Thursday, August 19, 2010


http://markazudawa.org/
നവോത്ഥാന സംരംഭങ്ങളില്‍ എന്നും മുന്നണിപ്പോരാളികളായി ഉണ്ടാവുക യുവാക്കളായിരിക്കുമെന്നത്‌ അനുഭവയാഥാര്‍ത്ഥ്യമാണ്‌. കേരളത്തില്‍ മുസ്‌ലിം ഐക്യസംഘത്തിന്റെയും തുടര്‍ന്ന്‌ ഉദയംകൊണ്ട്‌ കേരള നദ്‌വത്തുല്‍ മജാഹിദീന്റെയും പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ യുവാക്കളുടെ കര്‍മശേഷിയാണ്‌ ചാലകശക്തിയായി വര്‍ത്തിച്ചത്‌.
വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ ജീവിതം ക്രമീകരിച്ച, വിദ്യാഭ്യാസവും പുരോഗമന ചിന്തയുമുള്ള യുവാക്കള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു നിയോഗമെന്നോണം ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. അങ്ങനെ ദൈവബോധവും പരലോക ചിന്തയുമുള്ള സത്യാന്വേഷികളുടെ കൊച്ചു കൊച്ചു സംഘങ്ങള്‍ ബഹുദൈവാരാധനക്കും നിരീശ്വരത്വത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ ശക്തമായി നിലയുറപ്പിച്ചു. അവര്‍ ദൈവിക മതത്തിന്റെ പ്രചാരകരും പ്രബോധകരുമായി ഇരുളടഞ്ഞ മനസ്സുകള്‍ക്ക്‌ വെളിച്ചം പകര്‍ന്നുകൊണ്ടിരുന്നു.

1967
ലാണ്‌ കാലഘട്ടത്തിന്റെ അനിവാര്യതയായി ഐ എസ്‌ എം രൂപീകരിക്കപ്പെടുന്നത്‌. ഐ എസ്‌ എമ്മിന്റെ പിറവി മുസ്‌ലിം കേരള ചരിത്രത്തിലെ ഉജ്ജ്വലമായ അദ്ധ്യായമാവുകയും ചെയ്‌തു. ഇപ്പോള്‍ കേരളത്തിലുടനീളം ഐ എസ്‌ എം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.
പ്രബോധനരംഗത്തെ നിത്യവസന്തം

പ്രബോധന പ്രവര്‍ത്തനങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും ഒന്നിച്ചു നടത്താന്‍ കഴിഞ്ഞതിനാല്‍ ഐ എസ്‌ എം അസൂയാവഹമാംവിധം വളര്‍ന്നു. മുന്‍ഗാമികളായ പ്രസ്ഥാന നേതാക്കളുടെയും പണ്ഡിതന്മാരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ സംഘടനക്ക്‌ കരുത്ത്‌ പകരുകയും ചെയ്‌തു.
മുജാഹിദ്‌ പ്രസ്ഥാനം മുസ്‌ലിം ചിന്താ മണ്ഡലത്തില്‍ ഉണര്‍ത്തിയ നവോത്ഥാന ജ്വാലകള്‍ പൂര്‍വോപരി പ്രശോഭിതമാക്കുകയെന്ന ദൗത്യം സധൈര്യം ഏറ്റെടുക്കാന്‍ ഐ എസ്‌ എമ്മിനു സാധിച്ചു. തൗഹീദ്‌ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുയോജ്യമായ രീതിശാസ്‌ത്രം സ്വീകരിച്ച്‌ വിനയത്തോടെയും വിവേകത്തോടെയും ഐ എസ്‌ എം പ്രവര്‍ത്തകര്‍ കര്‍മനിതരായി.
വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും ആശയാദര്‍ശങ്ങള്‍ നെഞ്ചിലേറ്റി ഇസ്‌ലാമിക പ്രബബോധന രംഗം ഇസ്‌ലാമിലെ യുവാക്കള്‍ സജീവമാക്കി. ഇസ്‌ലാമിക പ്രചാരണം ദൈവപ്രോക്തമായ നിര്‍ദേശങ്ങളായതിനാല്‍ തന്നെ, അവയുടെ പ്രയോഗവത്‌കരണത്തിനും ഉത്തരവാദിത്ത നിര്‍വഹണത്തിനും പ്രാധാന്യമേറെയാണ്‌. പ്രബോധന മേഖലയിലെ മലമ്പാതകള്‍ സൗമനസ്യത്തോടെ താണ്ടിക്കടന്ന്‌ മുന്നേറി കേരളത്തിലെ യുവജന സംഘടനകളില്‍ ഐ എസ്‌ എമ്മിനെ വ്യതിരിക്തമാക്കുന്നത്‌.
പ്രബോധനരംഗം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ദഅ്‌വസ്‌കോഡുകള്‍, സംഘടനാ സ്‌കൂള്‍, തസ്‌കിയത്ത്‌ കേമ്പുകള്‍, തൗഹീദ്‌ കാമ്പയിനുകള്‍, പ്രാസ്ഥാനിക കണ്‍വെന്‍ഷനുകള്‍, പ്രഭാഷണങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ തികഞ്ഞ ആസൂത്രണത്തോടെ ഐ എസ്‌ എം സംഘടിപ്പിച്ചുവരുന്നു.
ബാബരി മസ്‌ജിദ്‌ ഫാഷിസ്റ്റുകള്‍ തകര്‍ത്തതിനെത്തുടര്‍ന്ന്‌ കേരളത്തിലെ മത-സാമൂഹികാന്തരീക്ഷം തീവ്രവാദ ചിന്തകളിലേക്ക്‌ വഴുതിവീഴാനുള്ള സാഹചര്യമുണ്ടായപ്പോള്‍ മുസ്‌ലിം യുവാക്കള്‍ക്ക്‌ ദിശാബോധം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഐ എസ്‌ എം നേതൃത്വപരമായ പങ്കുവഹിച്ചത്‌ ഇതര സംഘടനകളുടെ കൂടി അംഗീകാരത്തിന്‌ നിമിത്തമായി.
``സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍ നിന്ന്‌ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു ഇഷ്‌ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്‌ടപ്പെടുന്നവുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്‌. അവര്‍ വിശ്വാസികളോട്‌ വിനയം കാണിക്കുന്നവരും സത്യനിഷേധികളോട്‌ പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തിലേര്‍പ്പെടും. ഒരാക്ഷേപകന്റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത്‌ അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവനുദ്ദേശിക്കുന്നവര്‍ക്ക്‌ അത്‌ നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ.'' (ഖുര്‍ആന്‍ 5:54)
തൗഹീദ്‌ പ്രസ്ഥാനത്തില്‍ അടിയുറച്ച്‌ പ്രവര്‍ത്തിച്ച ഇസ്‌ല്വാഹീ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ കുറച്ച്‌ വര്‍ഷങ്ങളായി അരങ്ങേറിയെന്നത്‌ ഏതൊരു മുജാഹിദ്‌ പ്രവര്‍ത്തകനെയും വഷമിപ്പിക്കുന്നതായിരുന്നു. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിക്കലര്‍ത്തി ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉന്നയിച്ച വ്യാജാരോപണങ്ങളുടെ മനുയൊടിക്കാന്‍ ആത്മാര്‍ത്ഥതയുള്ള മുജാഹിദുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാധിക്കുമെന്നുറപ്പാണ്‌. നമ്മെ തെറ്റിദ്ധരിച്ചുപോയ സഹോദരങ്ങള്‍ക്ക്‌ സന്മനസ്‌ പ്രദാനം ചെയ്യാന്‍ നാം അല്ലാഹുവോട്‌ പ്രാര്‍ഥിക്കുക. കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്കും അജയ്യതക്കും നാം കഠിനമായി യത്‌നിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

No comments:

Post a Comment