ഉമര്‍ബിന്‍ അബ്‌ദില്‍ അസീസും മകന്‍ അബ്‌ദുല്‍ മലികും വിനയം കൊണ്ട് ഭരണം നടത്തിയവര്‍
അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്
മഹാനായ താബിഅ് ഉമര്‍ബിന്‍ അബ്‌ദില്‍ അസീസ് തന്റെ മുന്‍ഗാമി സുലൈമാന്‍ ബിന്‍ അബ്‌ദില്‍ മലികിന്റെ ഖബറിലേക്കു മൂന്നുപിടി മണ്ണ് വാരിയിട്ട് കൈ തുടച്ച് പിന്നിലേക്കു മാറിയപ്പോള്‍ തന്റെ ചുറ്റും നിന്ന് ഒരു ആരവം കേട്ടു. അദ്ദേഹം ചോദിച്ചു: ``എന്താണിത്?''
``അമീറുല്‍ മുഅ്‌മിനീന്‍ അങ്ങേക്ക് സഞ്ചരിക്കാന്‍ തയ്യാറാക്കിയ ഔദ്യോഗിക വാഹനങ്ങളാണിത്'' -അവര്‍ പറഞ്ഞു.
ഉറക്കമൊഴിച്ചതിനാല്‍ ക്ഷീണം ബാധിച്ച നേരിയ ശബ്‌ദത്തില്‍ അദ്ദേഹം പറഞ്ഞു: ``ഞാനും അതും തമ്മില്‍ എന്തു ബന്ധം? അവയെ എന്റെ മുമ്പില്‍ നിന്ന് കൊണ്ടുപോകൂ! എന്റെ കോവര്‍ കഴുതയെ ഇങ്ങോട്ടു കൊണ്ടുവരൂ. എനിക്കത് മതി.''
അദ്ദേഹം കഴുതപ്പുറത്ത് കയറിപ്പോകാനൊരുങ്ങിയപ്പോള്‍ ആചാരപ്രകാരം പട്ടാള മേധാവി മുന്നിലും തിളങ്ങുന്ന ആയുധങ്ങളുമായി ഭടന്മാര്‍ ഇരുവശത്തും അണിനിരന്നു. അപ്പോള്‍ അദ്ദേഹം പട്ടാള മേധാവിയോട് പറഞ്ഞു: ``എനിക്കിതിന്റെയൊന്നും ആവശ്യമില്ല. മുസ്‌ലിം സമൂഹത്തിലെ ഒരു വ്യക്തി മാത്രമാണ് ഞാന്‍. അവര്‍ പോകുന്നതു പോലെ ഞാന്‍ പോവുകയും വരികയും ചെയ്യും.''
അനന്തരം ജനങ്ങളോടൊപ്പം അദ്ദേഹം പള്ളിയിലേക്കു നീങ്ങി. പള്ളിയില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടാന്‍ വേണ്ടി അസ്സലാതുല്‍ ജാമിഅ, അസ്സലാതുല്‍ ജാമിഅ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അതുകേട്ട ജനങ്ങള്‍ നാനാഭാഗത്തു നിന്നും പള്ളിയിലേക്ക് ഒഴുകി. എല്ലാവരും എത്തിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം എഴുന്നേറ്റുനിന്നു പ്രസംഗം ആരംഭിച്ചു. അല്ലാഹുവിനെ സ്‌തുതിക്കുകയും പ്രവാചകനു മേല്‍ സലാത്തു ചൊല്ലുകയും ചെയ്‌ത ശേഷം അദ്ദേഹം പറഞ്ഞു: ``ജനങ്ങളേ, എന്റെ അഭിപ്രായം ആരായാതെയും എന്നോട് ആവശ്യപ്പെടാതെയും മുസ്‌ലിംകളോട് ആലോചിക്കാതെയുമാണ് എന്നെ ഖലീഫയാക്കിയത്. ഇതൊരു പരീക്ഷണമാണ്. എനിക്ക് ഇതാവശ്യമില്ല. ഞാന്‍ ഈ സ്ഥാനം ഒഴിയുകയാണ്. നിങ്ങള്‍ക്ക് ഇഷ്‌ടമുള്ളവരെ ഖലീഫയായി തെരഞ്ഞെടുത്തോളൂ.''
``ഞങ്ങള്‍ നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു. നിങ്ങളെ ഞങ്ങള്‍ ഇഷ്‌ടപ്പെട്ടിരിക്കുന്നു. സര്‍വവിധ അനുഗ്രഹങ്ങളോടെയും അങ്ങ് ഭരണം ഏറ്റെടുക്കുക'' -ജനം ഏകസ്വരത്തില്‍ വിളിച്ചുപറഞ്ഞു.
സംസാരങ്ങള്‍ നിലയ്‌ക്കുകയും ഹൃദയം ശാന്തമാവുകയും ചെയ്‌തപ്പോള്‍ ഒരിക്കല്‍ കൂടി ആമുഖവാക്യങ്ങള്‍ക്കു ശേഷം അദ്ദേഹം പ്രസംഗം ആരംഭിച്ചു. ആ പ്രസംഗത്തില്‍ ഭയഭക്തിയുള്ളവരാകാനും ഭൗതിക സുഖാഡംബരങ്ങളില്‍ നിന്ന് വിരക്തമാകാനും പരലോക ജീവിതത്തിലേക്കുള്ള തയ്യാറെടുപ്പിനു പ്രേരിതരാകാനും അദ്ദേഹം ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഏത് കടുത്ത ഹൃദയത്തെയും അലിയിക്കുന്ന ശൈലിയില്‍ മരണത്തെ ഓര്‍മപ്പെടുത്തി.
ക്ഷീണിച്ച ശബ്‌ദമുയര്‍ത്തി ജനങ്ങളെല്ലാം കേള്‍ക്കുന്ന വിധം അദ്ദേഹം പറഞ്ഞു: ``ജനങ്ങളേ, അല്ലാഹുവിനെ അനുസരിക്കുന്നവരെ അനുസരിക്കല്‍ നിര്‍ബന്ധമാണ്. അല്ലാഹുവിനെ ധിക്കരിക്കുന്നവരെ അനുസരിക്കാന്‍ ഒരാള്‍ക്കും ബാധ്യതയില്ല. ജനങ്ങളേ, ഞാന്‍ അല്ലാഹുവെ അനുസരിക്കുവോളം നിങ്ങളെന്നെ അനുസരിക്കുക. ഞാന്‍ അല്ലാഹുവോട് അനുസരണക്കേട് കാണിച്ചാല്‍ എന്നെ അനുസരിക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ല.''
അനന്തരം മിമ്പറില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു. മുറിയില്‍ പ്രവേശിച്ചു. ഖലീഫയുടെ മരണത്തെ തുടര്‍ന്നു അനുഭവിച്ച ശക്തമായ ക്ഷീണത്തില്‍ നിന്നു ആശ്വാസം ലഭിക്കാന്‍ അല്‌പസമയം വിശ്രമിക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചു.
പക്ഷെ, ഉമര്‍ബിന്‍ അബ്‌ദുല്‍ അസീസ് വിരിപ്പില്‍ തല വെച്ച് കിടക്കാന്‍ ഒരുങ്ങുമ്പോഴേക്കും മകന്‍ അബ്‌ദുല്‍ മലിക് കടന്നുവന്നു. കേവലം പതിനേഴാം വയസ്സിലേക്കു കാലെടുത്തുവെച്ച ഒരു ചെറുപ്പക്കാരനാണദ്ദേഹം. മകന്‍ ചോദിച്ചു: ``അമീറുല്‍ മുഅ്‌മിനീന്‍, അങ്ങ് എന്ത് ചെയ്യാനാണുദ്ദേശിക്കുന്നത്.''
``മോനെ, അല്‌പമൊന്നു മയങ്ങണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇന്നലെ പൂര്‍ണമായും ഉറക്കമൊഴിച്ചതുകൊണ്ട് ശരീരത്തില്‍ തീരെ ശക്തിയില്ല. ഒരു തളര്‍ച്ച അനുഭവപ്പെടുന്നു'' -ഖലീഫ പറഞ്ഞു.
``അന്യായമായി പിടിച്ചെടുക്കപ്പെട്ട ധനം അതിന്റെ ആളുകള്‍ക്ക് മടക്കിക്കൊടുക്കുന്നതിനു മുമ്പ് അങ്ങ് ഉറങ്ങാന്‍ ശ്രമിക്കുകയാണോ അമീറുല്‍ മുഅ്‌മിനീന്‍?''
``മോനെ! നിന്റെ പിതൃവ്യന്‍ സുലൈമാന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രി ഞാന്‍ പൂര്‍ണമായി ഉറക്കമൊഴിച്ചു. അതിന്റെ ക്ഷീണമുണ്ട് ശരീരത്തിന്. അതുകൊണ്ട് അല്‌പമൊന്ന് ഉറങ്ങാമെന്ന് വിചാരിച്ചു. ളുഹ്‌റിന്റെ സമയമായാല്‍ ജനങ്ങളോടൊത്ത് നമസ്‌കാരം നിര്‍വഹിച്ച ശേഷം അന്യായമായി പിടിച്ചെടുത്ത ധനം അതിന്റെ ആള്‍ക്കാര്‍ക്കു മടക്കിക്കൊടുക്കാം. ഇന്‍ശാഅല്ലാഹ്.''
``അമീറുല്‍ മുഅ്‌മിനീന്‍! ഉച്ചവരെ ജീവിക്കുമെന്ന് താങ്കള്‍ക്കാരാണ് വാക്ക് തന്നത്?'' -മകന്‍ ചോദിച്ചു.
ഈ വാക്ക് ഉമറിന്റെ നിശ്ചയദാര്‍ഢ്യത്തിനു തീപിടിപ്പിച്ചു. കണ്ണില്‍ നിന്ന് ഉറക്കം അപ്രത്യക്ഷമായി. ക്ഷീണിച്ച ശരീരത്തിനു ശക്തിയും ദൃഢതയും പുനര്‍ജനിച്ചു. എന്നിട്ട് പറഞ്ഞു: ``മകനേ, എന്റെ അടുത്തേക്കു വരൂ!''
അടുത്തുചെന്ന് മകനെ കെട്ടിപ്പിടിച്ച് ഇരു കണ്ണുകള്‍ക്കിടയില്‍ അദ്ദേഹം ചുംബനമര്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു: ``എന്റെ മതകാര്യങ്ങളില്‍ എന്നെ സഹായിക്കുന്ന ഒരു മകന് ജന്മം നല്‌കാന്‍ കഴിഞ്ഞതില്‍ അല്ലാഹുവിനു സ്‌തുതി.''
``ആരില്‍ നിന്നെങ്കിലും ധനം അക്രമമായി പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അവന്‍ പരാതിയുമായി ഖലീഫയെ സമീപിക്കട്ടെ'' എന്ന് ജനങ്ങളില്‍ വിളംബരം ചെയ്യാന്‍ ഖലീഫ ആജ്ഞാപിച്ചു.
എന്നാല്‍ ആരാണ് അബ്‌ദുല്‍ മലിക്.
തന്റെ പിതാവിനെ ആരാധനാ കാര്യങ്ങളില്‍ വ്യാപൃതനാക്കിയതും പരിത്യാഗത്തിന്റെ മാര്‍ഗത്തില്‍ പ്രവേശിപ്പിച്ചതും ഈ കൊച്ചുമകനാണെന്ന് ജനം പറഞ്ഞ ചെറുപ്പക്കാരന്റെ കഥ നമുക്കറിയേണ്ടേ!
ഉമര്‍ബിന്‍ അബ്‌ദില്‍ അസീസിന് പതിനഞ്ച് മക്കളാണുണ്ടായിരുന്നത്. അതില്‍ മൂന്നുപേര്‍ പെണ്‍കുട്ടികളാണ്.
എല്ലാവരും ഭയഭക്തിയുടെയും നന്മയുടെയും പാരമ്യത്തിലെത്തിയിരുന്നു. പക്ഷെ അവരിലെ തിളങ്ങുന്ന താരവും മാലയിലെ മുത്തും അബ്‌ദുല്‍ മലിക് ആയിരുന്നു.
കൗമാര പ്രായക്കാരനെങ്കിലും യുവാക്കളുടെ ബുദ്ധിസാമര്‍ഥ്യം പ്രകടിപ്പിച്ച അബ്‌ദുല്‍മലിക് സാഹിത്യതല്‍പരനും വിദഗ്‌ധനുമായിരുന്നു. കുട്ടിക്കാലം മുതല്‍ ദൈവികാരാധനയില്‍ വളര്‍ന്ന അദ്ദേഹം രൂപഭാവങ്ങളില്‍ ഖത്താബ് കുടുംബത്തോട് ഏറ്റവും അടുത്ത ആളായിരുന്നു. പ്രത്യേകിച്ച് തഖ്‌വയിലും പാപങ്ങളെക്കുറിച്ചുള്ള പേടിയിലും. അബ്‌ദുല്ലാഹിബ്‌നു ഉമറിനോടായിരുന്നു അദ്ദേഹത്തിന് ഏറെ സാദൃശ്യം.
പിതൃവ്യപുത്രന്‍ ആസ്വിം ഒരു സംഭവം വിവരിക്കുന്നു: ``ഒരു കാര്യത്തിനായി ഞാന്‍ ദിമശ്‌ഖിലെത്തി. എന്റെ പിതൃവ്യന്‍ അബ്‌ദുല്‍ മലികിന്റെ അരികില്‍ ചെന്നു. അദ്ദേഹം അവിവാഹിതനാണ്. ഞങ്ങള്‍ ഇശാ നമസ്‌കരിച്ചതിനു ശേഷം ഉറങ്ങാന്‍ കിടന്നു. അബ്‌ദുല്‍ മലിക് വിളക്കണച്ചു. ഞങ്ങളുടെ കണ്‍പോളകള്‍ ഉറക്കത്തിലേക്ക് വഴുതിവീണു. പിന്നെ പാതിരാത്രിക്കു ഞാന്‍ എഴുന്നേറ്റപ്പോള്‍ അബ്‌ദുല്‍ മലിക് ഇരുട്ടില്‍ നമസ്‌കരിച്ചുകൊണ്ടിരിക്കുന്നു. ഈ ഖുര്‍ആന്‍ വചനമാണ് അദ്ദേഹം പാരായണം ചെയ്‌തിരുന്നത്: `എന്നാല്‍ നീ ആലോചിച്ചിട്ടുണ്ടോ? നാം അവര്‍ക്ക് കുറെ കൊല്ലങ്ങളോളം സുഖസൗകര്യം നല്‌കുകയും അനന്തരം അവര്‍ക്ക് താക്കീതു നല്‌കപ്പെട്ടുകൊണ്ടിരിക്കുന്ന ശിക്ഷ അവര്‍ക്ക് വരികയും ചെയ്യുന്നുവെന്ന് വെക്കുക. (എന്നാലും) അവര്‍ക്ക് നല്‌കപ്പെട്ടിരുന്ന ആ സുഖസൗകര്യങ്ങള്‍ അവര്‍ക്കൊരു പ്രയോജനവും ചെയ്യുമായിരുന്നില്ല.'' (അശ്ശുഅറാഅ് 205-207)
അദ്ദേഹം ഈ ആയത്തുകള്‍ ആവര്‍ത്തിച്ച് തേങ്ങിത്തേങ്ങിക്കരയുന്നു. ഹൃദയധമനികളെ മുറിച്ചുകളയുന്ന രീതിയില്‍. കുറേ നേരം ഇത് കണ്ടപ്പോള്‍ കരച്ചില്‍ നിമിത്തം അദ്ദേഹം മരണപ്പെട്ടുപോകുമോ എന്നു ഞാന്‍ ഭയന്നു. ഉറക്കില്‍ നിന്നുണരുന്ന ആള്‍ പറയുന്നതു പോലെ ലാഇലാഹ ഇല്ലല്ലാഹ് വല്‍ഹംദുലില്ലാഹ് എന്ന് ഞാന്‍ ഉറക്കെപ്പറഞ്ഞു. കരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം.
എന്റെ ശബ്‌ദം കേട്ടതോടെ എല്ലാം നിശ്ശബ്‌ദം. ഒരു ചലനംപോലും പിന്നീട് കേള്‍ക്കാനില്ല.''
അദ്ദേഹം ആ കാലഘട്ടത്തിലെ പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യത്വം നേടിയിരുന്നു. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും അവഗഹമുണ്ടായിരുന്നു. കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ കഴിവു തെളിയിച്ചു. ചെറു പ്രായത്തിലേ തന്നെ ശാമിലെ പണ്ഡിതന്മാരോട് അദ്ദേഹം കിടപിടച്ചു.
ഒരിക്കല്‍ ഉമര്‍ ബിന്‍ അബ്‌ദില്‍ അസീസ് ശാമിലെ കര്‍മശാസ്‌ത്രപണ്ഡിതന്മാരെ ക്ഷണിച്ചുവരുത്തിയിട്ട് പറഞ്ഞു: ``എന്റെ കുടുംബത്തിന്റെ കൈവശമുള്ള അന്യായ സമ്പത്തിനെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ നിങ്ങളെ വിളിച്ചുവരുത്തിയത്. എന്താണ് അതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം?''
അവര്‍ പറഞ്ഞു: ``അമീറുല്‍ മുഅ്‌മിനീന്‍! ഈ കാര്യങ്ങള്‍ നിങ്ങളുടെ ഭരണകാലത്ത് നടന്നതല്ലല്ലോ? ഈ അന്യയത്തിന്റെ കുറ്റം അത് പിടിച്ചെടുത്തവര്‍ക്കാണ്.''
പക്ഷേ, അവര്‍ പറഞ്ഞ അഭിപ്രായം ഖലീഫക്ക് സ്വീകാര്യമായില്ല. അവരുടെ അഭിപ്രായത്തിനു വിരുദ്ധമായ അഭിപ്രായങ്ങളുള്ള ഒരാള്‍ ഖലീഫയുടെ നേരെ തിരിഞ്ഞു: ``അമീറുല്‍ മുഅ്‌മിനീന്‍! താങ്കള്‍ അബ്‌ദുല്‍ മലിക്കിനെ വിളിപ്പിക്കൂ. നിങ്ങള്‍ വിളിപ്പിച്ചവരേക്കാള്‍ പാണ്ഡിത്യത്തിലും ബുദ്ധിയിലും ഒട്ടും പിറകിലല്ല അദ്ദേഹം.''
അബ്‌ദുല്‍ മലിക് വന്നപ്പോള്‍ ഖലീഫ പറഞ്ഞു: ``നമ്മുടെ പിതൃവ്യസന്തതികള്‍ അന്യായമായി അധീനപ്പെടുത്തിയ സമ്പത്തുക്കളെ കുറിച്ചുള്ള നിന്റെ അഭിപ്രായം എന്താണ്? അതിന്റെ അവകാശികള്‍ ഹാജരാവുകയും അവ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അവരുടെ അവകാശത്തെക്കുറിച്ചു നാം മനസ്സിലാക്കിയിട്ടുമുണ്ട്.''
``നിങ്ങള്‍ മനസ്സിലാക്കിയ സ്ഥിതിക്ക് അത് അവകാശികള്‍ക്ക് തിരിച്ചുകൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അന്യായമായി സമ്പാദിച്ചവരോടൊപ്പം നിങ്ങളും തെറ്റില്‍ പങ്കാളിയാണ്'' -ഈ അഭിപ്രായം കേട്ടപ്പോള്‍ ഉമറുബിന്‍ അബ്‌ദില്‍ അസീസിന് ആശ്വാസം തോന്നുകയും മനപ്രയാസങ്ങള്‍ നീങ്ങുകയും ചെയ്‌തു.
ശാമില്‍ താമസിക്കുന്നതിനെക്കാള്‍ അതിര്‍ത്തി സുരക്ഷാ സേനയല്‍ ചേര്‍ന്നു അതിനടുത്ത് ഒരു ഗ്രാമത്തില്‍ താമസിക്കാനാണ് അദ്ദേഹം ഇഷ്‌ടപ്പെട്ടത്. ഏഴ് നദികളും മനോഹര പൂന്തോട്ടങ്ങളും തണലുകളുമുള്ള ദിമിശ്‌ഖ് വിട്ട് അദ്ദേഹം യാത്രയായി.
മകന്റെ ഭക്തിയെക്കുറിച്ചും നന്മയെക്കുറിച്ചും നല്ലവണ്ണം അറിയുമെങ്കിലും വല്ല പൈശാചിക വലയിലും പെട്ടുപോകുമോ എന്ന ആശങ്കയായിരുന്നു പിതാവിന്. എല്ലാ കാര്യങ്ങളും അറിയണമെന്ന താല്‌പര്യവും. ഒരു കാര്യവും അവഗണിക്കുകയോ അശ്രദ്ധമായി വിടുകയോ ചെയ്‌തിരുന്നില്ല.
ഉമര്‍ബിന്‍ അബ്‌ദുല്‍ അസീസിന്റെ മന്ത്രിയും ഉപദേഷ്‌ടാവുമായിരുന്ന മൈമൂനുബിനു മഹ്‌റാന്‍ പറയുന്നു: ഞാനൊരിക്കല്‍ ഉമറുബിന്‍ അബ്‌ദില്‍ അസീസിന്നരികില്‍ കടന്നുചെല്ലുമ്പോള്‍ അദ്ദേഹം മകന്‍ അബ്‌ദുല്‍ മലികിനു കത്തെഴുതുകയായിരുന്നു. ഉപദേശങ്ങളും നിര്‍ദേശങ്ങളും സന്തോഷവാര്‍ത്തയും താക്കീതുകളും എല്ലാം ആ കത്തിലുണ്ടായിരുന്നു. കത്തിലെ ചില ഭാഗങ്ങള്‍:
``എന്നില്‍ നിന്നു വല്ലതും പഠിക്കാനും എന്റെ വാക്കുകള്‍ മനസ്സിലാക്കാനും ഏറ്റവും അര്‍ഹന്‍ നീയാണ്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അല്ലാഹു നമുക്ക് നന്മ ചെയ്‌തിട്ടുണ്ട്. നിനക്കും നിന്റെ മാതാപിതാക്കള്‍ക്കും അല്ലാഹു ചെയ്‌ത അനുഗ്രഹങ്ങളെക്കുറിച്ച് നീ എപ്പോഴും ഓര്‍ത്തുകൊണ്ടേയിരിക്കണം. അഹങ്കാരവും തന്‍പോരിമയും നീ സൂക്ഷിക്കുക. അവ പിശാചിന്റെ പ്രവര്‍ത്തനങ്ങളാണ്. വിശ്വാസികളുടെ പ്രത്യക്ഷ ശത്രുവാണ് പിശാച്. നിന്നെക്കുറിച്ച് പ്രത്യേകമായ വിവരങ്ങളൊന്നും കിട്ടിയതിന്റെ അടിസ്ഥാനത്തിലല്ല ഈ എഴുത്ത്. നിന്നെക്കുറിച്ച് നന്മ മാത്രമേ ഞാന്‍ അറിഞ്ഞിട്ടുള്ളൂ. നിനക്ക് നിന്നെക്കുറിച്ച് അമിതമായ മതിപ്പുണ്ടെന്ന വിവരം എനിക്കു ലഭിച്ചിട്ടുണ്ട്. അത്തരം മതിപ്പുകള്‍ ഞാന്‍ വെറുക്കുന്ന കാര്യങ്ങളിലേക്ക് നിന്നെ നയിച്ചേക്കാം.''
അനന്തരം എന്റെ നേരെ തിരിഞ്ഞുപറഞ്ഞു: ``മൈമൂന്‍, എന്റെ ദൃഷ്‌ടിയില്‍ എന്റെ മകന്‍ അങ്ങേയറ്റം നല്ലവനാണ്. ഈ വിഷയത്തില്‍ ഞാനെന്നെ തെറ്റിദ്ധരിക്കുന്നു. അവനെക്കുറിച്ചുള്ള അഗാധായ സ്‌നേഹം ഞാന്‍ അറിയേണ്ട പല കാര്യങ്ങളും അറിയുന്നതിനു തടസ്സമായി നില്‌ക്കുന്നുവോ എന്നു ഞാന്‍ ഭയപ്പെടുന്നു. മക്കളുടെ ന്യൂനതയെക്കുറിച്ചു അധിക പിതാക്കന്മാര്‍ക്കുമുള്ള അജ്ഞത എന്നെയും ബാധിച്ചുവോ എന്നു ഞാന്‍ പേടിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അങ്ങോട്ടുപോയി അവന്റെ യാഥാര്‍ഥ്യങ്ങള്‍ പരീക്ഷിച്ചറിയണം. അഹങ്കാരവും ആഭിജാത്യവും തോന്നിപ്പിക്കുന്ന വല്ലതും കാണുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. അവന്‍ വളരെ ചെറുപ്പമാണ്. പിശാചിനെ കുറിച്ച് ഞാന്‍ നിര്‍ഭയനാകുന്നില്ല.''
മൈമൂന്‍ പറയുന്നു: ``ഞാന്‍ അബ്‌ദുല്‍ മലികിന്റെ അരികിലേക്കു യാത്ര തിരിച്ചു. അവിടെ എത്തിയപ്പോള്‍ പ്രവേശനാനുമതി തേടി അകത്തുകടന്നു. അത്യധികം വിനയമുള്ള, കാണാന്‍ ഭംഗിയുള്ള, യുവത്വത്തിലേക്ക് പ്രവേശിക്കുന്ന ഒരു ചെറുപ്പക്കാരന്‍. ഒരു കമ്പിളിയുടെ മീതെ ഒരു വിരിപ്പില്‍ അദ്ദേഹം ഇരിക്കുന്നു. എന്നെ സ്വാഗതം ചെയ്‌തുകൊണ്ട് അദ്ദേഹം പറഞ്ഞു: നിങ്ങളെക്കുറിച്ച് എന്റെ ഉപ്പ പലപ്പോഴും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ നന്മകള്‍ പ്രയോജനപ്പെടുത്തണമെന്ന് ഞാന്‍ വിചാരിക്കുകായിരുന്നു.
``നിങ്ങളുടെ വിശേഷങ്ങള്‍ എന്തൊക്കെയുണ്ട്'' -ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.
``അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നല്ലതു തന്നെ. പക്ഷെ എന്നെക്കുറിച്ച് എന്റെ പിതാവിനുള്ള നല്ല അഭിപ്രായം എന്നെ ചതിയിലകപ്പെടുത്തുമോ എന്നാണെന്റെ അഭിപ്രായം. ഉപ്പ വിചാരിക്കുന്നത്ര മഹത്വമൊന്നും ഞാന്‍ നേടിയിട്ടില്ല. എന്നോടുള്ള സ്‌നേഹം എന്നെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കേണ്ട പലതും മനസ്സിലാക്കുന്നതിനു തടസ്സമാകുന്നുണ്ടോ എന്നും ഞാന്‍ ഭയക്കുന്നു. അങ്ങനെയെങ്കില്‍ അത് അദ്ദേഹത്തിന് അപകടം ചെയ്യും.''
ഒരേപോലെയുള്ള രണ്ടുപേരുടെയും സംസാരം എന്നെ അത്ഭുതപ്പെടുത്തി. അനന്തരം ഞാന്‍ ചോദിച്ചു: ``നിങ്ങളുടെ ജീവിത മാര്‍ഗങ്ങള്‍ എങ്ങനെയാണ്?''
പിതാവില്‍ നിന്ന് അനന്തരമായി ഒരാള്‍ക്കു ലഭിച്ച സ്ഥലം ഞാന്‍ വിലകൊടുത്തു വാങ്ങി. അതില്‍ നിന്നുള്ള വരുമാനം കൊണ്ടുജീവിക്കുന്നു. അതുകൊണ്ട് മുസ്‌ലിംകളുടെ സമരാര്‍ജിത സമ്പത്തില്‍ നിന്ന് ഒന്നും എനിക്കാവശ്യമില്ല.
``അപ്പോള്‍ നിങ്ങളുടെ ഭക്ഷണരീതി?''
``ഒരു ദിവസം മാംസം. ഒരു ദിവസം പയര്‍വര്‍ഗവും എണ്ണയും - ഇങ്ങനെയാണ് ഭക്ഷണരീതി.''
``സ്വന്തത്തെ കുറിച്ച് മതിപ്പ് തോന്നുന്നുണ്ടോ?'' -ഞാന്‍ ചോദിച്ചു.
``അല്‌പമുണ്ടായിരുന്നു. പിതാവ് എന്നെ ഉപദേശിക്കുകയും ശരീരത്തിന്റെ യാഥാര്‍ഥ്യത്തെ കുറിച്ച് ഉള്‍ക്കാഴ്‌ച ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്‌തപ്പോള്‍ ഞാന്‍ വളരെ നിസ്സാരനാണന്നു മനസ്സിലാക്കി. പിതാവിനു അല്ലാഹു തക്ക പ്രതിഫലം നല്‌കട്ടെ.''
പരസ്‌പരം സംസാരിച്ചും അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടും അല്‌പസമയം ഇരുന്നു. അപ്പോള്‍ ഒരു കാര്യം എനിക്ക് മനസ്സിലായി. അദ്ദേഹത്തേക്കാള്‍ മുഖകാന്തിയുള്ള, ബുദ്ധികൂര്‍മതയുള്ള, സംസ്‌കാരമഹിമയുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. വയസ്സും അനുഭവങ്ങളും വളരെ കുറവായിരുന്നിട്ടും.
വൈകുന്നേരമായപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ വന്നു പറഞ്ഞു: ``പണി കഴിഞ്ഞു.''
അദ്ദേഹം ഒന്നും മിണ്ടിയില്ല.
``എന്ത് പണിയാണ് അവര്‍ തീര്‍ത്തത്?'' -ഞാന്‍ ആരാഞ്ഞു.
``കുളിപ്പുരയുടെ''
``എന്തിന്?''
``ജനങ്ങളില്‍ നിന്ന് മാറി എനിക്ക് ഒറ്റയ്‌ക്കു കുളിക്കാന്‍''
``നിങ്ങളെക്കുറിച്ച് ഒരു നല്ല മതിപ്പിലായിരുന്നു ഞാന്‍. അപ്പോഴാണല്ലോ ഇത് കേള്‍ക്കുന്നത്?''
ഭയത്തോടെ അദ്ദേഹം ചോദിച്ചു. ``അതിനെന്താ പ്രശ്‌നം?''
``നിങ്ങള്‍ക്കു മാത്രം ഒരു കുളിപ്പുരയോ? ജനങ്ങളില്‍ നിന്നു മാറി ഇങ്ങനെയൊരു കാര്യത്തിനു നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്? താങ്കള്‍ക്ക് അവരേക്കാള്‍ ഉന്നതനാകാനും അവരേക്കാള്‍ പദവിയിലാണെന്ന് വരുത്താനുമാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? മറ്റാളുകളെ അങ്ങോട്ട് പ്രവേശിപ്പിക്കാതെ കുളിപ്പുരയുടെ ഉടമക്കു അയാളുടെ വരുമാനം തടയുകയല്ലേ നിങ്ങള്‍?'' -ഞാന്‍ ചോദിച്ചു.
``കുളിപ്പുരയുടെ ഉടമക്കു ഞാന്‍ ഫീസ് നല്‌കുകയും അയാളെ തൃപ്‌തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്'' -അബ്‌ദുല്‍ മലിക് പറഞ്ഞു.
``അഹങ്കാരം മൂലമുള്ള ഒരു അധിക ചെലവല്ലേ ഇത്? മറ്റുള്ളവരോടൊപ്പം പൊതു കുളിമുറിയില്‍ നിന്ന് കുളിക്കാന്‍ നിങ്ങള്‍ക്കെന്താണ് തടസ്സം? നിങ്ങളും അവരില്‍ ഒരാളല്ലേ?''
``സാധാരണക്കാരായ ഒരു കൂട്ടം ആളുകള്‍ ഔറത്തുകള്‍ വേണ്ടത്ര മറയ്‌ക്കാതെ കുളിമുറിയില്‍ കടന്നുവരും. അങ്ങനെ അന്യരുടെ ഔറത്ത് കാണാന്‍ ഇടവരും. അതാണ് പൊതുസ്ഥലത്തുള്ള കുളിയില്‍ നിന്ന് എന്നെ തടയുന്നത്. ഇനി പൂര്‍ണമായി മറക്കാന്‍ ഞാന്‍ അവരെ നിര്‍ബന്ധിക്കുകയാണെങ്കില്‍ ഞാന്‍ രക്ഷപ്പെടണമെന്ന് എപ്പോഴും ആഗ്രഹിക്കുന്ന അധികാരത്തിന്റെ പിന്‍ബലത്താലുള്ള ഒരു പ്രവൃത്തിയായി അത് വ്യാഖ്യാനിക്കപ്പെടും. ഈ കാര്യത്തില്‍ നിന്നു രക്ഷപ്പെടാന്‍ താങ്കള്‍ എനിക്കു ഒരു നിര്‍ദേശം നല്‌കണം.''
``ജനങ്ങള്‍ കുളിമുറിയില്‍ നിന്ന് ഒഴിവാകുന്ന രാത്രിവരെ താങ്കള്‍ കാത്തിരിക്കണം. അങ്ങനെ അവരെല്ലാം വീട്ടിലേക്കു മടങ്ങുമ്പോള്‍ നിങ്ങള്‍ക്കു കുളിമുറിയില്‍ പ്രവേശിക്കാം'' -ഞാന്‍ പറഞ്ഞു.
``അതിന് പ്രശ്‌നമില്ല. ഇന്നു മുതല്‍ ഒരിക്കലും ഞാന്‍ പകല്‍ സമയത്ത് കുളിമുറിയില്‍ പ്രവേശിക്കില്ല'' -അദ്ദേഹം പറഞ്ഞു.
കുറച്ചു സമയം തലതാഴ്‌ത്തി എന്തോ ചിന്തിച്ച ശേഷം തല ഉയര്‍ത്തി ഇങ്ങനെ പറഞ്ഞു: ``ഞാന്‍ സത്യം ചെയ്‌തു പറയുകയാണ്. ഈ വിവരം നിങ്ങള്‍ എന്റെ ഉപ്പയില്‍ നിന്നു മറച്ചുവെക്കണം. അല്ലാത്ത പക്ഷം അദ്ദേഹത്തിനു എന്നോട് വെറുപ്പു തോന്നുമെന്നും, അദ്ദേഹത്തിന്റെ തൃപ്‌തിയില്ലാതെ മരിച്ചുപോയേക്കുമെന്നും ഞാന്‍ ഭയപ്പെടുന്നു.''
അദ്ദേഹത്തിന്റെ ബുദ്ധി പ്രതിരോധിക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു: ``അനിഷ്‌ടകരമായത് വല്ലതും കണ്ടോ എന്നു അമിറുല്‍ മുഅ്‌മീനീന്‍ ചോദിച്ചാല്‍ ഞാന്‍ അദ്ദേഹത്തോട് കളവ് പറയുന്നത് നിങ്ങള്‍ക്ക് ഇഷ്‌ടമാകുമോ?''
``ഇല്ല'' -അദ്ദേഹം പറഞ്ഞു.
``പടച്ചവന്‍ കാക്കട്ടെ. പക്ഷെ, നിങ്ങള്‍ ഇങ്ങനെ പറഞ്ഞാല്‍ മതി. ചില കാര്യങ്ങള്‍ ഞാന്‍ കണ്ടപ്പോള്‍ ഉപദേശിക്കുകയും അതിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്‌തു. ഉടന്‍ തന്നെ അതില്‍ നിന്നു മടങ്ങി. നിങ്ങള്‍ വ്യക്തമാക്കാത്ത കാര്യങ്ങളെക്കുറിച്ച് പിതാവ് ചോദിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം മറച്ചുവെച്ച കാര്യങ്ങളെക്കുറിച്ച് ചൂഴ്‌ന്ന് അന്വേഷണം നടത്തുന്നത് അല്ലാഹു വിലക്കിയതാണല്ലോ?''
മൈമൂന്‍ പറയുകയാണ്: ഇതുപോലെയുള്ള ഒരു പിതാവിനെയും മകനെയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.
No comments:
Post a Comment