ജിന്നുബാധയ്ക്ക് തൗഹീദീ ചികിത്സാരീതിയുണ്ടോ?
``ജിന്ന് ബാധയുള്ളവര്‍ക്ക് തൗഹീദിലധിഷ്ഠിതമായ ചികിത്സാരീതിയാണ് `റുഖ്യ്യ ശറഇയ്യ' എന്നും ഇത് തേടല്‍ അനുവദനീയമാണെന്നും മറിച്ച് `റുഖ്യ്യ ശറഇയ്യ' എന്നത് തനി ശിര്‍ക്കാണെന്ന് പറയുന്നത് ശരിയല്ലെന്നും ഇത്തരം കാര്യങ്ങളൊക്കെ ഇതുവരേക്കും മുജാഹിദ് പണ്ഡിതന്മാര് മൂടിവെക്കുകയായിരുന്നുവെന്നും'' മുജാഹിദ് ബാലുശ്ശേരി നന്തിയില്‍ നടത്തിയ പ്രഭാഷണത്തില്‍ പറയുകയുണ്ടായി. എന്താണ് റുഖിയ ശര്ഇയ്യ? ഇതിന് പ്രവാചക മാതൃകയുണ്ടോ? ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച ഈ കാലഘട്ടത്തില്‍ ഇത്തരം ചികിത്സകള്‍ ഒക്കെ തനി വങ്കത്തമല്ലേ?
എന്‍ ആര് പള്ളിക്കര മേലടി
ജിന്ന് ബാധയില്‍ വിശ്വസിക്കുക എന്നൊരു ഈമാന്‍ കാര്യം പൂര്‍വികരായ പണ്ഡിതന്മാരാരും പഠിപ്പിച്ചിട്ടില്ല. പിശാച് സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തെക്കുറിക്കാന് ഖുര്‍ആനില്‍ പ്രയോഗിച്ച `മസ്സുശ്ശൈത്വാന്‍' എന്ന വാക്കിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ചമച്ചുണ്ടാക്കിയതാണ്
`ജിന്നുബാധാ
വാദം.'
ഈ വാദക്കാര്‍ ഉന്നയിക്കാറുള്ള പ്രധാന തെളിവ് തന്റെ രോഗത്തെക്കുറിച്ച് അയ്യൂബ് നബി(അ) പറഞ്ഞതായി ഖുര്‍ആനില്‍ ഉദ്ധരിച്ചിട്ടുള്ള `മസ്സനീഅശ്ശൈത്വാനു' (വി.ഖു 38:41) എന്ന വാക്കാണ്. അത് വിശദമായി വിശകലനം ചെയ്യേണ്ട വിഷയമാണ്. അതിന് ഇപ്പോള്‍ മുതിരുന്നില്ല. അയ്യൂബ് നബി(അ)യുടെ രോഗം അല്പം ഗുരുതരമായ ചര്മരോഗമായിരുന്നു എന്നാണ് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും നല്കിയ വിവരണത്തില്‍ നിന്ന് ഗ്രഹിക്കാവുന്നത്. അതിന് അല്ലാഹു നിര്‍ദേശിച്ച ചികിത്സ (വി.ഖു 38:42) തണുത്ത വെള്ളം കുടിക്കുകയും അതില്‍ കുളിക്കുകയുമാണ്. `റുഖ്യ ശറഇയ്യ' എന്ന മന്ത്രമാണ് അയ്യൂബ് നബി(അ)ക്ക് വേണ്ട തൗഹീദീ ചികിത്സയെങ്കില്‍ അല്ലാഹു നിര്‍ദേശിച്ചത് `ശിര്‍ക്കന്‍ ചികിത്സ'യാണെന്ന് പറയേണ്ടിവരില്ലേ?
ജിന്ന്-ശൈത്വാന് ബാധകൊണ്ട് മനോരോഗമാണുണ്ടാവുക എന്നാണ് പലരും പറയാറുള്ളത്. ആ വകയില്‍ ചര്മരോഗമുണ്ടാകുമെന്ന് ബാധയുടെ വക്താക്കളാരും പറഞ്ഞു കേട്ടിട്ടില്ല. മനോരോഗങ്ങളുടെ കൂട്ടത്തില്‍ തന്നെ ഏതൊക്കെ തരമാണ് ബാധകൊണ്ടുണ്ടാവുക എന്ന് ആരും വേര്‍തിരിച്ചു വിവരിച്ചുകണ്ടിട്ടില്ല. മിക്ക മനോരോഗങ്ങളും മരുന്നുകൊണ്ട് നിയന്ത്രിച്ചില്ലെങ്കില്‍ രോഗികള്‍ ഒന്നുകില്‍ ഉന്മാദം മൂര്‍ച്ഛിച്ച് അക്രമങ്ങള്‍ ചെയ്യും. അല്ലെങ്കില്‍ വിഷാദം മൂര്‍ച്ഛിച്ച് ആത്മഹത്യ ചെയ്യും. ആ വക അപകടങ്ങള്‍ ഒഴിവാക്കണമെങ്കില്‍ `റുഖ്യ ശറഇയ്യ' എന്ന് പറയുന്ന മന്ത്രം ചെയ്യുന്നവര്‍ അതോടൊപ്പം മനോരോഗ ചികിത്സയും ചെയ്യേണ്ടിവരും. അപ്പോള്‍ ശമനമുണ്ടായത് മരുന്നുകൊണ്ടാണോ കൗണ്‍സലിംഗ് കൊണ്ടാണോ മന്ത്രം കൊണ്ടാണോ എന്ന് ആര്‍ക്കും ഉറപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണുണ്ടാവുക.
നബി(സ) പല രോഗങ്ങളെയും സംബന്ധിച്ച് പരാമര്‍ശിച്ചതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. എന്നാല്‍ ഏതെങ്കിലുമൊരു രോഗം ജിന്ന് പിശാചുക്കള്‍ ഉണ്ടാക്കുന്നതാണെന്ന്, അഥവാ ആ രോഗം മന്ത്രംകൊണ്ടാണ് ചികിത്സിക്കേണ്ടതെന്ന് നബി(സ) പറഞ്ഞതായി പ്രാമാണികമായ ഹദീസിലൊന്നും വ്യക്തമാക്കിയിട്ടില്ല. ``അല്ലാഹു ഇറക്കിയ ഏതൊരു രോഗത്തിനും അവന് ശമനമാര്‍ഗം (ഔഷധം) ഇറക്കാതിരുന്നിട്ടില്ല'' എന്ന് നബി(സ) പ്രസ്താവിച്ചതായി അബൂഹുറയ്റ(റ)യില്‍ നിന്ന് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്: ``തീര്‍ച്ചയായും അല്ലാഹു ഓരോ രോഗത്തിനും മരുന്ന് നിശ്ചയിച്ചിട്ടുണ്ട്.
അതിനാല്‍ നിങ്ങള്‍ ചികിത്സിക്കണം. എന്നാല്‍ നിഷിദ്ധമായ വസ്തു കൊണ്ട് നിങ്ങള്‍ ചികിത്സിക്കരുത്'' എന്ന് നബി(സ) പറഞ്ഞതായാണ് അബുദ്ദര്‍ദാഇല്‍ നിന്ന് അബൂദാവൂദ് ഉദ്ധരിച്ചിട്ടുള്ളത്.
ഒരു ഗോത്രത്തലവന് പാമ്പ് കടിയേറ്റിട്ട് അബൂസഈദില്‍ ഖുദ്രി(റ) ഫാതിഹ ഓതി മന്ത്രിച്ച വിവരം അറിഞ്ഞപ്പോള്‍ `ഇതൊരു മന്ത്രമാണെന്ന് നീ എങ്ങനെയാണ് അറിഞ്ഞത്?' എന്ന് നബി(സ) അദ്ദേഹത്തോട് ചോദിച്ചുവെന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്ത സംഭവത്തെയാണ് ചിലര്‍ റുഖ്യ ശറഇയക്ക് തെളിവായി ഉദ്ധരിക്കുന്നത്. ഈ ഹദീസില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്, പിശാച് ബാധയെന്ന് ജനങ്ങള്‍ കരുതുന്ന ഭ്രാന്ത്, അപസ്മാരം എന്നീ രോഗങ്ങള്ക്കല്ല, പാമ്പിന് വിഷബാധയ്ക്കാണ് അബൂസഈദ് ഫാതിഹ ഓതി മന്ത്രിച്ചത്. രണ്ട്, ഫാതിഹയെ ഒരു മന്ത്രമാക്കാന്‍ നബി(സ) അനുചരന്മാരെ ഉപദേശിച്ചിരുന്നില്ല. അല്ലാഹുവിന്റെ വചനങ്ങള്‍ മുഖേന രോഗശമനം കിട്ടുമെന്ന് പ്രതീക്ഷിച്ച് അബൂസഈദ്(റ) ഫാതിഹ ഓതി മന്ത്രിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്തുകൊണ്ട് പ്രാര്‍ഥിച്ചാല്‍ ശമനം ലഭിക്കുന്നത് ജിന്ന് ബാധയെന്ന് പറയപ്പെടുന്ന രോഗങ്ങള്‍ക്ക് മാത്രമായിരിക്കില്ല.
`റുഖ്യ ശര്ഇയ്യ' എന്ന വാക്ക് ഖുര്‍ആനിലോ ഹദീസിലോ പറഞ്ഞിട്ടുള്ളതല്ല. അറേബ്യയില്‍ നിലവിലുണ്ടായിരുന്ന മന്ത്രങ്ങളെല്ലാം നബി(സ) നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ആണ് ചെയ്തത്. ശകുനം നോക്കുകയോ മന്ത്രിപ്പിക്കുകയോ `ചൂടുവെക്കുക'യോ ചെയ്യാതെ രക്ഷിതാവിന്റെ മേല്‍ ഭരമേല്പിക്കുന്നവരായിരിക്കും വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതെന്ന്
നബി(സ) പറഞ്ഞതായി ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. പ്രാമാണികമായ ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നതനുസരിച്ച്, ഖുര്‍ആനിലെ സൂറത്തുകളോ ആയത്തുകളോ ഓതിക്കൊണ്ട് രോഗിയുടെ ശരീരത്തില്‍ ഊതി ശമനത്തിന് പ്രാര്‍ഥിക്കുന്നതും, `അദ്ഹിബില്‍ ബഅ്സ റബ്ബന്നാസി' എന്ന് തുടങ്ങുന്ന പ്രാര്‍ഥനയുമാണ് അനഭിലഷണീയമായ മന്ത്രങ്ങളില്‍ നിന്ന് നബി(സ) ഒഴിവാക്കിയിട്ടുള്ളത്. നബി(സ) അനുവദിച്ചിട്ടുള്ള ഈ മന്ത്രം അഥവാ പ്രാര്‍ഥനയാണ് `റുഖ്യ: ശര്ഇയ്യ' എന്ന പേരില്‍ അറിയപ്പെടുന്നത്.
അല്ലാഹുവിന്റെ വചനങ്ങളോ അവനോടുള്ള പ്രാര്‍ഥനയോ മുഖേന ശമനം തേടുന്നത് ശിര്‍ക്കാണെന്ന് മുജാഹിദ് പണ്ഡിതന്മാര് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാല്‍ ഏതെങ്കിലും രോഗം ജിന്നുബാധ മൂലം ഉണ്ടാകുന്നതാണെന്ന് പറയാന്‍ ഖണ്ഡിതമായ തെളിവില്ല. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യങ്ങള്‍ പറഞ്ഞു നടക്കാതിരിക്കുന്നത് സത്യം മൂടിവെക്കലല്ല. ഉറപ്പായ അറിവില്ലാത്ത യാതൊന്നിന്റെയും പിന്നാലെ പോകരുതെന്ന് വിശുദ്ധ ഖുര്‍ആനില്‍ (17:36) വിലക്കിയിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചിട്ടുണ്ടെങ്കിലും രോഗശമനത്തിന് വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കുന്നത് തികച്ചും പ്രസക്തമാകുന്നു. ഏത് വിധത്തിലുള്ള രോഗശമനവും അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു.
Shabab 5
july 2013