Saturday, September 15, 2012

ജിന്നുകള്‍ നാടുവാഴുമ്പോള്‍ 

ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷം മുസ്‌ലിംലോകത്ത്‌ പല തരത്തിലുള്ള വഴിത്തിരിവുകളുണ്ടായി. വിവിധ തരത്തിലുള്ള ചിന്താ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. രാഷ്‌ട്രീയമായ ചേരിതിരിവുകളും പക്ഷപാതിത്വങ്ങളും ഇവയെ സ്വാധീനിച്ചു. ഹിജ്‌റ മൂന്നും നാലും നൂറ്റാണ്ടുകള്‍ക്കിടയില്‍ നടന്ന ഒരു വലിയ സംവാദമായിരുന്നു വിശുദ്ധ ഖുര്‍ആന്‍ സൃഷ്‌ടിയാണോ അല്ലേ എന്നത്‌.
വൈജ്ഞാനികവും അക്കാദമികവുമായ ഒരു ചര്‍ച്ച എന്നതിലുപരി സമൂഹവുമായി നേരിട്ട്‌ ബന്ധമുള്ളതോ ഇസ്‌ലാമിക വിശ്വാസ-അനുഷ്‌ഠാന-സംസ്‌കാര രംഗത്ത്‌ കാര്യമായ സ്വാധീനം ചെലുത്തുന്നതോ അല്ല ഈ വിവാദം. പക്ഷേ, അബ്ബാസിയാ ഭരണാധികാരികളില്‍ ചിലരുടെ പക്ഷപാതിത്വവും പണ്ഡിതന്മാരില്‍ ചിലരുടെ കൊള്ളരുതായ്‌മകളും നിമിത്തം വലിയ പ്രശ്‌നമായി മാറി. സമുദായത്തിന്റെ ഊര്‍ജം വലിയൊരളവോളം ഇതിനു വിനിയോഗിക്കപ്പെട്ടു. പരസ്‌പരം അവിശ്വാസാരോപണങ്ങള്‍ പോലും നടക്കുകയുണ്ടായി. ഹിജ്‌റ 241ല്‍ മരണമടഞ്ഞ ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍ ഈ വിവാദത്തിന്റെ രക്തസാക്ഷിയാണെന്നു പറയാം. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ -ഉത്തമ നൂറ്റാണ്ടില്‍ - അതൊരു ചര്‍ച്ചയേ ആയിരുന്നില്ല. നാലാം നൂറ്റാണ്ടിനു ശേഷവും അത്‌ വിവാദവിധേയമായില്ല.
ഏതാണ്ട്‌ ഇതുപോലെയാണ്‌ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഈ അടുത്ത കാലത്ത്‌ കയറിവന്ന ജിന്ന്‌ വിവാദം. സമുദായത്തിന്റെ ധൈഷണികോര്‍ജവും വിലപ്പെട്ട സമയവും അനാവശ്യമായ വിവാദങ്ങളില്‍ ഉടക്കി നഷ്‌ടപ്പെടുത്തപ്പെടുന്ന കാഴ്‌ച നാമേറെ കണ്ടു. ഒരു യാഥാര്‍ഥ്യത്തെ പറ്റിയുള്ള വികല ധാരണകളാല്‍ സമുദായം അജ്ഞതയിലും അന്ധവിശ്വാസത്തിലും കുരുങ്ങിപ്പോയ ഒരു സംഗതിയാണ്‌ ജിന്ന്‌ വിവാദം. മനുഷ്യനേത്രങ്ങള്‍ക്ക്‌ ഗോചരമല്ലാത്ത, ധിഷണയ്‌ക്ക്‌ പ്രാപ്യമല്ലാത്ത, ഗവേഷണത്തിന്‌ പഴുതില്ലാത്ത, അദൃശ്യജീവിയായ `ജിന്നി'നെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതിലപ്പുറം ഒന്നും പറയേണ്ട ആവശ്യമില്ല. പ്രവാചകനോ സ്വഹാബിമാരോ വ്യക്തമാക്കിത്തരാത്ത ഒരു കാര്യത്തില്‍ ചില അല്‍പജ്ഞന്മാര്‍ നടത്തിയ ഗവേഷണവും അവരുടെ സ്ഥാപിത താല്‌പര്യങ്ങളുമാണ്‌ ഈ വിഷയം സങ്കീര്‍ണമാക്കിയത്‌.
ജിന്ന്‌... എന്താണത്‌? മലക്ക്‌, മനുഷ്യന്‍, ജന്തുക്കള്‍ മുതലായ വര്‍ഗങ്ങളെപ്പോലെ അല്ലാഹു സൃഷ്‌ടിച്ച ഒരു ജീവിവംശം. മനുഷ്യരെപ്പോലെയും ജന്തുക്കളെപ്പോലെയുമുള്ള സൃഷ്‌ടികളല്ല. മാലാഖമാരെപ്പോലെ, നമ്മുടെ ദൃഷ്‌ടിക്ക്‌ ഗോചരമല്ലാത്ത സൃഷ്‌ടികള്‍. മലക്കുകളെക്കുറിച്ചെന്ന പോലെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറം നമുക്ക്‌ ഒന്നുമറിയാത്ത ഒരു ലോകമാണ്‌ ജിന്നുകളുടേത്‌. ഖുര്‍ആനും നബിചര്യയും പറഞ്ഞതിന്റെ രത്‌നച്ചുരുക്കമിതാണ്‌. മലക്ക്‌ പ്രകാശത്തില്‍ നിന്നും ജിന്ന്‌ തീജ്വാലയില്‍ നിന്നും മനുഷ്യന്‍ കളിമണ്ണില്‍ നിന്നും സൃഷ്‌ടിക്കപ്പെട്ടു. ജിന്നുകള്‍ക്ക്‌ മനുഷ്യരെപ്പോലെ നിയമങ്ങള്‍ ബാധകം. രക്ഷയ്‌ക്കും ശിക്ഷയ്‌ക്കും വിധേയം. വേദഗ്രന്ഥവും പ്രവാചകനും അവര്‍ക്കും ബാധകം. ഇബ്‌ലീസ്‌ ജിന്നുവര്‍ഗത്തില്‍ പെട്ടവനാണ്‌. അതിന്റെ സത്തയോ ഗുണവിശേഷണങ്ങളോ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറം നമുക്കറിയില്ല. പദാര്‍ഥലോകത്തെ ജീവികളല്ലാത്തതിനാല്‍ ശാസ്‌ത്രത്തിനും ഗവേഷണത്തിനും `ജിന്ന്‌' വിഷയമാകുന്നില്ല. സ്വഹാബിമാര്‍ ആരും തന്നെ ഈ വിഷയത്തില്‍ ഏറെ സംശയങ്ങള്‍ ഉന്നയിച്ചിട്ടില്ല. പ്രവാചകന്‍ വിശദീകരിച്ചുമില്ല. ആയതിനാല്‍ അതിനപ്പുറം നമ്മളും ചര്‍ച്ച ചെയ്യേണ്ടതില്ല എന്നതാണ്‌ സച്ചരിതരായ മുന്‍ഗാമികളുടെ (സലഫ്‌) നിലപാട്‌.
`സലഫ്‌'ന്റെ ഈ നിലപാട്‌ ജനങ്ങളെ പഠിപ്പിച്ചവരാണ്‌ മുജാഹിദുകള്‍ അഥവാ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം. ഇത്‌ പഠിപ്പിക്കേണ്ടി വന്ന ഒരു പശ്ചാത്തലമുണ്ട്‌. പ്രമാണങ്ങളെപ്പറ്റിയുള്ള അജ്ഞതയില്‍ ഇതര സമൂഹങ്ങളില്‍ നിന്ന്‌ വിശ്വാസവും ആചാരങ്ങളും കടന്നുകൂടി ഒരുതരം സാംസ്‌കാരിക കുഴമറിയില്‍ നടന്ന മുസ്‌ലിം സമൂഹം നിരവധി അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു. കാളി, കൂളി, കുട്ടിച്ചാത്തന്‍, ഭൂതപ്രേത യക്ഷികള്‍ തുടങ്ങി നിരവധി അഭൗമ സാങ്കല്‌പിക സൃഷ്‌ടികളെ ഭയപ്പെട്ടും ആ ഭയാശങ്കകള്‍ നീക്കാനായി മന്ത്രതന്ത്ര ഏലസും ചരടും തേടി സിദ്ധ കോമരങ്ങളുടെയും ജ്യോത്സ്യ പുരോഹിതന്മാരുടെയും അടുക്കല്‍ ഭജനമിരിക്കുകയും ചെയ്‌തിരുന്നു. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ കേരള മുസ്‌ലിംകളും ഈ വിശ്വാസങ്ങളെല്ലാം വച്ചുപുലര്‍ത്തിയിരുന്നു. അവയുടെ മുസ്‌ലിംപതിപ്പുകളായിരുന്നു ജിന്നും ചൈത്താനും. ജിന്ന്‌ കൂടലും ചെകുത്താന്‍ ബാധയും അടിച്ചിറക്കലും ഒഴിപ്പിക്കലും നിര്‍ബാധം സമൂഹത്തില്‍ നടമാടി. വിഭാഗീയതയോ വര്‍ഗീയതയോ ഇല്ലാതെ (!) ഭവനങ്ങളില്‍ ഹോമകുണ്ഡങ്ങള്‍ എരിഞ്ഞു. തങ്ങളും ബീവിയും സിദ്ധനും കോമരവും തെയ്യവും തിറയും ജാറവും എല്ലാം സജീവമായി നിലനിന്നിരുന്ന കാലം.
ഈ വിശ്വാസ സാംസ്‌കാരികാധപ്പതനത്തില്‍ നിന്ന്‌ പ്രമാണബദ്ധമായി മുസ്‌ലിംസമൂഹത്തെ രക്ഷിച്ചെടുത്ത്‌ വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും പാതയിലേക്ക്‌ വഴിനടത്താന്‍ വേണ്ടിവന്ന യഥാര്‍ഥ ജിഹാദായിരുന്നു ഇസ്‌ലാഹീ പ്രവര്‍ത്തനം അഥവാ നവോത്ഥാനം. മലക്ക്‌, ജിന്ന്‌, ശൈത്വാന്‍ ഇവ എന്താണെന്നും വിശുദ്ധഖുര്‍ആന്‍ ഇവയെപ്പറ്റി പറഞ്ഞതെന്താണെന്നും അവയുമായി മനുഷ്യന്‍ ഏതു തരത്തില്‍ ബന്ധപ്പെടുന്നു എന്നും പ്രമാണങ്ങളില്‍ നിന്നുകൊണ്ട്‌ ഇസ്വ്‌ലാഹീ നായകന്മാര്‍ ജനങ്ങളെ പഠിപ്പിച്ചു. പതിറ്റാണ്ടുകളുടെ ശ്രമകരമായ പ്രവര്‍ത്തനത്തിന്റെ ഫലമായി മുസ്‌ലിം സാമാന്യജനം അന്ധവിശ്വാസങ്ങള്‍ (ഒട്ടൊക്കെ) കൈവെടിഞ്ഞു. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അല്ലാഹു അല്ലാതെ യാതൊന്നിനെയും ഭയപ്പെടാനില്ലെന്നും യാതൊന്നില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ലെന്നുമുള്ള നിര്‍മലമായ തൗഹീദ്‌ ഉള്‍ക്കൊണ്ട ലക്ഷക്കണക്കിന്‌ മുവഹ്‌ഹിദുകള്‍ കേരളത്തിലുണ്ടായി. അവരുടെ `കാറ്റേറ്റവരില്‍' നിന്നു പോലും അന്ധവിശ്വാസം പടികടന്നു. തൗഹീദും പരലോക വിശ്വാസവുമായിരുന്നു അവരെ നയിച്ചത്‌. വിശുദ്ധ ഖുര്‍ആനും നബിചര്യയുമായിരുന്നു അവരുടെ ആയുധം. ഇതായിരുന്നു നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്‌. ആദര്‍ശ എതാരാളികള്‍ പോലും അംഗീകരിക്കുന്നു, ഈ യാഥാര്‍ഥ്യം.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ ഒരു നവോത്ഥാന നൂറ്റാണ്ടിലെ അന്ത്യദശകം കടന്നുപോയത്‌ സത്യവിശ്വാസിയെ കരയിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്‌തുകൊണ്ടാണ്‌. ഏതൊരു മിമ്പറില്‍ നിന്നാണോ അന്ധവിശ്വാസങ്ങള്‍ക്കെതിരെ തൗഹീദിന്റെ കിരണങ്ങള്‍ പ്രസരിച്ചത്‌, അതേ മിമ്പറില്‍ നിന്നുതന്നെ പഴയ അന്ധവിശ്വാസം അതേപടി പുനരവതരിക്കുന്ന ദു:ഖകരമായ കഥയാണ്‌ ഇസ്വ്‌ലാഹീ കേരളത്തിന്‌ പറയാനുള്ളത്‌. (വ്യക്തികളെയും പ്രദേശങ്ങളെയും പരാമര്‍ശിക്കുന്നില്ല) ജിന്ന്‌പേടി, സിഹ്‌റ്‌പേടി, ചൈത്താന്‍പേടി, അടിച്ചിറക്കല്‍ പ്രചോദനം, ശകുനപ്പിഴപ്പേടി എന്നിത്യാദിയെല്ലാം `മുജാഹിദു പണ്ഡിതന്‍'മാര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്‌ മുവഹ്‌ഹിദുകളായ അന്ധവിശ്വാസികളെ വളര്‍ത്തിയെടുക്കാന്‍ ഈ നവ യാഥാസ്ഥിതികതയ്‌ക്കു കഴിഞ്ഞു. ജിന്ന്‌ വിവാദമായിരുന്നു ഇതിന്റെ ആണിക്കല്ല്‌.
മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ആരെയും വിളിച്ചുതേടാന്‍ പാടില്ല എന്ന്‌ ഒരു നൂറ്റാണ്ട്‌ പഠിപ്പിച്ചവരുടെ പിന്‍ഗാമികളില്‍ ഒരു പറ്റം അതിന്‌ പാഠഭേദം വരുത്തി. സൃഷ്‌ടികളുടെ കഴിവിന്‌ എന്നാക്കി. അഭൗതിക ലോകത്തെ ജിന്നിനെ പദാര്‍ഥ ലോകത്തേക്കാനയിച്ചു. അതിന്റെ കൂടെ കഴിഞ്ഞ നൂറ്റാണ്ടില്‍ കൈയൊഴിച്ച അന്ധവിശ്വാസങ്ങളെയും പുരനാനയിച്ചു. ഖുര്‍ആന്‍ ആശയങ്ങള്‍ പഠിപ്പിച്ചേടത്ത്‌ `മുജാഹിദുകള്‍' തന്നെ ഖുര്‍ആന്‍ തെറാപ്പി എന്ന പേരില്‍ ജിന്നിനെ അടിച്ചിറക്കല്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു! ചരിത്രം മാപ്പു നല്‌കാത്ത ഈ പാതകം കൈയും കെട്ടി നോക്കിനിന്ന ഒരു വിഭാഗം നേതാക്കന്മാര്‍ പ്രബുദ്ധരായ ഇസ്വ്‌ലാഹീ സമൂഹത്തെ നയിച്ചത്‌ വിപരീത ദിശയിലേക്കായിരുന്നു. അഥവാ നവോത്ഥാനത്തില്‍ നിന്നുള്ള തിരിഞ്ഞുനടത്തമാണ്‌ കഴിഞ്ഞ പത്തുവര്‍ഷം നാം കണ്ടത്‌. പത്തു വര്‍ഷം മുന്‍പ്‌ പ്രസ്ഥാനത്തിലുണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പില്‍ ആദര്‍ശപരമായ ഒരു ധ്രുവീകരണം അധികമാരും അറിഞ്ഞില്ല.
ജിന്നുകള്‍ ആദര്‍ശലോകം അടക്കിവാഴുകയാണ്‌. സമൂഹത്തിന്‌ ആവശ്യമില്ലാത്ത ഈ ചര്‍ച്ചയില്‍ ആദര്‍ശത്തിന്റെ അമരശബ്‌ദമായ `ശബാബി'നെപ്പോലും ചിലര്‍ ബോധപൂര്‍വം വലിച്ചിഴയ്‌ക്കുകയുണ്ടായി. `പകല്‍വെളിച്ചത്തില്‍ വിജന പ്രദേശത്തുവെച്ച്‌ വഴിയറിയാതെ നടന്നുനീങ്ങുന്നവന്‍ ജിന്നിനെയും മലക്കിനെയും വിളിച്ചു സഹായം തേടിയാല്‍ അത്‌ തൗഹീദിനെതിരല്ല' എന്ന ശിര്‍ക്കന്‍ ആശയം സമര്‍ഥിക്കാന്‍ വേണ്ടിയുള്ള വൃഥാ ശ്രമത്തിന്റെ ഭാഗമായി ശബാബിന്റെ വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഉപകാരം പ്രതീക്ഷിച്ചുകൊണ്ടോ ഉപദ്രവം ഭയന്നുകൊണ്ടോ അല്ലാഹുവല്ലാത്ത ആരെ വിളിച്ചുതേടിയാലും - അത്‌ ജിന്നായാലും മലക്കായാലും- തൗഹീദിനു വിരുദ്ധമാണെന്ന പ്രഖ്യാപിത ആദര്‍ശത്തില്‍ നിന്ന്‌ ശബാബോ അത്‌ പ്രതിനിധീകരിക്കുന്ന ഇസ്വ്‌ലാഹീ പ്രസ്ഥാനമോ ഒരിഞ്ച്‌ പിന്നോട്ട്‌ പോയിട്ടില്ല. കാലം അത്‌ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നാണ്‌ വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ വിളിച്ചറിയിക്കുന്നത്‌. നവോത്ഥാനത്തിന്റെ ഒരു ശതകം ചര്‍ച്ച ചെയ്യുന്നതിനു മുമ്പായി നവോത്ഥാനത്തില്‍ നിന്നും തിരിഞ്ഞുനടന്നതിന്റെ ഒരു ദശകം കൂടി ചര്‍ച്ചയ്‌ക്കു വിധേയമാക്കുന്നത്‌ ഇസ്വ്‌ലാഹീ കേരളത്തിന്റെ ചരിത്രവിദ്യാര്‍ഥികള്‍ക്ക്‌ ഗുണകരമാവും; തീര്‍ച്ച. 

shabab 2012 sept 14

 

No comments:

Post a Comment