Sunday, May 20, 2012


സിഖ്‌ മതവും ഇസ്‌ലാമും ദൈവബോധത്തിലെ സാമ്യതകള്‍

ആഇശ സ്റ്റസീ
സിഖ്‌ എന്ന പദത്തില്‍ നിന്നാണ്‌ സിഖിസത്തിന്റെ ഉത്ഭവം. പഠിതാവ്‌ എന്നോ ശിഷ്യന്‍ എന്നോ അര്‍ഥം വരുന്ന സംസ്‌കൃതപദമായ ശിഷ്യയില്‍ നിന്നാണ്‌ സിഖ്‌ എന്ന പദത്തിന്റെ പിറവി. ഏതാണ്ട്‌ ഇരുപത്തേഴ്‌ മില്യന്‍ അനുയായികളുള്ള ഈ മതത്തിന്‌ വലിപ്പത്തില്‍ ലോകത്ത്‌ അഞ്ചാം സ്ഥാനമുണ്ട്‌. ഇന്ത്യയിലെയും പാകിസ്‌താനിലെയും പഞ്ചാബ്‌ മേഖലയിലാണ്‌ ഭൂരിഭാഗം സിഖുകാരും വസിക്കുന്നത്‌. ലോകത്തിന്റെ പല ഭാഗത്തും സിഖുകാര്‍ വസിക്കുന്നുണ്ട്‌. ബ്രിട്ടനില്‍ മാത്രം 3,36,000ലധികം സിഖുകാരുണ്ട്‌.
15-ാം നൂറ്റാണ്ടില്‍ ഗുരുനാനാക്ക്‌ ആണ്‌ സിഖുമതം സ്ഥാപിച്ചത്‌. ഗുരുനാനാക്കിന്റെയും അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ഒമ്പത്‌ ഗുരുക്കന്മാരുടെയും അധ്യാപനങ്ങളാണ്‌ സിഖുമതത്തിന്റെ അടിസ്ഥാനം.
ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ ഇന്നത്തേതുപോലെ സംഘര്‍ഷം നിലവിലില്ലാത്ത കാലഘട്ടത്തില്‍ ഒരു ഹിന്ദു കുടുംബത്തിലാണ്‌ ഗുരുനാനാക്ക്‌ ജനിച്ചത്‌. ``അവിടെ ഹിന്ദുവില്ല മുസ്‌ലിമില്ല, അതുകൊണ്ട്‌ ആരുടെ പാതയാണ്‌ ഞാന്‍ പിന്തുടരേണ്ടത്‌? ഞാന്‍ ദൈവത്തിന്റെ പാത പിന്തുടരും'' എന്നഭിപ്രായപ്പെട്ടു കൊണ്ടാണ്‌ അദ്ദേഹം സിഖ്‌ മതം രൂപീകരിച്ചത്‌. ഗുരുനാനാക്കും അനുയായികളും ഹിന്ദുമതത്തിലെ ജാതീയതയെ എതിര്‍ക്കുകയും ജാതിചിന്തയില്‍ നിന്ന്‌ ജനങ്ങളെ മോചിപ്പിക്കാന്‍ ആവുന്നത്ര പരിശ്രമിക്കുകയും ചെയ്‌തു. അക്കാലത്ത്‌ സര്‍നെയിമില്‍ നിന്നാണ്‌ ജാതി തിരിച്ചറിഞ്ഞിരുന്നത്‌ എന്നതിനാല്‍ പുരുഷന്മാരായ എല്ലാ സിഖുകാരും സിംഹം എന്നര്‍ഥമുള്ള സിംഗ്‌ എന്ന പേരും സ്‌ത്രീകളായ എല്ലാ സിഖുകാരും രാജകുമാരി എന്നര്‍ഥമുള്ള സൗര്‍ എന്ന പേരും പേരിനോടു ചേര്‍ത്ത്‌ ഉപയോഗിക്കാനാരംഭിച്ചു.

ബോധോദയമുണ്ടായ ഒമ്പതു പുരുഷന്മാര്‍ ഗുരുനാനാക്കിനെ പിന്തുടര്‍ന്നു. ഗുരുനാനാക്കും ഈ ഒമ്പതു പേരുമാണ്‌ സിക്കുമതത്തിലെ പത്തു ഗുരുക്കന്മാര്‍ എന്നറിയപ്പെടുന്നത്‌. സംസ്‌കൃതഭാഷയില്‍ ഗുരു എന്ന പദത്തിന്‌ അധ്യാപകന്‍, ആദരണീയനായ വ്യക്തി, മതനിഷ്‌ഠയുള്ള വ്യക്തി, സന്യാസി എന്നൊക്കെയാണ്‌ അര്‍ഥങ്ങള്‍. ബോധോദയമുണ്ടായ പത്തു പേരുടെ പരമ്പരയിലൂടെ ദൈവിക മാര്‍ഗം മനുഷ്യരിലേക്കെത്തിയതിനെയാണ്‌ സിഖുമതത്തില്‍ ഗുരു എന്ന പദം അര്‍ഥമാക്കുന്നത്‌. 1469ല്‍ ഗുരുനാനാക്ക്‌ ആണ്‌ സിക്കുമതം സ്ഥാപിക്കാനാരംഭിച്ചത്‌. ദൈവികമായ ആത്മാവ്‌ പത്തു ഗുരുക്കന്മാരിലൂടെയും കടന്നുപോയി എന്നാണ്‌ സിഖുമതവിശ്വാസം.
ഗുരു ഗോവിന്ദ്‌ സിംഗ്‌ 1708-ല്‍ മരണപ്പെട്ടതിനു ശേഷം സിഖ്‌ മതത്തിന്റെ ഗ്രന്ഥം ഗുരുഗ്രന്ഥസാഹിബ്‌ എന്ന പേരില്‍ അറിയപ്പെട്ടു. അഞ്ചാമത്തെ സിഖ്‌ ഗുരുവായ ഗുരു അര്‍ജുന്‍ ദേവ്‌ജിയാണ്‌ ഈ ഗ്രന്ഥം സമാഹരിച്ചത്‌. ഗുരുനാനാക്കിന്റെയും മുന്‍ഗാമികളുടെയും സ്‌തോത്രങ്ങളും രചനകളും സൂക്ഷ്‌മ പരിശോധന നടത്തി സമാഹരിക്കുക എന്ന ഭാരിച്ച ജോലി അദ്ദേഹമാണ്‌ നിര്‍വഹിച്ചത്‌. സിഖുമതത്തിലെ ഗുരുക്കന്മാരുടേതു കൂടാതെ വിശുദ്ധരായ മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും മന്ത്രോച്ചാരണങ്ങളും അര്‍ജന്‍ ദേവ്‌ജി ഗുരുഗ്രന്ഥസാഹിബില്‍ ഉള്‍പ്പെടുത്തി. ദൈവത്തിങ്കല്‍ നന്നിറങ്ങിയ ഗ്രന്ഥമായി ഗുരുഗ്രന്ഥസാഹിബിനെ സിഖുകാര്‍ പരിഗണിക്കുന്നുണ്ടോ എന്നറിയില്ല. ഏതായിരുന്നാലും മൂന്നു രൂപത്തിലാണ്‌ ഇതിലെ അധ്യാപനങ്ങള്‍ പ്രയോഗവല്‍കരിക്കാറ്‌.
1) ദൈവനാമ പ്രകീര്‍ത്തനത്തിലൂടെ എപ്പോഴും ദൈവത്തെ ഓര്‍ത്തുകൊണ്ട്‌. 2) സത്യസന്ധമായ ഉപജീവന മാര്‍ഗത്തിലൂടെ. 3) തന്റെ സാധനങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ടും ആവശ്യക്കാരെ സഹായിച്ചുകൊണ്ടും. ഏറ്റവും ലളിതമായ രൂപത്തില്‍ വിശദീകരിക്കുകയാണെങ്കില്‍ സിഖുമതത്തിന്റെ അധ്യാപനങ്ങള്‍ ഇവയാണ്‌:
1). ഒരു ദൈവം മാത്രമേ ഉള്ളൂ. ആ ഏകദൈവത്തോടു മാത്രം പ്രാര്‍ഥിക്കുക, അവനെ മാത്രം ആരാധിക്കുക. ആരാധനയും പ്രാര്‍ഥനയും മറ്റാരോടുമാകാതിരിക്കുക.
2). ദൈവത്തെ ഓര്‍ക്കുക, കഠിനാധ്വാം ചെയ്യുക, മറ്റുള്ളവരെ സഹായിക്കുക.
3). വിശ്വസ്‌തതയോടെ ചെയ്യുന്ന ജോലിയും സത്യസന്ധമായ ജീവിതവും ദൈവം ഇഷ്‌ടപ്പെടുന്നു.
4). ദൈവത്തിനു മുന്നില്‍ സമ്പന്നനോ ദരിദ്രനോ വെളുത്തവനോ കറുത്തവനോ ഇല്ല. പ്രവൃത്തികള്‍ നിങ്ങളെ നല്ലവനോ മോശപ്പെട്ടവനോ ആക്കുന്നു.
5). ദൈവത്തിനു പുരുഷന്മാരും സ്‌ത്രീകളും സമമാണ്‌.
6). എല്ലാവരെയും സ്‌നേഹിക്കുക, എല്ലാവരുടെയും നന്മക്കായി പ്രാര്‍ഥിക്കുക.
7). മനുഷ്യരോടും മൃഗങ്ങളോടും പക്ഷികളോടും കാരുണ്യം കാണിക്കുക.
8). ഭയപ്പെടാതിരിക്കുക, ഭയപ്പെടുത്താതിരിക്കുക.
9). എപ്പോഴും സത്യം പറയുക.
10). ഭക്ഷണവും വസ്‌ത്രവും ശീലങ്ങളും ലളിതമാക്കുക.
മറ്റു മിക്ക മതങ്ങളില്‍ നിന്നും വ്യത്യസ്‌തമായി സിഖുകാര്‍ക്ക്‌ അഞ്ച്‌ വിശ്വാസപ്രമാണങ്ങളുണ്ട്‌. ഇവ അഞ്ചു `കെ'കള്‍ എന്നാണ്‌ അറിയപ്പെയുന്നത്‌. 1). കേശ്‌ (Kesh)- ദൈവം നല്‍കിയിട്ടുള്ള മുടി മുറിക്കാതെ വളരെ വൃത്തിയായി സൂക്ഷിക്കുന്നു. 2) കംഗ (Kangha) -മുടി വൃത്തിയായി സൂക്ഷിക്കാനായി ഉപയോഗിക്കുന്ന മരം കൊണ്ടുള്ള ചെറിയ ചീപ്പ്‌ ആണിത്‌. അച്ചടക്കത്തോടെയുള്ള ജീവിതം നയിക്കണമെന്ന്‌ ഇത്‌ ഓര്‍മിപ്പിക്കുന്നു. 3) കൃപാണ്‍ (Kripan) -15 സെ.മീ നീളമുള്ള ചെറിയ വാളാണിത്‌. ആദരവിനെയും മാന്യതയെയും ധീരതയെയും ദുര്‍ബലന്റെയും പീഡിതന്റെയും പക്ഷത്ത്‌ നിന്നുകൊണ്ട്‌ സത്യത്തെ ഉയര്‍ത്തിപ്പിടിക്കാനുള്ള സിഖുകാരന്റെ ഉത്തരവാദിത്വത്തെയും ഈ വാള്‍ സൂചിപ്പിക്കുന്നു. കോപിഷ്‌ഠനായിരിക്കെ ഈ വാള്‍ ഒരിക്കലും ഊരരുത്‌. എന്നാല്‍ ഈ വാളൂരിയാല്‍ രക്തം വീഴ്‌ത്താതെ വീണ്ടും ഉറയിലിടരുത്‌. 4) കാര (Kara) -വലതു കൈത്തണ്ടയിലിടുന്ന സ്റ്റീലുകൊണ്ടുള്ള വളയാണിത്‌. ദൈവത്തിന്റെയും ഐക്യത്തിന്റെയും അടയാളമാണ്‌ ഈ വളയുടെ വൃത്താകൃതി. അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തെയും ശക്തിയെയുമാണ്‌ സ്റ്റീല്‍ പ്രതിനിധീകരിക്കുന്നത്‌. 5) കാച്ച്‌സ്‌ (Kachs) -യുദ്ധത്തില്‍ സഞ്ചാരത്തിന്‌ ആയാസം നല്‌കാത്ത, പാന്റ്‌സിനടിയില്‍ ധരിക്കുന്ന, വലിക്കുന്ന ചരടുകൊണ്ട്‌ കെട്ടാവുന്ന വസ്‌ത്രമാണിത്‌. ശുദ്ധിയുടെയും മാന്യതയുടെയും അടയാളമാണിത്‌. ജീവിതപങ്കാളികളോടുള്ള വിശ്വസ്‌തത നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഇത്‌ ഓര്‍മിപ്പിക്കുന്നു.
സിഖുകാരായ പുരുഷന്മാര്‍ ധരിക്കുന്ന തലപ്പാവ്‌/തലക്കെട്ട്‌ ആണ്‌ സിഖുമതത്തിന്റെ പൊതുവെ പരിചിതമായ അടയാളം. അച്ചടക്കം, സ്വഭാവദാര്‍ഢ്യം, വിനയം, ആത്മീയബോധം എന്നിവയെ ഈ തലപ്പാവ്‌ സൂചിപ്പിക്കുന്നു. ഇതൊരു സാമൂഹ്യാചാരമായല്ല, സിഖുമതവിശ്വാസത്തിന്റെ നിര്‍ബന്ധഭാഗമായാണ്‌ കരുതപ്പെടുന്നത്‌. ഏതാണ്ട്‌ പതിനഞ്ച്‌ അടി നീളമുള്ള തുണികൊണ്ട്‌, മുറിക്കാത്ത നീളമുള്ള മുടിയെ മറയ്‌ക്കുന്നു. ദൈവത്തോടും ഗുരുക്കന്മാരോടും ആദരവിന്റെ അടയാളമായി സിഖുകാരായ സ്‌ത്രീകളും പുരുഷന്മാരും പൊതു സ്ഥലങ്ങളില്‍ അവരുടെ തല മറയ്‌ക്കുന്നു.
സിഖുകാരുടെ ആരാധനാസ്ഥലം ഗുരുദ്വാര എന്നറിയപ്പെടുന്നു. ഗുരുദ്വാര എന്നാല്‍ `ഗുരുവിന്റെ വാതില്‍' എന്നാണര്‍ഥം. സാധാരണയായി സിഖുകാരുടെ കമ്യൂണിറ്റി സെന്റര്‍ കൂടിയാണ്‌ ഗുരുദ്വാരകള്‍. ഒരു പ്രാര്‍ഥനാ ഹാളും പ്രാര്‍ഥനാ സമയത്തല്ലാത്തപ്പോള്‍ ഗുരുഗ്രന്ഥസാഹിബ്‌ സൂക്ഷിക്കാനുപയോഗിക്കുന്ന ഒരു ഹാളും ഉള്‍പ്പെടുന്നതാണ്‌ ഗുരുദ്വാരകള്‍. സിഖുകാര്‍ക്ക്‌ പ്രത്യേക പ്രാര്‍ഥനാ ദിനങ്ങളില്ല. എങ്കിലും പ്രധാന പ്രാര്‍ഥനാലയങ്ങളില്‍ ദിവസവും പ്രാര്‍ഥനയുണ്ടാകും. ചില ഗുരുദ്വാരകളില്‍ ഒരു ദിവസം പലതവണ പ്രാര്‍ഥനകള്‍ നടക്കും. അതിഥികളെ സ്വാഗതം ചെയ്യുന്നതിന്റെ അടയാളമായി ഗുരുദ്വാരക്കു പുറത്ത്‌ കാവിയും നീലയും നിറമുള്ള പതാക പറക്കുന്നുണ്ടാകും. മയക്കുമരുന്നോ മദ്യമോ പുകവലിക്കാനുപയോഗിക്കുന്ന വസ്‌തുക്കളോ ഗുരുദ്വാരയിലേക്ക്‌ കൊണ്ടുവരാന്‍ ആരെയും അനുവദിക്കില്ല. അകത്തേക്കു പ്രവേശിക്കുന്നവര്‍ പാദരക്ഷകള്‍ പുറത്തൂരിയിടുകയും തല മറയ്‌ക്കുകയും ചെയ്യണം.
ഗുരുദ്വാരകള്‍ക്കകത്ത്‌ ഗുരുഗ്രന്ഥസാഹിബ്‌ പ്രദര്‍ശിപ്പിച്ചിരിക്കും. ആരാധകര്‍ അതിനു മുന്നില്‍ വന്ന്‌ സാഷ്‌ടാംഗം ചെയ്യുകയും പണമോ ഭക്ഷണമോ വഴിപാടായി നല്‍കുകയും ചെയ്യും. മിക്കപ്പോഴും സ്‌ത്രീകളും പുരുഷന്മാരും വേറിട്ടായിരിക്കും ഇരിക്കുക. ഇതൊരു മതപരമായ നിബന്ധനയല്ല. ഗുരുദ്വാരയിലെ പ്രാര്‍ഥനയുടെ ഭാഗമായി പഞ്ചസാരയുടെയും നെയ്യിന്റെയും ഗോതമ്പുതരിയുടെയും മിശ്രിതം കാരപ്രസാദ്‌ എന്ന പേരില്‍ വിതരണം ചെയ്യാറുണ്ട്‌. പ്രാര്‍ഥനയുടെ അവസാനം കൃപാണ്‍ കൊണ്ട്‌ കുഴച്ചാണ്‌ ഈ മിശ്രിതത്തെ അനുഗ്രഹിക്കുന്നത്‌. ദിവസം മുഴുവന്‍ പ്രാര്‍ഥനകള്‍ നടക്കുന്ന വലിയ ഗുരുദ്വാരകളില്‍ ആരാധകര്‍ പ്രവേശിക്കുമ്പോഴോ പുറത്തേക്കു പോകുന്നതിനു തൊട്ടു മുമ്പോ കാര പ്രസാദ്‌ വിതരണം ചെയ്യപ്പെടുന്നു.
സിഖുമതത്തിന്റെ പ്രകൃതവും ദൈവസങ്കല്‌പവും
ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയെപ്പോലെ ഒരു ഇന്ത്യന്‍ മതമായാണ്‌ സിഖുമതവും അറിയപ്പെടുന്നത്‌. ഈ നാലു മതങ്ങളും അല്‌പം വ്യത്യാസത്തോടെ വ്യാഖ്യാനിക്കുന്ന ചില പ്രധാന ആശയങ്ങളുണ്ട്‌. കര്‍മത്തിലും പുനരവതരണത്തിലും ഈ നാലു മതങ്ങളും വിശ്വസിക്കുന്നു. ഹിന്ദുമതത്തില്‍ പലവട്ടം പല രൂപത്തില്‍ ആത്മാവ്‌ തിരികെയെത്തുന്ന ആദ്യത്തെ ഉറവിടവുമായി കൂടിച്ചേരുന്നതുവരെ. ബുദ്ധമതത്തില്‍ അനശ്വരമായ ആത്മാവില്ല, പുനര്‍ജന്മമാണുള്ളത്‌.
ഹിന്ദുമതത്തിലെ വിശ്വാസങ്ങളായ കര്‍മത്തിലും പുനര്‍ജന്മത്തിലും സിഖുമതവും വിശ്വസിക്കുന്നുവെങ്കിലും അച്ചടക്കമുള്ള ജീവിതം നയിച്ച്‌ പുനര്‍ജന്മം അവസാനിപ്പിക്കാമെന്ന്‌ സിഖുമതം പഠിപ്പിക്കുന്നു. ദൈവനാമം ആവര്‍ത്തിച്ച്‌ ഉരുവിട്ട്‌, ദൈവസ്‌മരണ നിലനിര്‍ത്തുന്നതിലൂടെ ദൈവാനുഗ്രഹത്താല്‍ ജനന-മരണ ചക്രത്തില്‍ നിന്ന്‌ ആര്‍ക്കും മോചിതനാവാമെന്നാണ്‌ സിഖുകാരുടെ വിശ്വാസം. ജനനത്തിനു കാരണം കര്‍മമാണെന്നും മോചനം ദൈവാനുഗ്രഹത്തിലാണെന്നുമാണ്‌ ഗുരുനാനാക്ക്‌ തന്റെ അനുയായികള്‍ക്ക്‌ വിശദീകരിച്ചുകൊടുത്തിട്ടുള്ളത്‌. അന്തിമ വിചാരണക്കു ശേഷമുള്ള സ്വര്‍ഗപ്രവേശമല്ല ദൈവത്തിലേക്കുള്ള കൂടിച്ചേരലിനെയാണ്‌ മോക്ഷം എന്നതുകൊണ്ട്‌ ഗുരുനാനാക്ക്‌ അര്‍ഥമാക്കിയത്‌.
സിഖുമതം ഏകദൈവത്വ സിദ്ധാന്തത്തിലധിഷ്‌ഠിതമായ മതമാണ്‌. അതുകൊണ്ടു തന്നെ ഹിന്ദുമതത്തോടും ബുദ്ധമതത്തോടുമുള്ളതിനേക്കാള്‍ സാമ്യം സിഖുമതത്തിന്‌ ഇസ്‌ലാമിനോടുണ്ട്‌. എങ്കിലും ദൈവസങ്കല്‌പത്തിലും അടിസ്ഥാന വിശ്വാസങ്ങളിലും ഇരു മതങ്ങളും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളുമുണ്ട്‌.
ദൈവത്തെ രാം, അല്ലാഹ്‌ എന്നീ പല നാമങ്ങളിലും സിഖുകാര്‍ വിളിക്കുന്നു. വിസ്‌മയകരമായ നാഥന്‍ (Wonderful Lord) എന്നര്‍ഥം വരുന്ന വഹേഗുരു എന്നാണ്‌ സാധാരണയായി അവര്‍ ദൈവത്തെ വിളിക്കുന്ന നാമം. ദൈവം അരൂപിയും അനാദിയും അദൃശ്യനും ആണെന്ന്‌ സിഖുകാര്‍ വിശ്വസിക്കുന്നു. എല്ലാത്തിനെയും സൃഷ്‌ടിക്കുന്നതിനു മുമ്പ്‌ ദൈവവും അവന്റെ ഇച്ഛകളും മാത്രമാണ്‌ ഉണ്ടായിരുന്നതെന്നും അവര്‍ വിശ്വസിക്കുന്നു. ദൈവത്തിന്റെ സാര്‍വത്രികത്വം സൂചിപ്പിക്കുന്നതിന്‌ അവര്‍ `1' എന്ന അക്കം ഉപയോഗിക്കുന്നു.
ദൈവം സര്‍വ വ്യാപിയാണെന്നും ആത്മീയമായി ഉണര്‍ന്നവര്‍ക്കെല്ലാം എല്ലായിടത്തും ദൈവത്തെ കാണാനാവുമെന്നുമാണ്‌ ഗുരുനാനാക്കിന്റെ അധ്യാപനം. ബോധോദയം ലഭിച്ച മനുഷ്യരുടെ ഹൃദയത്തില്‍ ദൈവത്തെ ദര്‍ശിക്കാനാവുമെന്നും അദ്ദേഹം പഠിപ്പിച്ചു.
സ്രഷ്‌ടാവായ ദൈവം എന്ന സങ്കല്‌പത്തിന്‌ ഇസ്‌ലാമുമായി സാമ്യമുണ്ട്‌. എന്നാല്‍ സൃഷ്‌ടിപ്പിന്റെ ഭാഗമായ ദൈവം എന്ന സങ്കല്‌പത്തോട്‌ ഇസ്‌ലാം വിയോജിക്കുന്നു.
``അവന്‍ എല്ലാം സൃഷ്‌ടിച്ചു, എല്ലാത്തിലും നിറഞ്ഞിരിക്കുന്നു. എങ്കിലും വേറിട്ടാണ്‌.''(ഗുരുഗ്രന്ഥസാഹിബ്‌)
``എല്ലാത്തിനെയും ദൈവം സൃഷ്‌ടിച്ചു.'' (ഖുര്‍ആന്‍ 39:62)
``മനസ്സിന്‌ ഒറ്റയ്‌ക്ക്‌ ഒരിക്കലും അവനെ അറിയാനാവില്ല.'' (ഗുരുഗ്രന്ഥസാഹിബ്‌)
``അവനെപ്പോലെ മറ്റാരുമില്ല.'' (ഖുര്‍ആന്‍ 42:11)
ദൈവം എല്ലാത്തിലും എല്ലായിടത്തും ഉണ്ടെന്നാണ്‌ സിഖുമതം പറയുന്നത്‌. ഹിന്ദുമത വിശ്വാസത്തോട്‌ സാമ്യമുള്ള ഈ വിശ്വാസത്തോട്‌ ഇസ്‌ലാം വിയോജിക്കുന്നു ഹിന്ദുമതത്തിലെ ദൈവ സങ്കല്‌പത്തോടും അര്‍ധ ദേവസങ്കല്‌പത്തോടും വിയോജിക്കുന്നുവെന്ന്‌ സിഖ്‌ മതവും അവകാശപ്പെടാറുണ്ട്‌. ദൈവം എല്ലായിടത്തും ഇല്ലെന്നും അവന്‍ ആകാശങ്ങള്‍ക്കു മേലെയാണെന്നും തന്റെ അറിവുകൊണ്ട്‌ സൃഷ്‌ടികളുടെ സമീപസ്ഥനാണെന്നും ആണ്‌ ഇസ്‌ലാം നിസ്സന്ദേഹം പ്രസ്‌താവിക്കുന്നത്‌.
എക്കാലത്തേക്കും എല്ലായിടത്തേക്കും എല്ലാവര്‍ക്കുമായി അവതീര്‍ണമായതാണ്‌ ഇസ്‌ലാം മതം. അവസാനം അവതീര്‍ണമായ ദൈവികഗ്രന്ഥം ഖുര്‍ആന്‍ ആണെന്നും മുഹമ്മദ്‌ നബി(സ) അന്ത്യപ്രവാചകനാണെന്നും ഖുര്‍ആന്‍ അവതീര്‍ണമായത്‌ നബി(സ)യ്‌ക്ക്‌ ആണെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഗുരുഗ്രന്ഥസാഹിബ്‌ ദൈവത്തില്‍ നിന്നും അവതീര്‍ണമായ ഗ്രന്ഥമാണെന്ന വിശ്വാസത്തോട്‌ ഇസ്‌ലാം വിയോജിക്കുന്നു. ഹിന്ദുമതത്തിലെയും ഇസ്‌ലാം മതത്തിലെയും ചില ആശയങ്ങള്‍ക്ക്‌ അവരുടേതായ വ്യാഖ്യാനം നല്‌കിക്കൊണ്ട്‌ സിഖുകാര്‍ സ്വന്തമായി രചിച്ചതാണ്‌ അവരുടെ ഗ്രന്ഥം. ഹിന്ദുമതത്തിലെയും ഇസ്‌ലാം മതത്തിലെയും ദൈവശാസ്‌ത്ര സങ്കല്‌പത്തെ ആകര്‍ഷകമായി സമന്വയിപ്പിച്ചുകൊണ്ടും ഇരു മതത്തിലെയും ചില അധ്യാപനങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടും സിഖുകാരുണ്ടാക്കിയതാണ്‌ അവരുടെ മതം.
ചില സമാനതകളുണ്ടായിരിക്കാമെങ്കിലും ഇസ്‌ലാം മതവും സിഖുമതവും തമ്മിലുള്ള വ്യത്യാസങ്ങള്‍ അവയുടെ പൊരുത്തക്കേടുകള്‍ വെളിപ്പെടുത്തുന്നു. ഇസ്‌ലാംമത നിയമങ്ങള്‍ പ്രകാരം അറുത്ത മൃഗത്തിന്റെ ഇറച്ചി സിഖുകള്‍ ഭക്ഷിക്കാറില്ല. ഇസ്‌ലാം കാര്യങ്ങളില്‍ പെട്ട മക്കയിലേക്കുള്ള തീര്‍ഥാടനത്തില്‍ സിഖുകാര്‍ക്ക്‌ വിശ്വാസമില്ല. മുസ്‌ലിംകള്‍ മരിച്ചവരെ മറവ്‌ ചെയ്യുന്നു. സിഖുകാരാവട്ടെ കത്തിക്കുന്നു. മാലാഖമാരും പിശാചുക്കളും ഉണ്ടെന്ന യാഥാര്‍ഥ്യത്തെ സിഖുമതം നിഷേധിക്കുന്നു. ഇസ്‌ലാമിക വിശ്വാസപ്രകാരം ഇവ യാഥാര്‍ഥ്യമാണ്‌. ദൈവികമായ പ്രതിഫലത്തിന്റെയും ശിക്ഷയുടെയും സങ്കല്‌പങ്ങള്‍ അഥവാ സ്വര്‍ഗ-നരക സങ്കല്‌പങ്ങള്‍ സിഖുമതത്തിലില്ല. ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും പോലെ ഒരാളുടെ കര്‍മമാണ്‌ അയാള്‍ അന്തിമമായി ദൈവത്തിലെത്തിച്ചേരുമോ ഇല്ലയോ എന്ന്‌ തീരുമാനിക്കുന്നതെന്ന്‌ സിഖുകാരും വിശ്വസിക്കുന്നു. എങ്കിലും ദൈവത്തിന്റെ അവതാരങ്ങളിലുള്ള ഹിന്ദുമതക്കാരുടെ വിശ്വാസത്തെ സിഖുകാര്‍ നിഷേധിക്കുന്നു. പകരം ദൈവം ഏകനാണെന്നും ഗുരുക്കന്മാരിലൂടെ ദൈവേച്ഛകള്‍ ലോകത്തെ അറിയിക്കുകയാണെന്നുമാണ്‌ അവരുടെ വിശ്വാസം.
സമ്പൂര്‍ണമായ ഒരു പുതിയ മതം ഉണ്ടാക്കുകയായിരുന്നില്ല, മത നവീകരണം നടത്തുകയായിരുന്നു ഗുരുനാനാക്ക്‌ ചെയ്‌തത്‌. ``ഇസ്‌ലാം മതത്തിലെയും ഹിന്ദു മതത്തിലെയും ചില വിശ്വാസങ്ങള്‍ സ്വീകരിക്കുകയും പല വിശ്വാസങ്ങളും നിരാകരിക്കുകയും ചെയ്‌തുകൊണ്ടാണ്‌ സിഖുമതം പിറവിയെടുത്തത്‌. ഇസ്‌ലാമിനോട്‌ ചില സാമ്യങ്ങളുള്ളതും തീര്‍ത്തും വ്യതിരിക്തമായതുമായ, ജാതി-സ്‌ത്രീ-പുരുഷ ഭേദെമന്യേ എല്ലാവര്‍ക്കും പ്രാപ്യമായതുമായ ജ്ഞാനത്തിന്റെയും വെളിച്ചത്തിന്റെയും ഒരു വഴി കാണിച്ചുകൊടുക്കുക എന്നതായിരുന്നു ലക്ഷ്യം.''
Source:-
Shabab 2012 May 18 Book 35

No comments:

Post a Comment