക്ഷമയോടൊപ്പമാണ്. തീര്‍ച്ചയായും പ്രയാസത്തിനൊപ്പം എളുപ്പവുമുണ്ട്.''
Source: Shabab weekly Aug 3, 2012