Monday, August 17, 2015

:: ദുർബല ഹദീസുകൾ :: 2

"എൻറെ സമുദായത്തിൻറെ ആയുസ്സ് 1500 വർഷം കടക്കുകയില്ല" എന്ന ഹദീസ് ഇമാം സൂയൂത്തി അൽ ഹാവി ലി ഫതാവി 2/248 ലും, തഫ്സീർ റൂഹുൽ ബയാൻ 4/262, ഇമാം അഹമ്മദ് , കിതാബുൽ ഇലൽ പേ: 89 ലും ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ ഈ ഹദീസ് ഖുർആനിനും വ്യക്തമായ ബുദ്ധിക്കും എതിരാണ്. ചില ഇസ്രായീലി കഥകളാണ് ഈ റിപ്പോർട്ടുകൾക്ക് ആധാരം.

1) അല്ലാഹു പറയുന്നു;
"ജനങ്ങൾ അന്ത്യസമയത്തെപ്പറ്റി നിന്നോട് ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കൻ മാത്രമാകുന്നു. നിനക്ക് (അതിനെപ്പറ്റി) അറിവുനൽകുന്ന എന്തൊന്നാണുള്ളത്? അന്ത്യസമയം ഒരു വേള സമീപസ്ഥമായിരിക്കാം." (ഖു൪ആൻ അദ്ധ്യായം 33 അഹ്സാബ്)

2) സ്വഹീഹായ ഹദീസിലൂടെ നബി (സ) നമ്മെ പഠിപ്പിക്കുന്നു:
ഉമർ (റ) വിൽ നിന്ന് മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ, ജിബ്രീൽ (അ) മനുഷ്യ രൂപത്തിൽ നബി (സ) യുടെ അരികിൽ വരികയും ഇസ്ലാം , ഈമാൻ , ഇഹ്സാൻ എന്നിവയെ പറ്റി നബിയോട് ചോദിക്കുകയും ചെയ്യുന്നതായി കാണാം തുടർന്ന് ജിബ്രീൽ (അ) ചോദിക്കു ന്ന ഭാഗം നോക്കുക:
"അയാൾ (മനുഷ്യ രൂപത്തിൽ വന്ന ജിബ്രീൽ -അ-) പറഞ്ഞു: എന്നാൽ അന്ത്യ സമയത്തെ (ലോകാവസാനത്തെ) സംബന്ധിച്ച് താങ്കൾ എനിക്ക് പറഞ്ഞു തന്നാലും: റസൂൽ (സ) പറഞ്ഞു : ആ വിഷയത്തെക്കുറിച്ച് ചോദിക്കപ്പെട്ടവൻ ചോദ്യ കർത്താവിനെക്കാൾ അറിവുള്ളവനല്ല. അയാൾ പറഞ്ഞു: എന്നാൽ അതിൻറെ ലക്ഷണങ്ങളെ കുറിച്ച് താങ്കൾ എനിക്ക് പറഞ്ഞു തന്നാലും...."

അപ്പോൾ ലോകാവസാനം കൃത്യമായി പറയുന്ന ഹദീസുകൾ ഖുർആനിൻറെയും സ്വഹീഹായ ഹദീസുകളുടെയും അടിസ്ഥാനത്തിൽ ദുർബലമാണെന്ന് നമുക്ക് എളുപ്പത്തിൽ തന്നെ മനസ്സിലാക്കാം.

മനുഷ്യ വംശത്തിൻറെ ആയുസ്സ് 7000 വർഷങ്ങളാണ്എന്ന ഹദീസും നബി (സ) യ്ക്ക് ശേഷം 200 വർഷങ്ങൾക്ക് ശേഷം ലോകാവസാനത്തിൻറെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും എന്ന ഹദീസും സുവ്യക്തമായ ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതിനാൽ പണ്ഡിതന്മാൽ തള്ളിക്കളഞ്ഞ ഹദീസുകളാണ്.
മേൽ പറഞ്ഞ ഹദീസുക ളുടെ ആശയം ഖുർആനിന് എതിരാണ് എന്ന് ഒന്നുകൂടി തെളിയിക്കുന്ന ആയത്ത് കാണുക:

"അവ൪ പറയുന്നു: എപ്പോഴാണ് ഈ വാഗ്ദാനം ( പുലരുന്നത്? ) നിങ്ങൾ സത്യവാൻമാരാണെങ്കിൽ ( അതൊന്ന് പറഞ്ഞുതരൂ )
പറയുക: ആ അറിവ് അല്ലാഹുവിൻറെ പക്കൽ മാത്രമാകുന്നു. ഞാൻ വ്യക്തമായ താക്കീതുകാരൻ മാത്രമാകുന്നു." (ഖുർആൻ 67 മുൽക്ക്: 25-26 )

ഇമാം ഇബിനുൽ ഖയ്യിം തൻറെ "അൽ മനാറുൽ മുനീഫ് " (വാല്യം 1, പേ: 80)ലെ  ഹദീസ് മനുഷ്യനിർമ്മിതമാണെന്ന് പറയുന്നു. തുടർന്ന് പറയുന്നതിൻറെ ചുരുക്കം ഇതാണ് :

'7000 വർഷം മനുഷ്യ വംശം ഉണ്ടാവുകയുള്ളൂ എന്ന് പറയുകയും നബിക്ക് ശേഷം 1500 വർഷം ഉള്ളൂ എന്ന് പറയുകയും ചെയ്താൽ ഇനി വെറും 251 വർഷം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് (ഇബിനു ഖയ്യിം അന്ന് എഴുതിയതാണ്) കൃത്യമായി പറയുവാൻ കഴിയും. അത് ഖുർആനിനു എതിരാണ്.'

ഇമാം ഇബിനു കസീർ "അൽ നിഹായ ഫിൽ ഫിതൻ ..."(1/25) ൽ പറയുന്നു: "അന്ത്യ സമയം പ്രവാചകൻ നിർണയിച്ചു പറഞ്ഞ ഒരൊറ്റ (സ്വഹീഹായ) ഹദീസ്പൊലുമില്ല., അതിനെ പറ്റിയുള്ള ചില സൂചനകളും ലക്ഷണങ്ങളും അല്ലാതെ."  


ഇമാം ശൗക്കാനി "അൽ മുഖാസിദ് അൽ ഹസന" (പേ: 444)ൽ പറയുന്നു : "ലോകാവസാന സമയം കൃത്യമായി പറയുന്ന ഉദ്ധരിക്കപെട്ട എല്ലാ വിവരണങ്ങളും അടിസ്ഥാന രഹിതമായതോ, സനദ് (സ്വഹീഹ് ആണെന്ന്) തെളിയിക്കപ്പെടാത്തതോ ആണ്."

No comments:

Post a Comment