Wednesday, August 24, 2011

 ആഭരണത്തിന്റെ സകാത്ത്‌ പണമായി നല്‍കാമോ?

ആഭരണത്തിനു സകാത്തുണ്ടോ? ഉണ്ടെങ്കില്‍ എത്രയാണ്‌ അതിന്റെ അളവ്‌; പണമായി നല്‍കുന്നതില്‍ വിരോധമുണ്ടോ? 


ഫാത്തിമ ബീവി എറണാകുളം

അംറുബ്‌നു ശുഐബ്‌(റ) മുഖേന അദ്ദേഹത്തിന്റെ പിതാമഹനില്‍ നിന്ന്‌ അബൂദാവൂദ്‌, തിര്‍മിദി, നസാഈ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഒരു സ്‌ത്രീയും തന്റെ മകളും കൂടി നബി(സ)യുടെ അടുക്കല്‍ ചെന്നു. മകളുടെ കൈയില്‍ രണ്ടു സ്വര്‍ണവളകളുണ്ടായിരുന്നു. നബി(സ) ചോദിച്ചു: ``നീ ഇതിന്റെ സകാത്ത്‌ കൊടുക്കാറുണ്ടോ?'' ആ സ്‌ത്രീ പ്രതിവചിച്ചു: ``ഇല്ല.'' നബി(സ) ചോദിച്ചു: ``ഈ രണ്ടു വളകള്‍ക്ക്‌ പകരം ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു നിനക്ക്‌ രണ്ടു തീവളകള്‍ അണിയിച്ചുതരുന്നത്‌ ഇഷ്‌ടമായിരിക്കുമോ?'' അത്‌ കേട്ടപ്പോള്‍ അവള്‍ ആ വളകള്‍ അഴിച്ചിട്ടു.

അബൂദാവൂദും ദാറഖുത്വ്‌നിയും ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: ``ഉമ്മുസലമ(റ) സ്വര്‍ണത്തിന്റെ പാദസരങ്ങള്‍ അണിയാറുണ്ടായിരുന്നു. ഒരിക്കല്‍ അവര്‍ നബി(സ)യോട്‌ ചോദിച്ചു: ഇത്‌ കന്‍സ്‌ (നിഷിദ്ധമായ നിക്ഷേപം) ആണോ? നബി(സ) പറഞ്ഞു: നീ അതിന്റെ സകാത്ത്‌ കൊടുത്തിട്ടുണ്ടെങ്കില്‍ അത്‌ കന്‍സ്‌ അല്ല.''

ഈ ഹദീസുകളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ ആഭരണത്തിന്‌ സകാത്ത്‌ നിര്‍ബന്ധമാണെന്നത്രെ. ഇരുപത്‌ ദീനാറില്‍ (ഏകദേശം പത്തര പവനില്‍) താഴെയുള്ള സ്വര്‍ണത്തിന്‌ സകാത്ത്‌ നല്‍കേണ്ടതില്ലെന്ന്‌ റസൂല്‍(സ) പറഞ്ഞതായി അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇരുപത്‌ ദീനാറിന്‌ അര ദീനാര്‍ അഥവാ രണ്ടര ശതമാനം എന്ന അനുപാതത്തിലാണ്‌ സകാത്ത്‌ നല്‍കേണ്ടതെന്നും പ്രസ്‌തുത ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സകാത്തായി നല്‍കുന്നത്‌ ആഭരണത്തിന്റെ ഒരു ഭാഗമോ സ്വര്‍ണം തന്നെയോ ആകണമെന്നില്ല. അത്രയും മൂല്യമുള്ള കറന്‍സി ആയാലും മതിയാകും. നബി(സ)യുടെ കാലത്ത്‌ സ്വര്‍ണ-വെള്ളി നാണയങ്ങളാണ്‌ പ്രചാരത്തിലുണ്ടായിരുന്നത്‌. പില്‍ക്കാലത്ത്‌ മുസ്‌ലിം നാടുകളിലും മറ്റു രാജ്യങ്ങളിലുമെല്ലാം പല തരം നാണയങ്ങളും പേപ്പര്‍ കറന്‍സികളും നിലവില്‍വന്നു. സകാത്തായും സ്വദഖയായും അവയൊക്കെ നല്‍കാമെന്ന കാര്യം മുസ്‌ലിം പണ്ഡിതന്മാര്‍ തര്‍ക്കം കൂടാതെ അംഗീകരിച്ചിട്ടുണ്ട്‌.

Muslim - Shabab

No comments:

Post a Comment