Wednesday, August 24, 2011

ഇഅ്തികാഫ് പള്ളിയില് തന്നെ ആകണമെന്നുണ്ടോ?

റമദാനിലെ അവസാന പത്തിലെ ഇഅ്തികാഫ് പള്ളിയില് തന്നെ ആകണമെന്നും വീട്, കട തുടങ്ങിയിടങ്ങളിലേക്കു പോലും പോകരുതെന്നും നിബന്ധനയുണ്ടോ? ഇങ്ങനെ വരുമ്പോള് ഭാര്യയും കൊച്ചുകുട്ടികളുമുള്ള വീട്ടുകാര്ക്ക് ഭജനമിരിക്കാനാകുമോ? ഇനി ഭര്ത്താവ് ഇരുന്നാല് തന്നെ ഈയൊരു ആരാധനാകര്മം കൊണ്ട് കുടുംബത്തെ കഷ്ടപ്പെടുത്തലാകില്ലേ അത്?

പി മുഹമ്മദ് മുസ്തഫ കല്പറ്റ 


ഇഅ്തികാഫ് പള്ളികളില് ആകണമെന്ന് വിശുദ്ധഖുര്ആനില് (2:187) നിന്ന് തന്നെ ഗ്രഹിക്കാം. ജുമുഅത്ത് പള്ളികളില് തന്നെ ആകണമോ എന്ന കാര്യത്തില് പൂര്വികപണ്ഡിതന്മാര് ഏകാഭിപ്രായക്കാരായിരുന്നില്ല. ഇഅ്തികാഫ് റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില് തന്നെ ആകണമെന്നില്ല. ആ ദിവസങ്ങളിലാണ് കൂടുതല് ശ്രേഷ്ഠതയുള്ളതെന്നു മാത്രം. റമദാനിലെ മറ്റു ദിവസങ്ങളിലും ശവ്വാലിലെ പത്തുദിവസങ്ങളിലും നബി(സ) ഇഅ്തികാഫ് നിര്വഹിച്ചതായി ബുഖാരിയും മുസ്ലിമും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.

ഇഅ്തികാഫ് നിര്വഹിക്കുന്നതിനിടയില് വീട്ടിലോ മറ്റോ പോകരുതെന്ന് നബി(സ) വിലക്കിയിട്ടില്ല. എന്നാല് ഇഅ്തികാഫിനിടയില് ആവശ്യത്തിനല്ലാതെ നബി(സ) വീട്ടില് പോകാറുണ്ടായിരുന്നില്ലെന്ന് ആഇശ(റ) പറഞ്ഞതായി ബുഖാരി റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. `മനുഷ്യന്റെ ആവശ്യത്തിന് വേണ്ടിയല്ലാതെ' എന്നാണ് മുസ്ലിമിന്റെ റിപ്പോര്ട്ടിലുള്ളത്. പ്രസിദ്ധ ഹദീസ് പണ്ഡിതനായ സുഹ്രി ഇതിന് നല്കിയ വിശദീകരണം മലമൂത്രവിസര്ജന ആവശ്യം എന്നാണ്. മറ്റു ആവശ്യങ്ങളുടെ കാര്യത്തില് പ്രമുഖ പണ്ഡിതന്മാര് ഏകാഭിപ്രായക്കാരല്ല. തിന്നാനും കുടിക്കാനും വേണ്ടി പള്ളിയില് നിന്ന് പുറത്തുപോകാവുന്നതാണെന്ന് ചില പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇഅ്തികാഫ് നിര്വഹിക്കുന്നവന് രോഗിയെ കാണാന് പോവുകയോ ജനാസയില് പങ്കെടുക്കുകയോ ഭാര്യാ സംസര്ഗത്തില് ഏര്പ്പെടുകയോ ചെയ്യാതിരിക്കുന്നതും അനിവാര്യമായ ആവശ്യത്തിനുവേണ്ടിയല്ലാതെ പള്ളിയില് നിന്നു പുറത്തുപോകാതിരിക്കുന്നതും നബിചര്യയാണെന്ന് ആഇശ(റ) പറഞ്ഞതായി അബൂദാവൂദ് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.

ഇഅ്തികാഫ് ഒരു നിര്ബന്ധമല്ലാത്ത (ഐച്ഛികമായ) പുണ്യകര്മമത്രെ. വലിയ വിഷമം കൂടാതെ നിര്വഹിക്കാന് കഴിയുന്നവരേ അത് ചെയ്യേണ്ടതുള്ളൂ. ഭര്ത്താവ് ഇഅ്തികാഫ് നിര്വഹിക്കുന്നതുകൊണ്ട് ഭാര്യയ്േക്കാ മക്കള്ക്കോ ഗുരുതരമായ കഷ്ടനഷ്ടങ്ങള് നേരിടുമെങ്കില് അത് ഒഴിവാക്കുകയാണ് നല്ലത്.

Muslim- Shabab

No comments:

Post a Comment