Wednesday, October 30, 2013

നന്ദിയുള്ളവനായിരുന്നു ഇബ്‌റാഹീം 

ഇബ്‌റാഹീം പ്രവാചകനെക്കുറിച്ച്‌ അല്ലാഹു പറയുന്ന മനോഹരമായ ഒരു വിശേഷണം, `അനുഗ്രഹങ്ങള്‍ക്ക്‌ നന്ദിയുള്ളവന്‍' എന്നാണ്‌. അതിനുമാത്രം അനുഗ്രഹങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടോ? ഒന്നെണ്ണിനോക്കൂ, വളരെക്കുറച്ച്‌ സന്തോഷങ്ങള്‍ മാത്രമല്ലേ ലഭിച്ചിട്ടുള്ളൂ. നല്ലൊരു പിതാവിനെ, സഹോദരനെ, കുടുംബത്തെ, സുഹൃത്തിനെ, സമാധാനമുള്ളൊരു വീട്‌, സമൃദ്ധിയുള്ളൊരു സമ്പാദ്യം... ഇതൊന്നും ലഭിച്ചിട്ടില്ല.
ഏറ്റവും സന്തോഷം നല്‍കിയ കാര്യം ഇസ്‌മാഈല്‍ എന്ന കുഞ്ഞിന്റെ ജന്മമായിരിക്കും. പക്ഷേ ഏറ്റവും കടുത്ത പരീക്ഷണങ്ങള്‍ ലഭിച്ചതും ആ കുഞ്ഞ്‌ വന്നതിനു ശേഷമായിരുന്നു. ഹാജറ എന്ന പ്രിയതമയെ ലഭിച്ചത്‌ തീര്‍ച്ചയായും ഒരു മഹാനുഗ്രഹമായിരുന്നു. പ്രതിസന്ധികളുടെ പൊരിവെയിലില്‍ തണലേകിയ സ്‌നേഹത്തിന്റെ തണല്‍മരമായിരുന്നു ഹാജറ. ആദ്യപ്രസവത്തിന്റെ എല്ലാ ആകുലതകളും പേറിയപ്പോഴും, പ്രിയതമന്റെ കൂടെ മക്കയിലേക്ക്‌ നടക്കാനൊരുങ്ങിയ കനിവിന്റെ കടലായ ആ ഭാര്യയെ പലപ്പോഴും നമ്മള്‍ മറന്നുപോകുന്നു.
`അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി'യുള്ളൊരു ജീവിതം നമുക്ക്‌ സമ്പാദ്യമായുണ്ടോ എന്ന പുനര്‍വിചാരം, തീര്‍ച്ചയായും ഉയരേണ്ടതുണ്ട്‌. ദയാലുവായ രക്ഷിതാവ്‌ സ്‌നേഹത്തോടെ സമ്മാനിച്ച അനുഗ്രഹങ്ങള്‍ കൊണ്ട്‌ അവനെ മറന്നുപോകുന്നവരാണോ, അതോ ഓര്‍ത്തെടുക്കുന്നവരാണോ നമ്മള്‍? പലപ്പോഴും അനുഗ്രഹങ്ങളുടെ കല്ലില്‍ തട്ടി വീണു പോകുന്നവരായിപ്പോകുന്നു നമ്മളെല്ലാം. കിട്ടിയതിലൊന്നും മതി വരാതെ, മനസ്സൊരിക്കലും സംതൃപ്‌തമാകാതെ, അപ്പുറത്തുള്ളവനോട്‌ അസൂയ തീരാതെ, പരിഭവങ്ങളുടെ മഴ തോരാതെ, ചെറിയ സങ്കടങ്ങള്‍ പോലും സഹിക്കാനാകാതെ, വലിയ സന്തോഷങ്ങള്‍ പോലും മതിയാകാതെ.... ഇങ്ങനെയൊരു ജീവിതം നയിക്കുന്ന നമ്മള്‍ എങ്ങനെയാണ്‌ ഇബ്‌റാഹീം മില്ലത്തിന്റെ സ്വന്തക്കാരായി മാറുക?
വൈകല്യമുള്ളവരെ പുനരധിവസിപ്പിച്ചിട്ടുള്ള ന്യൂയോര്‍ക്കിലെ ഒരു കേന്ദ്രത്തിന്റെ ചുവരില്‍ എഴുതിവെച്ചിരിക്കുന്ന കവിതയൊന്ന്‌ നോക്കൂ;
നേട്ടങ്ങള്‍ വാരിക്കുട്ടാന്‍ ശക്തി തരണമെന്ന്‌ ഞാന്‍ ദൈവത്തോട്‌ പ്രാര്‍ഥിച്ചു. പക്ഷേ അനുസരണം പഠിക്കാനായി കരുണാലുവായ ദൈവം എനിക്ക്‌ ബലക്കുറവാണ്‌ തന്നത്‌.
വലിയ കാര്യങ്ങള്‍ ചെയ്‌തുകൂട്ടാന്‍ ആരോഗ്യം തരണമെന്ന്‌ ഞാന്‍ ദൈവത്തോട്‌ പ്രാര്‍ഥിച്ചു. കൂടുതല്‍ പ്രതിസന്ധികള്‍ അതിജീവിക്കാന്‍ അംഗവൈകല്യമാണ്‌ അവന്‍ സമ്മാനിച്ചത്‌.
സന്തോഷത്തോടെ ജീവിക്കാന്‍ സമ്പത്ത്‌ തരണമേയെന്ന്‌ ഞാന്‍ അവനോട്‌ ചോദിച്ചു. വിവേകവും അനുഭവപാഠവും വര്‍ധിക്കാന്‍ അവന്‍ എനിക്ക്‌ ദാരിദ്ര്യമാണ്‌ തന്നത്‌.
പെരുമ കിട്ടാന്‍ അധികാരം നല്‍കണേയെന്ന്‌ പ്രാര്‍ഥിച്ചു. ദൈവത്തെയോര്‍ത്ത്‌ ജീവിക്കാന്‍ എനിക്ക്‌ ശക്തിയില്ലായ്‌മയാണ്‌ ലഭിച്ചത്‌.
ജീവിതത്തിലെപ്പോഴും ജയിക്കാന്‍ വേണ്ടതെല്ലാം ഞാന്‍ അവനോട്‌ ചോദിച്ചു. അവന്‍ ജീവിതം മാത്രമേ തന്നതുള്ളൂ, ജയങ്ങള്‍ തന്നില്ല.
ഞാന്‍ ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെങ്കിലും, അതിലൂടെയെല്ലാം ഞാന്‍ മോഹിച്ചതെന്തോ അതെനിക്ക്‌ കിട്ടി.
ചൊല്ലിയതും ചൊല്ലാന്‍ കൊതിച്ചതുമായ പ്രാര്‍ഥനകള്‍ കൊണ്ട്‌ അവനെന്നെ അനുഗ്രഹിച്ചു.
എല്ലാം വാരിക്കൂട്ടിയവരെക്കാളും അനുഗൃഹീതനും സന്തോഷവാനുമാണ്‌ ഞാനിപ്പോള്‍; ദയാലുവായ എന്റെ ദൈവമേ നിനക്ക്‌ നന്ദി!�
പ്രാര്‍ഥനയുടെ അന്തസ്സാരം പഠിപ്പിക്കുന്ന മനോഹരമായ വരികള്‍. ജീവിതത്തെക്കുറിച്ച ഉള്‍ക്കാഴ്‌ച പകരുന്ന തത്വങ്ങള്‍. ചോദിച്ചതൊന്നും ദൈവമെനിക്ക്‌ നല്‍കിയില്ലെന്ന്‌ കരയുന്നവരുണ്ട്‌. എത്ര ശ്രമിച്ചിട്ടും കൊതിച്ചിട്ടും കൈവരിക്കാനാകാതെ പോയതില്‍ മനോദുഖമനുഭവിക്കുന്നവരുണ്ട്‌. പ്രാര്‍ഥന മതിയാക്കി പാതിവഴിയില്‍ പിന്തിരിഞ്ഞവരുമുണ്ട്‌. അവരോടൊക്കെയാണ്‌ ഈ പ്രാര്‍ഥന സംസാരിക്കുന്നത്‌. ചോദിച്ചത്‌ ലഭിച്ചില്ലെങ്കിലും, ലഭിച്ചവയുടെ പേരില്‍ കരുണാമയനായ നാഥനോട്‌ നന്ദി ചൊല്ലുന്ന ഈ മനോഭാവമാണ്‌ മഹാഭാഗ്യം. ആ മനോഭാവത്തെ ജീവിതം കൊണ്ട്‌ പരിഭാഷപ്പെടുത്തുകയായിരുന്നു ഇബ്‌റാഹീം നബി.
എന്റെ പ്രാര്‍ഥനകള്‍ സ്വികരിക്കപ്പെട്ടാലും ഇല്ലെങ്കിലും കരുണാമയനായ അല്ലാഹുവേ, പ്രാര്‍ഥിക്കാനുള്ള മനസ്സ്‌ നീയെനിക്ക്‌ നിലനിര്‍ത്തി തരേണമേ എന്ന്‌ ഖലീഫ ഉമര്‍ പ്രാര്‍ഥിച്ചിരുന്നു. സ്‌നേഹാലുവായ സ്രഷ്‌ടാവിനോടുള്ള അങ്ങേയറ്റത്തെ വിധേയത്വം കൊണ്ട്‌ കുനിഞ്ഞവര്‍ക്ക്‌ മാത്രമേ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ കഴിയൂ. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നമ്മെ സംരക്ഷിക്കുക മാത്രം ചെയ്യുന്നവനാണ്‌ നമ്മുടെ നാഥന്‍. എല്ലാ വാതിലുകളും അടഞ്ഞാലും നമുക്ക്‌ വേണ്ടി ഒരു കിളിവാതില്‍ തുറന്നുവെക്കുന്ന ജീവനാഥനാണവന്‍. സങ്കല്‍പ്പിക്കാനാകാത്ത വിധം നമുക്ക്‌ വേണ്ടതെല്ലാം കാത്തുവെക്കുന്നവനാണവന്‍.
ത്വലാഖ്‌ അധ്യായത്തിലെ ആദ്യവചനങ്ങളില്‍ ഖുര്‍ആന്‍ നല്‍കുന്ന ആഹ്ലാദവാര്‍ത്തകളാണിത്‌. ഇങ്ങനെയൊരു മഹാനുഗ്രഹം ലഭിക്കാന്‍ അവന്‍ ഒരേയൊരു നിബന്ധന മാത്രമേ വെക്കുന്നുള്ളൂ;�അല്ലാഹുവിനോട്‌ ശരിയായ വിധം ഭക്തി കാണിക്കുക. എത്ര പ്രയാസപ്പെടേണ്ടി വന്നാലും എന്തൊക്കെ നഷ്‌ടപ്പെടേണ്ടി വന്നാലും ജീവിതത്തിലേക്കായി അവന്‍ സമ്മാനിച്ച കല്‍പ്പനകളെ പരിപാലിക്കുക എന്നതാണ്‌ ഭക്തി. അങ്ങനെയുള്ളവരുടെ കൂടെയാണ്‌ അല്ലാഹു. അവന്‍ ആജ്ഞാപിച്ചത്‌ പാലിച്ചവരുടെ പ്രാര്‍ഥനകള്‍ അവന്‍ സ്വീകരിക്കുന്നു. ചിലപ്പോള്‍ കൂടുതല്‍ മികച്ചത്‌ സമ്മാനിക്കുന്നു. ഒരിക്കലും കൈവിടില്ലെന്ന്‌ വാക്ക്‌ തരുന്നു. നിങ്ങളെവിടെയും കുടുങ്ങില്ലെന്ന്‌ കരാര്‍ ചെയ്യുന്നു. ശത്രുക്കളൊരുക്കിയ തീകുണ്ഡാരത്തില്‍ നിന്ന്‌ തണുപ്പ്‌ നുകര്‍ന്ന്‌ കയറിപ്പോരാന്‍ ഇബ്‌റാഹീം പ്രവാചകനു കഴിഞ്ഞത്‌ അതുകൊണ്ട്‌ തന്നെയല്ലേ? അപേക്ഷിക്കുന്നവരെ അല്ലാഹു പലപ്പോഴും പരീക്ഷിക്കും, പക്ഷേ ഉപേക്ഷിക്കില്ല.
സന്തോഷം നല്‍കുന്ന ദൈവവിധികളില്‍ മാത്രമേ മനുഷ്യര്‍ സംതൃപ്‌തരാകാറുള്ളൂ. സങ്കടപ്പെടുത്തുന്നതാണെങ്കില്‍ പഴിപറഞ്ഞും കോപിച്ചും ശാപവാക്കുകള്‍ പറഞ്ഞും അസ്വസ്ഥരായി നടക്കും. `എനിക്ക്‌ മാത്രമെന്തിനാ ഇങ്ങനെയൊരു വിധി തന്നത്‌!' എന്ന്‌ നമ്മള്‍ പറയാറുള്ളത്‌ വേദനകളില്‍ മാത്രമാണല്ലോ. ചുറ്റുമുള്ള അനേകം മനുഷ്യര്‍ക്കിടയില്‍ നിന്ന്‌ എന്നെയോ താങ്കളെയോ മാത്രം തെരഞ്ഞെടുത്ത്‌ ഒരു മഹാഭാഗ്യം ആ സ്‌നേഹനാഥന്‍ നല്‍കിയാല്‍ `എനിക്ക്‌ മാത്രമെന്തിനാ ഇങ്ങനെയൊരു വിധി തന്നത്‌' എന്ന്‌ പറയാറില്ല.
കാരുണ്യവാനായ സ്രഷ്‌ടാവിനെ തിരിച്ചറിയുക മാത്രമാണ്‌ പോംവഴി. നമ്മുടെ കാര്യത്തില്‍ നന്മയല്ലാതെ മറ്റൊന്നും വിധിക്കാത്ത പരമ കാരുണ്യവാനാണ്‌ അല്ലാഹു. ഒറ്റനോട്ടത്തില്‍ നന്മയല്ലെന്ന്‌ നമുക്ക്‌ തോന്നുന്നുണ്ടെങ്കില്‍ അത്‌ നമ്മുടെ അറിവിന്റെയും അനുഭവ പരിജ്ഞാനത്തിന്റെയും പോരായ്‌മയാണെന്ന്‌ മനസ്സിലാക്കാം. ആര്‍ക്കും വേണ്ടാത്ത മണല്‍ത്തരിയെ വിലയേറിയ മുത്തുകളാക്കുന്ന അതേ രാസവിദ്യയാണ്‌ നമ്മുടെ ഓരോ അനുഭവത്തിലും അല്ലാഹു ഒളിപ്പിച്ച്‌ വെച്ചിരിക്കുന്നത്‌.
രണ്ടാം അധ്യായത്തിലെ 216-ാം വചനത്തില്‍ എല്ലാമുണ്ട്‌; ``നിങ്ങളൊരു കാര്യം വെറുക്കുമെങ്കിലും ചിലപ്പോഴത്‌ ഗുണകരമായിരിക്കാം. നിങ്ങള്‍ക്കൊരു കാര്യം ഇഷ്‌ടപ്പെടുമെങ്കിലും അത്‌ ചിലപ്പോള്‍ ദോഷകരമാകാം. അല്ലാഹു അറിയുന്നു, നിങ്ങളറിയുന്നില്ല.''
പരമദയാലുവായ സ്‌നേഹനാഥന്‍ കൃത്യമായി സംവിധാനിച്ച കാര്യങ്ങള്‍ മാത്രമാണ്‌ നമുക്ക്‌ സംഭവിക്കുന്നതെന്ന്‌ തിരിച്ചറിയുമ്പോള്‍ മനശ്ശക്തിയോടെ ജീവിക്കാന്‍ സാധിക്കും. ഒരു കാര്യവും വെറുതെയല്ല, എല്ലാം മറ്റൊരു കാര്യത്തിന്റെ കാരണങ്ങളോ പൂര്‍ത്തീകരണമോ ആണ്‌. സങ്കടവും വേദനയും ജീവിതഭാരവും രോഗവും തോല്‍വിയുമെല്ലാം അങ്ങനെതന്നെ. നമുക്ക്‌ മാത്രമായി ഒരുക്കിവെച്ചിരിക്കുന്ന ഏതോ സൗഭാഗ്യത്തിന്റെ മുന്നൊരുക്കങ്ങളാണവ.
നമ്മുടെ ചുറ്റുമൊന്ന്‌ നോക്കൂ, മഴ പെയ്യുന്നു, മഴ തോരുന്നു, ചെടി വളരുന്നു, പൂ വിടരുന്നു, പൂ കൊഴിയുന്നു, ഇല പൊഴിയുന്നു, ചെടി വാടുന്നു.... അങ്ങനെ എന്തെല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ അതിലൊന്നും നമ്മള്‍ അസ്വസ്ഥരാകാറില്ല. കാരണം അവയൊക്കെ പ്രകൃതിയില്‍ സ്വാഭാവികമായി നടക്കുന്നതാണെന്ന്‌ നമ്മള്‍ക്കറിയാം. എന്നാല്‍ അതേ സ്വാഭാവികത തന്നെയാണ്‌ നമ്മുടെയും ജീവിതത്തിലെ സംഭവങ്ങളെന്ന്‌ പക്ഷേ ഉള്‍ക്കൊള്ളാന്‍ അധികപേര്‍ക്കും സാധിക്കാറില്ല. ഒരു ചെടിയുടെ ആയുസ്സില്‍ സംഭവിക്കുന്നതൊക്കെ തന്നെയാണ്‌ മറ്റൊരു വിധത്തില്‍ നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്‌. അതോടൊപ്പം അവസാനം മികച്ചൊരു പര്യവസാനം കൂടി നമുക്ക്‌ ലഭിക്കുന്നു.
`യാദൃച്ഛികമായി സംഭവിച്ചു' എന്ന്‌ നമ്മള്‍ പറയാറുണ്ട്‌. യഥാര്‍ഥത്തില്‍ ഒന്നും അങ്ങനെ സംഭവിക്കുന്നില്ല. നമ്മളീ ലോകത്ത്‌ ജനിച്ചതും ഇത്രകാലം ജീവിക്കുന്നതും യാദൃച്ഛികമല്ലാത്തതു പോലെ ഇതിനിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ചുകാര്യം പോലും യാദൃച്ഛികമല്ല. നമുക്കേതാണ്‌ കൂടുതല്‍ നല്ലതെന്ന്‌ നമ്മേക്കാള്‍ അറിയുന്ന ഉന്നതനായൊരു കാരുണ്യവാന്റെ നിശ്ചിതമായ തീരുമാനങ്ങളാണവയെല്ലാം. ഒട്ടും ആകുലതയില്ലാതെ, യാതൊരു എടുത്തുചാട്ടവുമില്ലാതെ, പ്രാര്‍ഥിച്ചും പ്രതീക്ഷിച്ചും സങ്കടങ്ങളോടെല്ലാം പുഞ്ചിരിച്ചും നല്ലതേ വരൂവെന്ന്‌ സമാധാനിച്ചും കഴിഞ്ഞാല്‍ അവസാനത്തെ സൗഭാഗ്യം നമുക്കുള്ളതായിരിക്കും.
ആ സന്തോഷവാര്‍ത്ത ഖുര്‍ആന്‍ മൊഴിയുന്നു: കാലം എന്ന അധ്യായത്തിലെ പന്ത്രണ്ടാം വചനം; ``സഹനം ശീലിച്ചവര്‍ക്കുള്ള പ്രതിഫലം നല്ല പട്ടുടുപ്പുകളും പൂന്തോപ്പുകളുമാണ്‌.'' 
Shabab Weekly 2013 Oct 18

 

No comments:

Post a Comment