Islahi Center, K.K. Seethi Memorial Building, Near Aniyal Bridge, Edavanakad- 682502, KERALA
Monday, June 25, 2012
Saturday, June 9, 2012
ഹസന്‍ ബസ്വരി (റ) ഭയഭക്തിയുള്ള പണ്ഡിതന്‍
- സച്ചരിതര്‍ -
അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്
പ്രവാചകപത്‌നി ഉമ്മുസലമ(റ)യുടെ ഭവനം. അവരുടെ ദാസി ഖൈറ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‌കിയ വാര്‍ത്തയുമായി ഒരു ദൂതന്‍ വന്നിരിക്കുന്നു. അവരുടെ മനസ്സ് സന്തോഷത്താല്‍ നിറഞ്ഞുതുളുമ്പി. അതിന്റെ പ്രതിഫലനങ്ങള്‍ അവരുടെ മുഖത്തും പ്രകടമായിരുന്നു. തള്ളയെയും കുഞ്ഞിനെയും എത്രയും പെട്ടെന്നു തന്റെ വീട്ടിലെത്തിക്കുന്നതിനു വേണ്ടി ഉമ്മുല്‍ മുഅ്‌മിനീന്‍ ആളെ അയച്ചു.
പ്രസവകാലം ഇരുവരും തന്റെ പരിചരണത്തില്‍ കഴിയട്ടെ എന്ന് അവര്‍ തീരുമാനിച്ചിരുന്നു. ഉമ്മുസലമ(റ)യുടെ മനസ്സില്‍ അവര്‍ക്ക് ഒരു ഇടമുണ്ടായിരുന്നു. കുഞ്ഞിനെ കാണാന്‍ അവരുടെ മനസ്സ് വെമ്പല്‍ കൊണ്ടു.
ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഖൈറയും കുഞ്ഞും ഉമ്മു സലമയുടെ വീട്ടിലെത്തി. കുഞ്ഞിനെ കണ്ട ഉമ്മുസലമ സന്തോഷത്താല്‍ മതിമറന്നു. ആരെയും അതിശയിപ്പിക്കുന്ന, കാണുന്നവരുടെ മനസ്സില്‍ സന്തോഷം പകരുന്ന, നല്ല മുഖപ്രസാദമുള്ള സുന്ദരനായ ഒരാണ്‍കുട്ടി. കുറച്ചുസമയം കുഞ്ഞിനെ തന്നെ നോക്കിനിന്ന ഉമ്മുസലമ ഖൈറയുടെ നേരെ തിരിഞ്ഞു ചോദിച്ചു:
``ഖൈറാ! കുഞ്ഞിനു പേരു വിളിച്ചോ?''
``ഇല്ല ഉമ്മാ, അത് ഉമ്മയുടെ ഇഷ്‌ടത്തിനു മാറ്റിവെച്ചിരിക്കുകയാണ്.''
``എന്നാല്‍ നമുക്ക് ഹസന്‍ എന്ന് പേരിടാം'' -ഉമ്മുസലമ ഇരുകരങ്ങളുമുയര്‍ത്തി കുട്ടിയുടെ നന്മക്കു വേണ്ടി റബ്ബിനോട് പ്രാര്‍ഥിച്ചു.
ഹസന്റെ ജനനത്തില്‍ സന്തോഷിച്ചത് ഉമ്മുല്‍ മുഅ്‌മിനീന്‍ ഉമ്മുസലമയുടെ വീട് മാത്രമായിരുന്നില്ല. മദീനിയിലെ മറ്റൊരു ഭവനം കൂടി ഈ സന്തോഷത്തില്‍ പങ്കാളിയായി.
വഹ്‌യ് എഴുത്തുകാരന്‍ പ്രമുഖ സ്വഹാബി സൈദുബ്‌നു സാബിത്തിന്റെ വീടായിരുന്നു അത്. കുട്ടിയുടെ പിതാവ് യസാര്‍, സൈദ് ബിന്‍ സാബിത്തിന്റെ അടിമയായിരുന്നു.
പില്‍ക്കാലത്ത് ഹസന്‍ ബസ്വരി എന്ന പേരില്‍ പ്രശസ്‌തനായ ഹസന്‍ ബിന്‍ യസാര്‍ നബി(സ)യുടെ പ്രിയപത്‌നി ഉമ്മുസലമയുടെ വീട്ടിലാണ് വളര്‍ന്നത്. അവരുടെ സ്‌നേഹവും പരിലാളനയും നേടാനുള്ള അപൂര്‍വ സൗഭാഗ്യവും ഹസന് ലഭിച്ചു. അറബ് സ്‌ത്രീകളില്‍ ഏറ്റവും വലിയ ബുദ്ധിമതിയും മാന്യയും നിശ്ചയദാര്‍ഢ്യത്തിന്റെ ഉടമയുമായിരുന്നു അവര്‍. നബി(സ)യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് അവരാണ്. 387 ഹദീസുകള്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ജാഹിലിയ്യാ കാലത്ത് അക്ഷരജ്ഞാനമുള്ള ചുരുക്കം വനിതകളില്‍ ഒരാളായിരുന്നു അവര്‍.
സൗഭാഗ്യവാനായ ഈ കുഞ്ഞിനു ഉമ്മുസലമയുമായുള്ള ബന്ധം ഇതുകൊണ്ടവസാനിക്കുന്നില്ല. കുട്ടിയുടെ ഉമ്മ ഖൈറ ചില ആവശ്യങ്ങള്‍ക്കുവേണ്ടി പുറത്തുപോകുമ്പോള്‍ കുട്ടി വിശന്നു കരയും. കരച്ചില്‍ ശക്തമാകുമ്പോള്‍ ഉമ്മുസലമ(റ) കുട്ടിയെ എടുത്ത് മടിയില്‍ വെച്ച് മുല കുട്ടിയുടെ വായില്‍ വെച്ചു കൊടുക്കും. കുഞ്ഞിനെ സമാധാനിപ്പിക്കലായിരുന്നു ലക്ഷ്യമെങ്കിലും കുഞ്ഞിനോടുള്ള ആത്യന്തികമായ സ്‌നേഹം നിമിത്തം പാല്‍ ചുരത്തുകയും ചെയ്യും. പിന്നെ കുഞ്ഞ് കരച്ചില്‍ നിര്‍ത്തും. അങ്ങനെ ഹസന്റെ മുലകുടിയിലുള്ള ഉമ്മയായിത്തീര്‍ന്നു പ്രവാചകപത്‌നി ഉമ്മുസലമ(റ).
പ്രവാചക പത്‌നിയോടുള്ള സുദൃഢബന്ധവും സ്‌നേഹവും നിമിത്തം ഉമ്മഹാത്തുല്‍ മുഅ്‌മിനീങ്ങളുടെ അടുത്തടുത്തുള്ള എല്ലാ വീടുകളിലും കയറിയിറങ്ങാനും അവരുമായി ഇടപഴകാനും കുട്ടിയായിരുന്ന ഹസന് എളുപ്പത്തില്‍ കഴിഞ്ഞു. തന്മൂലം അവരുടെ പെരുമാറ്റവും അറിവും സ്വാംശീകരിക്കാനും അവന് സാധിച്ചു.
ഹസന്‍ തന്നെ പറഞ്ഞതു പോലെ നിരന്തരമായ ചലനങ്ങളും കളികളും കൊണ്ട് പ്രവാചക പത്‌നിമാരുടെ വീടുകള്‍ പ്രകാശപൂരിതമായി. തുള്ളിച്ചാടി വീടിന്റെ മച്ചുകള്‍ തൊടുന്നത് പോലും ഹരമായിരുന്നു. ആ വീടുകളില്‍ നിന്നും അറിവും സംസ്‌കാരവും ആവോളം നുകരുന്നതോടൊപ്പം മദീന പള്ളിയുടെ അകത്തളങ്ങളില്‍ അദ്ദേഹം സായൂജ്യം കണ്ടെത്തി. ഉസ്‌മാനുബിന്‍ അഫ്‌ഫാന്‍, അലിയ്യുബിന്‍ അബീത്വാലിബ്, അബൂമുസല്‍ അശ്‌അരി, അബ്‌ദുല്ലാഹിബ്‌നു ഉമര്‍, അബ്‌ദുല്ലാഹിബ്‌നു അബ്ബാസ്, അനസ് ബിന്‍ മാലിക്, ജാബിറുബ്‌നു അബ്‌ദില്ല തുടങ്ങിയ ശ്രേഷ്‌ഠ വ്യക്തികളുടെ അരുമ ശിഷ്യനായി അദ്ദേഹം വളര്‍ന്നു. അവരില്‍ നിന്നു ഹദീസുകള്‍ രിവായത്ത് ചെയ്‌തു. അവരുടെ സ്വഭാവ സവിശേഷതകള്‍ സ്വായത്തമാക്കി, ഏറെ സ്വാധീനിച്ച വ്യക്തി അലി(റ)യായിരുന്നു. നിശ്ചയദാര്‍ഢ്യം, ജനങ്ങളോടുള്ള സ്‌നേഹം, ദുന്‍യാവിനോടുള്ള വിരക്തി, നല്ല അവതരണ ശൈലി, വാചാലത, സാരസമ്പൂര്‍ണമായ വചനങ്ങള്‍, ഹൃദയങ്ങള്‍ തുളച്ചുകയറുന്ന ഉപദേശങ്ങള്‍ തുടങ്ങിയവ എല്ലാം ഹസനെ ഏറെ ആകര്‍ഷിച്ചിരുന്നു. തന്റെ സംസാരത്തിലും സാഹിത്യത്തിലും ഹസന്‍ അവ പകര്‍ത്തി. ഹസന് പതിനാലു വയസ്സുള്ളപ്പോള്‍ യസാര്‍-ഖൈറ ദമ്പതികള്‍ ഇറാഖിലെ ബസ്വറയിലിലേക്കു താമസം മാറ്റി. അതോടെ ഹസന്‍ ബസ്വറക്കാരനായി. പിന്നീട് ഹസന്‍ ബസ്വരി എന്ന പേരില്‍ പ്രശസ്‌തനായി.
അന്ന് ബസ്വറ ഇസ്‌ലാമിക വിജ്ഞാന പ്രസരണത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായിരുന്നു. ബസ്വറയിലെ വലിയ പള്ളി സ്വഹാബാ പ്രമുഖര്‍, താബിഉകള്‍ തുടങ്ങിയ പണ്ഡിത കേസരികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. വിവിധ വീക്ഷണങ്ങളുള്ള വിജ്ഞാന സദസ്സുകളാല്‍ പള്ളി നിബിഡമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ഭാഷ്യക്കാരനായി തിരുനബി(സ) വിശേഷിപ്പിച്ച അബ്‌ദുല്ലാഹിബ്‌നു അബ്ബാസിന്റെ സദസ്സാണ് ഹസന്‍ തെരഞ്ഞെടുത്തത്. തഫ്‌സീറും ഹദീസും ഖുര്‍ആന്‍ പാരായണ നിയമവും അദ്ദേഹത്തില്‍ നിന്ന് അഭ്യസിച്ചു. കര്‍മശാസ്‌ത്ര ശാഖകളിലും വ്യുല്‍പത്തി നേടിയ ഹസന്‍ വിജ്ഞാനദാഹികളുടെ ആശ്രയ കേന്ദ്രമായി. പണ്ഡിത കേസരിയായി അറിയപ്പെടാന്‍ അധികനാള്‍ വേണ്ടി വന്നില്ല. കടുത്ത ഹൃദയങ്ങളെപ്പോലും തരളിതമാക്കുന്ന ഉപദേശങ്ങളും കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളും അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കി. ഹൃദയങ്ങളെ വശീകരിക്കുന്ന ആ ഉപദേശങ്ങള്‍ ജനങ്ങള്‍ മനപ്പാഠമാക്കി. കസ്‌തൂരിയേക്കാള്‍ സുഗന്ധമുള്ള ആ ജീവിതകഥ നാടാകെ പരന്നു. ഭരണാധികാരികളും നേതാക്കളും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് കാതോര്‍ത്തു. ജനങ്ങള്‍ അദ്ദേഹത്തെ വലയം ചെയ്‌തു.
ഖാലിദ് ബിന്‍ സ്വഫ്‌വാന്‍ ഒരു സംഭവം വിവരിക്കുന്നു: ``ഞാന്‍ ബനൂഉമയ്യാ ഗോത്രത്തിലെ സേനാനായകനായ മസ്‌ലമത് ബിന്‍ അബ്‌ദില്‍ മലികിനെ ഇറാഖിലെ ഹീറയില്‍ വെച്ചു കണ്ടുമുട്ടി. ``ഖാലിദ്, ഹസന്‍ ബസ്വരിയെ കുറിച്ച് വിവരിച്ചു തരൂ. മറ്റാരേക്കാളും അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിവുള്ളത് നിങ്ങള്‍ക്കാണെന്ന് ഞാന്‍ വിചാരിക്കുന്നു.''
``അതെ എനിക്ക് അദ്ദേഹത്തെ നന്നായറിയാം. ഞാന്‍ അദ്ദേഹത്തിന്റെ അയല്‍വാസിയും സദസ്സിലെ നിത്യസന്ദര്‍ശകനുമാണ്. ബസ്വറയില്‍ വെച്ച് മറ്റാരേക്കാളും അദ്ദേഹത്തെക്കുറിച്ച് അറിയുന്നതും എനിക്കാണ്.''
എന്നാല്‍ പറയൂ.
``അദ്ദേഹത്തിന്റെ രഹസ്യജീവിതം പരസ്യജീവിതം പോലെ വിശുദ്ധമാണ്. വാക്കുപോലെ തന്നെയാണ് കര്‍മവും. ഒരു കാര്യം കല്‌പിച്ചാല്‍ അത് ആദ്യം പ്രാവര്‍ത്തികമാക്കുന്നത് അദ്ദേഹമായിരിക്കും. ചീത്ത കാര്യം വിലക്കിയാല്‍ അത് ആദ്യം ഒഴിവാക്കുന്നതും അദ്ദേഹം തന്നെ. ജനങ്ങളെ ആശ്രയിക്കാതെ പരിത്യാഗിയായാണ് അദ്ദേഹം ജീവിക്കുന്നത്. സര്‍വ കാര്യത്തിനും ജനങ്ങള്‍ക്ക് അദ്ദേഹത്തെ ആവശ്യമാണ്. അവര്‍ അദ്ദേഹത്തെ അന്വേഷിച്ചെത്തും. അപ്പോള്‍ മസ്‌ലമ പറഞ്ഞു: ``മതി, ഖാലിദ്! ഇത്തരം ആളുകള്‍ ജീവിക്കുന്ന ഒരു സമൂഹം എങ്ങനെ വഴിതെറ്റും.''
ഹജ്ജാജ്‌ബ്‌നു യൂസുഫ് ഇറാഖില്‍ സേച്ഛാധിപതിയായി വാഴുന്ന കാലം. അദ്ദേഹത്തിന്റെ സേച്ഛാധിപത്യ പ്രവണതകളെയും അക്രമത്തെയും എതിര്‍ക്കുന്ന അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു ഹസന്‍ ബസ്വരി. സത്യം ജനങ്ങള്‍ക്കിടയില്‍ വിളിച്ചു പറഞ്ഞു. അധാര്‍മികതയെ നഖശിഖാന്തം എതിര്‍ത്തു.
ബസ്വറയുടെയും കൂഫയുടെയും ഇടയില്‍ സ്ഥിതിചെയ്യുന്ന `വാസിത്വ' നഗരത്തില്‍ ഹജ്ജാജ് തനിക്കു വേണ്ടി ഒരു കൊട്ടാരം പണിതു. പണികഴിഞ്ഞപ്പോള്‍ കൊട്ടാരം നടന്നു കാണാനും പ്രാര്‍ഥിക്കാനും വേണ്ടി പൗരന്മാര്‍ക്കു ഹജ്ജാജ് സൗകര്യം ചെയ്‌തുകൊടുത്തു.
വാസ്‌തുശില്‌പകലയുടെ ഗാംഭീര്യം വിളിച്ചോതുന്ന കൊട്ടാരം കാണാനുള്ള ജനങ്ങളുടെ ഒഴുക്കു ഉപയോഗപ്പെടുത്താന്‍ ഹസന്‍ തീരുമാനിച്ചു. ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന ഈ സന്ദര്‍ഭം പാഴാക്കിക്കളയുന്നത് അനുചിതമായി അദ്ദേഹം കണ്ടു.
ജനങ്ങളില്‍ ഉത്‌ബോധനം നടത്താനും ഭൗതിക സുഖാഡംബരങ്ങളുടെ നശ്വരതയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും അല്ലാഹുവിലുള്ള സൗഖ്യങ്ങളെ ജനങ്ങളില്‍ പ്രേരിപ്പിക്കാനും അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടു. ജനങ്ങള്‍ ആ സുന്ദരസൗധത്തിന്റെ മാസ്‌മരികതയില്‍ ലയിച്ച് വിസ്‌മയഭരിതമായി നീങ്ങിക്കൊണ്ടിരിക്കുന്ന സൗധത്തിന്റെ മനോഹാരിതയില്‍ മയങ്ങിപ്പോയ ജനങ്ങളെ കൊട്ടാരത്തിന്റെ അങ്കണത്തില്‍ ഒരുമിച്ചുകൂട്ടി ഹസന്‍ ബസ്വരി പറഞ്ഞു:
ഏറ്റവും ക്രൂരനും നികൃഷ്‌ടനുമായ ആള്‍ പണി കഴിപ്പിച്ച ഈ കെട്ടിടം നിങ്ങള്‍ കണ്ടുകഴിഞ്ഞു. ഫിര്‍ഔന്‍ ഇതിനേക്കാള്‍ വലിയ കോട്ടകളും കൊട്ടാരങ്ങളും പണിതൊരുക്കിയിരുന്നു. ആ ഫിര്‍ഔനിനെ അല്ലാഹു നശിപ്പിച്ചു. അവന്‍ പണിതുണ്ടാക്കിയതും ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെട്ടു. ആകാശത്തുള്ളവന്‍ തന്നെ വെറുക്കുന്നുവെന്നും ഭൂമിയിലുള്ളവര്‍ തന്നെ ഭയന്ന് മൗനം പാലിക്കുകയാണെന്നും ഹജ്ജാജ് മനസ്സിലാക്കിയിരുന്നുവെങ്കില്‍! ഇങ്ങനെ ഹസന്‍ ബസ്വരിയുടെ പ്രസംഗം പുരോഗമിക്കുമ്പോള്‍ സദസ്യരില്‍ അദ്ദേഹത്തോട് അനുകമ്പ തോന്നിയ ഒരാള്‍ ചെവിയില്‍ മന്ത്രിച്ചു: ``അബൂസഈദ് മതി. നിര്‍ത്തിക്കളയൂ.''
അപ്പോള്‍ ഹസന്‍ പറഞ്ഞു: ``സത്യം ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുമെന്നും അവ മറച്ചുവെക്കുകയില്ലെന്നും അല്ലാഹുവിനോട് കരാര്‍ ചെയ്‌തവരാണ് പണ്ഡിതന്മാര്‍.''
അടുത്ത ദിവസം ഹജ്ജാജ് സദസ്സിലേക്ക് എഴുന്നള്ളി. കോപാഗ്നി ആളിക്കത്തിയ മുഖഭാവം. തികഞ്ഞ നിശ്ശബ്‌ദത. ഹജ്ജാജ് പറഞ്ഞു: ``നിങ്ങള്‍ക്ക് നാശം. ബസ്വറയിലെ ഒരു അടിമ ഈ കൊട്ടാരത്തിന്റെ തിരുമുറ്റത്ത് വന്നുനിന്ന് തോന്നിയത് പറയുക. അതിന് നിങ്ങളില്‍ ഒരാള്‍ പോലും മറുപടി പറയാതിരിക്കുക. അല്ലെങ്കില്‍ അവ നിഷേധിക്കുകയെങ്കിലും ചെയ്യാതിരിക്കുക. നിങ്ങള്‍ക്കെന്തു പറ്റി; അല്ലാഹുവാണ സത്യം! ഭീരുക്കളേ, അവന്റെ രക്തം നിങ്ങളെ ഞാന്‍ കുടിപ്പിക്കും.''
തുടര്‍ന്നു ഭടനോട് കത്തിയും തലവെട്ടിയാല്‍ ഇടാനുള്ള വിരിയും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ആരാച്ചാര്‍ ഹജ്ജാജിന്റെ മുമ്പില്‍ ഹാജറായി. സുരക്ഷാസേനയുടെ ഉദ്യോഗസ്ഥനെ വിളിച്ച് ഹസന്‍ ബസ്വരിയെ ഹാജറാക്കാന്‍ ഉത്തരവിട്ടു. നിമിഷങ്ങള്‍ക്കകം ഹസന്‍ ഹാജരാക്കപ്പെട്ടു. എല്ലാ കണ്ണുകളും അദ്ദേഹത്തില്‍ പതിച്ചു. എല്ലാവരുടെയും ഹൃദയ മിടിപ്പുകള്‍ വര്‍ധിച്ചു. വാളും വിരിപ്പും ആരാച്ചാരെയും കണ്ടപ്പോള്‍ ഹസന്‍ ചുണ്ടുകള്‍ ചലിപ്പിച്ചു. പിന്നെ ഹജ്ജാജിന്റെ നേരെ തിരിഞ്ഞു. വിശ്വാസിയുടെ ഗാംഭീര്യത്തോടെ, മുസ്‌ലിമിന്റെ അഭിമാനത്തോടെ പ്രബോധകന്റെ അന്തസ്സോടെ ഹജ്ജാജിനെ നോക്കി. ആ നോട്ടത്തില്‍ ഭയന്നുപോയ ഹജ്ജാജ് പറഞ്ഞു: ``അബൂസഈദ് ഇങ്ങോട്ടു വരൂ, ഇവിടെ ഇരിക്കൂ...'' തന്റെ ഇരിപ്പിടത്തില്‍ സൗകര്യമൊരുക്കി അദ്ദേഹത്തെ ക്ഷണിച്ചു. ആകാംക്ഷയോടെ, അതിലധികം അത്ഭുതത്തോടെ ജനങ്ങള്‍ ആ രംഗം വീക്ഷിച്ചു. ഹസന്റെ കൈപിടിച്ച് ഹജ്ജാജ് തന്റെ സിംഹാസനത്തില്‍ അദ്ദേഹത്തെ ഇരുത്തി. കുശാലാന്വേഷണങ്ങള്‍ക്കു ശേഷം ഹജ്ജാജ് മതപരമായ ചില പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തോട് ആരായുകയും ഹസന്‍ തികഞ്ഞ പാണ്ഡിത്യത്തോടും ഉറച്ച മനസ്സോടും കൂടി അദ്ദേഹത്തിനു മറുപടി നല്‌കുകയും ചെയ്‌തു. തുടര്‍ന്ന് ഹജ്ജാജ് പറഞ്ഞു:
``അബൂസഈദ്, താങ്കള്‍ പണ്ഡിതന്മാരുടെ നേതാവാണ്. ഈ രാജ്യത്തിന്റെ അഭിമാനവും.'' ഉയര്‍ന്ന സുഗന്ധമുള്ള അത്തര്‍ അദ്ദേഹത്തിന്റെ താടിയിലും ശരീരത്തിലും പുരട്ടി സ്‌നേഹാദരവുകളോടെ അദ്ദേഹത്തെ യാത്രയാക്കി. കവാടത്തിന്നരികിലെത്തിയപ്പോള്‍ സുരക്ഷാ സേനക്കാരന്‍ പറഞ്ഞു: ``അബൂസഈദ്! യഥാര്‍ഥത്തില്‍ ഹജ്ജാജ് താങ്കളെ വിളിപ്പിച്ചത് ഇതിനൊന്നുമല്ല. വാളും ആരാച്ചാരും ദൃഷ്‌ടിയില്‍ പെട്ടപ്പോള്‍ താങ്കള്‍ ചുണ്ടനക്കുന്നത് ഞാന്‍ കണ്ടിരുന്നു. എന്താണങ്ങ് പറഞ്ഞിരിക്കുന്നത്?''
``ഞാന്‍ പ്രാര്‍ഥിക്കുകയായിരുന്ന! വിപദ്‌ഘട്ടത്തില്‍ എനിക്ക് എല്ലാവിധ അനുഗ്രഹങ്ങളും കനിഞ്ഞേകിയവനേ, ഹജ്ജാജിന്റെ പ്രതികാരാഗ്നി എനിക്ക് തണുപ്പും രക്ഷയുമായി മാറണമേ! ഇബ്‌റാഹീമിന്(അ) നീ അഗ്നിയെ തണുപ്പും സമാധാനവുമാക്കി മാറ്റിയതുപോലെ?''
ഖലീഫമാരോടും ഗവര്‍ണര്‍മാരോടുമുള്ള അദ്ദേഹത്തിന്റെ കര്‍ക്കശമായ നിലപാടുകള്‍ക്ക് ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാം. ഉമര്‍ ബിന്‍ അബ്‌ദില്‍ അസീസിനു ശേഷം യസീദ് ബിന്‍ അബ്‌ദില്‍ മലിക് ഖലീഫയായി ചുമതലയേറ്റു. ഇറാഖിന്റെ ഉത്തരവാദിത്തം ഉമര്‍ ബിന്‍ ഹുബൈറ അല്‍ഫസാരിക്കായിരുന്നു. പിന്നീട് ഖുറാസാനും അദ്ദേഹത്തിന്റെ അധികാര പരിധിയിലായി. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്‌തമായി തന്നിഷ്‌ടവും സ്വേച്ഛാധിപത്യവുമായിരുന്നു യസീദിന്റെ ഭരണരീതി. തന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഖലീഫ നിരന്തരമായി കത്തെഴുതിക്കൊണ്ടിരുന്നു. നിര്‍ദേശങ്ങള്‍ പലപ്പോഴും സത്യത്തിനും നീതിക്കും നിരക്കാത്തതും. ഗത്യന്തരമില്ലാതെ, താന്‍ എന്തു ചെയ്യണമെന്ന് ആലോചിക്കാനായി ഗവര്‍ണര്‍ ഹസന്‍ ബസ്വരിയെയും ശഅ്‌ബീ എന്ന പേരില്‍ പ്രശസ്‌തനായ ആമീറുബ്‌നു ശുറഹ്‌ബീലിനെയും ക്ഷണിച്ചുവരുത്തി. അദ്ദേഹം പറഞ്ഞു:
``നിങ്ങള്‍ക്കറിയാവുന്നതുപോലെ യസീദ് ബിന്‍ അബ്‌ദില്‍ മലിക് ജനങ്ങളുടെ ഖലീഫയാണ്. അദ്ദേഹത്തെ അനുസരിക്കല്‍ ജനങ്ങള്‍ക്കു നിര്‍ബന്ധവുമാണ്. എന്നെ ഇറാഖിലെയും തുടര്‍ന്നു പേര്‍ഷ്യയിലെയും അധികാരിയായി നിയമിച്ചു. നീതിക്ക് നിരക്കാത്ത, മനസ്സാക്ഷിക്കു യോജിക്കാത്ത നിര്‍ദേശങ്ങള്‍ അദ്ദേഹം പലപ്പോഴും എഴുതി അറിയിക്കുന്നു. ഖലീഫയുടെ ഇത്തരത്തിലുള്ള ഉത്തരവുകള്‍ അനുസരിക്കാതിരിക്കുന്നത് മതവിരുദ്ധമായിത്തീരുമോ? ഈ സന്നിഗ്‌ധഘട്ടത്തില്‍ ഞാന്‍ എന്തു ചെയ്യണം'' -ഗവര്‍ണര്‍ ചോദിച്ചു. ഖലീഫയെ അനുസരിക്കണമെന്ന രീതിയിലാണ് ശഅബീ സംസാരിച്ചത്. ഹസന്‍ നിശബ്‌ദനായിരുന്നു. ഉമര്‍ബിന്‍ ഹുബൈറ ഹസന്‍ ബസ്വരിയുടെ നേരെ തിരിഞ്ഞുചോദിച്ചു: ``അബൂസഈദ്, താങ്കള്‍ എന്തു പറയുന്നു?''
ഹസന്‍ ബസ്വരി പറഞ്ഞു: ``ഇബ്‌നു ഹുബൈറ, യസീദിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ യസീദിനെ ഭയക്കേണ്ടതില്ല. യസീദിന്റെ ദ്രോഹത്തില്‍ നിന്ന് അല്ലാഹു നിങ്ങളെ കാത്തുകൊള്ളും. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് താങ്കളെ രക്ഷിക്കാന്‍ യസീദിനാവുകയില്ല.''
``ഇബ്‌നു ഹുബൈര്‍, അല്ലാഹുവിന്റെ കല്‌പനകള്‍ ധിക്കരിക്കാത്ത ആ മലക്കിനെ നിങ്ങള്‍ ഓര്‍ത്തുകൊള്ളുക. നിങ്ങളുടെ ഇരിപ്പിടത്തില്‍ നിന്ന് നിങ്ങളെ നീക്കം ചെയ്‌ത് കൊട്ടാരത്തിന്റെ വിശാലതയില്‍ നിന്ന് നിങ്ങളെ പൊക്കിയെടുത്ത് ഖബറിന്റെ കുടുസ്സിലേക്ക് നിങ്ങളെ തള്ളാന്‍ അവന്‍ ശക്തനാണ്. അവിടെ നിങ്ങള്‍ യസീദിനെ കാണില്ല. യസീദിന്റെ നാഥനെ ധിക്കരിച്ച് നിങ്ങള്‍ ചെയ്‌ത പ്രവര്‍ത്തികളേ അവിടെ കാണുകയുള്ളൂ.''
``ഇബ്‌നുഹുബൈറ, നിങ്ങള്‍ അല്ലാഹുവോട് കൂടെ അവനെ അനുസരിച്ച് ജീവിച്ചാല്‍ ഈ ലോകത്തും പരലോകത്തും യസീദിന്റെ ദ്രോഹത്തില്‍ നിന്ന് അല്ലാഹു നിങ്ങളെ സംരക്ഷിക്കും. അല്ലാഹുവിനെ ധിക്കരിച്ച് യസീദിനൊപ്പമാണ് നിങ്ങള്‍ നില്‌ക്കുന്നതെങ്കില്‍ നിങ്ങളെ രക്ഷിക്കാന്‍ അല്ലാഹു ഉണ്ടാവുകയില്ല. ഇബ്‌നു ഹുബൈറ! സ്രഷ്‌ടാവിനെ ധിക്കരിച്ച് ഒരു സൃഷ്‌ടിയെയും അനുസരിക്കേണ്ടതില്ല.''
ഉപദേശം കേട്ട ഇബ്‌നുഹുബൈറ കരഞ്ഞു. കണ്ണീര്‍ കവിള്‍ തടത്തിലൂടെ ചാലിട്ടൊഴുകി. ശഅബിയെ അവഗണിച്ച് ഹസന്‍ ബസ്വരിയെ എല്ലാ നിലക്കും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്‌തു. കൊട്ടാരത്തില്‍ നിന്ന് പുറത്തിറങ്ങി പള്ളിയിലേക്ക് നീങ്ങിയ രണ്ടു പേരെയും ജനം പൊതിഞ്ഞു. ഇറാഖിലെ ഗവര്‍ണറുമായി സംസാരിച്ചതിനെക്കുറിച്ച് അവര്‍ക്ക് അറിയണം. അവര്‍ ആവശ്യപ്പെട്ടു.
ശഅ്‌ബീ കാര്യങ്ങള്‍ ഇങ്ങനെ വിശദീകരിച്ചു. `ജനങ്ങളേ, സൃഷ്‌ടികളേക്കാള്‍ എല്ലാ നിലയിലും സ്രഷ്‌ടാവിനാണ് മുന്‍ഗണന നല്‌കേണ്ടത്. ഹസന്‍ ഗവര്‍ണര്‍ ഇബ്‌നു ഹുബൈറയോട് പറഞ്ഞ കാര്യങ്ങളെല്ലാം എനിക്കു അറിയാത്തതല്ല. പക്ഷെ, ഗവര്‍ണറുടെ സംതൃപ്‌തി കണ്ടാണ് ഞാന്‍ സംസാരിച്ചത്. ഹസന്നാവട്ടെ അല്ലാഹുവിന്റെ തൃപ്‌തി ഉദ്ദേശിച്ചാണ് സംസാരിച്ചത്. തന്നിമിത്തം ഇബ്‌നു ഹുബൈറയുടെ മനസ്സില്‍ ഹസന്റെ മഹത്വം ഒന്നൂകൂടി വര്‍ധിച്ചു. എന്നെക്കുറിച്ച് മോശമായ അഭിപ്രായമാണ് ഗവര്‍ണര്‍ക്കുണ്ടായത്.
ലോകം മുഴുവന്‍ വിജ്ഞാന സമ്പത്തുക്കള്‍ ബാക്കിവെച്ച് എണ്‍പത് വയസ്സുവരെ ബസ്വരി ജീവിച്ചു. അദ്ദേഹത്തിന്റെ ഉപദേശങ്ങളോരോന്നും ജനമനസ്സുകളെ പിടിച്ചുകുലുക്കി. പണ്ഡിതന്മാര്‍ക്കും പാമരന്മാര്‍ക്കും വെളിച്ചമേകി. ഐഹിക ജീവിതത്തിന്റെ യാഥാര്‍ഥ്യം ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുത്തു ലോകത്തെ കുറിച്ചും അതിന്റെ അവസ്ഥകളെക്കുറിച്ചും ചോദിച്ച വ്യക്തിയോട് അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്:
``നീ ഇഹലോകത്തെ കുറിച്ചും പരലോകത്തെക്കുറിച്ചും എന്നോട് ചോദിക്കുകയുണ്ടായി. കിഴക്കും പടിഞ്ഞാറും പോലെയാണ് ഇവ രണ്ടിന്റെയും ഉദാഹരണം. ഒന്നിനോട് കൂടുതല്‍ അടുക്കുമ്പോള്‍ മറ്റേതിനോടുള്ള അകല്‍ച്ചയും വര്‍ധിക്കുന്നു.''
മറ്റൊരിക്കല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ``കഷ്‌ടം നമ്മുടെ ശരീരത്തോട് നാമെന്താണ് ചെയ്‌തുകൊണ്ടിരിക്കുന്നത്. നമ്മുടെ ദീനിനെ നാം ശോഷിപ്പിച്ചു. ദുന്‍യാവിനെ പരിപോഷിപ്പിച്ചു. സ്വഭാവങ്ങള്‍ ജീര്‍ണിപ്പിച്ചു. പുതുവസ്‌ത്രങ്ങള്‍ മോടിയില്‍ ധരിച്ചു. സ്വസ്ഥമായി ഇരുന്ന് അന്യന്റെ മുതല്‍ തിന്നു വയര്‍ നിറയ്‌ക്കുന്നു. ആഹാരം കവര്‍ന്നെടുത്ത് പുളിയും മധുരവും ചൂടും തണുപ്പും പച്ചയും ഉണങ്ങിയതും മാറിമാറിക്കഴിച്ച് അനങ്ങാന്‍ വയ്യാതെ വരുമ്പോള്‍ ആശ്വാസത്തിനു മരുന്ന് തേടി അലയും. എന്നിട്ട് പറയും: ആഹാരം ദഹിപ്പിക്കുന്നതിന് ഔഷധം കൊണ്ടുവരൂ! എന്നാല്‍ വിഢ്‌ഢിയായ മനുഷ്യാ! നീ ദഹിപ്പിക്കുന്നത് നിന്റെ ദീനിനെയാണ്. ആവശ്യക്കാരനായ നിന്റെ അയല്‍വാസിയെ നീ പരിഗണിച്ചുവോ! വിശക്കുന്ന അനാഥയെ നീ ശ്രദ്ധിച്ചുവോ? നിന്നിലേക്കു ദയനീയമായി നോക്കിയിരുന്ന പാവപ്പെട്ടവനെ നീ കണ്ടുവോ? എല്ലാം നീ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. ഓരോ സൂര്യാസ്‌തമയത്തോടെയും നിന്റെ ആയുസ്സിന്റെ ദിനങ്ങളില്‍ നിന്നു ഒന്നു കൊഴിഞ്ഞുപോവുകയാണെന്ന് നീ മനസ്സിലാക്കിയില്ല.''
ഹിജ്‌റ നൂറ്റിപത്താം വര്‍ഷം റജബ് ആദ്യ വെള്ളിയാഴ്‌ച ഹസന്‍ ബസ്വരി തന്റെ റബ്ബിന്റെ വിളിക്ക് ഉത്തരം നല്‌കി. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ബസ്വറയെ ശോകമൂകമാക്കി. പണ്ഡിതനായും അധ്യാപകനായും പ്രബോധകനായും തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവിട്ട പള്ളിയിലാണ് ജുമുഅ നമസ്‌കാരത്തിനു ശേഷം അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്‌കാരം നടന്നത്. ജനസഹസ്രം മയ്യത്തിനെ അനുഗമിച്ചതു മൂലം അന്ന് ബസ്വറ പള്ളിയില്‍ അസര്‍ നമസ്‌കാരത്തിന്നാരുമുണ്ടായിരുന്നില്ല. ഹസന്‍ ബസ്വരി മരിച്ച ദിവസമല്ലാതെ ബസ്വറയിലെ ജുമുഅത്ത് പള്ളിയില്‍ ജമാഅത്ത് നമസ്‌കാരം മുടങ്ങിയ ഒരു സന്ദര്‍ഭം ആരും ഓര്‍ക്കുന്നില്ല.
Shabab magazine 2012 June 8
Sunday, May 20, 2012
സിഖ് മതവും ഇസ്‌ലാമും ദൈവബോധത്തിലെ സാമ്യതകള്‍
ആഇശ സ്റ്റസീ
സിഖ് എന്ന പദത്തില്‍ നിന്നാണ് സിഖിസത്തിന്റെ ഉത്ഭവം. പഠിതാവ് എന്നോ ശിഷ്യന്‍ എന്നോ അര്‍ഥം വരുന്ന സംസ്‌കൃതപദമായ ശിഷ്യയില്‍ നിന്നാണ് സിഖ് എന്ന പദത്തിന്റെ പിറവി. ഏതാണ്ട് ഇരുപത്തേഴ് മില്യന്‍ അനുയായികളുള്ള ഈ മതത്തിന് വലിപ്പത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനമുണ്ട്. ഇന്ത്യയിലെയും പാകിസ്‌താനിലെയും പഞ്ചാബ് മേഖലയിലാണ് ഭൂരിഭാഗം സിഖുകാരും വസിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തും സിഖുകാര്‍ വസിക്കുന്നുണ്ട്. ബ്രിട്ടനില്‍ മാത്രം 3,36,000ലധികം സിഖുകാരുണ്ട്.
15-ാം നൂറ്റാണ്ടില്‍ ഗുരുനാനാക്ക് ആണ് സിഖുമതം സ്ഥാപിച്ചത്. ഗുരുനാനാക്കിന്റെയും അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ഒമ്പത് ഗുരുക്കന്മാരുടെയും അധ്യാപനങ്ങളാണ് സിഖുമതത്തിന്റെ അടിസ്ഥാനം.
ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ ഇന്നത്തേതുപോലെ സംഘര്‍ഷം നിലവിലില്ലാത്ത കാലഘട്ടത്തില്‍ ഒരു ഹിന്ദു കുടുംബത്തിലാണ് ഗുരുനാനാക്ക് ജനിച്ചത്. ``അവിടെ ഹിന്ദുവില്ല മുസ്‌ലിമില്ല, അതുകൊണ്ട് ആരുടെ പാതയാണ് ഞാന്‍ പിന്തുടരേണ്ടത്? ഞാന്‍ ദൈവത്തിന്റെ പാത പിന്തുടരും'' എന്നഭിപ്രായപ്പെട്ടു കൊണ്ടാണ് അദ്ദേഹം സിഖ് മതം രൂപീകരിച്ചത്. ഗുരുനാനാക്കും അനുയായികളും ഹിന്ദുമതത്തിലെ ജാതീയതയെ എതിര്‍ക്കുകയും ജാതിചിന്തയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ ആവുന്നത്ര പരിശ്രമിക്കുകയും ചെയ്‌തു. അക്കാലത്ത് സര്‍നെയിമില്‍ നിന്നാണ് ജാതി തിരിച്ചറിഞ്ഞിരുന്നത് എന്നതിനാല്‍ പുരുഷന്മാരായ എല്ലാ സിഖുകാരും സിംഹം എന്നര്‍ഥമുള്ള സിംഗ് എന്ന പേരും സ്‌ത്രീകളായ എല്ലാ സിഖുകാരും രാജകുമാരി എന്നര്‍ഥമുള്ള സൗര്‍ എന്ന പേരും പേരിനോടു ചേര്‍ത്ത് ഉപയോഗിക്കാനാരംഭിച്ചു.
ബോധോദയമുണ്ടായ ഒമ്പതു പുരുഷന്മാര്‍ ഗുരുനാനാക്കിനെ പിന്തുടര്‍ന്നു. ഗുരുനാനാക്കും ഈ ഒമ്പതു പേരുമാണ് സിക്കുമതത്തിലെ പത്തു ഗുരുക്കന്മാര്‍ എന്നറിയപ്പെടുന്നത്. സംസ്‌കൃതഭാഷയില്‍ ഗുരു എന്ന പദത്തിന് അധ്യാപകന്‍, ആദരണീയനായ വ്യക്തി, മതനിഷ്‌ഠയുള്ള വ്യക്തി, സന്യാസി എന്നൊക്കെയാണ് അര്‍ഥങ്ങള്‍. ബോധോദയമുണ്ടായ പത്തു പേരുടെ പരമ്പരയിലൂടെ ദൈവിക മാര്‍ഗം മനുഷ്യരിലേക്കെത്തിയതിനെയാണ് സിഖുമതത്തില്‍ ഗുരു എന്ന പദം അര്‍ഥമാക്കുന്നത്. 1469ല്‍ ഗുരുനാനാക്ക് ആണ് സിക്കുമതം സ്ഥാപിക്കാനാരംഭിച്ചത്. ദൈവികമായ ആത്മാവ് പത്തു ഗുരുക്കന്മാരിലൂടെയും കടന്നുപോയി എന്നാണ് സിഖുമതവിശ്വാസം.
ഗുരു ഗോവിന്ദ് സിംഗ് 1708-ല്‍ മരണപ്പെട്ടതിനു ശേഷം സിഖ് മതത്തിന്റെ ഗ്രന്ഥം ഗുരുഗ്രന്ഥസാഹിബ് എന്ന പേരില്‍ അറിയപ്പെട്ടു. അഞ്ചാമത്തെ സിഖ് ഗുരുവായ ഗുരു അര്‍ജുന്‍ ദേവ്‌ജിയാണ് ഈ ഗ്രന്ഥം സമാഹരിച്ചത്. ഗുരുനാനാക്കിന്റെയും മുന്‍ഗാമികളുടെയും സ്‌തോത്രങ്ങളും രചനകളും സൂക്ഷ്‌മ പരിശോധന നടത്തി സമാഹരിക്കുക എന്ന ഭാരിച്ച ജോലി അദ്ദേഹമാണ് നിര്‍വഹിച്ചത്. സിഖുമതത്തിലെ ഗുരുക്കന്മാരുടേതു കൂടാതെ വിശുദ്ധരായ മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും മന്ത്രോച്ചാരണങ്ങളും അര്‍ജന്‍ ദേവ്‌ജി ഗുരുഗ്രന്ഥസാഹിബില്‍ ഉള്‍പ്പെടുത്തി. ദൈവത്തിങ്കല്‍ നന്നിറങ്ങിയ ഗ്രന്ഥമായി ഗുരുഗ്രന്ഥസാഹിബിനെ സിഖുകാര്‍ പരിഗണിക്കുന്നുണ്ടോ എന്നറിയില്ല. ഏതായിരുന്നാലും മൂന്നു രൂപത്തിലാണ് ഇതിലെ അധ്യാപനങ്ങള്‍ പ്രയോഗവല്‍കരിക്കാറ്.
1) ദൈവനാമ പ്രകീര്‍ത്തനത്തിലൂടെ എപ്പോഴും ദൈവത്തെ ഓര്‍ത്തുകൊണ്ട്. 2) സത്യസന്ധമായ ഉപജീവന മാര്‍ഗത്തിലൂടെ. 3) തന്റെ സാധനങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ടും ആവശ്യക്കാരെ സഹായിച്ചുകൊണ്ടും. ഏറ്റവും ലളിതമായ രൂപത്തില്‍ വിശദീകരിക്കുകയാണെങ്കില്‍ സിഖുമതത്തിന്റെ അധ്യാപനങ്ങള്‍ ഇവയാണ്:
1). ഒരു ദൈവം മാത്രമേ ഉള്ളൂ. ആ ഏകദൈവത്തോടു മാത്രം പ്രാര്‍ഥിക്കുക, അവനെ മാത്രം ആരാധിക്കുക. ആരാധനയും പ്രാര്‍ഥനയും മറ്റാരോടുമാകാതിരിക്കുക.
2). ദൈവത്തെ ഓര്‍ക്കുക, കഠിനാധ്വാം ചെയ്യുക, മറ്റുള്ളവരെ സഹായിക്കുക.
3). വിശ്വസ്‌തതയോടെ ചെയ്യുന്ന ജോലിയും സത്യസന്ധമായ ജീവിതവും ദൈവം ഇഷ്‌ടപ്പെടുന്നു.
4). ദൈവത്തിനു മുന്നില്‍ സമ്പന്നനോ ദരിദ്രനോ വെളുത്തവനോ കറുത്തവനോ ഇല്ല. പ്രവൃത്തികള്‍ നിങ്ങളെ നല്ലവനോ മോശപ്പെട്ടവനോ ആക്കുന്നു.
5). ദൈവത്തിനു പുരുഷന്മാരും സ്‌ത്രീകളും സമമാണ്.
6). എല്ലാവരെയും സ്‌നേഹിക്കുക, എല്ലാവരുടെയും നന്മക്കായി പ്രാര്‍ഥിക്കുക.
7). മനുഷ്യരോടും മൃഗങ്ങളോടും പക്ഷികളോടും കാരുണ്യം കാണിക്കുക.
8). ഭയപ്പെടാതിരിക്കുക, ഭയപ്പെടുത്താതിരിക്കുക.
9). എപ്പോഴും സത്യം പറയുക.
10). ഭക്ഷണവും വസ്‌ത്രവും ശീലങ്ങളും ലളിതമാക്കുക.
മറ്റു മിക്ക മതങ്ങളില്‍ നിന്നും വ്യത്യസ്‌തമായി സിഖുകാര്‍ക്ക് അഞ്ച് വിശ്വാസപ്രമാണങ്ങളുണ്ട്. ഇവ അഞ്ചു `കെ'കള്‍ എന്നാണ് അറിയപ്പെയുന്നത്. 1). കേശ് (Kesh)- ദൈവം നല്‍കിയിട്ടുള്ള മുടി മുറിക്കാതെ വളരെ വൃത്തിയായി സൂക്ഷിക്കുന്നു. 2) കംഗ (Kangha) -മുടി വൃത്തിയായി സൂക്ഷിക്കാനായി ഉപയോഗിക്കുന്ന മരം കൊണ്ടുള്ള ചെറിയ ചീപ്പ് ആണിത്. അച്ചടക്കത്തോടെയുള്ള ജീവിതം നയിക്കണമെന്ന് ഇത് ഓര്‍മിപ്പിക്കുന്നു. 3) കൃപാണ്‍ (Kripan) -15 സെ.മീ നീളമുള്ള ചെറിയ വാളാണിത്. ആദരവിനെയും മാന്യതയെയും ധീരതയെയും ദുര്‍ബലന്റെയും പീഡിതന്റെയും പക്ഷത്ത് നിന്നുകൊണ്ട് സത്യത്തെ ഉയര്‍ത്തിപ്പിടിക്കാനുള്ള സിഖുകാരന്റെ ഉത്തരവാദിത്വത്തെയും ഈ വാള്‍ സൂചിപ്പിക്കുന്നു. കോപിഷ്‌ഠനായിരിക്കെ ഈ വാള്‍ ഒരിക്കലും ഊരരുത്. എന്നാല്‍ ഈ വാളൂരിയാല്‍ രക്തം വീഴ്‌ത്താതെ വീണ്ടും ഉറയിലിടരുത്. 4) കാര (Kara) -വലതു കൈത്തണ്ടയിലിടുന്ന സ്റ്റീലുകൊണ്ടുള്ള വളയാണിത്. ദൈവത്തിന്റെയും ഐക്യത്തിന്റെയും അടയാളമാണ് ഈ വളയുടെ വൃത്താകൃതി. അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തെയും ശക്തിയെയുമാണ് സ്റ്റീല്‍ പ്രതിനിധീകരിക്കുന്നത്. 5) കാച്ച്‌സ് (Kachs) -യുദ്ധത്തില്‍ സഞ്ചാരത്തിന് ആയാസം നല്‌കാത്ത, പാന്റ്‌സിനടിയില്‍ ധരിക്കുന്ന, വലിക്കുന്ന ചരടുകൊണ്ട് കെട്ടാവുന്ന വസ്‌ത്രമാണിത്. ശുദ്ധിയുടെയും മാന്യതയുടെയും അടയാളമാണിത്. ജീവിതപങ്കാളികളോടുള്ള വിശ്വസ്‌തത നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഇത് ഓര്‍മിപ്പിക്കുന്നു.
സിഖുകാരായ പുരുഷന്മാര്‍ ധരിക്കുന്ന തലപ്പാവ്/തലക്കെട്ട് ആണ് സിഖുമതത്തിന്റെ പൊതുവെ പരിചിതമായ അടയാളം. അച്ചടക്കം, സ്വഭാവദാര്‍ഢ്യം, വിനയം, ആത്മീയബോധം എന്നിവയെ ഈ തലപ്പാവ് സൂചിപ്പിക്കുന്നു. ഇതൊരു സാമൂഹ്യാചാരമായല്ല, സിഖുമതവിശ്വാസത്തിന്റെ നിര്‍ബന്ധഭാഗമായാണ് കരുതപ്പെടുന്നത്. ഏതാണ്ട് പതിനഞ്ച് അടി നീളമുള്ള തുണികൊണ്ട്, മുറിക്കാത്ത നീളമുള്ള മുടിയെ മറയ്‌ക്കുന്നു. ദൈവത്തോടും ഗുരുക്കന്മാരോടും ആദരവിന്റെ അടയാളമായി സിഖുകാരായ സ്‌ത്രീകളും പുരുഷന്മാരും പൊതു സ്ഥലങ്ങളില്‍ അവരുടെ തല മറയ്‌ക്കുന്നു.
സിഖുകാരുടെ ആരാധനാസ്ഥലം ഗുരുദ്വാര എന്നറിയപ്പെടുന്നു. ഗുരുദ്വാര എന്നാല്‍ `ഗുരുവിന്റെ വാതില്‍' എന്നാണര്‍ഥം. സാധാരണയായി സിഖുകാരുടെ കമ്യൂണിറ്റി സെന്റര്‍ കൂടിയാണ് ഗുരുദ്വാരകള്‍. ഒരു പ്രാര്‍ഥനാ ഹാളും പ്രാര്‍ഥനാ സമയത്തല്ലാത്തപ്പോള്‍ ഗുരുഗ്രന്ഥസാഹിബ് സൂക്ഷിക്കാനുപയോഗിക്കുന്ന ഒരു ഹാളും ഉള്‍പ്പെടുന്നതാണ് ഗുരുദ്വാരകള്‍. സിഖുകാര്‍ക്ക് പ്രത്യേക പ്രാര്‍ഥനാ ദിനങ്ങളില്ല. എങ്കിലും പ്രധാന പ്രാര്‍ഥനാലയങ്ങളില്‍ ദിവസവും പ്രാര്‍ഥനയുണ്ടാകും. ചില ഗുരുദ്വാരകളില്‍ ഒരു ദിവസം പലതവണ പ്രാര്‍ഥനകള്‍ നടക്കും. അതിഥികളെ സ്വാഗതം ചെയ്യുന്നതിന്റെ അടയാളമായി ഗുരുദ്വാരക്കു പുറത്ത് കാവിയും നീലയും നിറമുള്ള പതാക പറക്കുന്നുണ്ടാകും. മയക്കുമരുന്നോ മദ്യമോ പുകവലിക്കാനുപയോഗിക്കുന്ന വസ്‌തുക്കളോ ഗുരുദ്വാരയിലേക്ക് കൊണ്ടുവരാന്‍ ആരെയും അനുവദിക്കില്ല. അകത്തേക്കു പ്രവേശിക്കുന്നവര്‍ പാദരക്ഷകള്‍ പുറത്തൂരിയിടുകയും തല മറയ്‌ക്കുകയും ചെയ്യണം.
ഗുരുദ്വാരകള്‍ക്കകത്ത് ഗുരുഗ്രന്ഥസാഹിബ് പ്രദര്‍ശിപ്പിച്ചിരിക്കും. ആരാധകര്‍ അതിനു മുന്നില്‍ വന്ന് സാഷ്‌ടാംഗം ചെയ്യുകയും പണമോ ഭക്ഷണമോ വഴിപാടായി നല്‍കുകയും ചെയ്യും. മിക്കപ്പോഴും സ്‌ത്രീകളും പുരുഷന്മാരും വേറിട്ടായിരിക്കും ഇരിക്കുക. ഇതൊരു മതപരമായ നിബന്ധനയല്ല. ഗുരുദ്വാരയിലെ പ്രാര്‍ഥനയുടെ ഭാഗമായി പഞ്ചസാരയുടെയും നെയ്യിന്റെയും ഗോതമ്പുതരിയുടെയും മിശ്രിതം കാരപ്രസാദ് എന്ന പേരില്‍ വിതരണം ചെയ്യാറുണ്ട്. പ്രാര്‍ഥനയുടെ അവസാനം കൃപാണ്‍ കൊണ്ട് കുഴച്ചാണ് ഈ മിശ്രിതത്തെ അനുഗ്രഹിക്കുന്നത്. ദിവസം മുഴുവന്‍ പ്രാര്‍ഥനകള്‍ നടക്കുന്ന വലിയ ഗുരുദ്വാരകളില്‍ ആരാധകര്‍ പ്രവേശിക്കുമ്പോഴോ പുറത്തേക്കു പോകുന്നതിനു തൊട്ടു മുമ്പോ കാര പ്രസാദ് വിതരണം ചെയ്യപ്പെടുന്നു.
സിഖുമതത്തിന്റെ പ്രകൃതവും ദൈവസങ്കല്‌പവും
ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയെപ്പോലെ ഒരു ഇന്ത്യന്‍ മതമായാണ് സിഖുമതവും അറിയപ്പെടുന്നത്. ഈ നാലു മതങ്ങളും അല്‌പം വ്യത്യാസത്തോടെ വ്യാഖ്യാനിക്കുന്ന ചില പ്രധാന ആശയങ്ങളുണ്ട്. കര്‍മത്തിലും പുനരവതരണത്തിലും ഈ നാലു മതങ്ങളും വിശ്വസിക്കുന്നു. ഹിന്ദുമതത്തില്‍ പലവട്ടം പല രൂപത്തില്‍ ആത്മാവ് തിരികെയെത്തുന്ന ആദ്യത്തെ ഉറവിടവുമായി കൂടിച്ചേരുന്നതുവരെ. ബുദ്ധമതത്തില്‍ അനശ്വരമായ ആത്മാവില്ല, പുനര്‍ജന്മമാണുള്ളത്.
ഹിന്ദുമതത്തിലെ വിശ്വാസങ്ങളായ കര്‍മത്തിലും പുനര്‍ജന്മത്തിലും സിഖുമതവും വിശ്വസിക്കുന്നുവെങ്കിലും അച്ചടക്കമുള്ള ജീവിതം നയിച്ച് പുനര്‍ജന്മം അവസാനിപ്പിക്കാമെന്ന് സിഖുമതം പഠിപ്പിക്കുന്നു. ദൈവനാമം ആവര്‍ത്തിച്ച് ഉരുവിട്ട്, ദൈവസ്‌മരണ നിലനിര്‍ത്തുന്നതിലൂടെ ദൈവാനുഗ്രഹത്താല്‍ ജനന-മരണ ചക്രത്തില്‍ നിന്ന് ആര്‍ക്കും മോചിതനാവാമെന്നാണ് സിഖുകാരുടെ വിശ്വാസം. ജനനത്തിനു കാരണം കര്‍മമാണെന്നും മോചനം ദൈവാനുഗ്രഹത്തിലാണെന്നുമാണ് ഗുരുനാനാക്ക് തന്റെ അനുയായികള്‍ക്ക് വിശദീകരിച്ചുകൊടുത്തിട്ടുള്ളത്. അന്തിമ വിചാരണക്കു ശേഷമുള്ള സ്വര്‍ഗപ്രവേശമല്ല ദൈവത്തിലേക്കുള്ള കൂടിച്ചേരലിനെയാണ് മോക്ഷം എന്നതുകൊണ്ട് ഗുരുനാനാക്ക് അര്‍ഥമാക്കിയത്.
സിഖുമതം ഏകദൈവത്വ സിദ്ധാന്തത്തിലധിഷ്‌ഠിതമായ മതമാണ്. അതുകൊണ്ടു തന്നെ ഹിന്ദുമതത്തോടും ബുദ്ധമതത്തോടുമുള്ളതിനേക്കാള്‍ സാമ്യം സിഖുമതത്തിന് ഇസ്‌ലാമിനോടുണ്ട്. എങ്കിലും ദൈവസങ്കല്‌പത്തിലും അടിസ്ഥാന വിശ്വാസങ്ങളിലും ഇരു മതങ്ങളും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളുമുണ്ട്.
ദൈവത്തെ രാം, അല്ലാഹ് എന്നീ പല നാമങ്ങളിലും സിഖുകാര്‍ വിളിക്കുന്നു. വിസ്‌മയകരമായ നാഥന്‍ (Wonderful Lord) എന്നര്‍ഥം വരുന്ന വഹേഗുരു എന്നാണ് സാധാരണയായി അവര്‍ ദൈവത്തെ വിളിക്കുന്ന നാമം. ദൈവം അരൂപിയും അനാദിയും അദൃശ്യനും ആണെന്ന് സിഖുകാര്‍ വിശ്വസിക്കുന്നു. എല്ലാത്തിനെയും സൃഷ്‌ടിക്കുന്നതിനു മുമ്പ് ദൈവവും അവന്റെ ഇച്ഛകളും മാത്രമാണ് ഉണ്ടായിരുന്നതെന്നും അവര്‍ വിശ്വസിക്കുന്നു. ദൈവത്തിന്റെ സാര്‍വത്രികത്വം സൂചിപ്പിക്കുന്നതിന് അവര്‍ `1' എന്ന അക്കം ഉപയോഗിക്കുന്നു.
ദൈവം സര്‍വ വ്യാപിയാണെന്നും ആത്മീയമായി ഉണര്‍ന്നവര്‍ക്കെല്ലാം എല്ലായിടത്തും ദൈവത്തെ കാണാനാവുമെന്നുമാണ് ഗുരുനാനാക്കിന്റെ അധ്യാപനം. ബോധോദയം ലഭിച്ച മനുഷ്യരുടെ ഹൃദയത്തില്‍ ദൈവത്തെ ദര്‍ശിക്കാനാവുമെന്നും അദ്ദേഹം പഠിപ്പിച്ചു.
സ്രഷ്‌ടാവായ ദൈവം എന്ന സങ്കല്‌പത്തിന് ഇസ്‌ലാമുമായി സാമ്യമുണ്ട്. എന്നാല്‍ സൃഷ്‌ടിപ്പിന്റെ ഭാഗമായ ദൈവം എന്ന സങ്കല്‌പത്തോട് ഇസ്‌ലാം വിയോജിക്കുന്നു.
``അവന്‍ എല്ലാം സൃഷ്‌ടിച്ചു, എല്ലാത്തിലും നിറഞ്ഞിരിക്കുന്നു. എങ്കിലും വേറിട്ടാണ്.''(ഗുരുഗ്രന്ഥസാഹിബ്)
``എല്ലാത്തിനെയും ദൈവം സൃഷ്‌ടിച്ചു.'' (ഖുര്‍ആന്‍ 39:62)
``മനസ്സിന് ഒറ്റയ്‌ക്ക് ഒരിക്കലും അവനെ അറിയാനാവില്ല.'' (ഗുരുഗ്രന്ഥസാഹിബ്)
``അവനെപ്പോലെ മറ്റാരുമില്ല.'' (ഖുര്‍ആന്‍ 42:11)
ദൈവം എല്ലാത്തിലും എല്ലായിടത്തും ഉണ്ടെന്നാണ് സിഖുമതം പറയുന്നത്. ഹിന്ദുമത വിശ്വാസത്തോട് സാമ്യമുള്ള ഈ വിശ്വാസത്തോട് ഇസ്‌ലാം വിയോജിക്കുന്നു ഹിന്ദുമതത്തിലെ ദൈവ സങ്കല്‌പത്തോടും അര്‍ധ ദേവസങ്കല്‌പത്തോടും വിയോജിക്കുന്നുവെന്ന് സിഖ് മതവും അവകാശപ്പെടാറുണ്ട്. ദൈവം എല്ലായിടത്തും ഇല്ലെന്നും അവന്‍ ആകാശങ്ങള്‍ക്കു മേലെയാണെന്നും തന്റെ അറിവുകൊണ്ട് സൃഷ്‌ടികളുടെ സമീപസ്ഥനാണെന്നും ആണ് ഇസ്‌ലാം നിസ്സന്ദേഹം പ്രസ്‌താവിക്കുന്നത്.
എക്കാലത്തേക്കും എല്ലായിടത്തേക്കും എല്ലാവര്‍ക്കുമായി അവതീര്‍ണമായതാണ് ഇസ്‌ലാം മതം. അവസാനം അവതീര്‍ണമായ ദൈവികഗ്രന്ഥം ഖുര്‍ആന്‍ ആണെന്നും മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനാണെന്നും ഖുര്‍ആന്‍ അവതീര്‍ണമായത് നബി(സ)യ്‌ക്ക് ആണെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഗുരുഗ്രന്ഥസാഹിബ് ദൈവത്തില്‍ നിന്നും അവതീര്‍ണമായ ഗ്രന്ഥമാണെന്ന വിശ്വാസത്തോട് ഇസ്‌ലാം വിയോജിക്കുന്നു. ഹിന്ദുമതത്തിലെയും ഇസ്‌ലാം മതത്തിലെയും ചില ആശയങ്ങള്‍ക്ക് അവരുടേതായ വ്യാഖ്യാനം നല്‌കിക്കൊണ്ട് സിഖുകാര്‍ സ്വന്തമായി രചിച്ചതാണ് അവരുടെ ഗ്രന്ഥം. ഹിന്ദുമതത്തിലെയും ഇസ്‌ലാം മതത്തിലെയും ദൈവശാസ്‌ത്ര സങ്കല്‌പത്തെ ആകര്‍ഷകമായി സമന്വയിപ്പിച്ചുകൊണ്ടും ഇരു മതത്തിലെയും ചില അധ്യാപനങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടും സിഖുകാരുണ്ടാക്കിയതാണ് അവരുടെ മതം.
ചില സമാനതകളുണ്ടായിരിക്കാമെങ്കിലും ഇസ്‌ലാം മതവും സിഖുമതവും തമ്മിലുള്ള വ്യത്യാസങ്ങള്‍ അവയുടെ പൊരുത്തക്കേടുകള്‍ വെളിപ്പെടുത്തുന്നു. ഇസ്‌ലാംമത നിയമങ്ങള്‍ പ്രകാരം അറുത്ത മൃഗത്തിന്റെ ഇറച്ചി സിഖുകള്‍ ഭക്ഷിക്കാറില്ല. ഇസ്‌ലാം കാര്യങ്ങളില്‍ പെട്ട മക്കയിലേക്കുള്ള തീര്‍ഥാടനത്തില്‍ സിഖുകാര്‍ക്ക് വിശ്വാസമില്ല. മുസ്‌ലിംകള്‍ മരിച്ചവരെ മറവ് ചെയ്യുന്നു. സിഖുകാരാവട്ടെ കത്തിക്കുന്നു. മാലാഖമാരും പിശാചുക്കളും ഉണ്ടെന്ന യാഥാര്‍ഥ്യത്തെ സിഖുമതം നിഷേധിക്കുന്നു. ഇസ്‌ലാമിക വിശ്വാസപ്രകാരം ഇവ യാഥാര്‍ഥ്യമാണ്. ദൈവികമായ പ്രതിഫലത്തിന്റെയും ശിക്ഷയുടെയും സങ്കല്‌പങ്ങള്‍ അഥവാ സ്വര്‍ഗ-നരക സങ്കല്‌പങ്ങള്‍ സിഖുമതത്തിലില്ല. ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും പോലെ ഒരാളുടെ കര്‍മമാണ് അയാള്‍ അന്തിമമായി ദൈവത്തിലെത്തിച്ചേരുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നതെന്ന് സിഖുകാരും വിശ്വസിക്കുന്നു. എങ്കിലും ദൈവത്തിന്റെ അവതാരങ്ങളിലുള്ള ഹിന്ദുമതക്കാരുടെ വിശ്വാസത്തെ സിഖുകാര്‍ നിഷേധിക്കുന്നു. പകരം ദൈവം ഏകനാണെന്നും ഗുരുക്കന്മാരിലൂടെ ദൈവേച്ഛകള്‍ ലോകത്തെ അറിയിക്കുകയാണെന്നുമാണ് അവരുടെ വിശ്വാസം.
സമ്പൂര്‍ണമായ ഒരു പുതിയ മതം ഉണ്ടാക്കുകയായിരുന്നില്ല, മത നവീകരണം നടത്തുകയായിരുന്നു ഗുരുനാനാക്ക് ചെയ്‌തത്. ``ഇസ്‌ലാം മതത്തിലെയും ഹിന്ദു മതത്തിലെയും ചില വിശ്വാസങ്ങള്‍ സ്വീകരിക്കുകയും പല വിശ്വാസങ്ങളും നിരാകരിക്കുകയും ചെയ്‌തുകൊണ്ടാണ് സിഖുമതം പിറവിയെടുത്തത്. ഇസ്‌ലാമിനോട് ചില സാമ്യങ്ങളുള്ളതും തീര്‍ത്തും വ്യതിരിക്തമായതുമായ, ജാതി-സ്‌ത്രീ-പുരുഷ ഭേദെമന്യേ എല്ലാവര്‍ക്കും പ്രാപ്യമായതുമായ ജ്ഞാനത്തിന്റെയും വെളിച്ചത്തിന്റെയും ഒരു വഴി കാണിച്ചുകൊടുക്കുക എന്നതായിരുന്നു ലക്ഷ്യം.''
Source:-
Shabab 2012 May 18 Book 35
തിരുനബി(സ) ഉണര്‍ത്തുന്നു: ``ഈമാന്‍ ഉള്ളവര്‍ പാപം ചെയ്‌താല്‍ അവരുടെ മനസ്സില്‍ ഒരു കറുത്ത പുള്ളി വീഴുന്നു. അവര്‍ തൗബ ചെയ്‌ത് മടങ്ങിയാല്‍ ആ മനസ്സ് പഴയതു പോലെ വീണ്ടും തിളങ്ങും. എന്നാല്‍ പാപങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഹൃദയത്തിലെ കറുത്ത പുള്ളികള്‍ വര്‍ധിച്ചുകൊണ്ടിരിക്കും. ഒടുവില്‍ ആ ഹൃദയം പാപങ്ങള്‍ കൊണ്ട് നിറയും.'' (നസാഈ; അമലുല്‍ യൗമി വല്ലൈല, 418)
Saturday, May 19, 2012
വിശുദ്ധ ഖുറാന്‍ അര്‍ത്ഥസഹിതം പഠിക്കാന്‍ ഒരു സുവര്‍ണാവസരം .
ഖുറാന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാ ഞായറാഴ്ചയും രാവിലെ 7 AM മുതല്‍ 8AM വരെ
അണിയല്‍ പാലത്തിനു സമീപത്തുള്ള ഇസ്ലാഹി സെന്റെറില്‍ വച്ച് നടക്കുന്ന ഖുറാന്‍ ക്ലാസില്‍ പങ്ക്ഗെടുക്കുക . താല്പര്യമുള്ളവര്‍ ബന്ധപെടുക : ഫോണ്‍ : 9495 21 9915
--------------------------------------------
Friday, April 27, 2012
ഉമര്‍ബിന്‍ അബ്‌ദില്‍ അസീസും മകന്‍ അബ്‌ദുല്‍ മലികും വിനയം കൊണ്ട് ഭരണം നടത്തിയവര്‍
അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്
മഹാനായ താബിഅ് ഉമര്‍ബിന്‍ അബ്‌ദില്‍ അസീസ് തന്റെ മുന്‍ഗാമി സുലൈമാന്‍ ബിന്‍ അബ്‌ദില്‍ മലികിന്റെ ഖബറിലേക്കു മൂന്നുപിടി മണ്ണ് വാരിയിട്ട് കൈ തുടച്ച് പിന്നിലേക്കു മാറിയപ്പോള്‍ തന്റെ ചുറ്റും നിന്ന് ഒരു ആരവം കേട്ടു. അദ്ദേഹം ചോദിച്ചു: ``എന്താണിത്?''
``അമീറുല്‍ മുഅ്‌മിനീന്‍ അങ്ങേക്ക് സഞ്ചരിക്കാന്‍ തയ്യാറാക്കിയ ഔദ്യോഗിക വാഹനങ്ങളാണിത്'' -അവര്‍ പറഞ്ഞു.
ഉറക്കമൊഴിച്ചതിനാല്‍ ക്ഷീണം ബാധിച്ച നേരിയ ശബ്‌ദത്തില്‍ അദ്ദേഹം പറഞ്ഞു: ``ഞാനും അതും തമ്മില്‍ എന്തു ബന്ധം? അവയെ എന്റെ മുമ്പില്‍ നിന്ന് കൊണ്ടുപോകൂ! എന്റെ കോവര്‍ കഴുതയെ ഇങ്ങോട്ടു കൊണ്ടുവരൂ. എനിക്കത് മതി.''
അദ്ദേഹം കഴുതപ്പുറത്ത് കയറിപ്പോകാനൊരുങ്ങിയപ്പോള്‍ ആചാരപ്രകാരം പട്ടാള മേധാവി മുന്നിലും തിളങ്ങുന്ന ആയുധങ്ങളുമായി ഭടന്മാര്‍ ഇരുവശത്തും അണിനിരന്നു. അപ്പോള്‍ അദ്ദേഹം പട്ടാള മേധാവിയോട് പറഞ്ഞു: ``എനിക്കിതിന്റെയൊന്നും ആവശ്യമില്ല. മുസ്‌ലിം സമൂഹത്തിലെ ഒരു വ്യക്തി മാത്രമാണ് ഞാന്‍. അവര്‍ പോകുന്നതു പോലെ ഞാന്‍ പോവുകയും വരികയും ചെയ്യും.''
അനന്തരം ജനങ്ങളോടൊപ്പം അദ്ദേഹം പള്ളിയിലേക്കു നീങ്ങി. പള്ളിയില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടാന്‍ വേണ്ടി അസ്സലാതുല്‍ ജാമിഅ, അസ്സലാതുല്‍ ജാമിഅ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അതുകേട്ട ജനങ്ങള്‍ നാനാഭാഗത്തു നിന്നും പള്ളിയിലേക്ക് ഒഴുകി. എല്ലാവരും എത്തിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം എഴുന്നേറ്റുനിന്നു പ്രസംഗം ആരംഭിച്ചു. അല്ലാഹുവിനെ സ്‌തുതിക്കുകയും പ്രവാചകനു മേല്‍ സലാത്തു ചൊല്ലുകയും ചെയ്‌ത ശേഷം അദ്ദേഹം പറഞ്ഞു: ``ജനങ്ങളേ, എന്റെ അഭിപ്രായം ആരായാതെയും എന്നോട് ആവശ്യപ്പെടാതെയും മുസ്‌ലിംകളോട് ആലോചിക്കാതെയുമാണ് എന്നെ ഖലീഫയാക്കിയത്. ഇതൊരു പരീക്ഷണമാണ്. എനിക്ക് ഇതാവശ്യമില്ല. ഞാന്‍ ഈ സ്ഥാനം ഒഴിയുകയാണ്. നിങ്ങള്‍ക്ക് ഇഷ്‌ടമുള്ളവരെ ഖലീഫയായി തെരഞ്ഞെടുത്തോളൂ.''
``ഞങ്ങള്‍ നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു. നിങ്ങളെ ഞങ്ങള്‍ ഇഷ്‌ടപ്പെട്ടിരിക്കുന്നു. സര്‍വവിധ അനുഗ്രഹങ്ങളോടെയും അങ്ങ് ഭരണം ഏറ്റെടുക്കുക'' -ജനം ഏകസ്വരത്തില്‍ വിളിച്ചുപറഞ്ഞു.
സംസാരങ്ങള്‍ നിലയ്‌ക്കുകയും ഹൃദയം ശാന്തമാവുകയും ചെയ്‌തപ്പോള്‍ ഒരിക്കല്‍ കൂടി ആമുഖവാക്യങ്ങള്‍ക്കു ശേഷം അദ്ദേഹം പ്രസംഗം ആരംഭിച്ചു. ആ പ്രസംഗത്തില്‍ ഭയഭക്തിയുള്ളവരാകാനും ഭൗതിക സുഖാഡംബരങ്ങളില്‍ നിന്ന് വിരക്തമാകാനും പരലോക ജീവിതത്തിലേക്കുള്ള തയ്യാറെടുപ്പിനു പ്രേരിതരാകാനും അദ്ദേഹം ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഏത് കടുത്ത ഹൃദയത്തെയും അലിയിക്കുന്ന ശൈലിയില്‍ മരണത്തെ ഓര്‍മപ്പെടുത്തി.
ക്ഷീണിച്ച ശബ്‌ദമുയര്‍ത്തി ജനങ്ങളെല്ലാം കേള്‍ക്കുന്ന വിധം അദ്ദേഹം പറഞ്ഞു: ``ജനങ്ങളേ, അല്ലാഹുവിനെ അനുസരിക്കുന്നവരെ അനുസരിക്കല്‍ നിര്‍ബന്ധമാണ്. അല്ലാഹുവിനെ ധിക്കരിക്കുന്നവരെ അനുസരിക്കാന്‍ ഒരാള്‍ക്കും ബാധ്യതയില്ല. ജനങ്ങളേ, ഞാന്‍ അല്ലാഹുവെ അനുസരിക്കുവോളം നിങ്ങളെന്നെ അനുസരിക്കുക. ഞാന്‍ അല്ലാഹുവോട് അനുസരണക്കേട് കാണിച്ചാല്‍ എന്നെ അനുസരിക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ല.''
അനന്തരം മിമ്പറില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു. മുറിയില്‍ പ്രവേശിച്ചു. ഖലീഫയുടെ മരണത്തെ തുടര്‍ന്നു അനുഭവിച്ച ശക്തമായ ക്ഷീണത്തില്‍ നിന്നു ആശ്വാസം ലഭിക്കാന്‍ അല്‌പസമയം വിശ്രമിക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചു.
പക്ഷെ, ഉമര്‍ബിന്‍ അബ്‌ദുല്‍ അസീസ് വിരിപ്പില്‍ തല വെച്ച് കിടക്കാന്‍ ഒരുങ്ങുമ്പോഴേക്കും മകന്‍ അബ്‌ദുല്‍ മലിക് കടന്നുവന്നു. കേവലം പതിനേഴാം വയസ്സിലേക്കു കാലെടുത്തുവെച്ച ഒരു ചെറുപ്പക്കാരനാണദ്ദേഹം. മകന്‍ ചോദിച്ചു: ``അമീറുല്‍ മുഅ്‌മിനീന്‍, അങ്ങ് എന്ത് ചെയ്യാനാണുദ്ദേശിക്കുന്നത്.''
``മോനെ, അല്‌പമൊന്നു മയങ്ങണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇന്നലെ പൂര്‍ണമായും ഉറക്കമൊഴിച്ചതുകൊണ്ട് ശരീരത്തില്‍ തീരെ ശക്തിയില്ല. ഒരു തളര്‍ച്ച അനുഭവപ്പെടുന്നു'' -ഖലീഫ പറഞ്ഞു.
``അന്യായമായി പിടിച്ചെടുക്കപ്പെട്ട ധനം അതിന്റെ ആളുകള്‍ക്ക് മടക്കിക്കൊടുക്കുന്നതിനു മുമ്പ് അങ്ങ് ഉറങ്ങാന്‍ ശ്രമിക്കുകയാണോ അമീറുല്‍ മുഅ്‌മിനീന്‍?''
``മോനെ! നിന്റെ പിതൃവ്യന്‍ സുലൈമാന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രി ഞാന്‍ പൂര്‍ണമായി ഉറക്കമൊഴിച്ചു. അതിന്റെ ക്ഷീണമുണ്ട് ശരീരത്തിന്. അതുകൊണ്ട് അല്‌പമൊന്ന് ഉറങ്ങാമെന്ന് വിചാരിച്ചു. ളുഹ്‌റിന്റെ സമയമായാല്‍ ജനങ്ങളോടൊത്ത് നമസ്‌കാരം നിര്‍വഹിച്ച ശേഷം അന്യായമായി പിടിച്ചെടുത്ത ധനം അതിന്റെ ആള്‍ക്കാര്‍ക്കു മടക്കിക്കൊടുക്കാം. ഇന്‍ശാഅല്ലാഹ്.''
``അമീറുല്‍ മുഅ്‌മിനീന്‍! ഉച്ചവരെ ജീവിക്കുമെന്ന് താങ്കള്‍ക്കാരാണ് വാക്ക് തന്നത്?'' -മകന്‍ ചോദിച്ചു.
ഈ വാക്ക് ഉമറിന്റെ നിശ്ചയദാര്‍ഢ്യത്തിനു തീപിടിപ്പിച്ചു. കണ്ണില്‍ നിന്ന് ഉറക്കം അപ്രത്യക്ഷമായി. ക്ഷീണിച്ച ശരീരത്തിനു ശക്തിയും ദൃഢതയും പുനര്‍ജനിച്ചു. എന്നിട്ട് പറഞ്ഞു: ``മകനേ, എന്റെ അടുത്തേക്കു വരൂ!''
അടുത്തുചെന്ന് മകനെ കെട്ടിപ്പിടിച്ച് ഇരു കണ്ണുകള്‍ക്കിടയില്‍ അദ്ദേഹം ചുംബനമര്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു: ``എന്റെ മതകാര്യങ്ങളില്‍ എന്നെ സഹായിക്കുന്ന ഒരു മകന് ജന്മം നല്‌കാന്‍ കഴിഞ്ഞതില്‍ അല്ലാഹുവിനു സ്‌തുതി.''
``ആരില്‍ നിന്നെങ്കിലും ധനം അക്രമമായി പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അവന്‍ പരാതിയുമായി ഖലീഫയെ സമീപിക്കട്ടെ'' എന്ന് ജനങ്ങളില്‍ വിളംബരം ചെയ്യാന്‍ ഖലീഫ ആജ്ഞാപിച്ചു.
എന്നാല്‍ ആരാണ് അബ്‌ദുല്‍ മലിക്.
തന്റെ പിതാവിനെ ആരാധനാ കാര്യങ്ങളില്‍ വ്യാപൃതനാക്കിയതും പരിത്യാഗത്തിന്റെ മാര്‍ഗത്തില്‍ പ്രവേശിപ്പിച്ചതും ഈ കൊച്ചുമകനാണെന്ന് ജനം പറഞ്ഞ ചെറുപ്പക്കാരന്റെ കഥ നമുക്കറിയേണ്ടേ!
ഉമര്‍ബിന്‍ അബ്‌ദില്‍ അസീസിന് പതിനഞ്ച് മക്കളാണുണ്ടായിരുന്നത്. അതില്‍ മൂന്നുപേര്‍ പെണ്‍കുട്ടികളാണ്.
എല്ലാവരും ഭയഭക്തിയുടെയും നന്മയുടെയും പാരമ്യത്തിലെത്തിയിരുന്നു. പക്ഷെ അവരിലെ തിളങ്ങുന്ന താരവും മാലയിലെ മുത്തും അബ്‌ദുല്‍ മലിക് ആയിരുന്നു.
കൗമാര പ്രായക്കാരനെങ്കിലും യുവാക്കളുടെ ബുദ്ധിസാമര്‍ഥ്യം പ്രകടിപ്പിച്ച അബ്‌ദുല്‍മലിക് സാഹിത്യതല്‍പരനും വിദഗ്‌ധനുമായിരുന്നു. കുട്ടിക്കാലം മുതല്‍ ദൈവികാരാധനയില്‍ വളര്‍ന്ന അദ്ദേഹം രൂപഭാവങ്ങളില്‍ ഖത്താബ് കുടുംബത്തോട് ഏറ്റവും അടുത്ത ആളായിരുന്നു. പ്രത്യേകിച്ച് തഖ്‌വയിലും പാപങ്ങളെക്കുറിച്ചുള്ള പേടിയിലും. അബ്‌ദുല്ലാഹിബ്‌നു ഉമറിനോടായിരുന്നു അദ്ദേഹത്തിന് ഏറെ സാദൃശ്യം.
പിതൃവ്യപുത്രന്‍ ആസ്വിം ഒരു സംഭവം വിവരിക്കുന്നു: ``ഒരു കാര്യത്തിനായി ഞാന്‍ ദിമശ്‌ഖിലെത്തി. എന്റെ പിതൃവ്യന്‍ അബ്‌ദുല്‍ മലികിന്റെ അരികില്‍ ചെന്നു. അദ്ദേഹം അവിവാഹിതനാണ്. ഞങ്ങള്‍ ഇശാ നമസ്‌കരിച്ചതിനു ശേഷം ഉറങ്ങാന്‍ കിടന്നു. അബ്‌ദുല്‍ മലിക് വിളക്കണച്ചു. ഞങ്ങളുടെ കണ്‍പോളകള്‍ ഉറക്കത്തിലേക്ക് വഴുതിവീണു. പിന്നെ പാതിരാത്രിക്കു ഞാന്‍ എഴുന്നേറ്റപ്പോള്‍ അബ്‌ദുല്‍ മലിക് ഇരുട്ടില്‍ നമസ്‌കരിച്ചുകൊണ്ടിരിക്കുന്നു. ഈ ഖുര്‍ആന്‍ വചനമാണ് അദ്ദേഹം പാരായണം ചെയ്‌തിരുന്നത്: `എന്നാല്‍ നീ ആലോചിച്ചിട്ടുണ്ടോ? നാം അവര്‍ക്ക് കുറെ കൊല്ലങ്ങളോളം സുഖസൗകര്യം നല്‌കുകയും അനന്തരം അവര്‍ക്ക് താക്കീതു നല്‌കപ്പെട്ടുകൊണ്ടിരിക്കുന്ന ശിക്ഷ അവര്‍ക്ക് വരികയും ചെയ്യുന്നുവെന്ന് വെക്കുക. (എന്നാലും) അവര്‍ക്ക് നല്‌കപ്പെട്ടിരുന്ന ആ സുഖസൗകര്യങ്ങള്‍ അവര്‍ക്കൊരു പ്രയോജനവും ചെയ്യുമായിരുന്നില്ല.'' (അശ്ശുഅറാഅ് 205-207)
അദ്ദേഹം ഈ ആയത്തുകള്‍ ആവര്‍ത്തിച്ച് തേങ്ങിത്തേങ്ങിക്കരയുന്നു. ഹൃദയധമനികളെ മുറിച്ചുകളയുന്ന രീതിയില്‍. കുറേ നേരം ഇത് കണ്ടപ്പോള്‍ കരച്ചില്‍ നിമിത്തം അദ്ദേഹം മരണപ്പെട്ടുപോകുമോ എന്നു ഞാന്‍ ഭയന്നു. ഉറക്കില്‍ നിന്നുണരുന്ന ആള്‍ പറയുന്നതു പോലെ ലാഇലാഹ ഇല്ലല്ലാഹ് വല്‍ഹംദുലില്ലാഹ് എന്ന് ഞാന്‍ ഉറക്കെപ്പറഞ്ഞു. കരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം.
എന്റെ ശബ്‌ദം കേട്ടതോടെ എല്ലാം നിശ്ശബ്‌ദം. ഒരു ചലനംപോലും പിന്നീട് കേള്‍ക്കാനില്ല.''
അദ്ദേഹം ആ കാലഘട്ടത്തിലെ പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യത്വം നേടിയിരുന്നു. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും അവഗഹമുണ്ടായിരുന്നു. കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ കഴിവു തെളിയിച്ചു. ചെറു പ്രായത്തിലേ തന്നെ ശാമിലെ പണ്ഡിതന്മാരോട് അദ്ദേഹം കിടപിടച്ചു.
ഒരിക്കല്‍ ഉമര്‍ ബിന്‍ അബ്‌ദില്‍ അസീസ് ശാമിലെ കര്‍മശാസ്‌ത്രപണ്ഡിതന്മാരെ ക്ഷണിച്ചുവരുത്തിയിട്ട് പറഞ്ഞു: ``എന്റെ കുടുംബത്തിന്റെ കൈവശമുള്ള അന്യായ സമ്പത്തിനെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ നിങ്ങളെ വിളിച്ചുവരുത്തിയത്. എന്താണ് അതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം?''
അവര്‍ പറഞ്ഞു: ``അമീറുല്‍ മുഅ്‌മിനീന്‍! ഈ കാര്യങ്ങള്‍ നിങ്ങളുടെ ഭരണകാലത്ത് നടന്നതല്ലല്ലോ? ഈ അന്യയത്തിന്റെ കുറ്റം അത് പിടിച്ചെടുത്തവര്‍ക്കാണ്.''
പക്ഷേ, അവര്‍ പറഞ്ഞ അഭിപ്രായം ഖലീഫക്ക് സ്വീകാര്യമായില്ല. അവരുടെ അഭിപ്രായത്തിനു വിരുദ്ധമായ അഭിപ്രായങ്ങളുള്ള ഒരാള്‍ ഖലീഫയുടെ നേരെ തിരിഞ്ഞു: ``അമീറുല്‍ മുഅ്‌മിനീന്‍! താങ്കള്‍ അബ്‌ദുല്‍ മലിക്കിനെ വിളിപ്പിക്കൂ. നിങ്ങള്‍ വിളിപ്പിച്ചവരേക്കാള്‍ പാണ്ഡിത്യത്തിലും ബുദ്ധിയിലും ഒട്ടും പിറകിലല്ല അദ്ദേഹം.''
അബ്‌ദുല്‍ മലിക് വന്നപ്പോള്‍ ഖലീഫ പറഞ്ഞു: ``നമ്മുടെ പിതൃവ്യസന്തതികള്‍ അന്യായമായി അധീനപ്പെടുത്തിയ സമ്പത്തുക്കളെ കുറിച്ചുള്ള നിന്റെ അഭിപ്രായം എന്താണ്? അതിന്റെ അവകാശികള്‍ ഹാജരാവുകയും അവ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അവരുടെ അവകാശത്തെക്കുറിച്ചു നാം മനസ്സിലാക്കിയിട്ടുമുണ്ട്.''
``നിങ്ങള്‍ മനസ്സിലാക്കിയ സ്ഥിതിക്ക് അത് അവകാശികള്‍ക്ക് തിരിച്ചുകൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അന്യായമായി സമ്പാദിച്ചവരോടൊപ്പം നിങ്ങളും തെറ്റില്‍ പങ്കാളിയാണ്'' -ഈ അഭിപ്രായം കേട്ടപ്പോള്‍ ഉമറുബിന്‍ അബ്‌ദില്‍ അസീസിന് ആശ്വാസം തോന്നുകയും മനപ്രയാസങ്ങള്‍ നീങ്ങുകയും ചെയ്‌തു.
ശാമില്‍ താമസിക്കുന്നതിനെക്കാള്‍ അതിര്‍ത്തി സുരക്ഷാ സേനയല്‍ ചേര്‍ന്നു അതിനടുത്ത് ഒരു ഗ്രാമത്തില്‍ താമസിക്കാനാണ് അദ്ദേഹം ഇഷ്‌ടപ്പെട്ടത്. ഏഴ് നദികളും മനോഹര പൂന്തോട്ടങ്ങളും തണലുകളുമുള്ള ദിമിശ്‌ഖ് വിട്ട് അദ്ദേഹം യാത്രയായി.
മകന്റെ ഭക്തിയെക്കുറിച്ചും നന്മയെക്കുറിച്ചും നല്ലവണ്ണം അറിയുമെങ്കിലും വല്ല പൈശാചിക വലയിലും പെട്ടുപോകുമോ എന്ന ആശങ്കയായിരുന്നു പിതാവിന്. എല്ലാ കാര്യങ്ങളും അറിയണമെന്ന താല്‌പര്യവും. ഒരു കാര്യവും അവഗണിക്കുകയോ അശ്രദ്ധമായി വിടുകയോ ചെയ്‌തിരുന്നില്ല.
ഉമര്‍ബിന്‍ അബ്‌ദുല്‍ അസീസിന്റെ മന്ത്രിയും ഉപദേഷ്‌ടാവുമായിരുന്ന മൈമൂനുബിനു മഹ്‌റാന്‍ പറയുന്നു: ഞാനൊരിക്കല്‍ ഉമറുബിന്‍ അബ്‌ദില്‍ അസീസിന്നരികില്‍ കടന്നുചെല്ലുമ്പോള്‍ അദ്ദേഹം മകന്‍ അബ്‌ദുല്‍ മലികിനു കത്തെഴുതുകയായിരുന്നു. ഉപദേശങ്ങളും നിര്‍ദേശങ്ങളും സന്തോഷവാര്‍ത്തയും താക്കീതുകളും എല്ലാം ആ കത്തിലുണ്ടായിരുന്നു. കത്തിലെ ചില ഭാഗങ്ങള്‍:
``എന്നില്‍ നിന്നു വല്ലതും പഠിക്കാനും എന്റെ വാക്കുകള്‍ മനസ്സിലാക്കാനും ഏറ്റവും അര്‍ഹന്‍ നീയാണ്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അല്ലാഹു നമുക്ക് നന്മ ചെയ്‌തിട്ടുണ്ട്. നിനക്കും നിന്റെ മാതാപിതാക്കള്‍ക്കും അല്ലാഹു ചെയ്‌ത അനുഗ്രഹങ്ങളെക്കുറിച്ച് നീ എപ്പോഴും ഓര്‍ത്തുകൊണ്ടേയിരിക്കണം. അഹങ്കാരവും തന്‍പോരിമയും നീ സൂക്ഷിക്കുക. അവ പിശാചിന്റെ പ്രവര്‍ത്തനങ്ങളാണ്. വിശ്വാസികളുടെ പ്രത്യക്ഷ ശത്രുവാണ് പിശാച്. നിന്നെക്കുറിച്ച് പ്രത്യേകമായ വിവരങ്ങളൊന്നും കിട്ടിയതിന്റെ അടിസ്ഥാനത്തിലല്ല ഈ എഴുത്ത്. നിന്നെക്കുറിച്ച് നന്മ മാത്രമേ ഞാന്‍ അറിഞ്ഞിട്ടുള്ളൂ. നിനക്ക് നിന്നെക്കുറിച്ച് അമിതമായ മതിപ്പുണ്ടെന്ന വിവരം എനിക്കു ലഭിച്ചിട്ടുണ്ട്. അത്തരം മതിപ്പുകള്‍ ഞാന്‍ വെറുക്കുന്ന കാര്യങ്ങളിലേക്ക് നിന്നെ നയിച്ചേക്കാം.''
അനന്തരം എന്റെ നേരെ തിരിഞ്ഞുപറഞ്ഞു: ``മൈമൂന്‍, എന്റെ ദൃഷ്‌ടിയില്‍ എന്റെ മകന്‍ അങ്ങേയറ്റം നല്ലവനാണ്. ഈ വിഷയത്തില്‍ ഞാനെന്നെ തെറ്റിദ്ധരിക്കുന്നു. അവനെക്കുറിച്ചുള്ള അഗാധായ സ്‌നേഹം ഞാന്‍ അറിയേണ്ട പല കാര്യങ്ങളും അറിയുന്നതിനു തടസ്സമായി നില്‌ക്കുന്നുവോ എന്നു ഞാന്‍ ഭയപ്പെടുന്നു. മക്കളുടെ ന്യൂനതയെക്കുറിച്ചു അധിക പിതാക്കന്മാര്‍ക്കുമുള്ള അജ്ഞത എന്നെയും ബാധിച്ചുവോ എന്നു ഞാന്‍ പേടിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അങ്ങോട്ടുപോയി അവന്റെ യാഥാര്‍ഥ്യങ്ങള്‍ പരീക്ഷിച്ചറിയണം. അഹങ്കാരവും ആഭിജാത്യവും തോന്നിപ്പിക്കുന്ന വല്ലതും കാണുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. അവന്‍ വളരെ ചെറുപ്പമാണ്. പിശാചിനെ കുറിച്ച് ഞാന്‍ നിര്‍ഭയനാകുന്നില്ല.''
മൈമൂന്‍ പറയുന്നു: ``ഞാന്‍ അബ്‌ദുല്‍ മലികിന്റെ അരികിലേക്കു യാത്ര തിരിച്ചു. അവിടെ എത്തിയപ്പോള്‍ പ്രവേശനാനുമതി തേടി അകത്തുകടന്നു. അത്യധികം വിനയമുള്ള, കാണാന്‍ ഭംഗിയുള്ള, യുവത്വത്തിലേക്ക് പ്രവേശിക്കുന്ന ഒരു ചെറുപ്പക്കാരന്‍. ഒരു കമ്പിളിയുടെ മീതെ ഒരു വിരിപ്പില്‍ അദ്ദേഹം ഇരിക്കുന്നു. എന്നെ സ്വാഗതം ചെയ്‌തുകൊണ്ട് അദ്ദേഹം പറഞ്ഞു: നിങ്ങളെക്കുറിച്ച് എന്റെ ഉപ്പ പലപ്പോഴും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ നന്മകള്‍ പ്രയോജനപ്പെടുത്തണമെന്ന് ഞാന്‍ വിചാരിക്കുകായിരുന്നു.
``നിങ്ങളുടെ വിശേഷങ്ങള്‍ എന്തൊക്കെയുണ്ട്'' -ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.
``അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നല്ലതു തന്നെ. പക്ഷെ എന്നെക്കുറിച്ച് എന്റെ പിതാവിനുള്ള നല്ല അഭിപ്രായം എന്നെ ചതിയിലകപ്പെടുത്തുമോ എന്നാണെന്റെ അഭിപ്രായം. ഉപ്പ വിചാരിക്കുന്നത്ര മഹത്വമൊന്നും ഞാന്‍ നേടിയിട്ടില്ല. എന്നോടുള്ള സ്‌നേഹം എന്നെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കേണ്ട പലതും മനസ്സിലാക്കുന്നതിനു തടസ്സമാകുന്നുണ്ടോ എന്നും ഞാന്‍ ഭയക്കുന്നു. അങ്ങനെയെങ്കില്‍ അത് അദ്ദേഹത്തിന് അപകടം ചെയ്യും.''
ഒരേപോലെയുള്ള രണ്ടുപേരുടെയും സംസാരം എന്നെ അത്ഭുതപ്പെടുത്തി. അനന്തരം ഞാന്‍ ചോദിച്ചു: ``നിങ്ങളുടെ ജീവിത മാര്‍ഗങ്ങള്‍ എങ്ങനെയാണ്?''
പിതാവില്‍ നിന്ന് അനന്തരമായി ഒരാള്‍ക്കു ലഭിച്ച സ്ഥലം ഞാന്‍ വിലകൊടുത്തു വാങ്ങി. അതില്‍ നിന്നുള്ള വരുമാനം കൊണ്ടുജീവിക്കുന്നു. അതുകൊണ്ട് മുസ്‌ലിംകളുടെ സമരാര്‍ജിത സമ്പത്തില്‍ നിന്ന് ഒന്നും എനിക്കാവശ്യമില്ല.
``അപ്പോള്‍ നിങ്ങളുടെ ഭക്ഷണരീതി?''
``ഒരു ദിവസം മാംസം. ഒരു ദിവസം പയര്‍വര്‍ഗവും എണ്ണയും - ഇങ്ങനെയാണ് ഭക്ഷണരീതി.''
``സ്വന്തത്തെ കുറിച്ച് മതിപ്പ് തോന്നുന്നുണ്ടോ?'' -ഞാന്‍ ചോദിച്ചു.
``അല്‌പമുണ്ടായിരുന്നു. പിതാവ് എന്നെ ഉപദേശിക്കുകയും ശരീരത്തിന്റെ യാഥാര്‍ഥ്യത്തെ കുറിച്ച് ഉള്‍ക്കാഴ്‌ച ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്‌തപ്പോള്‍ ഞാന്‍ വളരെ നിസ്സാരനാണന്നു മനസ്സിലാക്കി. പിതാവിനു അല്ലാഹു തക്ക പ്രതിഫലം നല്‌കട്ടെ.''
പരസ്‌പരം സംസാരിച്ചും അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടും അല്‌പസമയം ഇരുന്നു. അപ്പോള്‍ ഒരു കാര്യം എനിക്ക് മനസ്സിലായി. അദ്ദേഹത്തേക്കാള്‍ മുഖകാന്തിയുള്ള, ബുദ്ധികൂര്‍മതയുള്ള, സംസ്‌കാരമഹിമയുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. വയസ്സും അനുഭവങ്ങളും വളരെ കുറവായിരുന്നിട്ടും.
വൈകുന്നേരമായപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ വന്നു പറഞ്ഞു: ``പണി കഴിഞ്ഞു.''
അദ്ദേഹം ഒന്നും മിണ്ടിയില്ല.
``എന്ത് പണിയാണ് അവര്‍ തീര്‍ത്തത്?'' -ഞാന്‍ ആരാഞ്ഞു.
``കുളിപ്പുരയുടെ''
``എന്തിന്?''
``ജനങ്ങളില്‍ നിന്ന് മാറി എനിക്ക് ഒറ്റയ്‌ക്കു കുളിക്കാന്‍''
``നിങ്ങളെക്കുറിച്ച് ഒരു നല്ല മതിപ്പിലായിരുന്നു ഞാന്‍. അപ്പോഴാണല്ലോ ഇത് കേള്‍ക്കുന്നത്?''
ഭയത്തോടെ അദ്ദേഹം ചോദിച്ചു. ``അതിനെന്താ പ്രശ്‌നം?''
``നിങ്ങള്‍ക്കു മാത്രം ഒരു കുളിപ്പുരയോ? ജനങ്ങളില്‍ നിന്നു മാറി ഇങ്ങനെയൊരു കാര്യത്തിനു നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്? താങ്കള്‍ക്ക് അവരേക്കാള്‍ ഉന്നതനാകാനും അവരേക്കാള്‍ പദവിയിലാണെന്ന് വരുത്താനുമാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? മറ്റാളുകളെ അങ്ങോട്ട് പ്രവേശിപ്പിക്കാതെ കുളിപ്പുരയുടെ ഉടമക്കു അയാളുടെ വരുമാനം തടയുകയല്ലേ നിങ്ങള്‍?'' -ഞാന്‍ ചോദിച്ചു.
``കുളിപ്പുരയുടെ ഉടമക്കു ഞാന്‍ ഫീസ് നല്‌കുകയും അയാളെ തൃപ്‌തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്'' -അബ്‌ദുല്‍ മലിക് പറഞ്ഞു.
``അഹങ്കാരം മൂലമുള്ള ഒരു അധിക ചെലവല്ലേ ഇത്? മറ്റുള്ളവരോടൊപ്പം പൊതു കുളിമുറിയില്‍ നിന്ന് കുളിക്കാന്‍ നിങ്ങള്‍ക്കെന്താണ് തടസ്സം? നിങ്ങളും അവരില്‍ ഒരാളല്ലേ?''
``സാധാരണക്കാരായ ഒരു കൂട്ടം ആളുകള്‍ ഔറത്തുകള്‍ വേണ്ടത്ര മറയ്‌ക്കാതെ കുളിമുറിയില്‍ കടന്നുവരും. അങ്ങനെ അന്യരുടെ ഔറത്ത് കാണാന്‍ ഇടവരും. അതാണ് പൊതുസ്ഥലത്തുള്ള കുളിയില്‍ നിന്ന് എന്നെ തടയുന്നത്. ഇനി പൂര്‍ണമായി മറക്കാന്‍ ഞാന്‍ അവരെ നിര്‍ബന്ധിക്കുകയാണെങ്കില്‍ ഞാന്‍ രക്ഷപ്പെടണമെന്ന് എപ്പോഴും ആഗ്രഹിക്കുന്ന അധികാരത്തിന്റെ പിന്‍ബലത്താലുള്ള ഒരു പ്രവൃത്തിയായി അത് വ്യാഖ്യാനിക്കപ്പെടും. ഈ കാര്യത്തില്‍ നിന്നു രക്ഷപ്പെടാന്‍ താങ്കള്‍ എനിക്കു ഒരു നിര്‍ദേശം നല്‌കണം.''
``ജനങ്ങള്‍ കുളിമുറിയില്‍ നിന്ന് ഒഴിവാകുന്ന രാത്രിവരെ താങ്കള്‍ കാത്തിരിക്കണം. അങ്ങനെ അവരെല്ലാം വീട്ടിലേക്കു മടങ്ങുമ്പോള്‍ നിങ്ങള്‍ക്കു കുളിമുറിയില്‍ പ്രവേശിക്കാം'' -ഞാന്‍ പറഞ്ഞു.
``അതിന് പ്രശ്‌നമില്ല. ഇന്നു മുതല്‍ ഒരിക്കലും ഞാന്‍ പകല്‍ സമയത്ത് കുളിമുറിയില്‍ പ്രവേശിക്കില്ല'' -അദ്ദേഹം പറഞ്ഞു.
കുറച്ചു സമയം തലതാഴ്‌ത്തി എന്തോ ചിന്തിച്ച ശേഷം തല ഉയര്‍ത്തി ഇങ്ങനെ പറഞ്ഞു: ``ഞാന്‍ സത്യം ചെയ്‌തു പറയുകയാണ്. ഈ വിവരം നിങ്ങള്‍ എന്റെ ഉപ്പയില്‍ നിന്നു മറച്ചുവെക്കണം. അല്ലാത്ത പക്ഷം അദ്ദേഹത്തിനു എന്നോട് വെറുപ്പു തോന്നുമെന്നും, അദ്ദേഹത്തിന്റെ തൃപ്‌തിയില്ലാതെ മരിച്ചുപോയേക്കുമെന്നും ഞാന്‍ ഭയപ്പെടുന്നു.''
അദ്ദേഹത്തിന്റെ ബുദ്ധി പ്രതിരോധിക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു: ``അനിഷ്‌ടകരമായത് വല്ലതും കണ്ടോ എന്നു അമിറുല്‍ മുഅ്‌മീനീന്‍ ചോദിച്ചാല്‍ ഞാന്‍ അദ്ദേഹത്തോട് കളവ് പറയുന്നത് നിങ്ങള്‍ക്ക് ഇഷ്‌ടമാകുമോ?''
``ഇല്ല'' -അദ്ദേഹം പറഞ്ഞു.
``പടച്ചവന്‍ കാക്കട്ടെ. പക്ഷെ, നിങ്ങള്‍ ഇങ്ങനെ പറഞ്ഞാല്‍ മതി. ചില കാര്യങ്ങള്‍ ഞാന്‍ കണ്ടപ്പോള്‍ ഉപദേശിക്കുകയും അതിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്‌തു. ഉടന്‍ തന്നെ അതില്‍ നിന്നു മടങ്ങി. നിങ്ങള്‍ വ്യക്തമാക്കാത്ത കാര്യങ്ങളെക്കുറിച്ച് പിതാവ് ചോദിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം മറച്ചുവെച്ച കാര്യങ്ങളെക്കുറിച്ച് ചൂഴ്‌ന്ന് അന്വേഷണം നടത്തുന്നത് അല്ലാഹു വിലക്കിയതാണല്ലോ?''
മൈമൂന്‍ പറയുകയാണ്: ഇതുപോലെയുള്ള ഒരു പിതാവിനെയും മകനെയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.
Subscribe to:
Posts (Atom)
