MGM റമദാൻ ക്വിസ് 2017 ഉത്തരങ്ങൾ.
1.ഇവരിൽ ഓരോരുത്തരും പരസ്പരം ഗുരു ശിഷ്യന്മാരാണ് - ഒരാൾ
ഒഴികെ. ആരാണത് ?
ഇമാം മാലിക് -റ- വിൻറെ സുപ്രധാന
ശിഷ്യനാണ് ഇമാം ശാഫിഈ -റ-. ഏകദേശം പത്തുവർഷത്തോളം ഇമാം ശാഫിഈ, ഇമാം മാലികിൻറെ കീഴിൽ വിദ്യ അഭ്യസിച്ചിരുന്നു. ഇമാം ശാഫിഈ, ഗുരുനാഥൻറെ ഹദീസ് ഗ്രന്ഥമായ മുവത്വ മനഃപാഠമാക്കുകയും അത് നിവേദനം
ചെയ്യാനുള്ള അനുമതി വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്.
ഇമാം ശാഫിയുടെ ശിഷ്യനാണ് ഇമാം
അഹമ്മദ് ബിൻ ഹമ്പൽ -റ-. ശാഫിയിൽ നിന്നും കർമ്മ ശാസ്ത്രം , നിദാനശാസ്ത്രം, നാസിഖ്- മൻസൂഖ്
തുടങ്ങിയവ ഇമാം അഹമ്മദ് ബിൻ ഹമ്പൽ അഭ്യസിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നും തീർത്തും
വ്യത്യസ്തമാണ് ഇമാം അബൂഹനീഫ. അദ്ദേഹം ഇവരിൽ ആരുടെയും ഗുരുവോ ശിഷ്യനോ അല്ല. ഇമാം അബൂഹനീഫയും, ഇമാം മാലിക്കും ജഅഫർ ബിൻ സാദിഖിൽ നിന്നും വിദ്യ അഭ്യസിച്ചിട്ടുണ്ട്
എന്ന് മാത്രം. അപ്പോൾ ഉത്തരം: Aഇമാം അബൂഹനീഫ
2.താഴെ പറയുന്നവയിൽ മൗദൂഅ് (വ്യാജ നിർമ്മിതം) അല്ലാത്ത ഹദീസ് ഏതാണ് ?
D "നബി(സ)
മരിക്കുന്നതുവരെ റമളാനിലെ അവസാനത്തെ പത്തിൽ
ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി(സ)യുടെ മരണശേഷം അവിടുത്തെ
പത്നിമാരും ഇഅ്ത്തികാഫ് ഇരുന്നുകൊണ്ടിരുന്നു."
ഇമാം ബുഖാരി അടക്കമുള്ളവർ സ്വഹീഹായ
സനദോടെ (പരമ്പരയോടെ) ഉദ്ധരിക്കുന്ന ഹദീസ് ആണിത്. പ്രവാചക പത്നിമാർ - അതും പ്രവാചകൻറെ
മരണശേഷം പോലും- പള്ളികളിൽ പോയിരുന്നു എന്നതിനുകൂടെ ഈ ഹദീസ് തെളിവാണ്. അപ്പോൾ ഉത്തരം: D
ഓപ്‌ഷനിൽ വന്ന
മറ്റു ഹദീസുകൾ പരിചയപ്പെടാം.
"എൻറെ സമുദായത്തിലെ ഭിന്നത അനുഗ്രഹമാണ്." പ്രവാചകൻറെ പേരിൽ കെട്ടിയുണ്ടാക്കിയ
ഒരു വാറോലയാണിത്. ഇതിനു ഒരു സനദ് പോലും ഇല്ല എന്ന് ഇമാം സുബുകി പറയുന്നു. ഇമാം അൽ ഖാരിയുടെ അൽ അസ്റാർ അൽ മർഫൂഅ (506), അൽ കിനാനി യുടെ തൻസീഹ് അൽ ശരീഅ: (2/402),അൽബാനിയുടെ സിൽസിലത്തു ദഈഫ (57) തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിൽ ഈ ഹദീസ് മനുഷ്യ നിർമ്മിതമാണെന്ന് (മൗദൂഅ്) പറയുന്നുണ്ട്.
രണ്ടാമത്തെ
ഒപ്‌ഷൻ ഇതാണ്:
"(പ്രവാചകരെ,) താങ്കൾ ഇല്ലായിരുന്നുവെങ്കിൽ ലോകത്തെ
ഞാൻ സൃഷ്ട്ടിക്കുമായിരുന്നില്ല." നമ്മൾ പല പ്രഭാഷണങ്ങളിലും കേട്ടുവരുന്നതും, പ്രവാചക തിരുമേനി -സ-യുടെ പേരിൽ കെട്ടിയുണ്ടാക്കിയതുമായ
ഒരു ഹദീസാണിത്. ദൈലമിയും, ഇബിനു അസാക്കീറും ഈ ഹദീസ് ഉദ്ധരിക്കുന്നു. സ്വഗാനിയുടെ, 'അൽ മൗദൂആത്തിൽ' ഈ ഹദീസ്
മനുഷ്യ നിർമ്മിതമാണെന്ന് ഹദീസ് പണ്ഡിതന്മാർ ഏകോപിച്ച് അഭിപ്രായപെട്ടതായി പറയുന്നു.
(പേ: 7), ഇമാം ഇബിനു ജൗസിയും ഈ ഹദീസ് മനുഷ്യ നിർമ്മിതമാണെന്ന് പറയുന്നു.
ഇമാം സൂയൂത്തിയും ഈ അഭിപ്രായത്തെ അംഗീകരിക്കുന്നു. (അൽ ലആലി വാല്യം : 1 പേ:272)
അടുത്ത്
ഒപ്‌ഷൻ "ജുമുഅ: സാധുക്കളുടെയും ദരിദ്രരുടെയും ഹജ്‌ജാണ്"എന്ന ഹദീസാണ്.
നമ്മുടെ നാട്ടിൽ ചില പള്ളികളിൽ ജുമുഅ ഖുതുബയ്ക്ക് മുൻപ് മാശറ വിളിക്കുന്ന ഒരു സമ്പ്രദായമുണ്ട്.
അതിൽ "ഹജ്ജുൽ ഫുഖാറാഇ വൽ മസാക്കീൻ" എന്ന ഈ മനുഷ്യ നിർമ്മിത ഹദീസ് ഉദ്ധരിക്കുന്നതുകാണാം.
ഇബിനു അസാക്കീർ ഈ ഹദീസ് ഉദ്ധരിക്കുന്നു. ഈ ഹദീസ് മൗദൂഅ് ആണെന്ന് ഇബിനുജൗസി പറയുന്നു.
ഇമാം സൂയൂത്തി, ഇബിനു ജൗസിയുടെ ഈ പ്രസ്താവന അംഗീകരിക്കുന്നു.
ഈ ഹദീസിൻറെ
പരമ്പരയിൽ ഈസ ബിൻ ഇബ്‌റാഹീം എന്ന ഒരു റാവി (നിവേദകൻ) ഉണ്ട്. അയാളെ പറ്റി ഹദീസ് പണ്ഡിതന്മാർ
പറയുന്നത് കാണുക. ഇമാം ബുഖാരിയും നസാഇയും പറയുന്നു:"ഇയാളുടെ ഹദീസുകൾ വർജ്ജിക്കേണ്ടതാണ്"
ഇമാം യഹ്‌യ പറയുന്നു: "ഈ വ്യക്തി യാതൊരു പരിഗണയും അർഹിക്കുന്നില്ല. ഇമാം അബൂഹാത്തിം
പറയുന്നു : ഇയാളെ വർജ്ജിക്കേണ്ടതാണ്" (മീസാൻ, വാല്യം
:3,പേ:309)
മറ്റൊരു
നിവേദകൻ മുഖാതിൽ ആണ്. അയാളെപ്പറ്റി ഇമാം വഖീഅ് പറയുന്നു: "ഇയാൾ വളരെയധികം നുണ
പറയുന്നവനാണ്" (മീസാൻ, വാല്യം :4,പേ:174)ഇമാം
സൂയൂത്തിയും ഈ ഹദീസ് മനുഷ്യ നിർമ്മിതമാണെന്ന് പറയുന്നു. (അൽ ലആലി വാല്യം :2 പേ:28)
ഈ വ്യാജ നിർമ്മിത ഹദീസുകൾ എല്ലാം
നമ്മൾ നിത്യവും കേട്ടുവരാറുള്ളതുകൂടിയാണ് എന്നത് ഈ വിഷയത്തിൻറെ ഗൗരവം വർദ്ധിപ്പിക്കുന്നു.
3. ഫത്ഹുൽബാരിയുടെ രചയിതാവ് ആരാണ്?
സ്വഹീഹുൽ ബുഖാരിയുടെ സുപ്രസിദ്ധ
വ്യാഖ്യാന ഗ്രന്ഥമാണ് ഫത്ഹുൽബാരി. 25 വർഷംകൊണ്ടാണ് ഇമാം
ഇബിനു ഹജർ അസ്‌ഖലാനി -റ- ഈ ഗ്രന്ഥം പൂർത്തീകരിച്ചത് എന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. അപ്പോൾ ഉത്തരം: Bഇബിനു ഹജർ അസ്ഖലാനി
4. മൂസ നബിക്ക് ഹാറൂൺ എന്നപോലെയാണ്
താങ്കൾ എനിക്ക് എന്ന് പ്രവാചകതിരുമേനി വിശേഷിപ്പിച്ചത് ഏത് സ്വഹാബിയെ പറ്റിയാണ്.
ഉത്തരം:Dഅലി
സഅദ്
-റ- നിവേദനം: നബി (സ) അലി -റ- വിനെ (മദീനയിലെ) പ്രതിനിധിയായി നിശ്ചയിച്ചുകൊണ്ട് തബൂക്കിലേക്ക്
പോയപ്പോൾ: അലി -റ- പറഞ്ഞു: 'താങ്കൾ എന്നെ കുട്ടികളുടെയും പെണ്ണുങ്ങളുടെയും
ഒപ്പം ഉപേക്ഷിച്ച് പോകുവാൻ ഉദ്ദേശിക്കുകയാണോ?' നബി -സ- പറഞ്ഞു:
"മൂസ നബിക്ക് ഹാറൂൺ എന്നപോലെയാണ് താങ്കൾ എനിക്ക് എന്നത് താങ്കളെ സന്തോഷിപ്പിക്കുന്നില്ലേ? എന്നാൽ എനിക്ക് ശേഷം ഒരു പ്രവാചകൻ (ഇനി വരാൻ) ഇല്ല." (സ്വഹീഹുൽ ബുഖാരി : 3706,4416)
മുഹമ്മദ് നബി (സ) യ്ക്ക് ശേഷം വന്ന പ്രവാചകനാണ് മിർസഖുലാം എന്ന അഹമ്മദിയാക്കളുടെ
വാദത്തെ ഈ ഹദീസ് തകർത്തുകളയുന്നു.
5. രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന പണ്ഡിതൻ ആര് ?
ഉത്തരം:Aഇമാം നവവി,
അബു സകരിയ യഹ്‌യ ഇബ്ൻ ഷറഫ് അൽ
നവവി (ഹി. 631–676) എന്ന ഇമാം നവവിയാണ്
രണ്ടാം ശാഫിഈ എന്നറിയപ്പെടുന്നത്. റിയാളു സ്വാലിഹീൻ, ശറഹ് സ്വഹീഹ് മുസ്ലിം, അദ്കാർ, മിൻഹാജ്
താലിബീൻ തുടങ്ങി ധാരാളക്കണക്കിനു കനപ്പെട്ട ഗ്രന്ഥങ്ങളുടെ കർത്തവാണ് അദ്ദേഹം.
6. ഇബാദത്തിന് (عبادة) ഏറ്റവും അനുയോജ്യമായ
അർത്ഥം ഏത് ?
ഉത്തരം : Cആരാധന. ആരാധനഎന്നതാണ് ഇബാദത്തിന് മലയാളത്തിൽ പറയുവാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ
പദം.
ഫാത്തിഹയിൽ
നമ്മൾ ഓതുന്നു: "ഈയ്യക്കനഅബുദു.." (നിന്നെമാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു)
എന്ന്.
ഇബാദത്ത്
അല്ലാഹുവിന് മാത്രമാണ്. അല്ലാഹുവിന് പുറമെ മറ്റാരെയെങ്കിലും ഇബാദത്ത് നടത്തിയാൽ അത്
ചെയ്യുന്നവൻ മുശ്രിക്കായി കാലാകാലം നരകത്തിൽകിടക്കേണ്ടി വരും. ഇബാദത്തിൻറെ ഒരു തരിമ്പ്
അംശം പോലും അല്ലാഹു മറ്റാർക്കും വകവെച്ചുകൊടുത്തിട്ടുമില്ല.
ഈസാനബി
-അ- പറയുന്നതായി സൂറത്തുൽ ആലു ഇംറാന്‍ ലെ 50 ആം വചനം നോക്കൂ..
فَاتَّقُواْ
اللّهَ وَأَطِيعُونِ
"ആകയാല്‍ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും
എന്നെ അനുസരിക്കുകയും ചെയ്യുവിന്‍."
يَا
أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَلَا
تُبْطِلُوا أَعْمَالَكُمْ
സൂറത്തുൽ
മുഹമ്മദിലെ വചനം ഇങ്ങനെ: "സത്യവിശ്വാസികളേ, നിങ്ങള്‍
അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക...." (33)
അപ്പോൾ
അനുസരണം എന്നത് ഇബാദത്തൻറെ പര്യായമായി കൊണ്ടുവരാൻ പറ്റുകയില്ല. അതെ അർഥം തന്നെയാണ്
വഴിപ്പെടലിനും ഉള്ളത്. നബി (സ) യ്ക്ക് വഴിപ്പെട്ടവൻ മുശ്രിക്കല്ല, മറിച്ച്
മുസ്‌ലിമാണ്. ഒരുവൻ പ്രവാചകനെ നിരുപാധികം അനുസരിക്കാൻ തയ്യാറാകുമ്പോഴാണ് അവൻ ശരിയായ
വിശ്വാസിയാകുന്നത്. ആരെങ്കിലും പ്രവാചകന് ഇബാദത്ത് എടുത്താൽ അവൻ മുശ്രിക്കാകും. ആരെങ്കിലും
പ്രവാചകനെ ഇത്വഅത്ത് ചെയ്താൽ അവൻ മുസ്ലിമും.
പ്രവാചകന്(സ)
പോലും അടിമകൾ ഉണ്ടായിരുന്നു. മനുഷ്യർക്ക്, മനുഷ്യർ അടിമ വൃത്തി ചെയ്തിരുന്നതിനെ ഇസ്‌ലാം
ശിർക്കായി കണ്ടിട്ടില്ല. ഇത് മനസിലാക്കുവാൻ അബൂഹുറയ്റ (റ) വിൻറെ ഈ വാക്കുകൾ തന്നെ മതിയാകും:
അദ്ദേഹം പറയുന്നു "എൻറെ ആത്മാവിനെ നിയന്ത്രിക്കുന്നവൻ തന്നെയാണ് സത്യം. അല്ലാഹുവിൻറെ
മാർഗത്തിലുള്ള ജിഹാദും, ഹജ്ജും, എൻറെ ഉമ്മാക്കുള്ള നന്മ ചെയ്യലും ഇല്ലായിരുന്നുവെങ്കിൽ
ഞാൻ അടിമയായി മരിക്കുവാൻ ഇഷ്ട്ടപ്പെടുമായിരുന്നു." (ബുഖാരി: 2548)
"എന്നാൽ
ഇബാദത്തിന് സമാനമായി ഒരു മലയാള ശബ്ദം തന്നെ വേണമെന്നുണ്ടെങ്കിൽ അതിൽ ഏറ്റവും ഉചിതമായ
പദം ആരാധന തന്നെയാണ്. കാരണം ഇബാദത്തിൻറെ ആശയം ആരാധനയോളം ഉൾക്കൊള്ളാൻ പര്യാപ്തമായ മറ്റൊരു
പദം കാണാനില്ല." (പ്രബോധനം വാരിക ,സെപ്തംബർ 17,1988,പ്രശ്നവും
വീക്ഷണവും)
"മുഹമ്മദ് നബിയെ നിരുപാധികമായി അനുസരിക്കണമെന്നു
ജമാഅത്തെ ഇസ്‌ലാമിയുടെ സാഹിത്യങ്ങളിൽ തന്നെ നിർദേശിക്കുന്നതുകാണാം" (ജമാഅത്തെ
ഇസ്‌ലാമി , ലക്‌ഷ്യം മാർഗ്ഗം പേ : 72)
7. വിശുദ്ധ ഖുർആനും, തിരു സുന്നത്തും കഴിഞ്ഞാൽ ഇസ്‌ലാമിലെ മൂന്നാമത്തെ
പ്രമാണം ഏത്?
ഉത്തരം:Bഇജ്മാഅ്
8. "അമീനു
ഹാദിഹിൽ ഉമ്മ" (ഈ
സമുദായത്തത്തിലെ വിശ്വസ്തൻ) എന്ന പേരിൽ അറിയപ്പെട്ട സ്വഹാബി?
ഉത്തരം:Aഅബൂ ഉബൈദത്തുൽ ജർറാഹ്
ഹുദൈഫ (റ) നിവേദനം ചെയ്യുന്നു:
പ്രവാചകൻ (സ) നജ്‌റാൻ നിവാസികളോട് പറഞ്ഞു: "ഒരു വിശ്വസ്തനെ ഞാൻ നിങ്ങളിലേക്ക് അയക്കുന്നുണ്ട്, അദ്ദേഹം യഥാർത്ത
വിശ്വസ്തനാണ്." ജനങ്ങളിൽ എല്ലാവരും അത് താനായിരിക്കുവാൻ ആഗ്രഹിച്ചു. അങ്ങിനെ അബു
ഉബൈദ ബിൻ അൽ-ജർറാഹ് നെ പ്രവാചകൻ (നജ്രാനികളിലേക്ക്) അയച്ചു.
അബു ഉബൈദ ബിൻ അൽ-ജർറാഹ് (നെ ചൂണ്ടി) പ്രവാചകൻ (സ) പറഞ്ഞതായി അബ്ദുല്ലാഹ്
റിപ്പോർട്ട് ചെയ്യുന്നു: "ഈ സമുദായത്തിലെ വിശ്വസ്തനാണ് ഇത്." (രിജാലുന്നിസാഇ ഹവ്‌ല അൽ റസൂൽ, നൂറുൽയഖീൻ)
9. പ്രവാചകൻ
-സ- തൻറെ ജീവിതത്തിൽ ആദ്യമായി പങ്കെടുത്ത യുദ്ധം ഏത് ?
ഉത്തരം:Cഫിജാർ യുദ്ധം
തൻറെ ഇരുപതാമത്തെ വയസ്സിൽ പ്രവാചകൻ (സ) ആദ്യമായി പങ്കെടുത്ത
യുദ്ധമാണ് ഫിജാർ യുദ്ധം.കിനാന, ഖൈസ് എന്നീ ഗോത്രങ്ങൾക്കെതിരെ ആയിരുന്നു അത്. (നൂറുൽയഖീൻ)
10. മയ്യിത്ത് സംസ്കരണവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവനയിൽ ശരിയായ പ്രവാചകചര്യ
ഏത്?
ഉത്തരം:Cജനാസ കാണുമ്പോൾ എഴുന്നേറ്റു നിൽക്കൽ.
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ مَرَّ بِنَا جَنَازَةٌ
فَقَامَ لَهَا النَّبِيُّ صلى الله عليه وسلم وَقُمْنَا بِهِ. فَقُلْنَا يَا رَسُولَ
اللَّهِ، إِنَّهَا جَنَازَةُ يَهُودِيٍّ. قَالَ " إِذَا رَأَيْتُمُ الْجَنَازَةَ
فَقُومُوا "
ജാബിർ (റ) നിവേദനം: ഞങ്ങളുടെ അരികിലൂടെ ഒരു മയ്യിത്ത്
കടന്നുപോയപ്പോൾ നബി (സ) എഴുന്നേറ്റു നിന്നു. നബി (സ) യോടൊപ്പം ഞങ്ങളും എഴുന്നേറ്റു."ഇതൊരു
യഹൂദിയുടെ മയ്യിത്താണെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ നബി (സ) അരുളി: നിങ്ങൾ ഏത് മയ്യിത്ത് കണ്ടാലും
എഴുന്നേൽക്കുവീൻ"(ബുഖാരി 1311)
ഈ വിഷയത്തിൽ വന്ന തെറ്റായ മറ്റു ഓപ്ഷനുകളെ പരിചയപ്പെടാം:
A ഖബറിൽ മണ്ണിട്ടുകൊണ്ടിരിക്കുന്ന സമയത്ത് തസ്ബീത്ത് ചൊല്ലൽ.
മയ്യത്ത് മറവു ചെയ്ത ശേഷമാണ് തസ്ബീത്ത് ചൊല്ലേണ്ടത് എന്നാൽ
ഇതിൽ നിന്നും വ്യത്യസ്തമായി നമ്മുടെ നാട്ടിൽ നടന്നു വരുന്നത് സുന്നത്തിനു വിരുദ്ധമായ
മറ്റൊരു ചര്യയാണ്, അതാകട്ടെ മയ്യത്ത് ഖബറിലേക്ക് വെക്കുന്നതു മുതൽ തുടങ്ങി മറമാടിത്തീരുന്നതുവരെ തസ്ബീത്ത്
ചൊല്ലുന്ന സമ്പ്രദായമാണ്.
عَنْ عُثْمَانَ بْنِ عَفَّانَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا
فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ فَقَالَ " اسْتَغْفِرُوا لأَخِيكُمْ
وَسَلُوا لَهُ التَّثْبِيتَ فَإِنَّهُ الآنَ يُسْأَلُ " . قَالَ أَبُو دَاوُدَ
بَحِيرُ بْنُ رَيْسَانَ
ഉസ്മാൻ (റ) പറയുന്നു: "നബി -സ- മയ്യിത്ത് മറവു ചെയ്തു
കഴിഞ്ഞാൽ അവിടെ നിന്നുകൊണ്ട് ഇങ്ങനെ പറയുമായിരുന്നു: നിങ്ങളുടെ സഹോദരനുവേണ്ടി പാപമോചനം
തേടുക. അദ്ദേഹത്തിന് വേണ്ടി സ്‌ഥൈര്യപ്രാർത്ഥന (തസ്ബീത്ത്) നടത്തുകയും ചെയ്യുക. കാരണം
അദ്ദേഹം ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്." (അബൂദാവൂദ് :3221, ബൈഹഖി)
B ഉറക്കെ ദിക്‌ർ ചൊല്ലിക്കൊണ്ട് ജനാസയെ അനുഗമിക്കൽ.
പ്രവാചക നിർദ്ദേശത്തിന് തീർത്തും വിരുദ്ധമായ ഒരു കാര്യമാണ്
ഉറക്കെ ദിക്‌ർ ചൊല്ലിക്കൊണ്ട് ജനാസയെ അനുഗമിക്കുക എന്നത്.
സൈദുബിനു അർഖം (റ) നിവേദനം:നബി (സ) അരുളി: "മൂന്നു
സന്ദർഭങ്ങളിൽ മൗനമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്...... ജനാസയെ പിന്തുടരുമ്പോഴും."
(ത്വബ്റാനി കബീർ , ഹദീസ് ന: 5130)
ഇമാം നവവി (റ) അദ്കാർ (പേ: 136) ൽ പറയുന്നു: "നീ മനസ്സിലാക്കുക, തീർച്ചയായും തെരഞ്ഞെടുക്കപെട്ട ശരിയായ അഭിപ്രായം സലഫീങ്ങൾ
ചെയ്തതാണ്. അത് ജനാസയുടെ കൂടെ അനുഗമിക്കുന്ന സമയത്ത് മൗനം ദീക്ഷിക്കലാണ്. അവൻറെ ശബ്ദം
ഖുർആൻ ഓത്ത്, ദിക്ർ ചൊല്ലൽ, അതുപോലുള്ളതുകൊണ്ട് ഉയർത്തുവാൻ പാടില്ല. ഇതിലുള്ള തത്വം സുവ്യക്തമാണ്. മൗനമാണ്
തൻറെ ബുദ്ധിക്ക് ഏറ്റവും ശാന്തത നൽകുക." (അദ്കാർ പേ: 136)
D കഫൻ ചെയ്യുമ്പോൾ സുജൂദിൻറെ അവയവങ്ങളിൽ പഞ്ഞി വെക്കലും,തുണിയിൽ മൈലാഞ്ചി വിതറലും.
കഫൻ പുടവയിൽ മൈലാഞ്ചി വിതറുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്.
എന്നാൽ അപ്രകാരം ചെയ്യുന്നത് ബിദ്അത്താണ്. സുഗന്ധം എന്നതിൻറെ അറബി പദമായ "ഹനൂത്ത്"
എന്നത് ഹനാഅ് എന്ന് ചിലർ തെറ്റിദ്ധരിച്ചതാണ് ഈ ഒരു ചര്യ പ്രചരിക്കാനുണ്ടായ കാരണം. കഫൻ
പുടവയിൽ സുഗന്ധം പൂശുന്നതിന് (ഇഹ്‌റാമിൽ പ്രവേശിച്ചയാൾക്ക് ഒഴികെ) വിരോധമില്ല. അതുപോലെ
തന്നെ സുജൂദിൻറെ അവയവങ്ങളിലും കണ്ണ്, മൂക്ക്, ചെവി, വിരലുകൾക്കിടയിൽ തുടങ്ങിയവയിലും പഞ്ഞി തിരുകുന്നതിനും
ദീനിൽ തെളിവില്ല. ഇബിനു അബീ ശൈബയിൽ ചില റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അതിനെ പിന്തുണക്കുന്ന
തെളിവുകൾ ഒന്നും ഇല്ല. പ്രവാചക തിരുമേനിയോ സ്വഹാബാക്കളോ അപ്രകാരം ചെയ്തതായി ഉദ്ധരിക്കപ്പെടുന്നില്ല. നിർബന്ധിത സാഹചര്യങ്ങളിൽ മാല്യന്യങ്ങൾ
പോലുള്ളത് തടയാൻ വേണമെങ്കിൽ ആവശ്യമുള്ളിടത് വെക്കാം എന്ന് മാത്രം.
11. "അസ്സിഹാഹുസ്സിത്ത" യിൽ ഉൾപ്പെടാത്തത് ഏത് ?
ഉത്തരം:Cമുവത്വ
സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്ലിം,സുനന് നസാഈ, സുനൻ അബൂദാവൂദ്, ജാമിഅ് തിർമുദി, സുനൻ ഇബിനു മാജ: എന്നീ ആറ് പ്രസിദ്ധ ഹദീസ് ഗ്രന്ഥങ്ങൾ ചേർന്നതിനാണ്, "കുതുബുസിത്ത:"( الكتب الستة), അല്ലെങ്കിൽ സിഹാഹു സിത്ത: എന്ന് പറയുന്നത്. 11 ആം നൂറ്റാണ്ടിൽ ഇബിനു താഹിൽ അൽ ഖൈസറാനി(ابن طاهر القيسراني)(മരണം ഹി: 606) യാണ് സുനൻ ഇബിനു മാജ: കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഈ ആറു ഗ്രന്ഥങ്ങൾക്ക് നാമകരണം
നൽകിയത്.എന്നാൽ ആദ്യത്തെ ഹദീസ് ഗ്രന്ഥമായ ഇമാം മാലിക്കിൻറെ മുവത്വ. ഇതിൽ ഉൾപ്പെടുത്തപ്പെട്ടിട്ടില്ല.
പേര് സൂചിപ്പിക്കുന്നതിൽ നിന്ന് തികച്ചും അപവാദമായി സിഹാഹുസിത്തയിലെ
എല്ലാ ഹദീസുകളും സ്വഹീഹല്ല. ഹദീസുകൾ ക്രോഡീകരിച്ച മഹാന്മാർ തെറ്റുപറ്റാവുന്ന മനുഷ്യരായതുകൊണ്ടുതന്നെ
ഈ ആറ് ഗ്രന്ഥത്തിലും ദുർബലമായ ഹദീസുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പിൻകാലക്കാരായ മുഹദ്ദിസുകൾ
അത് ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
12. റൗള ശരീഫ്
എന്നറിയപ്പെടുന്നത് എന്താണ് ?
ഉത്തരം:Cനബി-സ-യുടെ വീടിനും
മിമ്പറിനും ഇടക്കുള്ളസ്ഥലം
മസ്ജിദുന്നബവിയിലെ മുഹമ്മദ് നബിയുടെ വീടിൻറെയും മിമ്പറിൻറെയും
ഇടക്ക് സ്ഥിതിചെയ്യുന്ന പള്ളിയുടെ ഭാഗമാണ് റൗള ശരീഫ്. മിമ്പറു മുതൽ ഭിത്തിവരെയുള്ള
ഇരുപത്തി രണ്ടു മീറ്റർ നീളവും പതിനഞ്ചു മീറ്റർ വീതിയുമുള്ള സ്ഥലം ഇളം പച്ച കാർപ്പറ്റ്
വിരിച്ചു പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലം സ്വർഗ്ഗത്തിലെ ഉദ്യാനങ്ങളിൽ
നിന്നുള്ള ഒരു ഉദ്യാന (റൗള) മാണ്. നമ്മുടെ നാട്ടിലെ ചിലർ വിചാരിക്കുന്നതുപോലെ റൗള ശരീഫ്
എന്നത് പ്രവാചകൻറെ ഖബറിടമല്ല. കാരണം പ്രവാചകതിരുമേനി -സ- ജീവിച്ചിരിക്കുമ്പോൾ തന്നെ
റൗള അവിടെ ഉണ്ട്. തിരുമേനി (സ) പറയുന്നു:
" مَا بَيْنَ بَيْتِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ
الْجَنَّةِ، وَمِنْبَرِي عَلَى حَوْضِي ".
``എൻറെ വീട്ടിൻറെയും മിമ്പറിൻറെയും ഇടയ്‌ക്കുള്ള സ്ഥലം സ്വര്‍ഗ്ഗത്തിലെ ഉദ്യാനങ്ങളില്‍
നിന്നുള്ള ഒരു ഉദ്യാന (റൗള) മാണ്; എൻറെ മിമ്പര്‍ എൻറെ ഹൗളിന്മേലാണ് നിലകൊള്ളുന്നത്.'' (ബുഖാരി:1196; മുസ്ലിം 1391)
13. താഴെ പറയുന്നവയിൽ ദുർബലമായ (ദഈഫ്) ഹദീസ് ഏതാണ് ?
ഉത്തരം:A"നാം ഒരു ചെറിയ
ജിഹാദിൽനിന്ന് വലിയ ജിഹാദിലേക്കാണ് തിരിച്ചുപോകുന്നത്."
"ചെറിയ ജിഹാദിൽ നിന്നും വലിയ ജിഹാദിലേക്ക്" എന്ന്
പറയുന്ന ഹദീസ്, ഒരു ഹദീസായി പോലും പരിഗണിക്കാൻ കഴിയാത്തതാണ്. ഈ ഹദീസ്
ദഈഫാണെന്നും, ദഈഫ് ജിദ്ദാൻ ആണെന്നും പണ്ഡിതന്മാർ വിധിക്കുന്നു. 11 ആം നൂറ്റാണ്ടിൽ എഴുതപെട്ട താരീഖുൽ ബാഗ്ദാദിയിലാണ് ഇത് ആദ്യമായി
വരുന്നത്.
ദുർബല ഹദീസുകൾ ഉദ്ധരിക്കുന്ന ഇമാം അൽ ഖാരി യുടെ അൽ അസ്റാർ അൽ മർഫൂഅ (211), അൽ ഫിത്‌നി യുടെ "തസ്‌കിറത് അൽ മൗദൂത്ത് "(191) തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഈ ഹദീസ് ദുർബലമാണെന്നും "അടിസ്ഥാനമില്ലാത്തത്"
ആണെന്നുമെല്ലാം പറയുന്നു. ഇമാം അജ്‍ലൂനിയുടെ "കശ്ഫ് അൽ ഖഫ" (ന:1362) യിലും ഈ ഹദീസിൻറെ ദുർബലത വ്യക്തമാക്കുന്നുണ്ട്. "ഇത് പ്രവാചകതിരുമേനി (സ) യുടെ വാക്കുകളല്ല, മറിച്ച് ഇബ്‌റാഹീം ബിൻ അബീ അബ്‌ല എന്ന താബിഇ യുടെ വാക്കുകളാണ്" എന്ന് ഇബിനു
ഹജർ പറയുന്നു. (തഖ്‌രീജ് അൽ കശ്ശാഫ് 4/114, നമ്പർ:33) "ഇതിനു യാതൊരു ഉറവിടവും ഇല്ല" എന്ന് ഇബിനു തൈമിയ്യ, മജ്‌മു അൽ ഫതാവാ (11/197) യിൽ പറയുന്നു. ഷെയ്ഖ് അൽബാനി, സില്സിലത്ത് ദഈഫ വൽ മൗദൂഅ(5/478) യിൽ ഈ ഹദീസ്
'മുൻകർ' ആണെന്ന് പറഞ്ഞ് തള്ളിക്കളയുന്നു.
മറ്റു ഓപ്‌ഷനുകൾ:- "വല്ലവനും റമസാനിലെ നോമ്പും തുടർന്ന്
..." എന്ന ഹദീസ് അബൂഅയ്യൂബി(റ)ല്‍ നിന്ന് ഇമാം മുസ്ലിം റിപ്പോർട് ചെയ്യുന്ന
സ്വഹീഹായ ഹദീസാണ്. ""റമളാനിലെ അവസാനത്തെ പത്തിലെ ..." എന്ന ഹദീസ് ആയിഷാ
-റ- യിൽ നിന്നും ഇമാം ബുഖാരി (ബുഖാരി. 3. 32. 236) ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസാണ്. ""നിങ്ങളിൽ വല്ലവനും നോമ്പ് തുറക്കുന്നപക്ഷം
കാരക്കകൊണ്ട്....."എന്ന ഹദീസ് അനസ് (റ)ല്‍
നിന്ന് തിര്‍മിദി:694, നസാഈ:3317 എന്നിവർ ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസാണ്.
14. നമസ്ക്കാരത്തിൽ ഇമാമിന്
തെറ്റ് സംഭവിച്ചാൽ ഇമാമിനെ ഉണര്‍ത്താൻ സ്ത്രീകൾ ചെയ്യേണ്ടത് എന്ത് ?
ഉത്തരം:Bകൈ അടിക്കുക
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി:"തസ്ബീഹ്
ചൊല്ലുക എന്നത് പുരുഷന്മാർക്കും, കൈകൊട്ടുക എന്നത് സ്ത്രീകൾക്കുമാണ്
(നിശ്ചയിച്ചിട്ടുള്ളത്) "(ബുഖാരി1128, മുസ്ലിം, അബൂദാവൂദ്)
15. "മരണപ്പെട്ടവർക്ക് വേണ്ടിയുള്ള
ഖുർആൻ പാരായണം, തീർച്ചയായും അതിൻറെ പുണ്യം
മരണപ്പെട്ട വ്യക്തിക്ക് ലഭിക്കുകയില്ല എന്നതാണ് ഇമാം ഷാഫിയുടെ പ്രസിദ്ധമായ അഭിപ്രായം"
ഇത് ഇമാം നവവി -റ- രേഖപ്പെടുത്തുന്നത് അദ്ദേഹത്തിൻറെ ഏത് ഗ്രന്ഥത്തിലാണ്?
ഉത്തരം:Aശറഹ് മുസ്ലിം
ഇമാം
നവവി (റ) തൻറെ പ്രസിദ്ധ ഗ്രന്ഥമായ ശറഹ് മുസ്ലിം, വാല്യം
1 ,പേ: 90,ൽ എഴുതുന്നു : "എന്നാൽ മരണപ്പെട്ടവർക്ക്
വേണ്ടിയുള്ള ഖുർആൻ പാരായണം, തീർച്ചയായും ഇതിൻറെ പുണ്യം മരണപ്പെട്ട
വ്യക്തികൾക്ക് ലഭിക്കുകയില്ലെന്നതാണ് ഇമാം ശാഫിഈയുടെ പ്രസിദ്ധമായ അഭിപ്രായം. എന്നാൽ
അദ്ദേഹത്തിന്റെ ചില അനുയായികൾ പ്രതിഫലം മയ്യിത്തിന്
ലഭിക്കുമെന്ന് പറയുന്നു. പണ്ഡിതന്മാരിൽ ഒരു വിഭാഗം എല്ലാ ഇബാദത്തുക്കളുടെയും പ്രതിഫലം
എത്തുമെന്ന് പറയുന്നു. എന്നാൽ ഈ അഭിപ്രായങ്ങൾ അഖിലവും ദുർബലമാണ്. അവരുടെ രേഖ പ്രാർത്ഥനയുടെ
മേൽ തുലനപ്പെടുത്തലാണ്. എന്നാൽ ഇമാമ ശാഫി ഈ യുടെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും
തെളിവ് തീർച്ചയായ്യും മനുഷ്യന് അവൻ പ്രവർത്തിച്ചത് മാത്രമാണ് ലഭിക്കുകയെന്ന അല്ലാഹുവിന്റെ
വചനവും, ഒരു മനുഷ്യൻ മരണപ്പെട്ടാൽ അവന്റെ പ്രവർത്തനം മൂന്നു സംഗതികളിൽ
നിന്നല്ലാതെ മുറിഞ്ഞു പോകും. അവ ജാരിയായ ധാനം, ഉപകാരപ്രദമായ
വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന സന്താനങ്ങൾ എന്നിവയാകുന്നു എന്ന
നബി (സ) യുടെ വചനവുമാണ്."
വ്യത്യസ്തമായ
വാചക ഘടനയോടെസമാനമായ മറ്റൊരു പരാമർശം ഇമാം നവവി തൻറെ അദ്കാർ പേ: 140 ലും പറയുന്നുണ്ട്.നമ്മുടെ
ഒപ്‌ഷനിൽ അതില്ല.
16.
സയ്യിദുശ്ശുഹദാഅ് (രക്ത സാക്ഷികളുടെ
നേതാവ്) എന്നറിയപ്പെടുന്ന സ്വഹാബി ആര് ?
ഉത്തരം:Dഹംസ -റ-
ഹംസ ബിൻ അബ്ദുൽ മുത്തലിബ് -റ- വാണ്
, അല്ലാഹുവിൻറെ സിംഹം, സയ്യിദുശ്ശുഹദാഅ് (രക്ത സാക്ഷികളുടെ
നേതാവ്) എന്നെല്ലാം അറിയപ്പെടുന്ന സ്വഹാബി. പ്രവാചകൻറെ മൂത്താപ്പ കൂടിയാണ് അദ്ദേഹം.
ജാബിർ ഇബ്ൻ അബ്ദുല്ലാഹ് -റ- വിൽ നിന്ന് നിവേദനം:നബി (സ) പറഞ്ഞു:"ഹംസ ബിൻ അബ്ദുൽ
മുത്തലിബ് രക്ത സാക്ഷികളുടെ നേതാവാണ് " (ഹാക്കിം, സില്സിലത്തു സ്വഹീഹ് 374, രിജാലുന്നിസാഇ ഹവ്‌ല അൽ റസൂൽ, നൂറുൽയഖീൻ)
17.ഖദീജ
-റ- യുടെ മരണശേഷം നബി -സ- പിന്നീട് ആദ്യം വിവാഹം കഴിച്ചത് ആരെയാണ്
?
ഉത്തരം:Bസൗദ ബിൻത് സംഅ
സൗദ ബിൻത് സംഅ ബിൻ ഖയസ് അൽ ഖുറൈശിയ. ഖദീജ -റ- യുടെ മരണശേഷം നബി
-സ- പിന്നീട് ആദ്യം വിവാഹം കഴിച്ചത് വിശ്വാസികളുടെ ഈ മാതാവിനെയാണ്. മഹതി ആദ്യം അസ്-
സുഖ്‌റാൻ ബിൻ അംറ് -റ- നെ വിവാഹം കഴിക്കുകയും അബിസീനിയായിലേക്ക് പാലായനം ചെയ്യുകയും
ചെയ്തിരുന്നു. ഹിജ്‌റ കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഭർത്താവ് മരണപ്പെടുകയും, മഹതി ആരോരുമില്ലാതെ
ഒറ്റപെട്ടുപോവുകയും ചെയ്തു. അങ്ങിനെ മഹതിയുടെ 55 ആം വയസിൽ, ഖദീജ ബീവി മരിച്ച അതെ മാസത്തിൽ തന്നെ (അല്ലെങ്കിൽ ഒരു മാസത്തിനു ശേഷം) നബി തിരുമേനി
-സ- അവരെ വിവാഹം ചെയ്തു. (രിജാലുന്നിസാഇ ഹവ്‌ല അൽ റസൂൽ, നൂറുൽയഖീൻ, അർ റഹീഖുൽ മഖ്ത്തൂം)
18. ഏത്
സ്വഹാബി മരണപെട്ടു എന്ന വാർത്ത കേട്ടപ്പോഴാണ് നബി -സ- യും അനുയായികളും ബൈഅത്ത്
റിദ്വാൻ (റിദ്വാൻ പ്രതിജ്ഞ) നടത്തിയത്?
ഉത്തരം:Cഉസ്മാൻ-റ-
19. നോമ്പ്
തുറക്കുന്ന വേളയിൽ ചിലർ ചൊല്ലിവരാറുള്ള "അല്ലാഹുമ്മ, ലക
സംതു വഅലാ റിസ്'ഖിക
അഫ്തർത്തു" എന്ന പ്രാർത്ഥന വരുന്ന അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീസ് ദുർബലമാകുന്നത്
അത് ഏത് വിഭാഗത്തിൽ പെട്ടതുകൊണ്ടാണ്?
ഉത്തരം:Aമുർസൽ
സുനൻ അബൂദാവൂദിൽ 2358 ആം നമ്പർ ഹദീസിലാണ് ""അല്ലാഹുമ്മ, ലക സംതു..." എന്ന് തുടങ്ങുന്ന പ്രാർത്ഥന ഉദ്ധരിക്കപ്പെടുന്നത്.
ബൈഹഖിയും (4/235) ഇത് ഉദ്ധരിക്കുന്നു.
പ്രവാചകൻ (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു
എന്ന് മുആദ് ബിൻ സുഹ്‌റ അറിയിച്ചതായി ഹുസ്സൈൻ
റിപ്പോർട് ചെയ്യുന്നു.ഹുസൈനിൽ നിന്ന് ഹുഷൈമും അദ്ദേഹത്തിൽ നിന്ന് മുസദ്ദദും ഇത് ഉദ്ധരിക്കുന്നു.
ഇതിൽ പ്രവാചകൻ (സ) യിൽ നിന്നും ഉദ്ധരിക്കുന്ന
"മുആദ് ബിൻ സുഹ്‌റ" സ്വഹാബിയല്ല. താബിഈയാണ്, അതുകൊണ്ടു തന്നെ അദ്ദേഹം പ്രവാചകനിൽ നിന്ന് ഒന്നും കേട്ടിട്ടുമില്ല.
ഇത്തരം ഹദീസുകൾക്ക് "മുർസൽ" എന്ന് പറയും. മുർസൽ ഹദീസുകൾ ദുർബല ഹദീസിൻറെ വകുപ്പിലാണ്
ഉൾപ്പെടുക.
ഈ വിഷയത്തിൽ അവലംബിക്കാവുന്ന പ്രാർത്ഥന
"ദഹബൽ ള്വമഉ വ അബ്തല്ലത്തൽ ഉറൂഖു വസ'ബതൽ അജ്റു ഇൻഷാ അല്ലാഹ്" ( ذَهَبَ الظَّمَأُ وَابْتَلَّتْ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ ) എന്ന് ഇബിനു
ഉമറിൽ (റ) നിന്ന് അബൂദാവൂദ് (2357) ഉദ്ധരിക്കുന്ന ഹദീസാണ്. ഈ ഹദീസ് ഹസ്സൻ നിലവാരം പുലർത്തുന്നു.
20. ഇസ്‌ലാമിലെ നാലാമത്തെ പ്രമാണം ഏത്?
ഉത്തരം:Dഖിയാസ്
21. കൽബ്, ഖുസാഅ
എന്നീ മക്കയിലെ
ഗോത്രങ്ങൾ മുശല്ലൽ പർവതത്തിൽ വെച്ച് ആരാധിച്ചിരുന്ന വിഗ്രഹം ഏത് ?
ഉത്തരം:Cമനാത്ത
22. "അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ
നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാൾ വഴിപിഴച്ചവന്‍
ആരുണ്ട്?" എന്ന് അല്ലാഹു
ചോദിക്കുന്നത് ഏത് അദ്ധ്യായത്തിലാണ്?
ഉത്തരം:Cഅഹ്ഖാഫ്
وَمَنْ
أَضَلُّ مِمَّن يَدْعُو مِن دُونِ اللَّهِ مَن لَّا يَسْتَجِيبُ لَهُ إِلَى يَومِ
الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ
"അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ
വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാൾ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.
" (46 അഹ്ഖാഫ്:5)
23. ഹദീസ് നിദാന ശാസ്ത്രത്തിൽ
സ്വീകാര്യമായ ഹദീസുകൾ വേർതിരിക്കുന്നതിനുള്ള വിജ്ഞാന ശാഖയ്ക്ക് പറയുന്ന പേര്?
ഉത്തരം:A ഇൽമുൽജർഹ് വത്തഅ്ദീൽ
24.താഴെ പറയുന്നവയിൽ സ്വീകാര്യ യോഗ്യമല്ലാത്ത ഹദീസുകളിൽ ഉൾപെട്ടത് ഏത്?
ഉത്തരം:C മുൻഖതിഅ്
ഒരു ഹദീസിൻറെ നിവേദക പരമ്പരയിൽ ഒന്നോ അതിൽ അധികമോ ആളുകൾ വിവിധ
സ്ഥലങ്ങളിൽ അജ്ഞാതമാവുക വഴി ദുർബലമായിത്തീരുന്ന ഹദീസുകളെ പറയുന്ന പേരാണ് മുൻഖതിഅ്.
മറ്റു ഓപ്‌ഷനുകൾ:-
മുതവാതിർ (متواتر)
: സ്വീകാര്യയോഗ്യമായ ഹദീസുകളിൽ ഒന്നാം സ്ഥാനം ഇതിനാണ്. ഒരു ഹദീസിൻറെ നിവേദക
പരമ്പരയിൽ ഓരോഘട്ടത്തിലും എണ്ണം ക്ലിപ്തമല്ലാത്ത വിധം ധാരാളം ആളുകൾ ഉണ്ടാവുകയും ഇവരെല്ലാം
കൂടി കളവ് പറയുന്നതിൽ യോജിച്ചു എന്ന് പറയാൻ
കഴിയാത്ത അത്രയും ആളുകൾ ഈ ഹദീസ് ഉദ്ധരിക്കുകയും ചെയ്‌താൽ. അതിനെ മുതവാത്തിർ എന്ന് പറയും.
സ്വഹീഹ് (صحيح)
: മുതവാത്തിർ അല്ലാത്ത ഹദീസുകളിൽ, പ്രവാചകൻ മുതൽ ഹദീസ്
രേഖപ്പെടുത്തിയ ഇമാം വരെയുള്ളവരിൽ എല്ലാവരും മത നിഷ്ഠയുള്ളവരും, സത്യസന്ധരും, വിശ്വസ്തരും, നീതിമാന്മാരുമാവുകവഴി
സ്വീകാര്യയോഗ്യവും പ്രമാണ യോഗ്യവുമായി മാറിയ
ഹദീസുകൾക്കാണ് സ്വഹീഹ് എന്ന് പറയുന്നത്.
ഒരു തരത്തിലുള്ള ന്യൂനതകളും ഇതിലെ നിവേദകന്മാർക്ക് ഉണ്ടാകുവാൻ പാടില്ല.
ഹസ്സൻ (حسن) :
സ്വഹീഹിൻറെ നിബന്ധനകൾ പാലിക്കപെട്ടവയും എന്നാൽ, നിവേദകരിൽ ചിലർ
ഓർമ്മ ശക്തിയിലും ഗ്രഹണ പാടവത്തിലും ഉയർന്ന നിലവാരം പുലർത്താത്തതിനാൽ പ്രബലതയുടെ കാര്യത്തിൽ
സ്വഹീഹിൻറെ താഴെ നിൽക്കുകയും ചെയ്യുന്ന ഹദീസുകളാണ് ഹസ്സൻ. ഇതും സ്വീകാര്യ യോഗ്യമായ
ഹദീസുകളാണ്.
25. റുകൂഉകൾ വർദ്ധിപ്പിച്ചു കൊണ്ട് ചെയ്യുന്ന നമസ്ക്കാരം ഏതാണ്?
ഉത്തരം:Bഗ്രഹണനമസ്ക്കാരം
ഗ്രഹണ നമസ്ക്കാരം രണ്ടു റകഅത്താണ്. ഓരോ റകഅത്തിലും രണ്ടു സുജൂദും രണ്ടു നിറുത്തവും
ഉണ്ട്. ഓരോ റുകൂഇന് മുൻപും ഫാത്തിഹയും സൂറത്തും ഓതണം. സ്വഹീഹുൽ ബുഖാരി 986,2964, എന്നിവിടങ്ങളിൽ നമസ്‌കാരത്തിൻറെ രൂപം വിശദ്ധമായി വന്നിട്ടുണ്ട്. ഇതാണ് പ്രബലമായ
രൂപം. മുസ്ലിം ഉദ്ധരിക്കുന്ന ചില ഹദീസുകളിൽ (1505,1513) ഗ്രഹണ നമസ്ക്കാരത്തിൽ 6
റുകൂഉം 8 റുകൂഉം ചെയ്തതായും വന്നിട്ടുണ്ട്.
26.ഒരു ഹദീസിൻറെ ഓരോ പരമ്പരയിലും രണ്ടിൽ കുറയാത്ത ആളുകൾ ഉണ്ടെങ്കിൽ പറയുന്ന പേര്
ഉത്തരം: Cഅസീസ്
നബി(സ)യില്‍ നിന്ന് ചുരുങ്ങിയത് രണ്ടുപേര്‍
റിപ്പോര്‍ട്ട് ചെയ്യുക. അങ്ങനെ അവസാനം വരെയുള്ള കണ്ണികളില്‍ രണ്ടില്‍ കുറയാത്ത റിപ്പോര്‍ട്ടര്‍മാർ ഉദ്ധരിച്ച ഹദീസിന് അസീസ് എന്നു പറയുന്നു. ഉദാഹരണം:
"ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളെക്കാളും മാതാപിതാക്കളെക്കാളും ഇഷ്‌ടപ്പെട്ടവനാകുന്നതു
വരെ നിങ്ങളാരും യഥാര്‍ഥത്തിൽ വിശ്വാസികളാവുകയില്ല." പ്രവാചകൻ(സ)ൽ നിന്നും ഈ ഹദീസ് സ്വഹാബിമാരായ അനസ്
(റ) വും അബൂഹുറൈറ (റ) വും ഉദ്ധരിക്കുന്നു. ഖതാദ,
അബ്ദുൽ അസീസ് ബിൻ
ശുഐബ് എന്നീ രണ്ടു താബിഈങ്ങളായ റിപ്പോർട്ടർമാർ ഈ ഹദീസ് അനസ് (റ) വിൽ നിന്ന് ഉദ്ധരിക്കുന്നു. ഖതാദ: യിൽ നിന്ന് താബി-താബിഈങ്ങളായ ശുഅ്ബയും, സഈദും (റ) ഉദ്ധരിക്കുന്നു.
27.ഖുദ്സിയായ ഹദീസുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്
ഉത്തരം:Aഅല്ലാഹു പറഞ്ഞു എന്ന് പറയുന്ന ഹദീസുകൾ
അല്ലാഹുവിലേക്ക് ചേർത്ത് പറയുന്ന
ഹദീസുകളാണ് ഖുദ്സി യായ ഹദീസുകൾ. ഇതിലെ ആശയം അല്ലാഹുവിൽ നിന്നുള്ളതും, പദപ്രയോഗങ്ങൾ റസൂൽ (സ) യുടെതുമായിരിക്കും. എന്നാൽ വിശുദ്ധ ഖുർആനിൻറെ
പദവി ഇതിനില്ല.
ഒരു ഉദാഹരണം:
അബൂഹുറൈറ(റ) നിവേദം: നബി(സ)
അരുളി: "ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറയുന്നു: നോമ്പ് എനിക്കുള്ളതാണ്. ഞാനാണ്
അതിന് പ്രതിഫലം നല്‍കുന്നത്............." (ബുഖാരി,മുസ്ലിം)
പൂരിപ്പിക്കുക .
28.അറബി-മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ വിശുദ്ധ ഖുർആൻ പരിഭാഷ ഏതാണ് ?
ഉത്തരം:തര്‍ജമത്തു തഫ്‌സീറിൽ
ഖുര്‍ആൻ (
മായന്‍കുട്ടി എളയ )
19 ആം നൂറ്റാണ്ടിൽ മായിൻ കുട്ടി ഇളയ എന്നപേരിൽ അറിയപ്പെടുന്ന
മുഹ്യുദ്ധീൻ ഇബിനു അബ്ദുൽ ഖാദിർ എന്ന അറക്കൽ കുടുംബാംഗമാണ് ആദ്യമായി "തർജ്ജമത്തു
തഫ്‌സീറിൽ ഖുർആൻ" എന്ന പേരിൽ ആദ്യമായി അറബി മലയാളത്തിൽ വിശുദ്ധ ഖുർആനിന് ഒരു പരിഭാഷ
എഴുതുന്നത്. 1855 (ഹി.1272) ൽ അതിൻറെ തർജ്ജിമ അദ്ദേഹം ആരംഭിച്ചു. പതിനഞ്ചു വർഷം കൊണ്ട്
ആറ് വാള്യങ്ങളിലായി അദ്ദേഹം ഹി. 1294 ൽ അതിൻറെ പ്രവർത്തനം പൂർത്തിയാക്കി.
അന്നത്തെ യാഥാസ്ഥിതിക പണ്ഡിതന്മാർ ഖുർആൻ പരിഭാഷ പെടുത്തുന്നതിനെതിരെ രംഗത്തുവരികയും
ഈ പരിഭാഷയുടെ പല കോപ്പികളും കടലിൽ എറിയുകയും ചെയ്‌തു.
29. കേരളത്തിലെ ആദ്യത്തെ മുസ്ലിം പണ്ഡിത സംഘടന ഏത് ?
ഉത്തരം:കേരള ജംഇയ്യത്തുൽ ഉലമാ (KJU)
1924
മെയ് 10ന് "(കേരള) മുസ്‌ലിം ഐക്യസംഘത്തിൻറെ"
രണ്ടാം വാർഷിക സമ്മേളനം ആലുവയിൽ നടന്നു. അഞ്ഞൂറിലധികം മത പണ്ഡിതന്മാർ അതിൽ പങ്കെടുത്തിരുന്നു.
ആ സമ്മേളനത്തിൽ വച്ചാണ് കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടനയായ "കേരള ജം ഇയ്യത്തുൽ
ഉലമ" (KJU), എം. അബ്ദുൽ ഖാദർ മൗലവി പ്രസിഡന്റായിക്കൊണ്ട്
രൂപീകരിക്കപ്പെട്ടത്. ഈ പണ്ഡിത സംഘടനയുടെ ഇന്നത്തെ ഭാരവാഹികൾ ഇവരാണ് പ്രസിഡന്റ്: മുഹ്യുദ്ധീൻ
ഉമരി, വർക്കിങ് പ്രസിഡന്റ്: CP ഉമർ സുല്ലമി, ജന: സെക്രട്ടറി: എം. മുഹമ്മദ് മദനി.
30. സൗദീ അറേബ്യയിലെ മാലിക് ഫഹദ് ഖുർആൻ പ്രിന്റിങ് പ്രസ്സിൽ നിന്നും മലയാളത്തിൽ
ഇറങ്ങുന്ന ഏക വിശുദ്ധ ഖുർആൻ പരിഭാഷ രചിച്ചത് ആരാണ്?
ഉത്തരം:ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂർ
"വിശുദ്ധ ഖുർആൻ സമ്പൂർണ്ണ മലയാള പരിഭാഷ"
എന്ന പേരിൽ ശബാബ് എഡിറ്ററായിരുന്ന ജനാബ്: ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയും, കുഞ്ഞി മുഹമ്മദ് പറപ്പൂരും ചേർന്ന്
1991 ൽ ഒറ്റവാല്യമായി വിശുദ്ധ ഖുർആൻ പരിഭാഷ
നിർവഹിച്ചു. മർഹൂം കെ. പി.മുഹമ്മദ് മൗലവിയാണ് ഇതിൻറെ പരിശോധന നിർവഹിച്ചത്. ഈ പുസ്തകമാണ്
ഹജ്ജിനും ഉംറയ്‌ക്കും മറ്റും വരുന്നവർക്കായുള്ള സൗജന്യ വിതരണത്തിനായി സൗദീ അറേബ്യയിലെ
മാലിക് ഫഹദ് ഖുർആൻ പ്രിന്റിങ് പ്രസ്സ് അച്ചടിച്ച് വിതരണം ചെയ്യുന്ന വിശുദ്ധ ഖുർആനിൻറെ
ഏക മലയാള പരിഭാഷ.
31. ശിർക്ക് ചെയ്യാത്ത വിശ്വാസികളായ സൽകർമ്മകാരികൾക്ക് അല്ലാഹു ഭൂമിയിൽ അധികാരവും നിർഭയത്വവും വാഗ്ദാനം
ചെയ്തിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന വിശുദ്ധ ഖുർആൻ വചനം ഏത് സൂറയിൽ :
എത്രാമത്തെ ആയത്ത് ?
ഉത്തരം: (24 നൂര്‍ 55)
وَعَدَ
اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُم
فِي الأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ
دِينَهُمُ الَّذِي ارْتَضَى لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ
أَمْنًا يَعْبُدُونَنِي لا يُشْرِكُونَ بِي شَيْئًا
"നിങ്ങളില്‍
നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു
വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക്
പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം
നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട്
കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും
ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍
പങ്കുചേര്‍ക്കുകയില്ല.........."
32.അമുസ്‌ലിം രാജാവിൻറെ കീഴിൽ മന്ത്രി പദം അലങ്കരിച്ച പ്രവാചകൻ ?
ഉത്തരം:യൂസുഫ് (അ)
"രാജാവ് പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തെ
(യൂസുഫ് നബിയെ) എന്‍റെ അടുത്ത് കൊണ്ട് വരൂ. ഞാന്‍ അദ്ദേഹത്തെ എന്‍റെ ഒരു പ്രത്യേകക്കാരനായി
സ്വീകരിക്കുന്നതാണ്. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: തീര്‍ച്ചയായും
താങ്കള്‍ ഇന്ന് നമ്മുടെ അടുക്കല്‍ സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു. അദ്ദേഹം (യൂസുഫ്
നബി-അ-) പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും
ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും. അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം
സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു.
സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല." (12 യൂസുഫ് 54 ,55,56)
ഒരു അമുസ്‌ലിം ഭരണാധികാരിയുടെ കീഴിൽ ഒരു മുസ്ലിം മന്ത്രിയാകുന്നതിനെ "അനിസ്‌ലാമികത്വത്തിന് ചെയ്യുന്ന ദാസ്യവൃത്തി"യായി
ചിലർ കാണുന്നുണ്ട്. അത് ശിർക്കാണ് എന്നാണ്
അവരുടെ വാദം. എന്നാൽ യൂസുഫ് നബി യുടെ ഈ ചരിത്രം നമ്മെ പഠിപ്പിച്ചു തരുന്നത് മറ്റൊന്നാണ്.
33. സുബുലുസ്സലാം ഏത് പ്രസിദ്ധ ഗ്രന്ഥത്തിൻറെ വ്യാഖ്യാനമാണ്?
ഉത്തരം:ബുലൂഗുൽമാറാം
'സുബുലുസ്സലാം' എന്നത് ഇമാം ഇബിനു ഹജർ അസ്ഖലാനിയുടെ "ബുലൂഗുൽമാറാം" എന്ന പ്രസിദ്ധ ഹദീസ്
ഗ്രന്ഥത്തിൻറെ വ്യാഖ്യാന ഗ്രന്ഥമാണ്. 'സുബുലുസ്സലാമിൻറെ രചയിതാവ് ഇമാം മുഹമ്മദ് ബിൻ ഇസ്മായീൽ അസ് ഷനാനി (محمد بن إسماعيل الصنعاني) (മരണം.ഹി.1059) യാണ്. അദ്ദേഹം ഒരു തികഞ്ഞ മുജ്തഹിദായിരുന്നു. അതുകൊണ്ടു തന്നെ ഒരു മദ്ഹബിനെയും
അദ്ദേഹം അന്ധമായി തഖ്‌ലീദ് ചെയ്തിരുന്നില്ല.
34. വികസിക്കുന്ന പ്രപഞ്ചത്തെ പറ്റിയുള്ള ശാസ്ത്ര സൂചന നൽകുന്ന ആയത്ത് ഏത് സൂറയിൽ
: എത്രാമത്തെ ആയത്ത് ?
ഉത്തരം: (51. ദാരിയാത് 47)
وَالسَّمَاء
بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ
"ആകാശമാകട്ടെ
നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു." (51 ദാരിയാത് 47)
1925 ൽ അമേരിക്കൻ അസ്ട്രോണമറായിരുന്ന എഡ്വിൻ ഹബ്ബിൾ (Edwin Hubble) ആണ് ആദ്യമായി പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നു ആദ്യമായി
ശാസ്ത്രീയമായി തെളിയിച്ചത്. അതിനും 1300 വർഷങ്ങൾക്കുമുമ്പുതന്നെ വിശുദ്ധ ഖുർആൻ ഈ സത്യം മനുഷ്യരോട് പറഞ്ഞുവെച്ചു.
35.റബീഉൽ അവ്വൽ മാസത്തിൽ ജനിക്കുകയും റബീഉൽ അവ്വൽ 12 ന് മരണപ്പെടുകയും ചെയ്ത ലോകപ്രശസ്തനായ ഇസ്‌ലാമിക
പണ്ഡിതൻ?
ഉത്തരം:ഇമാം അഹമ്മദ് ബിൻ ഹമ്പൽ
36. ദുർബല ഹദീസുകൾ മാത്രം ക്രോഡീകരിച്ച ഇമാം ഇബിനുഖയ്യിം അൽ ജൗസിയുടെ ഗ്രന്ഥം ഏത് ?
ഉത്തരം:അൽ മനാറുൽ മുനീഫ്
ചരിത്രത്തിൽ സമാനമായ പേരുള്ള പലരും ഉണ്ടാകും. അതിൽ ഒന്ന് അബ്ദുൽ റഹ്‌മാൻ ബിൻ അലി അബുൽ ഫറാഷ് ബിൻ അൽ ജൗസി എന്ന പേരിൽ അറിയപ്പെടുന്ന, ഹിജ്‌റ 508 ൽ ജനിച്ച ഇമാം ഇബിനു അൽ ജൗസി യാണ്. അദ്ദേഹം ക്രോഡീകരിച്ച ദുർബല
ഹദീസുകളുടെ ശേഖരമാണ് (الموضوعات) അൽ മൗദൂ'ആത്ത്.
രണ്ടാമത്തെയാൾ ശംസുദ്ധീൻ അബൂ അബ്ദുല്ല എന്ന ഹിജ്‌റ 691ൽ ജനിച്ച ഇമാം ഇബിനു ഖയ്യിം അൽ ജൗസിയ യാണ്. ശൈഖുൽ ഇസ്‌ലാം ഇബിനു തൈമിയയുടെ ശിഷ്യനാണ്
ഇദ്ദേഹം. അൽ മനാറുൽ മുനീഫ് എന്ന ദുർബല ഹദീസുകൾ മാത്രം ക്രോഡീകരിച്ച ഗ്രന്ഥം ഇദ്ദേഹത്തിൻറെതാണ്.
37. ആൽബിദായ വ അന്നിഹായ (البداية والنهاية) എന്ന ചരിത്ര ഗ്രന്ഥം
ആരുടെ രചനയാണ്?
ആൽബിദായ വ അന്നിഹായ (തുടക്കവും ഒടുക്കവും) എന്ന ഗ്രന്ഥം വിശ്വ പ്രസിദ്ധമായ ഇസ്ലാമിക
ചരിത്ര ഗ്രന്ഥങ്ങളിൽ ഒന്നാണ്. ലോകത്തിൻറെ സൃഷ്ടിപ്പുമുതൽ
ലോകാവസാനം നടക്കുവാൻ പോകുന്ന അടയാളങ്ങൾ വരെയും പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ അതിൽ പ്രതിപാദിച്ചിരിക്കുന്നു.
മറ്റു പ്രവാചകന്മാരുടെ ചരിത്രവും, മുഹമ്മദ് നബി (സ) യുടെ ചരിത്രവും
അതിൽ കാണാം
ഉത്തരം:അബുൽ ഫിദ ഇസ്മായീൽ ഇബ്ൻ
ഉമർ ഇബിനു കസീർ (ഇബിനു കസീർ)
38 . 'ഒരു ധാന്യമണി, അതിന് ഏഴ് കതിരുകൾ,ഓരോ കതിരിലും നൂറ്
ധാന്യമണി' എന്തിൻറെ
ഉപമയായിട്ടാണ് ഖുർആൻ ഇത് പറഞ്ഞത്?
ഉത്തരം:അല്ലാഹുവിൻറെ മാർഗത്തിൽ ധനം ചിലവഴിക്കുന്നവരെ
مَّثَلُ
الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ
أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ وَاللَّهُ
يُضَاعِفُ لِمَن يَشَاء وَاللَّهُ وَاسِعٌ عَلِيمٌ
"അല്ലാഹുവിന്‍റെമാര്‍ഗത്തിൽ തങ്ങളുടെ
ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍
ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്.
" (2 അല്‍ ബഖറ: 261)
39 . 'മുരട് ഉറച്ചുനില്‍ക്കുന്ന, ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ഒരു
നല്ല മരം' എന്തിൻറെ
ഉപമയായിട്ടാണ് ഖുർആൻ ഇത് പറഞ്ഞത്?
ഉത്തരം: (കലിമത്തു ത്വയ്യിബ/ നല്ല വചനം/ ലാ ഇലാഹ ഇല്ലല്ലാഹ്)
· أَلَمْ تَرَ كَيْفَ ضَرَبَ
اللَّهُ مَثَلاً كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ
وَفَرْعُهَا فِي السَّمَاء
· تُؤْتِي أُكُلَهَا كُلَّ حِينٍ
بِإِذْنِ رَبِّهَا وَيَضْرِبُ اللَّهُ الأَمْثَالَ لِلنَّاسِ لَعَلَّهُمْ
يَتَذَكَّرُونَ
"അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ്
ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരം പോലെയാകുന്നു. അതിന്‍റെ
മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്‍റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു.
അതിന്‍റെ രക്ഷിതാവിന്‍റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്‍റെ ഫലം നല്‍കിക്കൊണ്ടിരിക്കും.
മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു."
(14 ഇബ്രാഹീം 24,25)
40. ഐക്യരാഷ്ട്ര സഭയുടെ ഡെപ്യൂട്ടി ജനറലായി കഴിഞ്ഞ വർഷം (2016)
തെരഞ്ഞെടുക്കപെട്ട മുസ്ലിം വനിത?
ഉത്തരം:ആമിന ജെ. മുഹമ്മദ്
ആമിന
ജെ. മുഹമ്മദ് ,ജനനം: 27 ജൂൺ 1961. മഹതി
ഇപ്പോൾ യുഎന്നി ൻറെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആണ്. അവർ നൈജീരിയയുടെ പരിസ്ഥിതി മന്ത്രിയായിരുന്നു.
41. ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല എന്നും, അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
പൊറുത്തുകൊടുക്കുമെന്നും പറയുന്ന ആയത്ത് ഏത് സൂറയിൽ : എത്രാമത്തെ ആയത്ത് ?
ഉത്തരം: 4നിസാഅ് : 48 , 4 നിസാഅ് : 116
إِنَّ
اللّهَ لاَ يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَن يَشَاء
وَمَن يُشْرِكْ بِاللّهِ فَقَدِ افْتَرَى إِثْمًا عَظِيمًا
"തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത്
അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും
ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്. "
إِنَّ
اللّهَ لاَ يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَن يَشَاء
وَمَن يُشْرِكْ بِاللّهِ فَقَدْ ضَلَّ ضَلاَلاً بَعِيدًا
തന്നോട്
പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍
പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു
പോയിരിക്കുന്നു.
42. "അടുക്കള വിട്ടു
പോയിട്ടില്ല, അറിവുള്ളോരെ
കണ്ടിട്ടില്ല
അറിവുകളൊന്നും പഠിച്ചിട്ടില്ല, ഫത്‌വക്കൊട്ടും മുട്ടില്ല."
ആരുടെ വരികളാണിത്?
ഉത്തരം:സനാ ഉല്ലാഹ് മക്തി തങ്ങൾ
43. ഓത്തുപള്ളിയിലും, പള്ളി ദർസിലുമായി കേരളത്തിൽ നടന്നിരുന്ന ഇസ്‌ലാമിക
വിദ്യാഭ്യാസത്തെ ആധുനീക മദ്രസാ സംവിധാനമാക്കി നവീകരിച്ച പരിഷ്‌കർത്താവ് ?
ഉത്തരം:ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി
ഓത്തുപള്ളിയിലും, പള്ളി ദർസിലുമായി നടന്നിരുന്ന മത പഠനത്തെ ബെഞ്ചും, കസേരയും, മേശയും, ബോർഡും എല്ലാമുള്ള വ്യവസ്ഥാപിത മദ്രസാ
സംവിധാനമാക്കി കൊണ്ടുവന്നത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ദീർഘ ദർശിയാണ് .അദ്ധ്യാപകൻ
നിൽക്കുമ്പോൾ കുട്ടികൾ ഇരിക്കുന്നതും, ഖുർആൻ എഴുതി മയ്യിച്ച ചോക്കുപൊടി ചവിട്ടുന്നത്
ഹുർമത്ത് കേടായിയും ചിത്രീകരിച്ച് കൊണ്ട് പൗരോഹിത്യം അന്ന് അതിനെതിരെ രംഗത്തുവരികയാണുണ്ടായത്.
44. പുണ്യയാത്ര മൂന്ന് പള്ളികളിലേക്കല്ലാതെ പാടില്ല. അവ
ഉത്തരം:മസ്ജിദുൽ ഹറാം(മക്ക),മസ്ജിദുന്നബവി(മദീന,), മസ്ജിദുൽ അഖ്‌സാ (പലസ്തീൻ)
حَدَّثَنَا
عَلِيٌّ، حَدَّثَنَا سُفْيَانُ، عَنِ الزُّهْرِيِّ، عَنْ سَعِيدٍ، عَنْ أَبِي
هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ " لاَ تُشَدُّ الرِّحَالُ إِلاَّ إِلَى
ثَلاَثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ، وَمَسْجِدِ الرَّسُولِ صلى الله عليه
وسلم وَمَسْجِدِ الأَقْصَى "
അബൂ
ഹുറൈറ -റ- നിവേദനം; നബി -സ- പറഞ്ഞു: " പുണ്യയാത്ര
മൂന്ന് പള്ളികളിലേക്കല്ലാതെ പാടില്ല. കഅ്ബ, അല്ലാഹുവിൻറെ ദൂതരുടെ (മദീനയിലെ) പള്ളി, അൽ അഖ്‌സ പള്ളി (അഥവാ പലസ്തീനിലെ ബൈത്തുൽ മുഖദ്ദസ്)."
(ബുഖാരി. 1189)
45. സുബ്ഹിൻറെ ബാങ്കിൽ 'അസ്വലാത്തു ഖൈറും മിന നൗ൦' എന്ന് കേൾക്കുമ്പോൾ
പറയേണ്ടത് എന്താണ് ?
ഉത്തരം:'അസ്വലാത്തു ഖൈറും മിന നൗo എന്ന് തന്നെ
സുബഹിൻറെ
ബാങ്കിലെ "അസ്വലാത്തു ഖൈറും മിന നൗo" എന്നത് കേൾക്കുമ്പോൾ 'സ്വദഖ്‌ത
വ ബരിർത്ത' എന്ന് ചിലർ പറയുന്നതുകാണാം. ഫത് ഹുൽമുഈൻ പോലുള്ള ചില കിത്താബുകളിൽ
ഇത് എഴുതിവെച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ ചില മദ്രസാ പുസ്തകങ്ങളിലും ഇത് എഴുതി വെച്ചത്
കാണാം. എന്നാൽ അപ്രകാരം പറയുന്നതിന് ദുർബലമായ ഒരു ഹദീസിൻറെ പോലും പിൻബലമില്ല. ഇത് ആരോ
സന്ദർഭത്തിനനുസരിച്ച് നിർമ്മിച്ചുണ്ടാക്കി ദീനിൽ കടത്തി കൂട്ടിയതാണ്. മുഗ്നിയിൽ എഴുതുന്നു:
"ഇമാം ദമീരി -റ- പറയുന്നു : ഇപ്രകാരം സുന്നത്തുണ്ടെന്ന് പറഞ്ഞത് ആരാണെന്നറിയുകയില്ല."
(മുഗ്നി , വാല്യം:1, പേ:139)
ഈ പ്രാർത്ഥനയ്ക്ക്
യാതൊരു അടിസ്ഥാനവുമില്ല എന്ന് തൽഖീസിൽ ഇബിനു ഹജർ-റ- പ്രസ്താവിക്കുന്നു.
അപ്പോൾ
പിന്നെ "അസ്വലാത്തു ഖൈറും മിന നൗo" എന്ന്
കേൾക്കുമ്പോൽ എന്താണ് പറയേണ്ടത്. "അസ്വലാത്തു
ഖൈറും മിന നൗo" എന്ന് തന്നെയാണ് പറയേണ്ടത് എന്ന് പൊതുവായി
ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നിന്നും മനസ്സിലാക്കാം.
അബൂസഈദ്(റ)
നിവേദനം: തിരുമേനി(സ) അരുളി: "നിങ്ങള്‍ ബാങ്ക് വിളികേട്ടാല്‍ ബാങ്ക് വിളിക്കുന്നവന്‍
പറയും പോലെ നിങ്ങളും പറയുവീന്‍." (ബുഖാരി. 1. 11. 585)
ഹയ്യ-അല-സ്വലാഹ്, ഹയ്യ-അലൽ
ഫലാഹ് എന്നതിൽ മാത്രമാണ് വ്യത്യാസം ഉള്ളത്. അതും ഹദീസിൽ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.
മുആവിയ്യ
-റ- നിവേദനം: "പക്ഷെ ഹയ്യ-അല-സ്വലാഹ് എന്നു കേള്‍ക്കൂമ്പോൾ ലാ-ഹൌല-വലാ ഖുവ്വത്ത
ഇല്ലാ-ബില്ലാഹ് എന്നാണ് അദ്ദേഹം (മുആവിയ്യ) പറഞ്ഞത്. നിങ്ങളുടെ നബി(സ) ഇങ്ങനെ പറയുന്നതായിട്ടാണ്
ഞാന്‍ കേട്ടിരിക്കുന്നതെന്ന് ശേഷം അദ്ദേഹം (മുആവിയ്യ) പറഞ്ഞു." (ബുഖാരി. 1. 11. 587)
46. ഹൈള് കാരിക്ക് (ഋതുമതി) ഹജ്ജിലെയും, ഉംറയിലെയും ഏതു കർമ്മമാണ് വിലക്കപ്പെട്ടിട്ടുള്ളത് ?
ഉത്തരം: ത്വവാഫ് (കഅബാ പ്രദക്ഷിണം)
عَنْ عَائِشَةَ ـ رضى الله عنها ـ أَنَّهَا قَالَتْ قَدِمْتُ مَكَّةَ وَأَنَا
حَائِضٌ، وَلَمْ أَطُفْ بِالْبَيْتِ، وَلاَ بَيْنَ الصَّفَا وَالْمَرْوَةِ، قَالَتْ
فَشَكَوْتُ ذَلِكَ إِلَى رَسُولِ اللَّهِ صلى الله عليه وسلم قَالَ " افْعَلِي
كَمَا يَفْعَلُ الْحَاجُّ غَيْرَ أَنْ لاَ تَطُوفِي بِالْبَيْتِ حَتَّى تَطْهُرِي
".
ആയിശ(റ) നിവേദനം: ഞാന്‍ മക്കയിൽ വന്നത് ആര്‍ത്തവക്കാരിയായിട്ടാണ്. കഅ്ബയെ ഞാന്‍
ത്വവാഫ് ചെയ്യുകയോ സ്വഫാ-മര്‍വക്കിടയിൽ നടക്കുകയോ ചെയ്തിരുന്നില്ല. ആയിശ(റ) പറയുന്നു:
ഇതിനെ സംബന്ധിച്ച് ഞാന്‍ നബി(സ) യോടു ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: "ഹാജിമാര്‍
ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാൽ നീ ശുദ്ധിയാകുന്നതുവരെ കഅ്ബയെ ത്വവാഫ് ചെയ്യരുത്."
(ബുഖാരി: 1650)
47. ബദർ
യുദ്ധത്തിലെ ഏത് തടവുകാരൻറെ കാര്യത്തിലാണ് "ഞാൻ അയാളുടെ അവയവങ്ങൾ
വിച്‌ഛേദിക്കട്ടെ" എന്ന് ഉമർ -റ- ചോദിച്ചപ്പോൾ, "പാടില്ല, ഞാനത് ചെയ്താൽ
എൻറെ അംഗങ്ങളും അല്ലാഹു വിച്‌ഛേദിക്കും" എന്ന് നബി-സ- മറുപടി പറഞ്ഞത്.?
ഉത്തരം:സുഹൈലുബിനു അംറ്
ബദ്റിൽ മുസ്ലീങ്ങൾ ബന്ദികളാക്കിയവരുടെ കൂട്ടത്തിൽ ഖുറൈശികളിലെ ഒരു പ്രഭാഷകനായ സുഹൈൽ
ബിൻ അംറ് ഉം ഉണ്ടായിരുന്നു. മുസ്ലീങ്ങളെ ഇയാൾ നാവുകൊണ്ട് വളരെയധികം ദ്രോഹിച്ചിരുന്നു.
ഇതുകാരണം, "ഒരിക്കലും അങ്ങേയ്ക്കെതിരെ
ഇവൻ പ്രസംഗിക്കുവാൻ എഴുന്നേറ്റു നിൽക്കാത്തവണ്ണം സുഹൈലിൻറെ, നാവ് മുന്നിലേക്ക് ചാടുമാറ് അയാളുടെ
മുന്നിലെ പല്ലുകൾ പറിച്ചിടട്ടെ?" എന്ന് ഉമർ -റ-, നബി തിരുമേനി
-സ- യോട് ചോദിച്ചു. അപ്പോഴാണ് പ്രവാചകൻ ഇപ്രകാരം മറുപടി പറഞ്ഞത്. ഇസ്‌ലാം ദീനിൻറെ പേര്
പറഞ്ഞുകൊണ്ട് ആളുകളുടെ അംഗ വിച്‌ഛേദം നടത്തുവാൻ ഇറങ്ങിത്തിരിച്ചവരെ ഈ സംഭവം താക്കീതു
ചെയ്യുന്നുണ്ട്.
48. ഹുദൈബിയാ
സന്ധിയിൽ ഖുറൈശികളുടെ ഭാഗത്തുനിന്ന് സന്ധി സംഭാഷണത്തിന് നിയോഗിക്കപ്പെട്ടത്
ആരായിരുന്നു ?
ഉത്തരം:സുഹൈലുബിനു അംറ്
ബൈഅത്തുൽ റിദ്വാനിനെയും തുടർന്ന് നടന്ന ഒരു ചെറിയ ഏറ്റുമുട്ടലും മൂലം 12 ഓളം ഖുറൈശികൾ തടവിലാക്കുകയും
ഖുറൈശികൾ പൊതുവിൽ ഭയവിഹ്വലരാ വുകയുംചെയ്തു. ഒരു സന്ധി സംഭാഷണത്തിനായി ഖുറൈശികൾ സുഹൈൽ
ബിൻ അംറ് നെ പ്രവാചകൻറെ അടുക്കലേക്ക് അയച്ചു.
ഉസ്മാൻ (റ) വിനും കൂടെയുള്ള പത്ത് സ്വഹാബിമാർക്കും പകരമായി 12 ഖുറൈശികളെയും മോചിപ്പിച്ചു. തുടർന്ന്
ചില വ്യവസ്ഥകളോടെ ഖുദൈബിയാ സന്ധി എഴുതപ്പെടുകയും ചെയ്തു.
49. മദീനയിലേക്ക്
ഹിജ്‌റ പോകുമ്പോൾ നബി -സ- യ്ക്കും അബൂബക്കറിനും -റ- വഴികാട്ടിയായി ഉണ്ടായിരുന്നത്
ആരാണ് ?
ഉത്തരം:അബ്ദുല്ലാഹിബിനു ഉറൈഖിള്
ഹിജ്‌റ പോകുമ്പോൾ പ്രവാചകനും (സ) അബൂബക്കറും (റ)നും വഴികാട്ടിയായി
ഉണ്ടായിരുന്നത് അബ്ദുല്ലാഹിബിനു ഉറൈഖിള് അൽ
ലൈസ് (عبد الله بن أريقط الليثي) ആണെന്ന് ഇബിനു
ഹിശാം തൻറെ സീറയിൽ പറയുന്നു. അബ്ദുല്ലാഹിബിനു ഉറൈഖിള് മുശ്‌രിക്കായിരുന്നു. അവിശ്വാസികളുടെ
സഹായം സ്വീകരിക്കാം എന്നതിന് ഈ സംഭവം തെളിവാണ്. പ്രവാചകനെ മദീനയിൽ എത്തിച്ചശേഷം ഉറൈഖിള്
മക്കയിലേക്ക് മടങ്ങി. ഇമാം ദഹബി ഒഴിച്ച് മറ്റെല്ലാവരും ഉറൈഖിള് മുശ്രിക്കായി തന്നെയാണ്
മരിച്ചത് എന്ന് അഭിപ്രായപ്പെടുന്നു.
50. തയമും ചെയ്യുമ്പോൾ തടവേണ്ടത് എവിടെ?
ഉത്തരം:മുഖവും മുൻ കയ്യും
തയമും ചെയ്യുമ്പോൾ, വുളു വിലേതുപോലെ കൈമുട്ടുവരെ തടക്കണം എന്നാണ് പലരും ധരിച്ച്
വച്ചിട്ടുള്ളത്.സ്വഹീഹുൽ ബുഖാരിയിൽ "باب التَّيَمُّمُ لِلْوَجْهِ وَالْكَفَّيْنِ" (തയമ്മും മുഖത്തിനും രണ്ടു കൈ പടങ്ങൾക്കും
മാത്രമാണ്) എന്നൊരു അധ്യായം തന്നെ കാണാം. തയമും ചെയ്യേണ്ട രൂപം സ്വഹീഹായ ഹദീസുകളിൽ
വിവരിക്കപ്പെട്ടത് എപ്രകാരമാണെന്ന് കാണുക:
സഈദ് (റ) തൻറെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൻറെ ഭാഗം ഇതാണ്
فَقَالَ النَّبِيُّ صلى الله عليه وسلم
" إِنَّمَا كَانَ يَكْفِيكَ هَكَذَا ". فَضَرَبَ النَّبِيُّ صلى الله
عليه وسلم بِكَفَّيْهِ الأَرْضَ، وَنَفَخَ فِيهِمَا ثُمَّ مَسَحَ بِهِمَا وَجْهَهُ
وَكَفَّيْهِ.
"...... ഉടനെ നബി (സ) രണ്ടു
കയ്യും ഭൂമിയിൽ ഒന്ന് സ്പർശിച്ച ശേഷം അതിന്മേൽ ഊതി ശേഷം അതുകൊണ്ട് മുഖവും രണ്ടു മുൻകൈയും
തടവി. എന്നിട്ട് നിനക്ക് ഇങ്ങനെ ചെയ്താൽ മതിയായിരുന്നല്ലോയെന്ന് അരുളുകയും ചെയ്തു."
(ബുഖാരി 338)
സ്വഹീഹ് മുസ്ലിമിലെ വാചകം ഇപ്രകാരമാണ് "ശേഷം നബി (സ) രണ്ടു
കൈകളും നിലത്ത് ഒരു പ്രാവശ്യം അടിച്ച് അവ കൊണ്ട് കൈപ്പടങ്ങളും മുഖവും തടവി"
അമ്മാർ (റ) നിവേദനം: "തീർച്ചയായും നബി (സ) അദ്ദേഹത്തോട്
മുഖവും രണ്ടു കൈപ്പടങ്ങളും തയമും ചെയ്യാൻ കൽപ്പിച്ചു." (തിർമുദി)
No comments:
Post a Comment