Saturday, February 4, 2012

`നബിമാസം'പൗരോഹിത്യത്തിന്റെ കൊയ്‌ത്തുകാലം


`നബിമാസം'പൗരോഹിത്യത്തിന്റെ കൊയ്‌ത്തുകാലം 

മുഹമ്മദ്‌ അമീന്‍

ഇപ്പോള്‍ യാഥാസ്ഥിതിക പുരോഹിതന്മാര്‍ മതപരമായ ചുഷണത്തിന്റെ മുഖ്യസന്ദര്‍ഭങ്ങളായി കാണുന്നത്‌ നബിമാസവും സ്വലാത്ത്‌ വാര്‍ഷികവുമാണ്‌. നബിമാസം എന്ന പദം അവര്‍ പ്രയോഗിക്കാറില്ലെങ്കിലും റബീഉല്‍ അവ്വല്‍ മാസത്തിലെ ഏത്‌ ദിവസവും അവര്‍ നബിദിനാഘോഷങ്ങളും ജാഥകളും നടത്തിവരുന്നതിനാല്‍ ഒരു ദിനാചരണത്തെ ഫലത്തില്‍ ഒരു മാസാചരണമായി വലിച്ചുനീട്ടുകയാണ്‌ അവര്‍ ചെയ്യുന്നത്‌. ഇപ്പോള്‍ നബിദിനജാഥ എന്ന്‌ നടത്തണമെന്ന്‌ തീരുമാനിക്കുന്നത്‌ ഒന്നുകില്‍ മദ്‌റസാ അധ്യാപകരുടെയും കമ്മിറ്റിക്കാരുടെയും സൗകര്യംനോക്കിയോ അല്ലെങ്കില്‍ മികച്ച സൗണ്ട്‌ സിസ്റ്റം ലഭ്യമാകുന്നതിനനുസരിച്ചോ ആണ്‌.

നബി(സ) ജനിച്ചത്‌ ഏത്‌ തിയ്യതിക്ക്‌ എന്ന്‌ കിതാബുകള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയിട്ടല്ല. ഇസ്‌ലാമിലില്ലാത്ത നിബിദിനാചാരണത്തിന്‌ തെളിവ്‌ കണ്ടെത്താന്‍ കിതാബുകള്‍ പരിശോധിച്ചിട്ട്‌ ഫലമില്ലാത്ത നിലയ്‌ക്ക്‌ ജാഥകളുടെയും റാലികളുടെയും നാള്‍വഴികള്‍ നിശ്ചയിക്കാന്‍ മൈക്ക്‌ ഓപ്പറേറ്ററുടെയും തോരണങ്ങള്‍ തൂക്കുന്നവരുടെയും മറ്റും സൗകര്യത്തെക്കാള്‍ ഉപരിയായി മറ്റൊന്നും പരിഗണിക്കാനില്ലല്ലോ.

ജന്മദിനാഘോഷം അല്ലാഹുവോ റസൂലോ(സ) പഠിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ അത്‌ വര്‍ജിക്കേണ്ട അനാചാരമാണെന്നും പറയുന്നവരെ പ്രവാചകനോട്‌ സ്‌നേഹവും ബഹുമാനവുമില്ലാത്തവരായി ചിത്രീകരിക്കുകൊണ്ടാണല്ലോ എക്കാലത്തും മുസ്‌ലിയാക്കന്മാര്‍ നബിദിന റാലികളെ മഹത്വവത്‌കരിക്കാന്‍ ശ്രമിച്ചുപോന്നിട്ടുള്ളത്‌. ബഹുജനങ്ങളില്‍ ഒരു വലിയ വിഭാഗം ഇപ്പോഴും അവരുടെ അസത്യപ്രചാരണങ്ങളില്‍ വഞ്ചിതരായി കഴിയുകയാണ്‌. മുസ്‌ലിയാക്കന്മാരില്‍ സത്യാന്വേഷണ തല്‍പരതയുള്ള വല്ലവരും ഉണ്ടെങ്കില്‍ അവരും ദീനിന്റെ യാഥാര്‍ഥ്യം അറിയാന്‍ ആഗ്രഹിക്കുന്ന സാമാന്യ ജനങ്ങളും ഈ വിഷയകമായ ചില കാര്യങ്ങള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്‌.

ഒന്ന്‌, നബി(സ) ജനിച്ച ദിവസം കൃത്യമായി അറിയുന്ന അല്ലാഹുവാണല്ലോ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത്‌. ആ ദിവസം സത്യവിശ്വാസികള്‍ കൊല്ലംതോറും വര്‍ണോജ്വലമായ പരിപാടികളോടെ ആഘോഷിക്കേണ്ടതാണെങ്കില്‍ അല്ലാഹു തന്നെ അക്കാര്യം അറിയിക്കുമായിരുന്നില്ലേ? എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ നബി(സ)യുടെ ഉത്തമ മാതൃക പിന്തുടരണമെന്നും, അദ്ദേഹത്തിന്റെ പേരില്‍ സ്വലാത്ത്‌ ചൊല്ലണമെന്നും, ആജ്ഞാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജന്മദിനം ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്യാന്‍ ആജ്ഞാപിച്ചിട്ടില്ല എന്നതാണ്‌ വസ്‌തുത.

രണ്ട്‌, പ്രവാചകനായി നിയോഗിക്കപ്പെട്ടശേഷം നബി(സ) ഇരുപതിലേറെക്കൊല്ലം ജീവിച്ചിട്ടുണ്ട്‌. അത്രയും റബീഉല്‍അവ്വല്‍ മാസങ്ങള്‍ കഴിഞ്ഞുപോയിട്ടും ആ മാസത്തിലെ ഒരു പ്രത്യേക തീയതി തന്റെ ജന്മദിനമാണെന്ന്‌ അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. അങ്ങനെയൊരു ദിനം അദ്ദേഹം ആചരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതമാതൃക സൂക്ഷ്‌മമായി പിന്തുടര്‍ന്ന മഹാന്മാരായ സ്വഹാബികള്‍ അദ്ദേഹത്തിന്റെ ജീവിതകാലത്തോ വിയോഗശേഷമോ അങ്ങനെയൊരു ദിനം ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്‌തതായി ആധികാരികമായ യാതൊരു ഗ്രന്ഥത്തിലും കാണുന്നില്ല. ഒരിക്കലും നബിദിന റാലി നടത്തിയിട്ടില്ലാത്ത സ്വഹാബികള്‍ പ്രവാചകസ്‌നേഹമില്ലാത്തവരായിരുന്നുവെന്ന്‌ മുസ്‌ലിയാക്കന്മാര്‍ക്ക്‌ വാദമുണ്ടോ?

മൂന്ന്‌, മുസ്‌ലിംകള്‍ മതാനുഷ്‌ഠാനങ്ങള്‍ നാല്‌ മദ്‌ഹബുകളിലൊന്നിന്റെ അടിസ്ഥാനത്തില്‍ നിര്‍വഹിക്കണമെന്നാണല്ലോ മുസ്‌ലിയാക്കന്മാര്‍ ആവര്‍ത്തിച്ചുപറയാറുള്ളത്‌. എന്നാല്‍ അഹൂബനീഫ, ശാഫിഈ, മാലിക്‌, അഹ്‌മദുബ്‌നുഹമ്പല്‍ എന്നീ നാല്‌ ഇമാമുകളില്‍ ആരും നബിദിനം ആചരിച്ചതായി അവരുടെ ഗ്രന്ഥങ്ങളിലോ, അവരുടെ ശിഷ്യന്മാരുടെ ഗ്രന്ഥങ്ങളിലോ കാണുന്നില്ല.

നാല്‌, ബുഖാരി മുസ്‌ലിം തുടങ്ങിയ പ്രമുഖ ഹദീസ്‌ ഗ്രന്ഥങ്ങളിലോ പൂര്‍വിക പണ്ഡിതന്മാര്‍ എഴുതിയ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലോ ഇസ്‌ലാമില്‍ നബിദിനാചരണം എന്നൊരു പുണ്യകര്‍മമുള്ളതായി പറയുന്നില്ല.

അഞ്ച്‌, കേരളത്തിലെ പള്ളി ദര്‍സുകളിലും യാഥാസ്ഥിതികരുടെ കോളെജുകളിലും മര്‍കസുകളിലും പഠിപ്പിക്കുന്ന പ്രമുഖ കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളാണ്‌ ഉംദഃ, ഫത്‌ഹുല്‍മുഈന്‍, മഹല്ലി എന്നിവ. ഈ കിതാബുകളിലൊന്നും നബിദിനാചരണം ഫര്‍ദ്വാണെന്നോ സുന്നത്താണെന്നോ പുണ്യകര്‍മമാണെന്നോ രേഖപ്പെടുത്തിയിട്ടില്ല. നബി(സ)യോടുള്ള സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കേണ്ടത്‌ മൗലിദ്‌ പാരായണം, നബിദിനറാലി, ജാഥ തുടങ്ങിയ പരിപാടികളിലൂടെയാണെന്നും ഈ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടില്ല.

അധിക മുസ്‌ലിയാക്കന്മാരും ഓതിപ്പഠിപ്പിക്കുന്ന ഫിഖ്‌ഹ്‌ ഗ്രന്ഥമാണ്‌ പൊന്നാനിയിലെ പ്രശസ്‌ത പണ്ഡിതന്‍ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ ഫത്‌ഹുല്‍ മുഈന്‍. ഈ ഗ്രന്ഥത്തെപ്പറ്റി അതിന്റെ അവസാനഭാഗത്ത്‌ ചേര്‍ത്തിട്ടുള്ള ഒരു പദ്യത്തില്‍ പറഞ്ഞിട്ടുള്ളത്‌ മറ്റു ഗ്രന്ഥങ്ങളിലൊന്നും ഉള്‍ക്കൊള്ളാത്ത കര്‍മശാസ്‌ത്ര വിഷയങ്ങള്‍ അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നാണ്‌. ഈ ഗ്രന്ഥത്തിലും റബീഉല്‍അവ്വല്‍ പന്ത്രണ്ടിനോ ആ മാസത്തിലെ മറ്റു ഏതെങ്കിലും തിയ്യതിയിലോ നബിദിനം ആചരിക്കേണ്ടതാണെന്ന്‌ രേഖപ്പെടുത്തിയിട്ടില്ല എന്നത്‌ അത്യന്തം ശ്രദ്ധേയമാണ്‌. മഖ്‌ദൂം പഠിച്ച ഇസ്‌ലാം മതത്തില്‍ നബിദിനം എന്നൊരു ആചാരം ഉണ്ടായിരുന്നില്ലെന്നാണ്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

ആറ്‌, സമസ്‌തക്കാരുടെ ആദ്യകാല അമലിയ്യാത്ത്‌ പുസ്‌തകങ്ങളിലൊന്നും മുസ്‌ലിംകള്‍ ചെയ്യേണ്ട ഫര്‍ദ്വോ സുന്നത്തോ ആയ കര്‍മങ്ങളുടെ കൂട്ടത്തില്‍ മൗലിദ്‌ പാരായണമോ നബിദിന ജാഥയോ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ഇതൊക്കെ എവിടെയങ്കിലും തിരുകിക്കയറ്റിയിട്ടുണ്ടോ എന്നറിയില്ല. അര നൂറ്റാണ്ട്‌ മുമ്പ്‌ മലബാറിലെ മദ്രസകളില്‍ നിന്നൊന്നും നബിദിന ജാഥകള്‍ പുറപ്പെടാറുണ്ടായിരുന്നില്ല. നബിദിനത്തില്‍ കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിക്കുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നില്ല. ഇപ്പോഴും പള്ളികള്‍ നബിദിനത്തില്‍ വര്‍ണക്കടലാസ്‌ മാലകളും ബലൂണുകളും കെട്ടിത്തൂക്കി അലങ്കരിക്കാറില്ലല്ലോ. അടിപൊളി നബിദിനാഘോഷം പുണ്യകരമാണെങ്കില്‍ പള്ളികളില്‍ നിന്നും കൊട്ടും കുരവയുമായി നബിദിനജാഥകള്‍ പുറപ്പെടേണ്ടതല്ലേ? `സുന്നി മസ്‌ജിദ്‌' എന്ന്‌ പ്രത്യേകം ബോര്‍ഡ്‌വെച്ച പള്ളികളില്‍ പോലും അടിപൊളി നബിദിനാഘോഷ പരിപാടികള്‍ കാണാറില്ല.

ഏഴ്‌, അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച മതാനുഷ്‌ഠാനങ്ങള്‍ നിര്‍വഹിക്കുന്നവര്‍ക്കൊന്നും അതിന്റെ പേരില്‍ പണമോ ശാപ്പാടോ നല്‍കാറില്ല. എന്നാല്‍ നബിദിനം, ജീലാനിദിനം എന്നീ ദിവസങ്ങളില്‍ മൗലീദും റാതിബും ഖുത്വ്‌ബിയ്യത്തും ചൊല്ലുന്നവര്‍ക്ക്‌ കാശും വിശിഷ്‌ട ഭക്ഷണവും നല്‍കല്‍ ആചാരമാക്കി വെച്ചിരിക്കുകയാണ്‌. ഈ അനാചാരങ്ങള്‍ ഉപജീവനത്തിനു വേണ്ടി പുരോഹിതന്മാര്‍ കെട്ടിച്ചമച്ചതാണെന്നതിന്‌ ഇതുതന്നെ മതിയായ തെളിവാകുന്നു. പ്രവാചകസ്‌നേഹം, മദ്‌ഹുര്‍റസൂല്‍ എന്നീ പദപ്രയോഗങ്ങളൊക്കെ ഇവര്‍ സൃഷ്‌ടിക്കുന്ന പുകമറകള്‍ മാത്രമാണ്‌.

പ്രവാചകസ്‌നേഹം അതിരുവിടുമ്പോള്‍

ദശലക്ഷക്കണക്കിന്‌ ജീവജാലങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്‌ടനായ മനുഷ്യന്‍ ഊഴിയും ആഴിയും ആകാശവും കീഴടക്കി ജീവിക്കുന്നു. ദൈവം നല്‍കിയ അനുഗ്രഹമത്രെ ഇത്‌ (വി.ഖു. 17:70). ഈ ഭൂമിയില്‍ സോദ്ദേശ്യം സൃഷ്‌ടിക്കപ്പെട്ട മനുഷ്യന്‌ ജീവിതസന്ധാരണത്തിനുള്ള ശേഷിയും സൗകര്യങ്ങളും അല്ലാഹു നല്‌കി (2:36).പരിശ്രമം ചെയ്യുകിലെന്തിനെയും വശത്താക്കാന്‍ കഴിവുള്ളവണ്ണമാണ്‌ മനുഷ്യപ്രകൃതിയെങ്കിലും സന്മാര്‍ഗദര്‍ശനം ദൈവികമായി ലഭിക്കേണ്ടതുണ്ട്‌. ഇത്‌ മനുഷ്യര്‍ക്ക്‌ സ്വന്തമായി ആര്‍ജിക്കാന്‍ കഴിയില്ല (2:38). അതിനാല്‍ മനുഷ്യന്റെ വികാസ പരിണാമഘട്ടങ്ങളില്‍ എല്ലാ സന്ദര്‍ഭത്തിലും ദൈവദൂതന്മാരെ അയച്ചുകൊണ്ട്‌ അല്ലാഹു ജനങ്ങള്‍ക്ക്‌ സത്യത്തിന്റെ മാര്‍ഗം വ്യതിരിക്തമായി കാണിച്ചുകൊടുത്തു. ഇങ്ങനെ ദൈവദൂതന്മാരായ പ്രവാചകന്മാര്‍ വരാത്ത ഒരു സമൂഹവും കഴിഞ്ഞുപോയിട്ടില്ല. (35:24)

പ്രവാചകന്മാരായി ഓരോ സമൂഹത്തിലും അല്ലാഹു നിയോഗിച്ചത്‌ ആ സമൂഹത്തിലെ മാതൃകായോഗ്യരായ വ്യക്തികളെ തന്നെയാണ്‌. അതാതു സമൂഹങ്ങളുടെ നാഡിമിടിപ്പറിയുന്ന, വേദനയും വ്യഥകളുമറിയുന്ന ഒരാളെ (മനുഷ്യനെ) തെരഞ്ഞെടുക്കുകയും ദിവ്യബോധനം(വഹ്‌യ്‌) നല്‍കി സന്മാര്‍ഗ ദര്‍ശന ദൗത്യം ഏല്‌പിക്കുകയും ചെയ്യുകയാണ്‌ പതിവ്‌. ആദ്‌ സമൂഹത്തിലേക്ക്‌ തങ്ങളുടെ സഹോദരന്‍ ഹൂദിനെയും സമൂദിലേക്ക്‌ അവരുടെ സഹോദരന്‍ സ്വാലിഹിനെയും മദ്‌യനിലേക്ക്‌ അവരുടെ സഹോദരന്‍ ശുഅയ്‌ബിനെയും ബനൂ ഇസ്‌റാഈലിലേക്ക്‌ അവരില്‍ നിന്നു തന്നെയുള്ള പ്രവാചകരെയും അല്ലാഹു നിയോഗിച്ചു. (7:65,73,85; 11:50, 61,84)

ഓരോ സമൂഹത്തിലേക്കും പ്രവാചകന്മാരെയും വേദഗ്രന്ഥങ്ങളെയും അയക്കുക എന്ന സമ്പ്രദായത്തിന്‌ മുഹമ്മദ്‌ നബിയിലൂടെ അല്ലാഹു പരിസമാപ്‌തി കുറിച്ചു. മുഹമ്മദ്‌ നബി(സ)യെ അന്തിമ പ്രവാചകനാക്കി (33:40). അദ്ദേഹത്തിന്റെ ദൗത്യം ലോകത്തുള്ള സകല മനുഷ്യര്‍ക്കും ബാധകമാകുന്നു (21:107). മുഹമ്മദ്‌ നബി(സ)യിലൂടെ ലോകത്തിന്റെ മുന്നില്‍ അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥം (ഖുര്‍ആന്‍) അന്തിമ ഗ്രന്ഥമാകുന്നു. അത്‌ ലോകാവസാനം വരെ യാതൊരു വ്യത്യാസവും കൂടാതെ ദൈവത്താല്‍ സംരക്ഷിക്കപ്പെട്ടുപോരുകയും ചെയ്യും (15:9). ഈ പ്രവാചകന്മാര്‍ മുഴുവനും ലോകത്ത്‌ പ്രചരിപ്പിച്ചത്‌ ഇസ്‌ലാം ആയിരുന്നു. ഇസ്‌ലാമെന്നാല്‍ സര്‍വലോക രക്ഷിതാവിന്റെ മുന്നില്‍ സകലതും സമര്‍പ്പിക്കാന്‍ സന്നദ്ധമാവുക എന്നതാണ്‌. മനുഷ്യന്‍ ഭൗതികലോകത്ത്‌ ദൈവാനുഗ്രഹങ്ങള്‍ ആസ്വദിച്ച്‌ ജീവിക്കുമ്പോള്‍ സ്രഷ്‌ടാവിന്റെ താല്‌പര്യങ്ങള്‍ക്കനുസരിച്ച്‌ ചരിക്കേണ്ടതുണ്ട്‌. അത്തരക്കാര്‍ക്ക്‌ മാത്രമേ മരണാനന്തരമുള്ള അനശ്വര ലോകത്ത്‌ സൗഖ്യം (സ്വര്‍ഗപ്രവേശം) ലഭിക്കൂ. അതാണ്‌ മനുഷ്യന്റെ ആത്യന്തിക വിജയവും.

മതമായി മനുഷ്യര്‍ക്ക്‌ അല്ലാഹു തൃപ്‌തിപ്പെട്ട്‌ നല്‌കിയ ഇസ്‌ലാം മുഹമ്മദ്‌ നബിയിലൂടെ പരിപൂര്‍ണമായി (5:3). അതില്‍ കൂട്ടുകയോ കുറക്കുകയോ ചെയ്യാവുന്നതല്ല. ഖുര്‍ആന്‍ പറയുന്നു: ``മുന്‍ വേദങ്ങളിലും ഈ വേദത്തിലും അല്ലാഹു നിങ്ങള്‍ക്ക്‌?മുസ്‌ലിംകള്‍ എന്ന പേര്‍ നല്‌കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കാനും നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കാനും വേണ്ടി.'' (22:78)

മുഹമ്മദ്‌ നബി മതസ്ഥാപകനല്ല. പുരോഹിതനല്ല. അല്ലാഹുവിന്റെ നിയമങ്ങളുടെ പ്രയോക്താവായിരുന്നു. അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. ഓരോ രംഗത്തും മാതൃകാപുരുഷനായി. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമമായ മാതൃകയുണ്ട്‌'' (33:21). ഈ മാതൃക- പ്രവാചകചര്യ-പിന്‍പറ്റി ജീവിക്കുകയാണ്‌ അല്ലാഹുവിന്റെ ഇഷ്‌ടം നേടാനുള്ള ഏകമാര്‍ഗം. ദൈവപ്രീതിയും പരലോകമോക്ഷവുമാണല്ലോ മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. ``നബിയേ, പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും.'' (3:31)

പ്രവാചകന്റെ വിധികളും തീരുമാനങ്ങളും തൃപ്‌തിപ്പെടാത്തവന്‍ വിശ്വാസിയാവുകയില്ല (4:56) എന്ന്‌ ഖുര്‍ആന്‍ പറയുന്നു.?സ്വന്തം മാതാപിതാക്കളെക്കാളും മക്കളെക്കാളും മറ്റു മനുഷ്യരെക്കാളും ഒരാള്‍ക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ ഞാനാകുന്നതുവരെ അയാള്‍ വിശ്വാസിയാകുകയില്ല എന്ന്‌ നബി(സ) പറഞ്ഞതും ഇക്കാര്യം തന്നെയാണ്‌. ഒരാളെ ഇഷ്‌ടപ്പെടുക എന്നുവെച്ചാല്‍ അദ്ദേഹത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ മാനിക്കുക, അദ്ദേഹത്തെ പിന്‍പറ്റുക എന്നൊക്കെയാണല്ലോ. പ്രവാചകനെ സ്‌നേഹിക്കാത്തവന്‍ മുസ്‌ലിമല്ല എന്നര്‍ഥം.

പ്രവാചകന്റെ അനുചരന്മാര്‍ (സ്വഹാബിമാര്‍) ഓരോരുത്തരും തന്നെക്കാള്‍ പ്രവാചകനെ സ്‌നേഹിച്ചിരുന്നു. ബി അബീ അന്‍ത വ ഉമ്മീ?(എന്റെ മാതാവും പിതാവും അങ്ങേക്ക്‌ പ്രായശ്ചിത്തമാണ്‌) എന്ന്‌ പറഞ്ഞുകൊണ്ടാണ്‌ സ്വഹാബികള്‍ നബിയെ സംബോധന ചെയ്‌തിരുന്നത്‌. രണാങ്കണത്തില്‍ സ്വന്തം ഭര്‍ത്താവും മക്കളും കൊല്ലപ്പെട്ടു എന്നറിഞ്ഞിട്ടും യുദ്ധക്കളത്തിലേക്കോടി, പ്രവാചകന്‍ സുരക്ഷിതനാണ്‌ എന്നറിഞ്ഞപ്പോള്‍ മനസ്സമാധാനത്തോടെ തിരിച്ചുപോന്ന സ്വഹാബി വനിതയുടെ വാക്കുകള്‍, അങ്ങേയ്‌ക്ക്‌ ശേഷം മറ്റേത്‌ പ്രയാസങ്ങളും നിസ്സാരമാണ്‌ എന്നായിരുന്നു.

ഈയൊരു സ്‌നേഹം കേവലപ്രകടനങ്ങളായിരുന്നില്ല; ആത്മാര്‍ഥമായിരുന്നു. മരണാനന്തരം നബിയെ കണ്ടുമുട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്കയാല്‍ കരയുന്ന സ്വഹാബികളെ ചരിത്രം വരച്ചുകാണിക്കുന്നു. നബി(സ)യെ കടിക്കാന്‍ സര്‍പ്പം വരാന്‍ സാധ്യതയുള്ള മാളം സ്വന്തം കാല്‍വിരല്‍കൊണ്ട്‌ അടച്ചുവെക്കുകയും സര്‍പ്പദംശനമേല്‍ക്കുകയും ചെയ്‌ത അബൂബക്കര്‍(റ), യുദ്ധക്കളത്തില്‍ നബിക്കു നേരെ വന്ന നിരവധി അമ്പുകള്‍ സ്വന്തം ദേഹംകൊണ്ട്‌ തടുത്ത്‌ മുറിവുകള്‍ക്കുമേല്‍ മുറിവുകള്‍ പറ്റിയ ത്വല്‍ഹ(റ) -സ്‌നേഹാതിരേകത്തിന്റെ ഈ മകുടോദാഹരണങ്ങള്‍ ലോക ചരിത്രത്തില്‍ ഒരു നേതാവിനും ലഭിച്ചിട്ടില്ല.

എന്നാല്‍ ഭൗതിക ഭരണാധികാരികളെപ്പോലെയോ മതപുരോഹിതന്മാരെപ്പോലെയോ, തന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ അനര്‍ഹമായത്‌ നല്‌കുന്ന സമ്പ്രദായം നബിക്കുണ്ടായിരുന്നില്ല. തനിക്ക്‌ നബി(സ)യോടൊത്ത്‌ സ്വര്‍ഗജീവിതം വേണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ച റബീഅ(റ)യോട്‌ നബി പറഞ്ഞത്‌, ധാരാളം നമസ്‌കാരം നിര്‍വഹിച്ചുകൊണ്ട്‌ എന്നെ നീ സഹായിക്കുക എന്നാണ്‌. അഥവാ കര്‍മഫലം മാത്രമാണ്‌ മോക്ഷത്തിന്നാധാരം എന്നര്‍ഥം. സ്‌തുതിപാഠകരെ നബിക്കിഷ്‌ടമായിരുന്നില്ല. നബി(സ) സ്വന്തം കരള്‍ കഷ്‌ണം എന്നു വിശേഷിപ്പിച്ച മകള്‍ ഫാത്വിമ(റ)യോട്‌ പറഞ്ഞ ഹൃദയസ്‌പൃക്കായ വാക്കുകള്‍ ലോകത്തിനെന്നും മാതൃകയാണ്‌: ``മകളേ, നരകത്തില്‍ നിന്ന്‌ നിന്നെ നീ തന്നെ കാത്തുകൊള്ളുക. ഉപ്പാക്ക്‌ നിനക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ല.''

``എന്റെ ചര്യയെ ആര്‍ ഇഷ്‌ടപ്പെട്ടുവോ അവന്‍ എന്നെ ഇഷ്‌ടപ്പെട്ടു. എന്നെ ആര്‍ ഇഷ്‌ടപ്പെട്ടുവോ അവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലാണ്‌'' എന്ന പ്രവാചകവചനം പ്രവാചകസ്‌നേഹം എങ്ങനെ എന്ന്‌ പഠിപ്പിക്കുന്നു. ഒരായുഷ്‌കാലം മുഴുവന്‍ ഒരു സമൂഹത്തിന്റെ ഭാഗമായി കഴിഞ്ഞുകൂടിയ മുഹമ്മദ്‌ നബി(സ) 23 വര്‍ഷം ദൈവദൂതനായിട്ടാണ്‌ ജീവിച്ചത്‌. അന്ത്യപ്രവാചകന്റെ ദൗത്യം അഥവാ ലോകാന്ത്യം വരെയുള്ള മനുഷ്യര്‍ക്ക്‌ മാതൃകയായുള്ള ജീവിതം പൂര്‍ത്തിയാക്കി വിടപറയും മുമ്പ്‌ അദ്ദേഹം ലോകത്തോട്‌ പ്രഖ്യാപിച്ചു: ``ഞാന്‍ നിങ്ങളില്‍ വിട്ടേച്ചുപോകുന്ന രണ്ടുകാര്യങ്ങള്‍ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴിപിഴക്കില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും(ഖുര്‍ആന്‍), അവന്റെ ദൂതന്റെ ചര്യയുമത്രെ (സുന്നത്ത്‌) അവ.''

പ്രവാചകന്റെ അന്ത്യത്തോടെ സന്മാര്‍ഗം അസ്‌തമിക്കുന്നില്ല. ലോകം നിലനില്‍ക്കുന്നേടത്തോളം ദിവ്യഗ്രന്ഥവും നബിചര്യയും നിലനില്‍ക്കും. പില്‍ക്കാലക്കാരായ ആളുകള്‍ ആ ചര്യ പിന്‍പറ്റി ജീവിക്കുക എന്നതാണ്‌ ഏറ്റവും വലിയ പ്രവാചകസ്‌നേഹം. പ്രവാചകന്റെ തേജസ്സിന്‌ നേരെ വരുന്ന കൂരമ്പുകള്‍ പ്രതിരോധിച്ചുകൊണ്ട്‌ നാവും പേനയും ഉപയോഗിച്ച്‌ ജിഹാദ്‌ ചെയ്യുക. സ്വഹാബികളുടെ ജീവിതത്തെ മാതൃകയാക്കുക. ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കാന്‍ ആവുന്നത്‌ ചെയ്യുക. ഇതാണ്‌ ഈ രംഗത്ത്‌ നമുക്ക്‌ ചെയ്യാനുള്ളത്‌.

നിര്‍ഭാഗ്യവശാല്‍ പില്‍ക്കാലത്ത്‌ പ്രവാചകസ്‌നേഹം എന്നപേരില്‍ നിരവധി അനാചാരങ്ങള്‍ കടന്നുകൂടി. ഇതര മതവിശ്വാസികള്‍ തങ്ങളുടെ ആചാര്യന്മാരോട്‌ കാണിക്കുന്ന തരത്തിലുള്ള നിലപാടുകള്‍, പുരോഹിതപ്രധാനമായ ആചാരങ്ങള്‍, സ്‌തുതികീര്‍ത്തനങ്ങള്‍, പ്രവാചകന്റെ ജന്മദിനാചരണം തുടങ്ങി പല നൂതന സമ്പ്രദായങ്ങളും കടന്നുകൂടി. യഥാര്‍ഥത്തില്‍ പ്രവാചകന്‍ കാണിച്ചുതന്നതല്ലാത്ത ആചാരങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ അനുഷ്‌ഠിച്ചുകൂടാ. ``ദീന്‍ കാര്യത്തില്‍ നമ്മുടെ നിര്‍ദേശമില്ലാത്ത കാര്യങ്ങള്‍ ആരെങ്കിലും ഉണ്ടാക്കിയാല്‍ അത്‌ തള്ളപ്പെടണം'' എന്ന്‌ പ്രവാചകന്‍(സ) കണിശമായി നിര്‍ദേശിച്ചിട്ടുണ്ട്‌.

സ്വന്തം ആത്മാവിനെക്കാള്‍ നബി(സ)യെ സ്‌നേഹിച്ച സ്വഹാബികള്‍ ചെയ്യാത്ത ഒരു കാര്യം `നബിസ്‌നേഹ'മെന്ന പേരില്‍ നമുക്ക്‌ ചെയ്‌തുകൂടാ. ശ്രീകൃഷ്‌ണ ജയന്തിയും ഗാന്ധിജയന്തിയും ക്രിസ്‌തു ജയന്തിയും കണ്ടു ശീലിച്ച ആളുകള്‍ `നബിജയന്തി' വലിയ ആഘോഷമായി ഇന്ന്‌ കൊണ്ടാടുന്നു. മുഹമ്മദ്‌നബി(സ) പഠിപ്പിച്ച മതത്തില്‍ ഇല്ലാത്ത ഒരു കാര്യം എത്ര ആകര്‍ഷകമായി തോന്നിയാലും എത്ര വലിയ ആളുകള്‍ ചെയ്‌താലും അതിന്‌ ഭൂരിപക്ഷപിന്തുണയുണ്ടെങ്കിലും അനുകരണീയമല്ല. ആദ്യകാലത്ത്‌ പ്രവാചക തൃപ്‌തി നേടുവാന്‍ സ്വഹാബികള്‍ എന്തു ചെയ്‌തുവോ അതു തന്നെയാണ്‌ പില്‍ക്കാലത്തും ചെയ്യാനുള്ളത്‌.

പ്രവാചക ചര്യയോ ചരിത്രമോ മനസ്സിലാക്കുകപോലും ചെയ്യാത്ത ആളുകള്‍ അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടുന്നതില്‍ മാത്രം സായൂജ്യം കണ്ടെത്തുന്നത്‌ ഇതര മതസ്ഥരെ അനുകരിക്കലല്ലാതെ മറ്റൊന്നുമല്ല. തന്റെയോ മുന്‍ പ്രവാചകരുടെയോ അനുചരന്മാരുടെയോ സ്വന്തം മക്കളുടെയോ ജന്മദിനം പ്രത്യേകം പരിഗണിക്കുകപോലും ചെയ്യാത്ത പ്രവാചകന്റെ ജന്മദിനം സാഘോഷം കൊണ്ടാടുന്നത്‌ പ്രവാചക നിന്ദയാണ്‌. മാത്രമല്ല, ജീവിതത്തിലുടനീളമുണ്ടാവേണ്ട പ്രവാചകസ്‌നേഹം ആണ്ടില്‍ ഒരു ദിനമായി ചുരുക്കുകയുമാവും അതിന്റെ ഫലം.

Shabab 2012 Feb 03

No comments:

Post a Comment